ദ ലാസ്റ്റ് ടൈം (കഥ)

പ്രൈവറ്റ് ക്ലിനിക്കിനു മുൻപിൽ വരദയുടെ അമ്മയ്ക്കൊപ്പമിരിക്കുമ്പോൾ ഹേമന്ത് എന്തിനെന്നില്ലാതെ അസ്വസ്ഥനായി. മൂന്നു വർഷം നീണ്ടു നിന്ന അവരുടെ സങ്കീർണ്ണമായ പൊരുത്തമില്ലായ്മകളുടെ ദാമ്പത്യത്തിന് ഒരു പൊൻകിരണമെന്നോണം വന്നു ചേർന്ന കുഞ്ഞിനെയാണ് യൂട്രസിലെ സിസ്റ്റുകൾ കാരണം.... എന്തെങ്കിലുമൊരു നിവൃത്തിയുണ്ടായിരുന്നെങ്കിൽ അബോർഷനെന്ന ഈ അരുംകൊലയ്ക്കൊരിക്കലും കൂട്ടുനിൽക്കില്ലായിരുന്നു. വരദയ്ക്കും അവളുടെ അമ്മയ്ക്കും തീരെ ഇഷ്ടമായിട്ടില്ല, അവൻ വന്നത്. പക്ഷേ അവന് വരാതിരിക്കാനായില്ല....

'അച്ചടക്കമില്ലാത്ത മരംകയറി പെണ്ണാണെന്ന് ' കൂട്ടുകാരും നാട്ടുകാരുമൊരുപോലെ പറഞ്ഞിട്ടും, വീട്ടുകാരെപോലും ഉപേക്ഷിച്ച് അവളെ കെട്ടിയത്, അച്ഛൻ ഭാസ്ക്കരൻ മുതലാളിയുടെ പൂത്ത പണം കണ്ടിട്ടു തന്നെയായിരുന്നു. പക്ഷേ, എപ്പോഴോ അയാളാ ദുശ്ശാഠ്യക്കാരിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

"ഡോക്ടർ വിളിക്കുന്നു"

   

അമ്മയേക്കാൾ മുൻപേ ഹേമന്ത് തിരക്കിയകത്തു കയറി. ഡോക്ടർ റീജ കർട്ടനു പിറകിൽ കൈകൾ കഴുകുന്നതിനിടയിൽ പെട്ടെന്നാണ് പറഞ്ഞത്,

"വിജീ... വരദക്കു കുറച്ചു കോമ്പ്ലിക്കേഷൻ ആയിരുന്നു ട്ടോ... ലാസ്റ്റ് ടൈം ഒരു പ്രശ്നവുമില്ലാതെ ചെയ്യാൻ പറ്റി. അതു പക്ഷേ മൂന്നു മൂന്നര വർഷം മുന്നേയാരുന്നല്ലോ അല്ലേ....?"

റൂമിൽ കനത്ത നിശബ്ദത. വരദയുടെ അമ്മയുടെ മുഖത്തെ ഭയവും അപമാനവും കലർന്ന അസ്വസ്ഥത, അവിടേക്കു വന്ന ഡോക്ടറുടെ മുഖത്തേക്കും പടർന്നു. 

ഒരു മണിക്കൂർ കഴിഞ്ഞ് വരദ പുറത്തു വരുമ്പോൾ ഹേമന്ത് അവിടെയെങ്ങുമില്ലായിരുന്നു. സ്റ്റാറ്റസിന് കുറവു കാരണം ഉപേക്ഷിച്ച ചെറിയ വീടിന്റെ ഒതുക്കുകല്ലുകൾ കയറുമ്പോൾ ദുർബലമായ ആ ചോദ്യം അയാൾ കേട്ടു. അവന്റെ ജീവിതത്തിന്റെ ഫ്രയിമിൽ നിന്നും എന്നോ പുറത്തു പോയിരുന്ന അമ്മ,

"എന്റെ മോൻ വന്നോ...?"

അമ്മ വിളമ്പി തന്ന മോര് ചേമ്പിട്ട് കാച്ചിയതും, പപ്പായ ഉപ്പേരിയും കടുമാങ്ങ അച്ചാറും കൂട്ടി ഊണ് വയറു നിറയെ കഴിക്കുന്നേരം അവസാനമായി ഇത്രയും നല്ല ഭക്ഷണം കഴിച്ചതെപ്പോഴാണെന്ന് അവൻ ഓർക്കാൻ ശ്രമിച്ചു.