ഒരു കസേര വാങ്ങണം.

കസേര ഇവിടെ ഉണ്ടല്ലോ?

ഒരു ചാരു  കസേര.

ഇനിയെന്തിനാണ് ചാരു കസേര?

ഉമ്മറത്ത് ഇട്ട്  ഒന്നു ചാരി ഇരിക്കണം.

അതിനു സമ്മതം കിട്ടുമെന്ന് തോന്നുന്നുണ്ടോ ?

ഇല്ലെങ്കിൽ മുറ്റത്ത് ഇട്ട് ഇരിക്കണം.

ഏത് മുറ്റം? അതിന് എവിടാ മുറ്റം?

പിന്നാമ്പുറത്ത്  ഇരിക്കണം.

പുതുതായി പണിത പട്ടിക്കൂടിന്റെ അടുത്തോ?

എന്നാൽ  മുറിക്കകത്ത്  ഇട്ടിരിക്കാം

വാർദ്ധക്യഗന്ധം അസഹനീയം?

കസേര ഒറ്റയ്ക്ക് പോയി വാങ്ങിക്കാം.

ഒരടി പോലും നടക്കാൻ പറ്റാത്ത ആൾക്ക് ?

കഷ്ടിച്ച് ഒരെണ്ണം വാങ്ങാൻ ഉള്ള പണം ഉണ്ട്.

പെൻഷൻ വക ഈ മാസപ്പടി കിട്ടിയില്ലല്ലോ ?

രണ്ടു കസേര വാങ്ങണം എന്നായിരുന്നു ആഗ്രഹം.

ഒരാൾ നേരത്തെ പോയി അല്ലേ ?

അയാളുടെ ആഗ്രഹം ആയിരുന്നു.

സ്വന്തം കാശിനു തന്നെ വാങ്ങണോ ?

ഈ ജീവിതത്തിലെ അവസാനത്തെ മിച്ചം.

അല്ലാ.. കസേര കൂടെ കൊണ്ടു പോകുമോ ?

നാളെ നിനക്കും വരില്ലേ ഈ അവസരം.