"നമുക്ക് ജനിക്കുന്നത് ഇരട്ടക്കുട്ടികളാവും നീ നോക്കിക്കോ.." എന്റെ ആഗ്രഹം കേട്ട് അവൾ പുഞ്ചിരിയോടെ എന്നെ നോക്കി...

"ആഹാ.. ആശാനുറപ്പിച്ചോ? മൂന്നു മാസം ആയതല്ലേ ഉള്ളൂ..."

" അതിനെന്താ... ഇനി കുറച്ച് നാൾ അല്ലേ കാത്തിരിക്കേണ്ടതായുള്ളൂ.. നീ നോക്കിക്കോ ഈ മുറ്റത്ത് ഓടിക്കളിക്കാൻ പോകുന്നത് ഇരട്ടക്കുട്ടികളാവും.. എനിക്കുറപ്പാ.. ഞാൻ സ്വപ്നം കണ്ടിരുന്നു.. തന്നെയുമല്ല കുറച്ച് നാൾ മുമ്പ് എന്റെ കൈ നോക്കിയ കാക്കാത്തി പറഞ്ഞത് എനിക്ക് ഇരട്ടക്കുട്ടികളുടെ അച്ഛനാവാൻ യോഗമുണ്ടെന്നാ.. നീ കണ്ടോ!"

" ആണോ പക്ഷേ എനിക്ക് ഒരെണ്ണം മതീന്നാ ആഗ്രഹം.. മേക്കാൻ നല്ല പാടാ മോനേ... നിനക്ക് പറഞ്ഞാ മതി..."

അവൾ പറഞ്ഞത് കേട്ട് ഞാനവളെ കണ്ണുരുട്ടിക്കാട്ടി...

"ഒന്ന് പോടി.. അതൊക്കെ ഒരു രസാ... എനിക്കുറപ്പുണ്ട്..."

എന്റെ ആത്മവിശ്വാസം കണ്ട് അവൾക്ക് കൗതുകമായി...

" എന്നാ ഏട്ടന്റെ ആഗ്രഹം പോലെ തന്നെ ആവണേന്ന് ഞാൻ പ്രാർഥിക്കാട്ടോ.."

അത് കേട്ട് എനിക്ക് സന്തോഷമായി...

ദിവസങ്ങൾ കഴിയും തോറും എനിക്ക് ആകാംക്ഷ കൂടി കൂടി വന്നു.ഇടയ്ക്കിടെ അവളുടെ വയർ ഞാൻ പരിശോധിച്ചു കൊണ്ടിരുന്നു. ഇരട്ടക്കുട്ടികളാണേൽ വയർ ഇരട്ടി വലുപ്പം ഉണ്ടാകുമല്ലോ?

അവളുടെ മടിയിൽ തല വച്ചു കിടന്ന് വയറിനോട് ചെവി ചേർത്ത് ഞാനവരുടെ താളം കേൾക്കുന്നുണ്ടോന്ന് നോക്കി കൊണ്ടിരുന്നു.. 

" ആകെ ബഹളായിരിക്കും അല്ലേ? രണ്ടെണ്ണം കൂടി.. നമുക്ക് അവർക്ക് രണ്ട് പേർക്കും ഒരുപോലത്തെ ഡ്രസ്സ് വാങ്ങണം.. രണ്ടിനേം ഒരുക്കി കൊണ്ട് നടക്കാൻ നല്ല രസായിരിക്കും.. രണ്ട് പെൺകുട്ടികൾ മതി.. അതാ രസം.. നിനക്കോ? " 

"എനിക്ക് ഒരു ആൺകുട്ടി മതീന്നാടന്നു... ഇനിപ്പോ ഏട്ടന്റെ ആഗ്രഹം തന്നാ എന്റെയും... "

ഞാൻ പറയുന്നത് കേട്ട് കേട്ടാണെന്ന് തോന്നുന്നു അവൾക്കും അതിനോട് ആഗ്രഹം കൂടിക്കൂടി വന്നു. സന്തോഷകരമായായിരുന്നു ഞങ്ങളുടെ പിന്നീടുള്ള ഓരോ ദിവസവും. 

