പെൺപ്രപഞ്ചം (കഥ)

മാതാപിതാക്കൾക്ക്, പെൺമക്കൾ വിവാഹം കഴിയുന്ന വരെ! അതുകൊണ്ടല്ലേ പണക്കാരനും, സുന്ദരനുമായ ഒരാളെ നോക്കി കെട്ടിച്ചതും.

പേരിനു പോലും പച്ചപ്പില്ലാത്ത, മരുഭൂമിയിലെ ഒരു ഫ്ലാറ്റിനുള്ളിൽ കാലങ്ങളോളം... ഹോ... അവിടെ വച്ചു വരണ്ടുണങ്ങി അവളുടെ മനസ്സിന്റെ ഹരിതാഭമായ പ്രപഞ്ചം.

പണവും പ്രശസ്തിയും കൂടെ കിടക്കാൻ വിഭിന്ന ദേശത്തെ സുന്ദരിമാരും ഒളിവിലും, അല്ലാതെയും. ഇതായിരുന്നു ദീപു എന്ന അവളുടെ പങ്കാളി...

ദാമ്പത്യസുഖം ദീപുവിൽ നിന്നുമറിഞ്ഞില്ല. പലപ്പോഴും അയാൾ അക്രമാസക്തമായി തന്നെ സമീപിച്ച നിമിഷങ്ങളോർത്ത്, അവളും ചിന്തകളും മരുഭൂമിയിൽ എന്നോ വറ്റിവരണ്ട നീരുറവ പോലെ...

വരയ്ക്കാനുപയോഗിച്ച പെൻസിലിന്റെ അഗ്രങ്ങൾക്ക് ചലന വേഗത കുറഞ്ഞ നിമിഷം. കണ്ണിലിരുട്ട് കയറിയ നിമിഷം. കുഞ്ഞു ജീവൻ അവളുടെയുള്ളിൽ തുടിക്കുന്നു എന്നറിഞ്ഞ നിമിഷം. അവൾ താമരക്കുളത്തിലെ വിരിയാനുള്ള മൊട്ടുകൾ പോലെ കൂമ്പി നിന്നു....

ദീപുവുമായി സന്തോഷം പങ്കുവച്ചപ്പോൾ ദീപു ആദ്യം ചോദിച്ചത്, "എന്തിനാ ഇപ്പോൾ ഒരു കുഞ്ഞ്?" എന്നായിരുന്നു.

മറുപടി വെറുപ്പിന്റെ ഭാഷയിൽ തിരിച്ചു പറയാൻ നിന്നില്ല. നാട്ടിലേക്കുള്ള ടിക്കറ്റ് തരാക്കി തന്നാൽ എത്രയും പെട്ടെന്ന് പോകണം... ഒരു പെണ്ണിന്റെ സന്തോഷം എന്നത് ഓമനിക്കാൻ ഒരു കുഞ്ഞും, സ്നേഹിക്കാനും, സാന്ത്വനമേകുവാനും കൂടെ പ്രിയതമനുമാണെന്ന് എന്ന് അറിയുന്നുവോ അന്നു നമുക്ക് കാണാമെന്നും പറഞ്ഞവൾ മരുഭൂമിയിൽ നിന്നും പറന്ന് പച്ച പരവതാനി വിരിച്ച നാട്ടിൽ ഇറങ്ങിയപ്പോഴായിരുന്നു  ശുദ്ധവായു ശ്വസിച്ചതും.

ഗർഭിണിയുടെ ഒറ്റയ്ക്കുള്ള വരവ്, ദീപുവിന്റെ വീട്ടുകാരുടെ ഒറ്റപ്പെടുത്തൽ, ഒരുപാട് ഏകാന്തത അനുഭവിച്ചപ്പോഴും കൂടെയുള്ള ജീവൻ അവൾക്കൊപ്പമുണ്ടെന്നു വയറിനുള്ളിൽ കിടന്ന് നോവിച്ചു കൊണ്ടോർമപ്പെടുത്തി...

