നിലാവ്‌ (കവിത)

നിലാവ്‌ എത്ര മധുരമായ ഒരു നുണയാണ്‌

ഇതാണ്‌, ഇതു മാത്രമാണ്‌ നിത്യസത്യമെന്നു

നമ്മളെ വെറുതെ മോഹിപ്പിച്ചുകളയും.

ആദ്യം മരങ്ങളുടെ നിറുകയിലാണ്‌ വീഴുക.

പിന്നെ, പതിയെ പതഞ്ഞൊഴുകാൻ തുടങ്ങും.

ഇലകളെ ഉമ്മവച്ച്‌, ശാഖകളെ തഴുകി,

പുൽനാമ്പുകൾക്കു പുളകമായി അങ്ങനെ ഒഴുകും.

പകലിന്റെ വ്യഥകളിൽ വിങ്ങുന്ന മനസ്സിന്‌

തിരുനെറ്റിയിലൊരു മൃദുമുത്തം തരും.

നഷ്ടസ്വപ്നങ്ങൾ നീറ്റുന്ന നെഞ്ചിൽ

കുളിരിന്റെ കളഭക്കുറി ചാർത്തിത്തരും.

തപ്തനിശ്വാസങ്ങളെ ഊതിയാറ്റും

വാത്സല്യത്തിന്റെ അമ്മപ്പുതപ്പായി മാറും 

കരുതലിന്റെ ആട്ടുകട്ടിലിൽ രാരീരം പാടിയുറക്കും.

പുലരുന്നതു വരെ മാത്രം!

പിന്നെ മഷിയിട്ടു നോക്കിയാൽ പോലും കാണില്ല.

തട്ടിപ്പിടഞ്ഞെഴുന്നേൽക്കുമ്പോഴാണ്‌

തനിച്ചാക്കി കടന്നുപോയതു നാമറിയുക.

നിലാവ്‌ എന്തൊരു വലിയ വിശ്വാസവഞ്ചനയാണ്‌!

എന്നിരുന്നാലും മുഴുവനായങ്ങു മറക്കാനും പറ്റില്ല.

മനസ്സിലൊളിച്ചിരുന്ന് ഇടയ്ക്കിടെ വെറുതെ മോഹിപ്പിക്കും

ഒരുനാൾ ഇനിയും വരും എന്നൊരു പ്രതീക്ഷ ബാക്കി നിർത്തും

പ്രിയമെഴും ആ അമ്പിളി മന്ദഹാസം!