അരൂപി (കഥ)

ഒരു പകലിന്റെ അന്ത്യം കുറിച്ചൊരു നിമിഷം ജ്വലിക്കുന്ന വിരഹാഗ്നി നാളങ്ങളിൽ ഹൃദയവേണു ചേർത്തു നീ പാടി ഒരു ഹിന്ദോള രാഗം. നിതാന്തമായൊരു നിദ്രക്കായി. 

വിടവാങ്ങാം ഏതോ അഭിശപ്‌തമുഹൂർത്തത്തിന്റെ ബാക്കിപത്രമായ ഓർമകൾ കുഴിച്ചുമൂടി പൊയ്മുഖം അഴിച്ചുവച്ചു നീ സ്വാതന്ത്രനായി എന്ന് ഗർവ്വം കൊള്ളുമ്പോൾ നിന്റെ മനസാക്ഷിയുടെ ഇരുളറകളിൽ കടവാവലുകളുടെ ചിറകടി പോൽ നീ ചവിട്ടിയരച്ചൊരു ജീവന്റെ വിലാപം മുഴങ്ങുന്നുണ്ടാവും.  

ഇരുൾ കനക്കുമ്പോൾ, മഴ തിമിർക്കുമ്പോൾ, വിറയാർന്ന വിരലുകൾ നിന്റെ ക്ലാവു പിടിച്ച ഓർമകളുടെ ശവദാഹം നടത്തുമ്പോൾ .. 

മാറാല പിടിച്ച നിന്റെ രൂപം കടൽ കാക്കകൾക്ക് ഭക്ഷണമാകും. നാളത്തെ ചക്രവാളം നിന്റെ രുധിരത്താൽശോണമണിയും. പ്രപഞ്ചത്തിന്റെ താള  വിന്യാസങ്ങളിൽ പരാജിതനായ നീ സിംഹാസനവും ചെങ്കോലും നഷ്ടപെട്ട രാജപ്രൗഢിയുടെ ജീർണതയായി കണ്ണുണ്ടെങ്കിലും കാണാത്തവനായി നാവുണ്ടെങ്കിലും ഉരിയാടാത്തവനായി കാലം ചവിട്ടിയരച്ച  വിസ്‌മൃതിപൂക്കളുടെ ഭാണ്ഡവും പേറി ഭ്രാന്തൻ സ്വപ്നങ്ങളുടെ കാത്തു സൂക്ഷിപ്പുകാരനായ അരൂപിയായി മാറിയിരിക്കും... കേവലതയുടെ അരൂപി.