രണ്ടാമത്തെ ചിത്രം (കഥ)

"എനിക്കൊരാഗ്രഹമുണ്ട്...."

ചുവരിലെ ക്ലോക്കിലെ സെക്കന്റ്‌ സൂചിയുണ്ടാക്കുന്ന ടിക് ടിക് ശബ്ദത്തോടൊപ്പം ആ വാക്കുകൾ കണ്ണാടിയിൽ നോക്കി മന്ത്രിച്ചു നെറ്റിയിൽ ചെറിയൊരു പൊട്ടും കുത്തി ഭക്ഷണവും വെള്ളവും അടങ്ങിയ ബാഗുമായി തിരക്കിട്ടു ഇറങ്ങി നടക്കുമ്പോഴും മായയുടെ ചുണ്ടുകൾ ആ വാക്കുകൾ മെല്ലെ ഉരുവിട്ടു കൊണ്ടിരുന്നു.

"ടീച്ചറേ... "

സ്കൂൾ ഗേറ്റ് കടക്കുമ്പോഴേ കുട്ടികളുടെ സ്നേഹം കലർന്ന നീട്ടി വിളി അവളുടെ കാതുകളിലെത്തി. നീട്ടി വിളിച്ച ഏഴോ എട്ടോ മാത്രം പ്രായമുള്ള പിഞ്ചു മുഖങ്ങളുടെ കവിളിൽ ഒന്നു തലോടി ഒരു പുഞ്ചിരി അവർക്ക് സമ്മാനിച്ചു കൊണ്ട് അവൾ സ്റ്റാഫ്‌ റൂമിലേക്ക് കയറി ബാഗ് ഷെൽഫിൽ വച്ച ശേഷം ഒഫീസിൽ വെച്ചിരിക്കുന്ന സ്റ്റാഫ് രജിസ്റ്ററിൽ ഒപ്പിടാനായി നടന്നു.

ക്ലാസ്സ്‌ തുടങ്ങാറായി എന്നറിയിച്ചു കൊണ്ടുള്ള ബെൽ മുഴങ്ങിയപ്പോൾ സ്റ്റാഫ്‌ റൂമിലെ സൗഹൃദ സംഭാഷണങ്ങളിൽ നിന്നുമൊഴിഞ്ഞ് ടീച്ചേഴ്സ് ഓരോരുത്തരായി അവരവരുടെ ക്ലാസ്സുകളിലേക്ക് നടന്നു നീങ്ങിയപ്പോൾ മായ തന്റെ മുന്നിലിരിക്കുന്ന ടെക്സ്റ്റ്‌ ബുക്കിലേക്ക് നോക്കി. കണക്കാണ് വിഷയമെങ്കിലും തലേന്ന് കുക്കുവെന്ന കുരുന്നു തന്റെ ബുക്കിൽ വരച്ച ചിത്രങ്ങളിൽ അവളുടെ കണ്ണുകൾ തടഞ്ഞു നിന്നു. അടുത്ത പീരിയഡിനുള്ള ബെൽ മുഴങ്ങിയപ്പോൾ ചിത്രത്തിൽ നിന്നും കണ്ണുകൾ പിൻവലിച്ചു ടെക്സ്റ്റ്‌ ബുക്ക്‌ കയ്യിലെടുത്തു മായ തന്റെ ക്ലാസ്സ് ലക്ഷ്യം വച്ചു നടന്നു.

"ഗുഡ് മോർണിംഗ് തീച്ചറേ.. "

ക്ലാസ്സിൽ കേറിയതും നാക്കുറയ്ക്കാത്ത ആ കുഞ്ഞു സ്വരങ്ങൾ ഒറ്റയായ് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. വാത്സല്യത്തോടെ മുൻ ബെഞ്ചിലിരിക്കുന്ന ആറു വയസ്സുകാരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കുട്ടി വരച്ച ആദ്യത്തെ ചിത്രവും അതു നൽകിയ ആശയവും ഓർമ വന്നു ആട്ടിൻപറ്റങ്ങളും അവയെ മേയ്ക്കാനും ചോരക്കൊതിയന്മാരായ ചെന്നായ്ക്കളിൽ നിന്നും രക്ഷിക്കാനും കൂട്ട് പോവുന്ന ആട്ടിടയനും ആയിരുന്നു ഒന്നാമത്തെ ചിത്രം. വാത്സല്യത്തോടെ അവന്റെ മുന്നിൽ മുട്ട് കുത്തിയിരുന്ന മായ അവന്റെ കവിളിൽ നുള്ളി മെല്ലെ പറഞ്ഞു.

