മുറിഞ്ഞ പാളികൾ (കഥ)

കുമ്മായം തേച്ച വലിയ മതിലിനു മുകളിൽ തെറിച്ചു നിന്ന ചില്ലുപാളികളിൽ അമർത്തി ചവിട്ടി അവൻ ഉറച്ചു നിന്നു. മോഷണം! ഏകാന്തമായ ആത്മാവിന്‌ തുണയില്ലാതെ വന്നപ്പോൾ തനിക്ക് ഒരു നേരംപോക്കും കൂട്ടുമായത് ഈ കൊച്ചു കലയാണ്. ഹൈ! ഇതെന്തു മറിമായം? കലയോ?! മോഷണം, കുരുട്ടുബുദ്ധി, തട്ടിപ്പ്, വെട്ടിപ്പ് ഇതൊക്കെ സർവ സാധാരണ മനുഷ്യ ബുദ്ധിയിൽ തെറ്റാണത്രെ. അതിനിപ്പോ തെറ്റെന്ത് ശരിയെന്ത് എന്ന്‌ അറിഞ്ഞു പ്രവചിച്ച മഹാനെ അടുത്തു കൊണ്ടുവരിക… അവിടുത്തോടൊന്നു ചോദിച്ചേക്കാം. ചിലപ്പോൾ ഒരു പക്ഷേ ഉത്തരം ലഭിച്ചേക്കുമല്ലോ…             

രാവിന്റെ നിശബ്ദ സംഗീതത്തിന്റെ താളത്തിനൊത്തു ആ കൊച്ചു കാൽപാദങ്ങൾ മതിലിനു മുകളിലൂടെ നടന്നു. കയ്യിൽ സൂക്ഷിച്ച കല്ലെടുത്ത് അവൻ പതിയെ താഴോട്ട് എറിഞ്ഞു നോക്കി. ശബ്ദം കേൾക്കുന്നില്ല. നല്ല ആഴമുണ്ട്. മനസ്സിൽ സൂക്ഷ്മമായി ഉടലെടുത്ത കുഞ്ഞു ഭയത്തെ അകറ്റാൻ അവൻ മനസ്സിൽ മൂളി

“അകലെ ആകാശത്തേ നക്ഷത്ര പൂക്കളിൽ

തേൻ നുകരാൻ വന്ന പൊൻ നിലാവേ… 

കാണുന്നു നീയെല്ലാം മിണ്ടാതിരുന്നൊന്നും

വേണ്ടെന്നു ചൊല്ലി തിരുത്തികൂടെ” 

അമ്മ പാടികൊടുത്തിരുന്ന താരാട്ട് പാട്ടായിരുന്നു. അമ്മ പോയതിൽ പിന്നെ കുറെ നാൾ സ്വയം പാടി ഉറങ്ങിയിരുന്നു. ഇന്നും അർഥം ഒന്നും അറിയില്ല എന്നാലും എന്തിനും അതൊരു ധൈര്യം ആയിരുന്നു. അപ്പുറത്തെ വീട്ടിലെ നായ് ഒരുവിധം ഉറക്കെ തന്നെ കുരയ്ക്കുന്നുണ്ട്. എന്തെന്നില്ലാത്ത ഒരു അങ്കലാപ്പ് ഇന്ന്. മനസ്സിൽ ആരോ എന്തോ മാറ്റി കുറിക്കാൻ ശ്രമിക്കുന്ന പോലെ. 

13 വർഷത്തെ തന്റെ കുഞ്ഞു ജീവിതത്തിൽ ശ്രമിച്ചതും വന്നു പെട്ടതുമായ ഒരുപാട് പണികൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം കല്ലുമടയിൽ പാറ പൊട്ടിക്കാൻ പോയപ്പോൾ കൂടെ വന്ന റപ്പായി മുതലാളി തന്നെ ഒറ്റയ്ക്ക് ഒരു മൂലയ്ക്കൽ കൊണ്ടുപോയി പലതും ചെയ്ത് വേദനിപ്പിച്ചതോടെ നിർത്തി ആളുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന രീതി. എന്നാൽ രാധ ടീച്ചറുടെ വീട്ടിൽ പശുവിനെ നോക്കാൻ നിൽക്കാം എന്നു കരുതിയപ്പോൾ അവർക്ക് താൻ പാൽ കട്ട് കുടിക്കുന്നുണ്ടോ എന്ന് ഭയം. കൂടെ നടന്ന സുഹൃത്തുക്കൾ പല ഇലകൾ കൂട്ടി വലിച്ചു പിച്ചും പേയും പറയുകയും വാറ്റ് ചാരായം അടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യാൻ തുടങ്ങിയതോടെ ഓർമ വെച്ച കാലം മുതലേ നെഞ്ചിൽ ചെറിയ വേദന ഉള്ള താൻ ഒറ്റയ്ക്ക് ആയി. 

ജീവിക്കാൻ മോഷ്ടിക്കുന്നതിൽ തെറ്റുണ്ടോ ഭഗവാനെ എന്ന് കടയാറ്റൂര് അമ്പലത്തിലെ കൃഷ്ണനോട് ചോദിച്ചപ്പോൾ ഇല്ലെന്നോ ഉണ്ടെന്നോ മറുപടി കിട്ടിയില്ല. എന്നാൽ പിന്നെ ചെയ്തു തന്നെ നോക്കിയേക്കാം എന്ന് തീരുമാനിച്ച് ഇറങ്ങി പുറപ്പെട്ടതാണ്. ഇതു വരെ ഒന്നും സ്വന്തമായി നേടിയില്ല എന്നത് മനസ്സിനെ വല്ലാതെ നോവിക്കുന്നു. ഇത്ര നാൾ കട്ടതെല്ലാം പിറ്റേന്നു തന്നെ കൂട്ടുകാർ പിടിച്ചു പറിക്കും. ഇന്ന് അതുകൊണ്ട് രണ്ടിലൊന്ന് അറിയണം എന്നു തീരുമാനിച്ച് ആ കുടിൽ വിട്ട് ഇറങ്ങിയതാ… പക്ഷേ ഭയം കീഴടക്കുന്നു. ഉള്ളിലിരുന്നാരോ “തെറ്റ്, തെറ്റ്” എന്ന് ആർപ്പ് വിളിക്കുന്നു.

അവൻ മുഖം ഒന്നുയർത്തി നോക്കി… വലിയ വീടിന്റെ മുകൾ ഭാഗത്തെ ഇരുട്ട് പെട്ടെന്ന് മറയുന്നു. എങ്ങും വെളിച്ചം പരക്കുന്നു. നാനാ ഭാഗങ്ങളിൽ നിന്നും അവനെ കൈകൾ പൊതിയുന്നു. പിടിവലിയിൽ മുറിഞ്ഞ കുഞ്ഞു കാലിലെ ഉണങ്ങാത്ത ചോര ചില്ലു പാളികളിൽ റൂബി കല്ലുകൾ പോലെ തിളങ്ങി. മൂക സാക്ഷിയായ ആ വലിയ മതിൽ ഉള്ളവരുടെയും ഇല്ലാത്തവരുടെയും ലോകങ്ങളുടെ വിടവിൽ കാലാകാലം നിലകൊണ്ടു.