ഒക്ടോബർ, 

നിന്റെ മഞ്ഞ നിറമുള്ള 

നനഞ്ഞ മേനിയഴകിലേക്ക് 

ഒരു പാമ്പിനെപ്പോലെ 

ഇഴഞ്ഞു കയറുന്നുണ്ട്, 

പുതച്ച കരിമ്പടം നീക്കിയെറിഞ്ഞോരു 

പിശിരൻ തണുപ്പ്. 

എന്തൊരു ഉന്മാദമാണവന്!

കറുത്തിരുണ്ട നിന്റെ മേഘച്ചുരുളുകളിൽ ആഴ്ന്നിറങ്ങിയവൻ മുഖം താഴ്ത്തുമ്പോൾ, 

പ്രണയത്തിന്റെ എത്രയിലകളാണ് നിങ്ങൾക്കായ് 

തല്പമൊരുക്കി  പൊഴിഞ്ഞു വീഴുന്നത്? 

മഴപൊഴിയുന്ന നിന്റെ കൺപീലികളിൽ, 

നാണത്താൽ ചുവന്നു തുടുത്ത 

ചില്ലകളുടെ വന്യതയിൽ, 

വസന്തവും വേനലും നടന്നു തളർന്ന 

നിന്റെ തളിർപ്പാദങ്ങളിൽ,

മഞ്ഞിൻകണം ഒളിച്ചിരിക്കുന്ന

നനുത്ത വിരൽത്തുമ്പുകളിൽ, 

ഒക്കെ അവൻ കൊതിയോടെ 

ചുണ്ട് അമർത്തുമ്പോൾ, 

എത്ര ശരത്സന്ധ്യകളായാണ്  നീ 

ചുവന്നു തുടുക്കുന്നത്?  

പ്രിയപ്പെട്ട ഒക്ടോബർ,  നീയോ? 

പേടിപ്പിക്കുന്ന ഒരു 

കറുത്തമൗനത്താൽ കണ്ണെഴുതുമ്പോഴും, 

മുറുക്കെ മുറുക്കെ  പുണർന്ന്, 

ഇത്രമേൽ,  ഇങ്ങനെയുണ്ടോ ഒരു പ്രണയം  എന്നാരെയും ഹരം പിടിപ്പിക്കും മാതിരി 

അവന്റെ ചുംബനങ്ങളിൽ കുളിർന്നു കുളിർന്ന്,

ഒരു സംവത്സരം പകുത്തിട്ട വിരഹം 

മാറിൽ വീണലിയുന്ന 

ഓരോ സ്നേഹച്ചൂടിനും പകർന്നു പകർന്ന്,  തരളിതയായ്,  വല്ലാതെ ഉലഞ്ഞ്.. 

ഒക്ടോബർ, 

ഓർക്കുകയാണ് ഞാൻ, 

ഓരോ ശിശിരത്തിലും 

അസ്ഥി മാത്രം ബാക്കിയാക്കി, 

നിന്നെ പൊള്ളിച്ചുകളഞ്ഞ,  

കൊഴിഞ്ഞു ചത്തു വീണ  

നിൻനഷ്ടപ്രണയങ്ങളെ , 

നിന്നെ വരിഞ്ഞുമുറുക്കിചേർത്തു നിർത്തി, 

ഒടുവിൽചുണ്ടിലും നെഞ്ചിലും 

മുറിപ്പാടുകൾ മാത്രം നൽകി 

കടന്നുകളയുന്ന  ഈ കള്ളക്കാമുകനെ, 

ഇത്ര വേഗം മറന്നോ നീ,  

നിൻവഴികളിലതില്പിന്നെ 

പൂക്കാലങ്ങൾ 

എത്ര മുള്ളുകൾ വാരി വിതറിയെന്ന്? 

വേനൽവ്യാളികൾ 

എത്ര വട്ടം തീതുപ്പിയെന്നും? 

ഒക്ടോബർ, എനിക്കറിയാം 

നീയും എന്നെപ്പോലെ

ഋതുഭേദങ്ങളുടെ ആവർത്തനങ്ങൾക്കു ഉള്ളുപിടഞ്ഞു കാതോർക്കുമ്പോഴും, 

ഈ ശരത്ക്കാലക്കുളിരിലേ നീ ഉണരൂ. 

വരാനിരിക്കുന്ന മഞ്ഞുകാലത്തിന് 

വഴിമാറേണ്ടി വരുമെന്നറികിലും, 

സ്വന്തമല്ലാത്തയീ സ്നേഹക്കാറ്റിൽ 

നിറമുള്ള ഇലകൾ പൊഴിക്കാനേ 

 നിനക്കു കഴിയൂ.. .

 സമർപ്പണം -  ഋതുഭേദങ്ങളുടെ നാടായ ബോസ്റ്റണിലെ,  ഇല പൊഴിക്കുന്ന പ്രിയ ഒക്ടോബറിന്..