കുഴൽക്കിണറും കുട്ടികളും [ഒരാൾ പറഞ്ഞ കഥ]

കുഴൽക്കിണറിൽ വീണു മരണം വരിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ വല്ലാത്ത ഉൾക്കിടിലമാണ്. എത്ര നേരത്തോളം അവർ അനങ്ങാൻ കഴിയാതെ കിടന്നാണ് ദൈവമേ..!? 

കുറച്ചു ദിവസം മുൻപ്  ഇങ്ങനെയ1രു സംഭവത്തെ കുറിച്ച് ഓഫിസിൽ സംസാരിച്ചപ്പോൾ  ഒരു സുഹൃത്ത് പറഞ്ഞ ഒരു സംഭവമാണ് ഓർമ വരുന്നത്. അവന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു !

വർഷം 2003.ഡിസംബർ 

പുണെയിൽനിന്ന് എഴുപതു കിലോമീറ്റർ മാറി  മുൾഷി ഡാമിന്റെ തീരത്തുള്ള കേരള ആയുർവേദ റിസർച് സെന്ററിൽ ചില  നിർമാണജോലിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു പോകുകയായിരുന്നു പുണെയിലെ പിരം ഗുഡ് എന്ന സ്ഥലത്തു താമസിച്ചിരുന്ന സച്ചിൻ എന്ന സുഹൃത്തും ഞാനും  മറ്റു രണ്ടുപേരും അടങ്ങുന്ന സംഘം. സമയം വൈകിട്ട് നാല് കഴിഞ്ഞിരിക്കുന്നു.

മോട്ടോർ ബൈക്കിൽ ആണ് ഞങ്ങളുടെ യാത്ര. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ വസന്തകാലം എന്നാൽ  മനോഹരമായ പച്ചപ്പുല്ലുകൾ മാത്രം മുളച്ച മൊട്ടക്കുന്നുകളും കരിമ്പിൻ പാടങ്ങളും. മനസ്സിനു കുളിർമ പകരുന്ന, ഫോട്ടോകളിൽ കാണുന്ന സ്വിസർലൻഡ് പോലെ തന്നെയാണ്. 

'പൗഡ് പാട്ട' എന്ന സ്ഥലവും കഴിഞ്ഞു കുറച്ചുകൂടി പോയി.  ദീർഘ ദൂര ബൈക്ക് യാത്രയുടെ ക്ഷീണമടക്കാൻ ഞങ്ങൾ തീർത്തും വിജനമായ, പരന്നുകിടക്കുന്ന കൃഷിഭൂമിയുടെ അരികിലായി ബൈക്കുകൾ നിർത്തി. അടുത്തൊന്നും വീടുകൾ ഇല്ല.  നിലക്കടലയോ പച്ചക്കടലയോ കൃഷിചെയ്തിരിക്കുന്ന പാടത്ത്  കുറച്ച് അകലെയായി ഒരു ഇലട്രിക് പോസ്റ്റിനു കീഴിൽ ഏകദേശം മൂന്നിഞ്ചു വണ്ണമുള്ള  പ്ലാസ്റ്റിക് ഫ്ളക്സിബിൾ  പൈപ്പ് വലിയ ഒരു കുന്നുപോലെ ചുരുട്ടി വച്ചിരിക്കുന്നു.

റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വണ്ടികളുടെ ഇടവേള നോക്കി പ്രാഥമിക ആവശ്യങ്ങൾ  നിറവേറ്റി നിൽക്കുന്ന ഞങ്ങൾക്കിടയിലേക്കു നേർത്ത ഒരു നിലവിളി ഒഴുകി എത്തുന്നതുപോലെ തോന്നി. കൂടെ ഉണ്ടായിരുന്ന സച്ചിൻ ആയിരുന്നു ആ ശബ്ദം ആദ്യം കേട്ടത്. അതു വന്ന ദിക്കിലേക്ക് ഒരു ഊഹം വച്ച് നടന്നു തിരഞ്ഞു. എങ്കിലും ഒന്നും കാണാൻ കഴിയാതെ ഞങ്ങൾ മടങ്ങവേ വീണ്ടും ആ ദയനീയ ശബ്ദം കേട്ടു.

ഭരത് എന്ന മഹാരാഷ്ട്രക്കാരൻ പറഞ്ഞു.

‘സർ ഇതൊരു കുട്ടിയുടെ ശബ്ദമാണ്  വല്ലവരും വല്ല കുഴൽക്കിണറിലും  കുടുങ്ങിയിട്ടുണ്ടോ.?’

മഹാരാഷ്ട്രയുടെ ഉൾനാടൻ ഭാഗങ്ങളിൽ വീടുകളിലും കൃഷി ഭൂമികളിലും  ഒന്നോ രണ്ടോ കുഴൽക്കിണറുകൾ വീതം  ഉണ്ടാവും ജലവിതാനം ഒരുപാട് താഴ്ന്ന അവിടെ സാധാരണ കിണറുകൾ പ്രായോഗികമല്ല.