"കുക്കുന്റെ വികൃതി കൂടുന്നുണ്ടാട്ടോ.. "

മറ്റു കുട്ടികൾ അതു കേട്ട് ആർത്തു ചിരിച്ചു. പുഴുപ്പല്ലുകൾ കാട്ടി വിക്രുവും ഇളകി ചിരിച്ചപ്പോൾ മായ സ്വയം മറന്നു അതേ നിൽപ്പ് നിന്നു. ആട്ടിൻപറ്റങ്ങൾക്കൊപ്പം വനത്തിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കുമ്പോഴും തന്റെ ആടുകൾക്ക് മേൽ പതിയുന്ന ചോരക്കൊതിയും, ആർത്തിയും മൂത്ത തീഷ്ണമായ നോട്ടങ്ങളെ നേരിടുവാനും അവയെ സംരക്ഷിക്കുവാനുമുള്ള ആട്ടിടയന്റെ ജാഗ്രതയാണ് തനിക്കുമുള്ളതെന്ന് അവൾ ഓർത്തു.

"തീച്ചറേ.. "

വീണ്ടും ആ വിളി കേട്ടതും ചിന്തകളെ കാറ്റിൽ പറത്തി മായ ഉത്തരവാദിത്തബോധമുള്ള ടീച്ചറായി അൽപ്പം ഗൗരവത്തിൽ ആ കുഞ്ഞു മുഖത്തു നിന്നും ദൃഷ്ടി മാറ്റാതെ അവൾ ചോദിച്ചു.

"കുക്കുനെ ആരാ വരയ്ക്കാൻ പഠിപ്പിച്ചേ...? "

"അച്ഛാ.. "

ചിണുങ്ങിക്കൊണ്ട് അവൻ പറഞ്ഞു.

"നല്ല പടം ഇനിയുമുണ്ടോ ഇങ്ങനെ ഒരുപാട്..? "

"ഉണ്ട്..."

അവൻ തന്റെ മറ്റൊരു ബുക്കിലെ പേജുകൾ തുറക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. കൗതുകം മാറാത്ത കുഞ്ഞിനെപ്പോലെ ആ ബുക്കുകൾ കയ്യിലെടുത്തു. ടേബിളിൽ വച്ച ശേഷം മായ ടെക്സ്റ്റ്‌ ബുക്ക്‌ കയ്യിലെടുത്തു പഠിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും അവളുടെ ചിന്തകൾ എങ്ങോട്ടൊക്കെയോ കെട്ടുപൊട്ടിയ പട്ടം പോലെ പാറി നടന്നു കൊണ്ടിരുന്നു. അല്ലെങ്കിലും മനസ്സ് അങ്ങനെയാണല്ലോ എന്തേലും ചിന്തിച്ചു തുടങ്ങിയാൽ പിന്നെ കാട് കേറിയിറങ്ങി പോവുന്ന പോലെയാണ് നിയന്ത്രിക്കാൻ നോക്കിയാലും കഴിയില്ല. മുക്കാൽ മണിക്കൂർ ഇതിനിടയിൽ കടന്നു പോയത് മായ അറിഞ്ഞില്ല. ഇടവേള സമയം വിളിച്ചറിയിച്ചു കൊണ്ടുള്ള മണി മുഴക്കം കേട്ടപ്പോൾ ടേബിളിൽ ഇരുന്ന ബുക്കുകൾ എടുത്ത് സ്റ്റാഫ്‌ റൂമിലേക്ക് അവൾ നടന്നു.

