ഉപ്പുമാവും കൃഷ്ണൻകുട്ടിയും (കഥ)

പന്ത്രണ്ട് മണിമുതൽ സെന്റ് മേരീസ് യുപി സ്കൂളിന്റെ പരിസരം മുഴുവൻ ആ സുഗന്ധം പരക്കും. അഞ്ച് ബിയിലെ പലരുട‌െയും മുഖത്ത് ഒരു ചെറിയ ചിരി പടരും. പലരും വസ്തിപാത്രം കൊണ്ടുവന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഞാനും പിന്നെ പന്ത്രണ്ടേ മുക്കാലിനുള്ള ബെല്ലടിക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. കുട്ടികൾ കൂടുതലും അടി വാങ്ങിക്കുന്നത് ആ പിരീയഡിലാണ്... കാരണം പകുതി കുട്ടികളുടേയും മനസ്സിൽ ഉപ്പുമാവ് ഇളക്കികൊണ്ടിരിക്കുന്ന ഓശി ചേട്ടത്തിയുടെ മുഖമായിരിക്കും. മണിയടിച്ചു കഴിഞ്ഞാൽ വരാന്തയിലേക്ക് ഓട്ടമാണ്. ക്ലാസ്സ് മുറിയിലിരുന്ന് കഴിക്കരുതെന്നാണ് ഹെഡ്മിസ്ട്രസ്സിന്റെ കൽപ്പനയെങ്കിലും ഞാൻ ഉപ്പുമാവ് നിറച്ച പാത്രവുമായി ക്ലാസ്സ് മുറിയിലേക്ക് പോരും. കാരണം കൃഷ്ണൻകുട്ടി എന്നെയും കാത്ത് അവിടെയിരുപ്പുണ്ടാവും. 

ഞങ്ങളുടെ ക്ലാസ്സിൽ അലൂമിനിയത്തിന്റെ പെട്ടിയുമായി വരുന്ന ഒരേയൊരു വിദ്യാർഥിയായിരുന്നു കൃഷ്ണൻകുട്ടി. കൃഷ്ണൻകുട്ടിയുടെ അച്ഛൻ ബോംബെയിലാണ്. അവന് സ്കൂളിൽ ഉണ്ടാക്കുന്ന ഉപ്പുമാവ് വളരെ ഇഷ്ടമായിരുന്നു. അങ്ങനെ അവൻ കൊണ്ടു വന്നിരുന്ന പൊതിച്ചോറ് എനിക്കു തന്നിട്ട് ഉപ്പുമാവ് അവൻ കഴിക്കും. ഓരോ ദിവസവും പല പല കറികൾ. അപ്പോൾ എനിക്ക് അമ്മയെ ഓർമവരും. അമ്മ എപ്പോഴും വഴുതനങ്ങ കൊണ്ടുള്ള കറികളാണ് ഉണ്ടാക്കുന്നത്. വഴുതനങ്ങ സാമ്പാർ, വഴുതനങ്ങ മെഴുക്കുപുരട്ടി, വഴുതനങ്ങ അച്ചാർ... എനിക്കോർമ വച്ച കാലം മുതൽ ഒരു പത്തുപതിനഞ്ച് വഴുതനചെടികൾ ഏത് കാലത്തും വീട്ടിലുണ്ടാവും. എന്നെ ഏറെ വിഷമത്തിലാക്കി അഞ്ചാം ക്ലാസ് കഴിയുന്നതിന് മുമ്പ് കൃഷ്ണൻ കുട്ടിയും അമ്മയും ബോംബെയിലേക്ക് പോയി.

ഇപ്പോൾ ഇതെല്ലാം ഓർക്കാൻ കാരണമുണ്ട്. ദാദറിൽ ട്രെയിനിറങ്ങി ഓഫിസിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി... ഭായ് സാബ്... തിരിഞ്ഞു നോക്കി... താടിയും മുടിയും നീട്ടി വളർത്തി, കണ്ടാൽ മലയാളിയെന്ന് തോന്നിക്കുന്ന ഒരാൾ…

മലയാളിയാണോ? അയാൾ ചോദിച്ചു. ഞാൻ തലയാട്ടി. അയാൾ തുടർന്നു. ഞാൻ വീരാറിൽ താമസിക്കുന്നു... എന്റെ ഭാര്യയും മകനും സുഖമില്ലാതെ... മുഴുവിപ്പിക്കുന്നതിനു മുമ്പുതന്നെ മനസ്സിലായി. കാരണം ഇങ്ങനെ പറഞ്ഞ് കള്ള് കുടിക്കാനും കഞ്ചാവിനും വേണ്ടിയുള്ള പൈസക്ക് വേണ്ടി നടക്കുന്ന നിരവധി മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്. ഇയാളും അത്തരക്കാരനാണെന്ന് മനസ്സിലായി. ഞാൻ മുന്നോട്ട് നടന്നു. നുണയല്ല സാറേ... പോക്കറ്റിൽ നിന്നും കുറച്ച് കടലാസുകൾ എന്റെ മുന്നിലേക്ക് നീട്ടി. ഷീല കൃഷ്ണൻകുട്ടി എന്നപേരിലുള്ള അയാളുടെ ഭാര്യയുടെ മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ ആയിരുന്നു അത്. 

ഹൈഡ്രോമോർഫോണും അതിൽ എഴുതിയിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി, അയാളുടെ ഭാര്യക്ക് കാൻസർ ആണെന്ന്. പോക്കറ്റിൽ നിന്ന് കുറച്ച് പൈസയെടുത്ത് അയാൾക്ക് കൊടുക്കുമ്പോൾ ഒന്ന് കൂടി ഞാനയാളെ നോക്കി ഉറപ്പിച്ചു. അതെന്റെ കൂട്ടുകാരൻ കൃഷ്ണൻകുട്ടിയല്ലെന്ന്…