ആദ്യത്തെ കൺമണി (കഥ)

"നീ നിന്റെ മകളെ ചുംബിക്കാറുണ്ടോ?"

സുഹൃത്തിന്റെ ചോദ്യം കേട്ടപ്പോൾ ഞാനൊന്നു പകച്ചു.

" ഉണ്ട് "

ഞാൻ മോളെ ചുംബിക്കാറുണ്ട്.

പക്ഷേ...

അവൾ ഉറങ്ങിയതിന് ശേഷമായിരിക്കും.

അന്ന് സ്കൂൾ വിട്ടു വന്നപ്പോൾ ഞാനവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

അവൾടെ കണ്ണുകളിൽ ആശ്ചര്യവും സന്തോഷവും മാറി മാറി വന്നു.

" ഉമ്മീ, എത്ര നാളായി ഒന്നു കെട്ടിപ്പിടിച്ചിട്ട് "

അവൾടെ പരാതി എന്നെ ശരിക്കും വേദനിപ്പിച്ചു.

"ഇങ്ങക്ക് മോനൂസ് വന്നപ്പോൾ പിന്നെ എന്നെ വേണ്ടാതായി "

ശരിയാണ്. മോൻ ജനിച്ച ശേഷം അവളെ അധികം ലാളിക്കാറില്ല.

അനിയൻ കുട്ടൻ ജനിച്ചപ്പോൾ മോൾ വല്യാ സന്തോഷമായിരുന്നു.

എന്നെക്കാൾ ഒരു വാവയെ ആഗ്രഹിച്ചതവളായിരുന്നു.

അനിയന്റെ കുഞ്ഞു വിരലുകളിൽ പിടിച്ചവൾ എന്നും പറയും

" ഉമ്മി കുഞ്ഞാവന്റെ വിരലെന്തൊരം സോഫ്റ്റാണ് "

എന്നും ഉറങ്ങിയെണീറ്റ് അവൾ കുഞ്ഞാവന്റെ മുകളിലേക്ക് ഒരു കിടത്തമാണ്.

"മോളൂസേ വാവക്ക് ശ്വാസം കിട്ടില്ല, ഇങ്ങനെ കിടക്കല്ലേ "

എന്റെ പറച്ചിലൊന്നും അവൾ വക വെക്കാറില്ല. 

" ഉമ്മീ, കുഞ്ഞാവ എന്നാ വലുതാവുന്നേ?"

അവൾക്ക് എന്നും ആകാംക്ഷയാണ്.

''ഇവന് വളർന്നാൽ ഞാൻ സ്കൂളിൽ കൊണ്ടു പോകും, ചോറു വാരി കൊടുക്കും, കുളിപ്പിക്കും, പൗഡറിടും, കണ്ണെഴുതി കൊടുക്കും"

കുഞ്ഞനിയനെ കുറിച്ച് അവൾ സ്വപ്നം കാണാൻ തുടങ്ങി.

മോനു പിച്ചവെച്ച് നടക്കാൻ തുടങ്ങിയ സമയം. അവൻ ഉരുണ്ടു മറിഞ്ഞു വീണാലും അടി മോൾക്ക് തന്നെ. ഉറങ്ങുന്ന മോനുവിനെ ഇടക്കിടെ ചുംബിക്കുന്നത് അവൾക്ക് ഇഷ്ടമായിരുന്നു, കുഞ്ഞങ്ങാനും ഉണർന്നാലും അവൾക്ക് തന്നെ അടിയും ചീത്തയും

''ഓ ഇങ്ങളൊരു മോനൂ "

ദേഷ്യത്തിൽ അവൾ പറയും.

പതിയെ പതിയെ മോൾക്ക് അനിയനോട് അസൂയ തോന്നി തുടങ്ങി. തനിക്ക് കിട്ടേണ്ടതെല്ലാം തട്ടിയെടുക്കാൻ ജനിച്ചവൻ എന്ന് പറയാൻ തുടങ്ങി. 

മോന് എന്തു കുസൃതി കാണിച്ചാലും പഴി അവൾക്ക് തന്നെ. മോളൂസിന്റെ അനുസരണക്കേട് ഒരുവശത്ത്. 

" അവൾ ഞാൻ പറയുന്നതൊന്നും അനുസരിക്കണില്ല"

ഞാൻ സുഹൃത്തിനോട് വേവലാതിപ്പെട്ടു. 

" കുട്ടികളല്ലേ, ശരിയായിക്കോളും അവരെ വല്ലാതെ ഇറിറ്റേറ്റ് ചെയ്യാതിരുന്നാൽ മതി, കാര്യങ്ങളൊക്കെ തഞ്ചത്തിൽ പറഞ്ഞു മനസ്സിലാക്കണം"

സുഹൃത്തിന്റെ ഉപദേശം പ്രാവർത്തികമാക്കാൻ തീരുമാനിച്ചു.

ആദ്യം അവളുടെ അസൂയ അതിരു കടക്കാതിരിക്കാൻ എന്തു ചെയ്യണമെന്നായി എന്റെ ചിന്ത. 

മകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനും അവളെ അറിയാനും ഒരമ്മക്കല്ലാതെ മറ്റാർക്കാണ് കഴിയുക?

പതിവിലും വ്യത്യസ്ഥമായി ഞാനന്ന് മോൾ വരച്ച ചിത്രങ്ങളെല്ലാം എടുത്ത് അവളെ പ്രശംസിച്ചു. ചിലയിടത്ത് ഏതു കളറാണ് കൊടുക്കേണ്ടതെന്ന് സജസ്റ്റു ചെയ്തു.