"എന്താ കൊച്ചേ ഒരു വലിയ ആലോചന ...? "

ആവി പറക്കുന്ന ചൂടു ചായ മുന്നിലിരുന്നിട്ടും അത് കുടിക്കാതെ എന്തോ ആലോചനയിൽ ഇരിക്കുന്ന മായയെ കണ്ട് അടുത്ത സീറ്റിൽ ഇരുന്ന അന്നമ്മ മിസ്സ്‌ ചോദിച്ചു.

"ഹേയ് ഒന്നുമില്ല മിസ്സ്‌... ഞാൻ വെറുതെ കുട്ടികളെക്കുറിച്ച് ആലോചിക്കുവായിരുന്നു. "

ചായക്കപ്പ് കയ്യിലെടുത്തു ചുണ്ടോടു ചേർത്തു കൊണ്ട് മായ പറഞ്ഞു. കുശലാന്വേഷണങ്ങളുമായി ആ സൗഹൃദ സംഭാക്ഷണം മുന്നേറുന്നതിനിടയിൽ എപ്പോഴോ ബെല്ലടിച്ചു.

വീണ്ടും ക്ലാസ്സ്‌ റൂമിലേക്ക് നടക്കുമ്പോൾ താനൊരു പറവയെപ്പോലെ പറക്കുകയാണെന്ന തോന്നൽ അവളിലുണ്ടായി. ആഗ്രഹങ്ങളും അതിരുകളുമില്ലാതെ ഇങ്ങനെ സ്വാതന്ത്ര്യമായി പറന്നുയരാൻ ആരാണ് ആഗ്രഹിക്കാത്തത്...? അപ്പയും, അമ്മയും, വലിയേച്ചിയും, കുഞ്ഞനിയനും അടങ്ങുന്ന തന്റെ കൊച്ചു വീട്ടിലേക്ക് പുറമേ നിന്നു നോക്കിയാൽ കാണാൻ കഴിയാനാവാത്ത എന്നാൽ ഉള്ളിലേക്ക് കയറിയാൽ എരിയുന്ന യാഥാർഥ്യങ്ങളും. വയസ്സുറയ്ക്കാത്ത പ്രായത്തിൽ ഒരാളോട് തോന്നിയ വൈകാരികമായ അടുപ്പവും, പ്രണയവും അതിന്റെ തകർച്ചയും തന്നെ അലട്ടിയിരുന്നുവോ..? അപ്പയുടെ കൈകൾ കവിളിൽ അന്നാദ്യമായി പതിഞ്ഞപ്പോൾ ചുവന്നു തിണിർത്ത പാടുകളും, മനസ്സിലേറ്റ മുറിവും, സ്വജനങ്ങളുടെയും പരിചയക്കാരുടെയും കുത്തു വാക്കുകളും അപ്പയോടുള്ള വാശിയായി പരിണമിച്ചുവെങ്കിലും തിരിച്ചറിവായപ്പോൾ അതൊക്കെ അപ്പയോടുള്ള സ്നേഹവും ബഹുമാനവുമായി മാറി. ഇനിയൊരു പ്രണയമേ ജീവിതത്തിലില്ലെന്നു വ്യക്തമാക്കിയിട്ടും വിടാതെ പിന്തുടരുന്ന എത്രയോ വ്യക്തികൾ. അതിൽ നിന്നുമെല്ലാം അകലം പാലിച്ചു. ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ എനിക്കതിനു സമയമില്ലാതായിരിക്കുന്നു. എങ്കിലും ഒരാൾ എന്നെ വിടാതെ പിന്തുടരാൻ തുടങ്ങിയിരിക്കുന്നു. എട്ടോ ഒൻപതോ മാസങ്ങൾക്കു മുൻപ് അങ്ങോട്ട് അയച്ച ഒരു സന്ദേശത്തിലൂടെ ജോ എന്ന വ്യക്തിയോട് കൂട്ടു കൂടിയപ്പോൾ ഒട്ടും പ്രതിഷിച്ചിരുന്നില്ല ആളുടെ മനസ്സ് തന്റെ ചിന്തകൾക്കും അപ്പുറമാണെന്നും ശക്തമാണെന്നും.

