ഒരു ചെറുകഥയുടെ ജനനം (കഥ)

കഥകൾ വായിക്കാനിഷ്ടപ്പെടുന്ന ഞാൻ പല എഴുത്തു ഗ്രൂപ്പുകളിലും അംഗമാണ്. പലരും എഴുതുന്ന കഥകൾ വായിക്കുമ്പോൾ എനിക്കും തോന്നാറുണ്ട്, "എനിക്കും ഒരു കഥയെഴുതണം" എന്ന്. ഏന്തെഴുതും? ശബരിമല വിഷയത്തെപ്പറ്റിയോ, വനിതാ മതിലിനെ കുറിച്ചോ എഴുതിയാൽ ഒരഡ്മിനും അപ്രൂവ് ചെയ്യില്ല! എല്ലാ എഴുത്ത് ഗ്രൂപ്പുകളുടെയും നിയമാവലിയിൽ ആദ്യം തന്നെ എഴുതിയിരിക്കുന്നത്, "ജാതി മത രാഷ്ട്രീയ രചനകൾ പാടുള്ളതല്ല" പതിവ് വിഷയങ്ങളായ സ്നേഹം, ദയ, കരുണ, പുഞ്ചിരി ഇവയെപ്പറ്റി നൂറു നൂറു കഥകൾ പലരും എഴുതി കഴിഞ്ഞു. ആദ്യമായെഴുതുന്ന കഥക്ക് ഒരു ആയിരം ലൈക്കും അതിനോടടുത്ത് കമന്റ്സും വേണമെന്നാണ് എന്റെ ആഗ്രഹം. ഇതിനോടകം പല ചെറുകഥകളും എഴുതി പല ഗ്രൂപ്പുകളിലും പേരെടുത്ത സുഹൃത്തിനോട് എഴുത്ത് രീതികളെപ്പറ്റി ഉപദേശം തേടി, “യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തം, യഥാർഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങൾ, വിശ്വസനീയമായ ജീവിതചിത്രണം, ഭാവസൂചകമായ അന്തരീക്ഷസൃഷ്ടി, ഏക സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനം, ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച നൽകാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതായിരിക്കണം ചെറുകഥകൾ” ഇങ്ങനെ നീണ്ടു, സുഹൃത്തിന്റെ സ്റ്റഡി ക്ലാസ്..

യഥാർഥ മനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലായി. ഒരോ വിഷയങ്ങളും ചെന്നെത്തുന്നത് എവിടെയെങ്കിലും വായിച്ച വിഷയങ്ങളിലേക്കാണ്. ഞാൻ തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു.

“നാട്ടുകാർക്ക് കൗതുകമായി വീട്ടുവളപ്പിലെ ആപ്പിൾമരം” ഇങ്ങനെയുള്ള തലക്കെട്ടുമായുള്ള പത്രവാർത്തയിലേക്ക് ഞാൻ കണ്ണോടിച്ചു. നിറയെ ആപ്പിളുമായി മരത്തിന്റെ ഫോട്ടോയുമുണ്ട്. സ്ഥലം അതു തന്നെ, പക്ഷേ മുപ്പത് വർഷങ്ങൾക്കു മുമ്പ് ഡിഗ്രിക്ക് മൂന്ന് വർഷം പഠിച്ചിരുന്നപ്പോൾ നട്ടതും പരിപാലിച്ചതുമായ ആപ്പിൾമരം ദേവി ലോഡ്ജിലെ പുറകു വശത്ത് ഒഴിഞ്ഞ് കിടന്നിരുന്ന സ്ഥലത്തായിരുന്നു!  അറിയാനുള്ള ആകാംക്ഷയോടെ പത്രമാപ്പീസിൽ നിന്ന് വീട്ടുടമസ്ഥന്റെ മോബൈൽ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. ദേവി ലോഡ്ജും സ്ഥലവും അയാൾ വിലയ്ക്ക് വാങ്ങിച്ചെന്നും ആപ്പിൾ മരം നിർത്തിക്കൊണ്ട് വീടു പണിത കാര്യവും അയാൾ വിവരിച്ചു. എന്നെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്തായാലും ഉടനെ തന്നെ പോകണം. 

കഥക്കുള്ള ഒരാശയം കിട്ടി, ഇനി ഇതിനു പറ്റിയ അന്തരീക്ഷം, സന്ദേശം ഇവയെല്ലാം ഉൾകൊള്ളിക്കണം. ഉടനെ നിങ്ങൾക്കെന്റെ ഒരു കിടിലൻ ചെറുകഥ പ്രതീക്ഷിക്കാം…