"ഉമ്മീ, ഇങ്ങൾക്കെന്താ ഇന്ന് പ്രത്യേക സ്നേഹം"

ദേ കിടക്കിണു..

ഓള് എന്റെ മോളല്ലേ, അവളെ ഞാനറിയുന്നതിലും കൂടുതൽ അവൾ എന്നെ അറിഞ്ഞിരിക്കുന്നു.

'' ഇപ്പം മോനൂസ് അഗംനവാടിയിൽ പോകുന്നുണ്ടല്ലോ, അപ്പോ എനിക്ക് കുറേ ഫ്രീ ടൈം ഉണ്ട്, അതുകൊണ്ട് നിന്റെ കാര്യങ്ങളിൽ ഞാൻ ഇനി മുതൽ പഴയതിലും കുടൂതൽ ശ്രദ്ധിക്കും"

ഞാൻ ന്യായികരിച്ചു.

" ഉമ്മീ, ഇങ്ങള് ന്റെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലങ്കിലും എനിക്ക് പരാതിയില്ല, എനിക്ക് പത്തു വയസ്സ് കഴിഞ്ഞില്ലേ എന്റെ കാര്യങ്ങൾ ഞാൻ തന്നെ നോക്കാൻ സമയമായി, പിന്നെ ഇങ്ങക്ക് വീട്ടിലെ കാര്യങ്ങൾ നോക്കണം, ഉപ്പന്റെ കാര്യങ്ങൾ നോക്കണം, മോനൂസിനെ നോക്കണം അങ്ങനെ ഒരു പാട് കാര്യങ്ങളില്ലേ "

പത്തു വയസ്സിൽ കവിഞ്ഞ പക്വത അവളിൽ ഞാൻ കണ്ടു. അതു തന്നെയായിരുന്നു എനിക്ക് വേണ്ടതും. 

പക്വതയാണ് പെൺക്കുട്ടികളെ ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുക. 

" ഞാൻ മോൾടെ കൂടെ എപ്പോഴും കിടക്കാത്തതിൽ പരാതിയുണ്ടോ?"

"ഏയ് അങ്ങനൊന്നുല്യാ... ന്നാലും ഇങ്ങക്ക് മോനൂസ് ഉറങ്ങിയാ ന്റെടുത്ത് കിടക്കാം "

അവൾ കണ്ണിറുക്കി ചിരിച്ചു.

''മോനൂസ് ചെറുതല്ലേ, അവൻ എപ്പോഴും ഉമ്മീന്റെ സഹായം വേണം, അവൻ നിന്റെ അനിയനാണ്, എന്നേക്കാൾ നന്നായി നീ അവനെ ശ്രദ്ധിക്കണം"

തഞ്ചത്തിൽ ഞാൻ പറഞ്ഞു.

"എനിക്ക് മോനൂസിനെ ഒരു പാട് ഇഷ്ടാണ്, ന്നാലും ഇങ്ങള് ഓനെ ബലാണ്ട് പുന്നാരിക്കുന്നത് കാണുമ്പോൾ... ഒരു കുശുമ്പ് "

അവൾ വീണ്ടും കണ്ണിറുക്കി ചിരിച്ചു.

അവൾടെ കുശുമ്പിൽ കാര്യമുണ്ടന്ന് എനിക്ക് ബോധ്യപ്പെട്ടു. ഇപ്പോഴേ മക്കളെ കുഞ്ഞായി കിട്ടൂ. കണ്ണടച്ചു തുറക്കുമ്പോഴേക്കും അവര് വളരും. പ്രത്യേകിച്ചും പെൺകുട്ടികളെ വളരെ കുറച്ചു സമയമേ നമ്മുടെ കൂടെ ഉണ്ടാവൂ. കല്യാണം കഴിഞ്ഞ് മറ്റൊരു കുടുംബത്തിലേക്ക് പോയാൽ പിന്നെ വല്ലപ്പോഴും വിരുന്ന് വരുന്ന അതിഥിയാണവൾ. 

ഇന്ന് ഞാൻ, അവൾ സ്കൂളിൽ പോകുമ്പോൾ

"ഉമ്മീ, അസലാമു അലൈക്കും" എന്നു പറഞ്ഞിറങ്ങുമ്പോൾ ഓടി വന്നു ചുംബിക്കാൻ മറക്കാറില്ല.

സ്കൂൾ കഴിഞ്ഞു വന്നാൽ അവളുടെ ബാഗ് പരിശോധിക്കാനും ഡയറി വായിക്കാനും ശ്രദ്ധിക്കാറുണ്ട്.

സ്കൂളില്ലാത്ത ദിവസങ്ങളിൽ കുട്ടികളോടൊപ്പം അക്കുത്തിക്കുത്താന കളിക്കാൻ ഞാനും കൂടാറുണ്ട്.

അവധി ദിവസം ചെറിയ ചെറിയ വീട്ടുജോലികൾ പരിശീലിപ്പിക്കാനും മറക്കാറില്ല.

എന്നും രാത്രി മോനെ ഉറക്കി കഴിഞ്ഞ്, മോൾടെ അടുത്ത് കിടന്ന് അവളുടെ സ്കൂൾ വിശേഷങ്ങൾ ആരായാനും അവളെ കെട്ടിപ്പിടിച്ചുറക്കാറുമുണ്ട്. എല്ലാറ്റിനുമുപരി അവളുടെ ശരീരിക വളർച്ചയെ കുറിച്ച് ബോധവതിയാക്കാറുണ്ട്..