അങ്ങനെയിരിക്കെയാണ് ആ ദുരന്തം ഞങ്ങളെ തേടി വന്നത്. കോണിപ്പടി കയറുന്നതിനിടെ അവൾ കാല് തെറ്റി വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ സ്വപ്നങ്ങളാണ്. കാലങ്ങളായി ഞങ്ങൾ കാത്തു വച്ച സ്വപ്നങ്ങൾ. കാരണം പത്തു വർഷങ്ങളുടെ കാത്തിരിപ്പിനും പ്രാർഥനകൾക്കുമൊടുവിലാണ്  ഞങ്ങൾക്ക് അങ്ങനെയൊരു അവസരം ദൈവം തന്നിരുന്നത്.. അതുകൊണ്ടുതന്നെ ഞങ്ങളാകെ തകർന്നു പോയിരുന്നു...

എന്നേക്കാൾ വിഷമം അവൾക്കായിരുന്നു.. എന്റെ ആഗ്രഹം സാധിച്ച് തരാനാകാത്തതിൽ. ഞാനവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നെങ്കിലും എന്റെയും ചങ്ക് അപ്പോൾ പിടയുകയായിരുന്നു. സ്വപ്നം കണ്ടതൊക്കെ വെറുതെ ആയിരുന്നല്ലോ എന്നോർത്ത് ഞാനൊരുപാട് സങ്കടപ്പെട്ടു. വീട്ടുകാരും കൂട്ടുകാരും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നെഞ്ചിൽനിന്ന് ആ നീറ്റൽ മാറുന്നില്ലായിരുന്നു.

ആ നീറ്റൽ കാലം കടന്ന് പോകും തോറും കൂടിക്കൊണ്ടിരുന്നു.. കാരണം പിന്നീട് അഞ്ച് വർഷം കടന്നുപോയിട്ടും ദൈവം ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം തന്നില്ല.

അവൾക്കാണ് പ്രശ്നമെന്ന് ഡോക്ടർ പറഞ്ഞതോടെ തകർന്നുപോയത് ഞാനല്ല അവളായിരുന്നു... എന്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന പേടി ദിവസങ്ങൾ കഴിയും തോറും അവളെ അലട്ടികൊണ്ടിരുന്നു. എനിക്കും അവളുടെ മുഖം കാണുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി തുടങ്ങി.. 

അങ്ങനെയിരിക്കെയാണ് ഒരിക്കൽ അവൾക്ക് വൈറൽ ഫീവർ പിടിപെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാകേണ്ടി വന്നത്. തൊട്ടടുത്ത ബെഡ്ഡിൽ ഒരു യുവതി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കിടന്നിരുന്നു. അവളുടെ കൂടെ നിന്നിരുന്നത് അവരുടെ അടുത്ത ബന്ധുവായ ഒരു വല്ല്യമ്മ ആയിരുന്നു. ‌അവളുടെ ഭർത്താവ് ഒരു വർഷം മുമ്പാണ് ആക്സിഡന്റിൽ മരണപ്പെട്ടത്. അവൾക്ക് വേറെ ബന്ധുക്കളാരുമില്ലായിരുന്നു. അവളുടെ അവസ്ഥ കണ്ടപ്പോൾ ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി. അവളുടെ കുട്ടികൾ ഒരു അനാഥാലയത്തിലാണ് വളരുന്നത് എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് അവരോട് സഹതാപം തോന്നി. വീട്ടുവേലകൾ ചെയ്തായിരുന്നു അവൾ ജീവിച്ചിരുന്നത്. ചികിത്സയ്ക്കായ് വീട് വിൽക്കേണ്ടി വന്നതോടെയാണ് കുഞ്ഞുങ്ങളെ  അവൾക്ക് അനാഥാലയത്തിലേക്ക് മാറ്റേണ്ടി വന്നിരുന്നത്.

ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ കൂടുതൽ പരിചിതരായി.. ഞങ്ങളുടെ പ്രശ്നങ്ങൾ കേട്ട് അവൾക്കും ഞങ്ങളോട് സഹതാപമായി. അങ്ങനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ആവുന്ന ദിവസം. അവളോട് യാത്ര പറയാനായാണ് ഞങ്ങൾ അവളുടെ അടുത്തേക്ക് ചെന്നത്. അന്ന് അവൾ വല്ലാതെ അവശയായിരുന്നു. അവൾക്ക് കുറച്ച് സീരിയസ്സ് ആണെന്നും ഐ.സി.യുവിലേക്ക് മാറ്റാൻ പോകുകയാണ് എന്നും  ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. പിരിയാൻ നേരം അവൾ ഞങ്ങളോട് ഒരു ആഗ്രഹം  പറഞ്ഞു...