ആലോചിച്ചു നടന്നു ക്ലാസ്സ്‌റൂമിൽ എത്തിയത് മായ അറിഞ്ഞില്ല. എന്തോ നിലത്തു വീഴുന്ന ശബ്ദം ആണവളെ ഉണർത്തിയത്. തറയിൽ വീണു കിടക്കുന്ന പ്ലാസ്റ്റിക് ബോക്സ്‌ കയ്യിലെടുത്തു കൊണ്ട് അവൾ ക്ലാസ്സ്‌ മുറിയിലേക്ക് കയറി. യുദ്ധക്കളം പോലെ കിടക്കുന്ന ക്ലാസ്സ്‌ റൂം കണ്ട് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും പണിപ്പെട്ട് അതടക്കി. ടീച്ചറേ കണ്ട കുട്ടികൾ ഉടനെ നിശബ്ദരായി അവരവരുടെ സീറ്റുകളിൽ കയറി ഇരിപ്പുറപ്പിച്ചു. മായ തന്റെ കസേരയിൽ ഇരുന്ന ശേഷം അവരെ കയ്യാട്ടി വിളിച്ചു. കുണുങ്ങി ചിരിച്ചു കൊണ്ട് തന്റെ ചുറ്റിലും കൂടി നിൽക്കുന്ന ആറും, ഏഴും വയസ്സുള്ള ഒമ്പതോളം വരുന്ന നിഷ്കളങ്കമായ മുഖങ്ങളിലേക്ക് നോക്കിയപ്പോൾ അതിലെവിടെയോ താനും ഉണ്ടല്ലോ എന്നൊരു കൗതുകം അവളിലുയർന്നു. ആകാംഷയോടെ നിൽക്കുന്ന ആ കുരുന്നു മുഖങ്ങളിൽ നോക്കി മായ പതിയെ പറഞ്ഞു.

"ടീച്ചറേ, ഇപ്പോൾ പഠിപ്പിക്കുന്നില്ല... പകരം ഒരു മുത്തശ്ശികഥ പറയാം.. "കഥയെന്നു കേട്ടതും കുരുന്നു മുഖങ്ങൾ വിടർന്നു. അവർ കണ്ണും കാതും കൂർപ്പിച്ചു മുത്തശ്ശികഥ കേൾക്കുവാനായി കാതോർത്തു.

ഫ്രീ പീരിയഡ് ആയതിനാൽ ഉച്ചക്ക് ശേഷം തോരാതെ പെയ്യുന്ന ശക്തമായ മഴയും കാറ്റും ആസ്വദിച്ചു കൊണ്ട് സ്കൂളിന്റെ ഇടനാഴിയിലൂടെ ഫോണുമായി നടക്കുമ്പോൾ അതിലെ ഒരു മെസ്സേജിൽ അവളുടെ കണ്ണുകൾ ഉടക്കി.

"ഇഷ്ടമാണെങ്കിൽ ഞാൻ ഇനിയും മിണ്ടും പഴയ പോലെ... കാത്തിരിക്കും.. "

ജോ എന്നു സേവ് ചെയ്തിരിക്കുന്ന ആ നമ്പറിലേക്ക് ഒരു നിമിഷം ആലോചിച്ച ശേഷം അവൾ മറുപടി ടൈപ്പ് ചെയ്തു "എനിക്കിഷ്ടമല്ല പോരേ... എനിക്കു വേണ്ടി കാത്തിരിക്കുകയും വേണ്ട "

അൽപസമയത്തേക്ക് അതിനു മറുപടിയൊന്നും കാണാത്തതു കൊണ്ട് ഇടനാഴിയിൽ നിന്നും അവൾ പതിയെ സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നടന്നു. പെട്ടെന്നു തന്നെ ഫോൺ വൈബ്രേറ്റ് ചെയ്തു.

"വൺ ന്യൂ മെസ്സേജ് ഫ്രം ജോ " എന്നു നോട്ടിഫിക്കേഷൻ കണ്ടപ്പോൾ അവൾ അത് ഓപ്പൺ ചെയ്തു

"വിടരുന്ന റോസാപ്പൂവിനെ നീ കണ്ടിട്ടില്ലേ മായാ..?

