കാത്തിരിപ്പ്‌ (കവിത)

കരുതാത്ത നേരത്തു കരള്‍ നീറുമോര്‍മകള്‍

പതിയെ തിരികെ നീ നൽകി,

പിരിയുന്നു നാമെന്നു മൊഴി മാത്രമോതിനീ

ദൂരെ പറന്നു പോകുമ്പോള്‍

               ചെറുതെങ്കിലും മനക്കാമ്പില്‍ കിനിയുന്ന

               സ്നേഹം നിനക്കായി മാത്രം

               കരുതി, തപസ്സിന്‍ വഴിക്കണ്ണുമായ് 

               ഇക്കരയില്‍ കാത്തു ഞാന്‍ നിൽപു….

ഒരു വിളിപ്പാടിന്റെ അകലം നമുക്കിന്നും,

ഇരുള്‍ വീണ വഴികള്‍ താണ്ടുമ്പോള്‍

ഒരുമയോടൊരുപാടു പരിലാളനങ്ങളും

മധുരമായൂറുന്നെന്നുള്ളില്‍

               വരുമോ, പകല്‍ നീളേ ഒരുമിച്ചോരാത്മാവില്‍

               കനവുകള്‍ വീണ്ടും നിറയ്ക്കാം

               വരുമോ, വിരല്‍ കോര്‍ത്തു, ചായുന്ന സൂര്യന്റെ

               നിറമേറ്റു, വീണ്ടും നടക്കാം

വരുമോ, തണല്‍ തീര്‍ത്ത വഴിയമ്പലങ്ങളില്‍

ഒരുമിച്ചു വീണ്ടും ഇരിക്കാം

തരുമോ, മിഴിക്കോണില്‍ മറയുന്ന ലജ്ജയില്‍

നിറയുന്ന ചുംബനം വീണ്ടും

               വിറയാര്‍ന്ന ചുണ്ടിലെന്‍ പരിതാപമൂറുന്നു

               വെറുതെ പറഞ്ഞു പോയ് വീണ്ടും

               ഒരു മാത്ര പോലും പിരിയാതിരിക്കുവാന്‍

               പകരം നിനക്കെന്തു നല്‍കും

ജീവനുമാത്മാവുമൊരു കുമ്പിൾ നേദ്യമായ്

കാണിക്കയര്‍പ്പിച്ചിടാം ഞാന്‍

മറു മൊഴിയേതും പറഞ്ഞീല, കാതോര്‍ത്തു

കാലങ്ങളായ്‌ കാത്തു നിൽപൂ...