പണവും പ്രതാപവും കൊഴിഞ്ഞ മകൾ അമ്മക്കും, അച്ഛനും എന്നുവേണ്ട നാട്ടിലെ ക്ഷേമാന്വേഷികൾക്കു പോലും പുച്ഛം...

ഒരിക്കൽ പോലും, വിവരങ്ങൾ അന്വേഷിക്കാത്ത ഭർത്താവ് ഒരിക്കലും അവളെ ദുഃഖത്തിന്റെ ആഴിയിൽ നിന്നും ഉയർത്തിയില്ല.

നല്ലൊരു പെൺകുഞ്ഞിന്‌ ജന്മം നൽകിയപ്പോൾ കൃഷ്ണയുടെ വേദന സ്വന്തം ദുരിതം മകളെ ബാധിക്കരുതെന്നു മാത്രമായിരുന്നു. സ്ഥിരവരുമാനം ആവശ്യമായതിനാൽ ജോലിക്ക് പോയതും, അവിടെ വെച്ചു കണ്ടുമുട്ടിയവരുടെ സഹതാപങ്ങൾ അസഹ്യമാകുമെന്നുള്ളതു കൊണ്ടും നിഗൂഢതയെ കൂട്ടുപിടിച്ചായിരുന്നു പിന്നീടങ്ങോട്ടുള്ള ജീവിതം.

പിന്നെപ്പോഴാണ് തന്റെ വരയിൽ താൻ വ്യാപൃതയായത്.....

എന്നും പ്രണയം തോന്നിയിട്ടുള്ളത് കവിതകളോടും, വരയോടുമായിരുന്നല്ലോ... വിവാഹത്തിന് മുമ്പേ ഒരാളിലും പ്രണയം വിരിഞ്ഞില്ല... പിന്നെ ഇപ്പോൾ, ഇതെങ്ങനെ.... 

ഭർത്താവിനെ ഉപേക്ഷിച്ച, ഒരു മകളെ പ്രസവിച്ചു വളർത്തുന്ന തനിക്ക് പ്രണയം അന്യമാണോ? സമൂഹത്തിന്റെ മുന്നിൽ താൻ ആഭാസയാകില്ലേ?

അനേകായിരം ചോദ്യങ്ങൾ അവളിലൂടെ കയറിയിറങ്ങിയത് പ്രശസ്ത ചിത്രകാരൻ കിരണിനെ കണ്ടതു മുതലാണ്...

സ്വന്തം നാട്ടുകാരനും, എന്നാൽ നാട്ടിൽ വിരുന്നുകാരനെപോലെ വന്നും പോയിരുന്ന ബറോഡായിൽ സ്ഥിരതാമസക്കാരനുമായ കിരൺ. കണ്ടാൽ യേശുക്രിസ്തുവിന്റെ മുഖംപോലെ ചൈതന്യം, വാക്കുകൾ അളന്നുമുറിച്ച്. സംസാരം പൂർണമായും ചിത്രങ്ങളെ കുറിച്ചു മാത്രം. വർണ്ണ പ്രപഞ്ചവും ഒളിഞ്ഞു കിടക്കുന്ന രഹസ്യങ്ങളും തേടി പോകുന്ന ചിത്രകാരൻ. വാക്കുകളിലെ മിതത്വം വരകളിലില്ല.

കുറച്ചു നാളുകളായുള്ള ആ കൂട്ടുകെട്ട് സ്വതന്ത്രമായി വിഹരിക്കുന്ന കിളികളുടെ കൊഞ്ചൽ വരെ കേൾപ്പിച്ചു!

മധുവുണ്ട് പാറി പറക്കുന്ന പല വർണ്ണ ശലഭങ്ങളെ മുന്നിലേക്ക് പറത്തിവിട്ടു! ഇത്രയും മനോഹരമായ ജീവിതം താൻ അനുഭവിക്കാതെ പോയതോർത്ത് അവൾ സ്വയം കുറ്റപ്പെടുത്തി.