"ഉം.. !"

അവളുടെ മറുപടി കണ്ടു ജോ ബാക്കി കൂടി ടൈപ്പ് ചെയ്തു

"ഇഷ്ടമല്ല.. എന്താ പോരേ... എനിക്ക് വേണ്ടി കാത്തിരിക്കേണ്ട.. "എന്ന നിന്റെ വാചകത്തിൽ അവസാനിക്കുന്ന ഒന്നല്ല എനിക്ക് നിന്നോടുള്ള ഇഷ്ടം കാരണം വിടർന്നു നിൽക്കുന്ന പൂവിനോട് ആദ്യം എല്ലാവർക്കും ഇഷ്ടമായിരിക്കും എന്നാൽ അതൊന്നു വാടിയാൽ അതിന്റെ സുഗന്ധം നഷ്ടമായാൽ അതിനെ ഇഷ്ടപ്പെട്ടു നിൽക്കുന്നവർ നെറ്റി ചുളിക്കും. മൂക്കുപൊത്തും പിന്നെ ആരും ആ പൂവിനെ നോക്കാനോ അതിന്റെ ഗന്ധം ആസ്വദിക്കാനോ ഇല്ലാതെ അതൊരു പാഴ്‌വസ്തുവായി മണ്ണിലേക്ക് വീഴും. 

എന്നാൽ അതിൽ നിന്നെല്ലാം വിഭിന്നമായി നിന്റെ ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും ചിറകുകൾ നൽകി ഉയരെ പറക്കുവാൻ ഞാൻ കൂടെയുണ്ടാവും നീയെന്നെ എത്രത്തോളം അകറ്റിയാലും. മാത്രമല്ല നിന്റെ ചുറ്റിലുമുള്ള കുട്ടികൾക്ക് നല്ല ടീച്ചറായും, എനിക്കൊരു നല്ല ഭാര്യയായും, നമ്മുടെ കുട്ടികൾക്ക് നല്ലൊരമ്മയായും, അവരുടെ മക്കൾക്ക് നല്ലൊരു അമ്മൂമ്മയായും മാറുവാൻ നിനക്ക് കഴിയും.

ഇടവേള അവസാനിച്ചതിനാൽ ഫോൺ ഓഫ്‌ ചെയ്തു ബാഗിലേക്ക് വെക്കും മുൻപ് ആ മെസ്സേജ് കണ്ട മായ ഒരു ഞെട്ടലോടെ തന്റെ മുന്നിൽ ടേബിളിൽ ഇരുന്ന ബുക്കിലെ ചിത്രത്തിലേക്ക് നോക്കി. അതിൽ ഒരു റോസാപ്പൂവിനെ നോക്കുന്ന അനേകം കണ്ണുകളും വാടിക്കരിഞ്ഞപ്പോൾ അതിനെ ചവിട്ടി ഞെരിച്ചു മണ്ണിൽ താഴ്ത്തിയ കാലുകളുടേയും നിലത്തു വീണു കിടക്കുന്ന ആ പൂവിനെ കയ്യിലെടുത്തു പൊടി തട്ടി മാറ്റി നെഞ്ചോടു ചേർക്കുന്ന ഒരു മനുഷ്യന്റെയും ചിത്രം ആയിരുന്നു അതിൽ കുക്കുവെന്ന കുഞ്ഞു മിടുക്കൻ കടലാസ്സിൽ പകർത്തിയ രണ്ടാമത്തെ മനോഹര ചിത്രം.

ആ മനോഹര ചിത്രം തന്നോട് പറയുന്നതെന്തായിരിക്കും...?

ഉത്തരമറിയാത്ത ആ ചോദ്യവുമായി അന്നത്തെ അവസാന ക്ലാസ്സിനായി പുസ്തകങ്ങൾ മാറോടണച്ചു നടന്നു നീങ്ങിയപ്പോൾ അവളുടെ ഫോണിൽ ഒരു മെസ്സേജ് കൂടി തെളിഞ്ഞു

"WILL YOU MAARY ME AFTER ACHIEVING YOUR GOALS ? "