കുഞ്ഞികല്യാണം (കഥ)

"എനിക്ക് ആന്റീനെ കെട്ടിയാ മതി"... പാൽമണം മാറാത്ത ആ കുസൃതി നിലത്തു കിടന്ന് ഉരുളാൻ തുടങ്ങി... ഞാൻ അവനോടു ചെയ്ത കുറ്റം അവന്റെയൊപ്പം കള്ളനും പൊലീസും കളിച്ചു... പിന്നെ ഒരു പാട്ടും പാടി... 

ഞാൻ ആകെ വിഷമിച്ചു. ചെക്കൻ വലിയവായിൽ കാറുകയാണ്... ഇത് പെട്ടെന്ന് ഉണ്ടായ ആഗ്രഹം അല്ലത്രേ, കഴിഞ്ഞതവണ ഞാൻ എന്റെ പിറന്നാളിന് ലഡ്ഡു കൊടുത്തപ്പോൾ തുടങ്ങിയതാണ്. അംഗൻവാടിയിലെ ടീച്ചർ എന്റെ കൂട്ടുകാരിയാണ്. ആ വഴി അംഗൻവാടിയിൽ ഞാനും ഇടയ്ക്ക് ചെല്ലാറുണ്ട്.... അങ്ങനെയാണ് ഈ ചെക്കന് എന്നെ കെട്ടണമെന്ന് ആഗ്രഹം വന്നത്....

അംഗൻവാടിയിൽ നാലുമുതൽ അഞ്ചുവയസ്സു വരെയുള്ള മഹാകുസൃതികൾ ആണ്‌... ഞാനുമായി വലിയ ചങ്ങാത്തത്തിലാണ് അവർ. അവരിൽ എറ്റവും അടുപ്പം അതിൽ എറ്റവും കുസൃതിയായ എന്നെ കെട്ടാനിരിക്കുന്ന ഇവനോടും. അംഗൻവാടിയിലെ ഇന്നത്തെ വരവിനും അവനായിരുന്നു കാരണം... 

അവന്റെ കുസൃതി അതിരുവിടുന്നു... അവന്റെ അമ്മയെ വിളിപ്പിച്ചിട്ടുണ്ട്. അവരെ കാണണം അതാണ് എന്റെ ഉദ്ദേശം... 

"അപ്പൊ നിനക്ക് മരിയ ഐസക്കിനെ കെട്ടേണ്ട..?". നിലത്തു കിടന്നു കരയുന്ന അവനോടു ഞാൻ ചോദിച്ചു.... 

"എനിക്കു വേണ്ട ഈ മൂക്കുവാലിച്ചയുള്ള ചെക്കനെ " അതു കേട്ട് ഉപ്പുമാവ് തിന്നോണ്ടിരുന്ന മരിയ ഐസക് ചാടിയെഴുന്നേറ്റു.... 

"എനിക്കിവളെ കെട്ടണ്ട... നീ പോടീ... ! എനിക്ക് ഇവളെ കെട്ടിയാ മതി "....

ഇത്തവണ ഞാൻ മാത്രമല്ല അംഗൻവാടിയും ടീച്ചറും കുട്ടികളും ഞെട്ടി. ആന്റിയെന്നു വിളിച്ചിരുന്ന എന്നെയാണ് അവൻ ഇവളെന്നു വിളിക്കുന്നത്‌... 

"ആയിക്കോട്ടെ... വേണ്ടപെട്ടവരൊക്കെ വരട്ടെ... അവരോടു ചോദിച്ചിട്ട് കെട്ടാം" ഞാൻ അവനെ ആശ്വസിപ്പിച്ചു... അവന്റെ ഒലിച്ചിറങ്ങുന്ന മൂക്ക് തുടച്ച് എഴുന്നേൽപ്പിച്ചിരുത്തി...

അവന്റെ അമ്മ ഗേറ്റ് കടന്നു വരുന്നുണ്ടായിരുന്നു.... ഒക്കത്തു വേറെ ഒരു സുന്ദരകുട്ടനും ഉണ്ട്‌... അവരെ കണ്ടപ്പോഴേ എന്നെ കെട്ടാനിരിക്കുന്ന സുട്ടുമോൻ എന്റെ പിറകിൽ ഒളിച്ചു... ഒരു മുതിർന്ന സ്ത്രീ ആയിരുന്നു അവർ... മുഖം മുഴുവൻ ഗൗരവം...  

"എന്താ എന്നോട് വരാൻ പറഞ്ഞത് " അവർ ഒരു ചിരിയും ഇല്ലാതെ ടീച്ചറിനെ നോക്കി... 

"നിങ്ങൾ ഇരിക്ക്... പറയാം " ടീച്ചർ അവർക്കിരിക്കാൻ കസേര നീട്ടി.... 

"എനിക്ക് സമയമില്ല... കൊച്ചിന്റെ അച്ഛൻ ചോറുണ്ണാൻ വരും" അവർ മുഖം ചുളുക്കി.

'കൊച്ചിന്റെ അച്ഛൻ '... ആ പ്രയോഗം എനിക്ക് ദഹിച്ചില്ലെങ്കിലും മിണ്ടിയില്ല.... 