" എനിക്ക് ഇനി എത്ര നാൾ ഉണ്ടെന്ന് അറിയില്ല... എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞുങ്ങൾ അനാഥരാവും.. അവർക്ക് ഒന്നും തിരിച്ചറിയാനുള്ള പ്രായം ആയിട്ടില്ല.. കഴിയുമെങ്കിൽ നിങ്ങൾ അവരെ പോയ് ഒന്നുകാണണം.. നിങ്ങൾക്ക് പറ്റുമെങ്കിൽ അവരെ സ്പോൺസർ ചെയ്യുകയോ ദത്തെടുക്കുകയോ ചെയ്യാം... ഒരമ്മയുടെ അവസാന ആഗ്രഹമായി കരുതിയാൽ മതി. ബുദ്ധിമുട്ടാവുമെങ്കിൽ വേണ്ട..."

അവൾ പറഞ്ഞത് കേട്ട് ആദ്യം ഞങ്ങൾക്ക് അമ്പരപ്പ് തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ അതാണ് ശരി എന്ന് ഞങ്ങൾക്കും തോന്നി...

ദൈവം ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നില്ലെങ്കിലും ഇപ്പോൾ ഞങ്ങൾക്ക് കൈവന്നിരിക്കുന്നത് അതിനേക്കാൾ പുണ്യമായ ഒരു അവസരമാണ്. അതെ,  ഞങ്ങൾ അവരെ ദത്തെടുക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങൾ ആ അനാഥാലയത്തിലെത്തിയത്.

അവളുടെ പേര് സിസ്റ്ററിനോട് പറഞ്ഞാൽ കുട്ടികളെ കാണിച്ച് തരുമെന്നാണ് അവൾ പറഞ്ഞിരുന്നത്. കുട്ടികളുടെ ഒരു വിവരവും അവൾ ഞങ്ങളുമായി പങ്ക് വയ്ക്കാഞ്ഞത് കൊണ്ട് ആൺകുട്ടികളാണോ പെൺകുട്ടികളാണോ എന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു.

രണ്ടോ മൂന്നോ വയസ്സേ കുട്ടികൾക്കുണ്ടാവൂ എന്ന് ഞങ്ങൾ ഊഹിച്ചിരുന്നു. ഞങ്ങളെ കണ്ടതും സിസ്റ്റർ പുഞ്ചിരിച്ച് കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. 

ഞങ്ങളെ അവർ കാത്തിരിക്കുകയായിരുന്നു. അവർ ഞങ്ങളെ കുട്ടികളുടെ അടുത്തേക്ക് കൂട്ടികൊണ്ടുപോയി. ഞങ്ങളുടെ ആകാംക്ഷ കൂടി കൂടി വന്നു. 

വിശാലമായ ഒരു മുറിക്കുള്ളിലേക്കാണ് അവർ ഞങ്ങളെ കൂട്ടി കൊണ്ടുപോയത്. അവിടെ കണ്ട കാഴ്ച ഞങ്ങളെ അമ്പരപ്പിക്കുന്നതായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒന്നല്ല... രണ്ടല്ല.. ഒരുപോലത്തെ മൂന്ന് ഗുണ്ട് മണികൾ മുട്ട് കുത്തി നടന്നും കിടന്നും കളിക്കുന്നു. ഞങ്ങളുടെ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ച് കത്തി. പിന്നെ ഒന്നും നോക്കിയില്ല.. മൂന്നിനേം വാരിയെടുത്തു; രണ്ട് പെൺകുട്ടികളെ ഞാനും. ഒരു ആൺകുട്ടിയെ അവളും. ഞങ്ങൾ ആഗ്രഹിച്ച പോലെ തന്നെ ദൈവം ഞങ്ങൾക്ക് തന്നിരിക്കുന്നു. രണ്ടെണ്ണം ആഗ്രഹിച്ചപ്പോൾ മൂന്നെണ്ണം തന്നിരിക്കുന്നു. ഇതിൽക്കൂടുതൽ ഇനി എന്ത് വേണം..

പ്രസവിക്കുന്നതിനേക്കാൾ പുണ്യമാണ്  കുഞ്ഞുങ്ങളെ  ഏറ്റെടുത്ത് വളർത്തുന്നത് എന്നുള്ളത് ഞങ്ങൾക്ക് ബോധ്യമാവുകയായിരുന്നു പിന്നീട്.

ഇന്ന് ഞങ്ങളുടെ മുറ്റത്ത് മൂന്ന് ഗുണ്ടുമണികളും കൂടെ ഓടിക്കളിക്കുന്നത് കൗതുക ത്തോടെയും അതിലേറെ  ആവേശത്തോടെയും ആസ്വദിക്കുകയാണ് ഞങ്ങൾ..