വേദനകൾ കൂടെ പിറപ്പാണെന്ന് അവൾക്കു വീണ്ടും വിധി തെളിയിച്ചു കൊടുത്തു... കിരണിനോടുള്ള അടുപ്പം അമ്മയും അനുജത്തിയും ഭയപ്പെടുന്നു... അവരുടെ കാഴ്ചപ്പാട് ശരിയാണല്ലോ. കുറ്റം പറയാനില്ല.

അതിനേക്കാൾ വേദനാജനകം, കിരൺ എന്തുകൊണ്ടോ ആ ലോകത്തേക്ക് തന്നെ കൂട്ടുന്നില്ല എന്നതാണ്... തന്റെയുള്ളിലെ ആഗ്രഹം കണ്ടുകൊണ്ടു തന്നെയാകണം അവൻ തിരിച്ചു ബറോഡായിലേക്കുള്ള യാത്രയിൽ കാണാൻ വന്നതും.

ആ വാക്കുകൾ കാതിൽ നിന്നും പോകുന്നില്ല. "എന്റെ സ്വപ്നങ്ങളും നിന്റേതും ഒന്നുതന്നെ. എങ്കിലും എന്റെ ജീവിതത്തിൽ നിനക്കുമാത്രമായി ഇരിപ്പിടം ഉണ്ടാവുകയില്ല. മറ്റൊരു സ്ത്രീയെ പകരം വയ്ക്കുന്നു എന്നല്ല അർഥമാക്കിയത്. രാവും പകലും, ദാഹവും വിശപ്പും, കാമവും വെറുപ്പും എല്ലാം ഒഴിവാക്കിയുള്ള ലോകമാണ് എന്റെ ചിത്രവരകളുടെ ലോകം. ഞാൻ എന്റെ പത്നിയായി അവളെ  പ്രതിഷ്ഠിച്ചു. വിവാഹം എന്ന ഇൻസ്റ്റിറ്റൂഷനിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്റേതായ ലോകത്ത് എനിക്കുള്ള ഇത്തരം സ്വാതന്ത്ര്യത്തെ വിലങ്ങുതടിയായ ഒന്നിനെയും ഞാൻ ദീർഘ കാലം മുന്നോട്ട് നയിക്കുകയും ഇല്ല. ഇതൊക്കെയാണ് ഞാൻ എന്നറിഞ്ഞിട്ടും നിന്നെ കഷ്ടപ്പെടുത്തുന്നത് കൊടിയ പാപമായി എന്നിൽ വന്നു ചേരും. ഇനി നിന്റെ തീരുമാനം, എന്നും എപ്പോഴും ഏതു പ്രായത്തിലും തുറന്നു പറയാം. ഒരു മാറ്റവും എന്നിൽ ഇല്ലാത്തിടത്തോളം കാലം."

ടാറിട്ട റോഡിലേക്കുള്ള അവളുടെ കാഴ്ചയെ മൂടി ഒരുവേള ജലാശയങ്ങളില്ലാത്ത, നിറക്കൂട്ടുകളില്ലാത്ത, മണൽ വിതാനിച്ച മരുഭൂമിയിൽ നിന്നും കൊണ്ടുവന്ന വില മതിക്കുന്ന തന്റെ പെൺകുഞ്ഞിലേക്ക് തന്നെ ഉടക്കി.

ഒരു പ്രതീക്ഷയും ഇനി വച്ചു പുലർത്തുന്നില്ല എന്ന തീരുമാനത്തിൽ ഇനിയുള്ള കാലം ചിത്രങ്ങളും മകളും മാത്രമായ ലോകം തന്റേതെന്നു അവകാശപ്പെടാൻ മാത്രമെന്നവൾ തീരുമാനമെടുക്കുമ്പോൾ, കിരൺ ചവിട്ടിപോയ മണൽ തരിയെ നെഞ്ചോട് ചേർത്ത്, കുഞ്ഞിനെ വാരിപ്പുണർന്നു. അവളിലെ പെൺപ്രപഞ്ചത്തിന്റെ വളർച്ചക്കായി കുറെ വർണ്ണകൂട്ടുകൾ ചാലിച്ചു.!