കാലങ്ങൾക്കു മുമ്പേ എഴുതപ്പെട്ട വരികളിൽ നിന്ന്

ചില അക്ഷരങ്ങൾ ഇറങ്ങിപ്പോയി.

പല വഴിയിൽ തെണ്ടിത്തിരിഞ്ഞ അക്ഷരങ്ങൾ 

ഒടുവിലൊരുനാൾ ഒരുമിച്ചു പുതിയ വരികളായി.

നാവുകളിൽ നിന്നു നാവുകളിലേക്ക് പടരാൻ

ആ വരികൾക്ക് അധിക സമയം േവണ്ടി വന്നില്ല


വരൂ... കുറ്റം പറയാം

മരണമെ നീ ഈ വഴിക്കെങ്ങാൻ പോകുന്നുണ്ടെങ്കിൽ 

ഇതിലെയുമൊന്നു വരണേ

ഞാനിവിടെ തനിച്ചാണ്. 

ആരും കടക്കാത്ത ഈ പടിവാതിൽ കടന്ന് അകത്തു വരിക

നമുക്കിവിടെ ജീവനെ കുറ്റം പറഞ്ഞിരിക്കാം. 


ഓളം

എന്നോളം നിന്നിലേക്കലഞ്ഞവൻ ആരുണ്ട്.

നിന്നോളം എന്നിലേക്ക് അലഞ്ഞവളും നീ മാത്രമാണ്.

എന്റേയും നിന്റേയും അലച്ചിലുകളുടെ ഓളം അവസാനിച്ച തീരം ഏതാണ്.

തീരത്തെത്തുന്നതിനു മുമ്പേ ഇല്ലാതായിപ്പോകുന്ന ഓളങ്ങളുമില്ലേ..

അതെ തീരമെത്തുന്നതിനും മുമ്പേ ഇല്ലാതായിപ്പോയ ഓളങ്ങളാണ് നാം.