അമ്മിണികുട്ടീടെ സെക്സ് (കഥ)                     

അമ്മ വിളക്ക് കൊളുത്തി. കുടുംബത്തിലെ പെൺപടയും മീശമുളയ്ക്കാത്ത പുരുഷപ്രജകളും വിളക്കിനു ചുറ്റും കൂടി. ഘോര പ്രാർഥന. മരുമകളുടെ ഇരട്ടി ഉച്ചത്തിൽ അമ്മായിഅമ്മ. ഒച്ചകേട്ടു ഭയന്ന കൃഷ്ണവിഗ്രഹത്തിൽ നിന്ന് ഒരു പീലി ഇളകി താഴെ വീണു. മീശമുളച്ച പ്രജകൾ പത്രം വായിച്ചു, കാരണവർ ഉമ്മറത്തിരുന്നു കാറി തുപ്പി. ചിലര് വെറുതെ അങ്ങ് ഇരുന്നു, വലിയൊരു കാറ്റു വീശിയപ്പോൾ ആടിയ തൂണിന് അവരെ കണ്ട് 'ചത്താ മതി' എന്നായി.  

അഞ്ചാം ക്ലാസ്സുകാരി അമ്മിണിയൊരു പേപ്പറും പേനയും എടുത്ത് എഴുത്തു തുടങ്ങി. നാമജപം ഫോട്ടോ ഫിനിഷിങ്ങിൽ എത്തിനിക്കവേ അമ്മിണി ഉമ്മറത്തേക്ക് നീട്ടിയൊരു ചോദ്യം. 

"അമ്മേ, ഈ സെക്സ് എന്നു വെച്ചാ എന്താ?"

നാമജപം നിലച്ചു, നാണം കാരണം കാർമുകിൽ വർണ്ണന്റെ കവിൾ ചുവന്നു. പത്രം രണ്ടായി കീറി, കാരണവരുടെ തുപ്പല് കീഴ്‌പ്പോട്ടിറങ്ങി, വെറുതെ ഇരുന്നവർ അങ്ങനെ തന്നെ ഇരുന്നു. മുറ്റത്തെ തെങ്ങിൽ നിന്ന് തേങ്ങ വീണു. വഴിയേ പോയ വറീതിന് മോഹാലസ്യമുണ്ടായി. അമ്മിണികുട്ടി വഴി പിഴച്ചതിലുള്ള ദുഃഖം വീട്ടിലും ഉമ്മറത്തും തളംകെട്ടി. വീട് മരിച്ചു, അമ്മിണികുട്ടി കൊന്നു. 

'ഞാൻ female ടിക്ക് ചെയ്യട്ടെ' വീണ്ടും അമ്മിണികുട്ടി. അമ്മ തലയാട്ടി. നിശബ്ദതയെ കണ്ടതുണ്ടമാക്കി അമ്മായിഅമ്മ ഉറക്കെ നാമം ജപിച്ചു 'ന്റെ കൃഷ്ണ'.