"ഇവൻ മഹാ കുസൃതി ആയികൊണ്ടിരിക്കുകയാണ്. മറ്റുള്ള കുട്ടികളെ ഉപദ്രവിക്കും, പെൺകുഞ്ഞുങ്ങളെ ഉമ്മ വയ്ക്കും ആകെ കുരുത്തക്കേടാണ്"  ടീച്ചർ പരാതികെട്ടഴിച്ചു....എനിക്കും കിട്ടിയിരുന്നു അഞ്ചാറുമ്മ... 

"അതു നിങ്ങള് അങ്ങേരോട് പറ... ഈ ചെക്കനെ വഷളാക്കുന്നത് അങ്ങേരാ... പിള്ളേരെ തല്ലിവളർത്തണം. ഇത് ഞാൻ എന്തേലും ചെയ്താൽ അങ്ങേരും അങ്ങേരുടെ അമ്മേം എന്റെ മേത്തു കുതിര കേറും " അവർ ആ അംഗൻവാടിയും പരിസരവും കേൾക്കുന്ന ഒച്ചയിൽ പറഞ്ഞു... 

"കുഞ്ഞുങ്ങൾ കുസൃതികളാണ്... നിങ്ങൾ കുറച്ചു നോക്കിയാൽ മതി " ഞാൻ ശാന്തയായി പറഞ്ഞു... 

അവർ അതുകേട്ട് ഒരു മിന്നൽ പോലെ വന്ന് എന്റെ പിറകിൽ നിന്നും അവനെ വലിച്ചു മുൻപിൽ നിർത്തി.... 

"നെന്നെ നന്നാക്കാൻ പറ്റുവൊന്ന് നോക്കട്ടെ..." അവർ ഒക്കത്തിരുന്ന കൊച്ചിനെ താഴെ വച്ച്, അവന്റെ ചെവിയിൽ പിടിച്ചു.

നിമിഷം കൊണ്ട് അവന്റെ ചെവി ഒരു ചുവന്ന റോസാപൂവിതൾ പോലാക്കി അവർ... എനിക്ക് അവരുടെ കൈപിടിച്ചു മാറ്റണമെന്നും അവനെ ആശ്വസിപ്പിക്കണമെന്നും ആഗ്രഹം ഉണ്ടായിരുന്നു... പക്ഷേ അത് അവന്റെ അമ്മയല്ലേ.... 

അവർ അവനെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുലച്ചു... ശാപവാക്കുകൾ പറഞ്ഞു.... ആ കുഞ്ഞിക്കണ്ണിൽ ഒരു ചെറിയ തുള്ളി കണ്ണുനീർ പോലും ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി.... 

"ഞാൻ  ഈ ആന്റിയെ കെട്ടുവാ"... പെട്ടെന്നാണ് അവന്റെ ഒച്ച ഉയർന്നത്.... അതു കേട്ട് അവന്റെ അമ്മ പകച്ചു... അവർ അവനെ വീണ്ടും തല്ലാനോങ്ങി... 

ടീച്ചർ അവരെ തടഞ്ഞു.... 

"ഇവൻ വീട്ടിലും കുസൃതിയാണോ.... എന്തായാലും എഴുതാനും വായിക്കാനും മിടുക്കനാ " ടീച്ചർ രംഗം ഒന്ന് ശാന്തമാക്കാൻ ശ്രമിച്ചു... 

"ആർക്കറിയാം.... എനിക്ക് ഈ പൊടികൊച്ചിനെ നോക്കാൻ നേരമില്ല, പിന്നാ...." ആ സ്ത്രീ ചുണ്ടു കോട്ടി... 

"നിങ്ങൾ ഇവന്റെ അമ്മയല്ലേ അതൊക്കെ നോക്കണ്ടേ "... എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.... 

"ഇതിന്റെ തള്ള മരിച്ചു... എന്നെ കെട്ടിയിട്ടു രണ്ടുകൊല്ലം ആവുന്നേയുള്ളു... ഞാൻ എങ്ങനെ നോക്കിയാലും കുറ്റമാ" അവർ മയപ്പെട്ടു പറഞ്ഞു.... 

അപ്പൊ ഈ സ്ത്രീ ഇവന്റെ അമ്മ അല്ല! അവർ അവന് ഇതുവരെ ഒരു പോറ്റമ്മ പോലും ആയിട്ടില്ല.... 

ഞാൻ അവന്റെ മുഖത്ത് നോക്കി.. അവൻ എന്നെ നോക്കി ചിരിച്ചു... നിഷ്കളങ്കത നിറഞ്ഞിരുന്നു അതിൽ...

"ഞാൻ ആന്റിയെ കെട്ടിക്കോട്ടെ " അവൻ കൊഞ്ചിക്കൊണ്ട് എന്നെ ആശയോടെ നോക്കി.... 

"എന്തിനാ കുട്ടനെന്നെ കെട്ടുന്നേ?" ഞാൻ അവന്റെ കവിളിൽ ഉമ്മ വച്ചു ചോദിച്ചു...

"എന്റെ അമ്മയാക്കാനാ "

ആ കുരുന്ന് എന്റെ തോളിലേക്ക് ചാഞ്ഞു... അപ്പോഴേക്കും അവനെ തല്ലാനോങ്ങിയ ആ സ്ത്രീയുടെ കൈ ഞാൻ തടുത്തിരുന്നു...