പുഴയെ കാണ്മാനില്ല (കവിത)

പുഴ പോയ വഴി നോക്കി നമ്മള്‍ നടക്കുന്നു.

മഴ കൊണ്ടു പോയോ കൊടും വേനല്‍ കൊണ്ടു പോയോ?

''അല്ല നിങ്ങള്‍ ദുര മൂത്തു കര കവര്‍ന്നില്ലേ?

അടി മണല്‍ കിടക്കകള്‍ മാന്തിയെടുത്തില്ലേ?''

ഉറവ കിനിയുന്ന മലനിരകള്‍ നിങ്ങള്‍ തച്ചുടച്ചില്ലേ?

മഴ പെയ്ത വഴിയെല്ലാം മതിലുകള്‍ തീര്‍ത്തില്ലേ?

അരുവിയും തോടും നികത്തി ബഹുനിലകള്‍ പണിതില്ലേ?

വെള്ളമുള്ളിടത്തെല്ലാം കൈകള്‍ നീണ്ടും

വനമുള്ളിടത്തെല്ലാം ആയുധം നീണ്ടും

മണലുള്ളിടത്തെല്ലാം കണ്ണുകള്‍ നീണ്ടും

സംസ്കാരമെല്ലാം മണലിന്നുമീതേ വണ്ടിയേറി..

ചെളിത്തട്ടിലാകെ കാടു കയറീ കളകളേറീ..

ഏരകപ്പുല്‍ക്കാടുകള്‍ പോലെ നാമെല്ലാം മുടിച്ചവര്‍.

പുഴ പോയ വഴി നോക്കി നമ്മള്‍  നടക്കുന്നു.

കൃഷിയില്ല, വേരറ്റതൊക്കെയും പട്ടിടുന്നൂ..

വിലപിക്കാനറിയാതെ നദികള്‍ മരിക്കുന്നു...

ഉറങ്ങുമാത്മാവിന്‍റെ നൊമ്പരം പേറുമസ്ഥികള്‍

ഏറ്റുവാങ്ങും പുഴ തന്‍റെയാത്മാവു തേടിയുള്‍ വലിഞ്ഞോ?

മുജ്ജന്‍മ പാപഹരണത്തിനു നദിനേടിയ ഭഗീരഥാ...

ഇന്നീ പുഴ മലിനമാക്കാന്‍ ഭഗീരഥപ്രയത്നങ്ങള്‍!

പുഴ പോയ വഴി നോക്കി നമ്മള്‍ നടക്കുന്നു.

കടലിടയ്ക്കിടെ കയറി വന്നന്വേഷിക്കും പുഴ.

എങ്ങോ മറഞ്ഞിരിപ്പുണ്ട് വഴിയറ്റു പോയ പുഴ!

ഇരുകര വകഞ്ഞുള്ള നേര്‍രേഖ പോലൊടുങ്ങി,

വരകളില്‍ നീലിച്ച് കരകളില്‍ കരിയായ് പുഴ.

പുഴ പോയ വഴി നോക്കി നമ്മള്‍ നടക്കുന്നു.

നേര്‍ത്ത തേങ്ങല്‍ പോലതിന്‍ സ്പന്ദനങ്ങള്‍,

പേര്‍ത്തുമീ നെഞ്ചിന്‍ കൂടു തകര്‍ക്കുന്നു..

പുഴയാര്‍ദ്രമായ് ഇരു കണ്ണിലൂര്‍ന്നിറങ്ങുന്ന

നോവായ് പുനര്‍ജ്ജനിയില്ലാതെ മറയുന്നു..

പുഴ പോയ വഴി നോക്കി നമ്മള്‍ നടക്കുന്നു