ഞങ്ങൾ പെട്ടന്ന് ജാഗരൂകരായി പരന്നു കിടക്കുന്ന നിലക്കടലപ്പാടം മുഴുവൻ അരിച്ചുപെറുക്കി.  ഞങ്ങളുടെ തിരച്ചിൽ കണ്ട് വഴിപോക്കരായ രണ്ടുമൂന്നു ഗ്രാമീണരും ഞങ്ങൾക്കൊപ്പം കൂടി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ആ ശബ്ദത്തിന്റെ   ഉറവിടം ഞങ്ങൾ കണ്ടെത്തി. അതിദയനീയവും ഇന്നും ൾക്കിടിലത്തോടെ മാത്രം ഓർക്കാൻ കഴിയുന്നതും ആയിരുന്നു ആ കാഴ്ച ..! 

ഭൂമിയിലെ മൺനിരപ്പിനോട് ചേർന്ന് ശരിക്കും ഒരു ചതിക്കുഴി പോലെ എട്ടിഞ്ചു വ്യാസമുള്ള ഒരു കുഴൽക്കിണർ ..! അതിൽ നിന്നാണ് ആ  ശബ്ദം വരുന്നത്..!  സമയം നാലരയോടടുത്തുകഴിഞ്ഞിരിക്കുന്നു.

സൂര്യന്റെ ചെരിഞ്ഞ വെളിച്ചത്തിൽ ആ കിണറിനുള്ളിൽ കുറച്ചു താഴെയായി  രണ്ടുകൈകൾ മാത്രം മുകളിലേക്ക് പൊങ്ങിയ  രീതിയിൽ ഒരു അവ്യക്ത നിഴൽ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ.!  

ആ കിണറിന്റെ മുകളിലെ  രണ്ടടിയോളം വരുന്ന  പൈപ്പിന്റെ കഷ്ണവും മോട്ടോർ ഫിറ്റു ചെയ്യന്ന ഇരുമ്പു ഫ്രെയിമും അപ്പുറത്തായി  കൂട്ടിവെച്ച പൈപ്പിന് അരികിൽ കണ്ടതോടെ  ആ കിണർ ചതിക്കുഴിയായി മാറിയത് എങ്ങനെയെന്നു ഞങ്ങൾക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു.! 

കൂടിയവരിൽ ആരോ പോയി ഉടൻ  ഒരു ടോർച്ചും കയറും എടുത്തുകൊണ്ടുവന്നു. കിണറിനു വക്കിലെ മണ്ണിടിയാതെ  സൂക്ഷ്മതയോടെ വേണം കാര്യങ്ങൾ ചെയ്യാൻ.! 

കൈയിലുള്ള മൊബൈലിൽ തീരെ റേഞ്ച് ഇല്ല എന്നത് അപ്പോൾ ശരിക്കും ശാപമായി തോന്നി.  കൂടെ ഉണ്ടായിരുന്ന ഒരാളെ പൗഡ് പാട്ടയിൽ ഉള്ള പോലീസ് സ്റ്റേഷനിലേക്കും അതിനടുത്തുള്ള ആശുപത്രിയിലേക്കും ഉടൻ പറഞ്ഞു വിട്ടുകൊണ്ട് ഞങ്ങൾ രണ്ടുമൂന്നു പേർ താൽക്കാലികമായി നിയന്ത്രണം ഏറ്റെടുത്തു.

കാരണം അധികം ആളുകൾ കൂടിയാൽ കിണറിലേക്കു മണ്ണിടിഞ്ഞു വീഴാൻ സാധ്യതയുണ്ട്‌. ഓരോ നീക്കവും സൂക്ഷ്മതയോടെ വേണം.

എല്ലാവരോടും ശബ്ദം ഉണ്ടാക്കാതിരിക്കാൻ പറഞ്ഞുകൊണ്ട് സാവധാനം അവന് കേൾക്കത്തക്ക വിധത്തിൽ മറാഠക്കാരനായ ഭരത് ചോദിച്ചതിന് അവൻ കൃത്യമായി ഉത്തരങ്ങൾ ഹൃദയം  തകർക്കുന്ന കരച്ചിലോടെ  തന്നുകൊണ്ടിരുന്നു.

പൈപ്പിന്റെ നീളം വച്ച് നോക്കുമ്പോൾ ഏകദേശം  പന്ത്രണ്ടടിയോളം താഴെയാണ് അവൻ എന്ന് ഞങ്ങൾക്കു മനസ്സിലായി. ഇടിയാൻ സാധ്യതയുള്ള മണ്ണിനോടു ചേർന്ന്  എവിടെയോ ആണ് അവൻ തടഞ്ഞു നിൽക്കുന്നത്. നോക്കി നിൽക്കാൻ ഒട്ടും സമയമില്ല. ഓരോ സെക്കൻഡും വിലയേറിയതാണ്!  അവനെ വാക്കുകൾ കൊണ്ട് സമാധാനിപ്പിച്ചുകൊണ്ടിരിക്കാൻ  ഭരതനെ ഏർപ്പാടാക്കി.

  

അപ്പോഴേക്കും അവിടെ ഒരു ജനസമുദ്രം തന്നെ ഉണ്ടായി. കാഴ്ചക്കാരായി വന്നവരിൽനിന്ന് അഞ്ചാറുപേരെ കൂടി കാര്യം പറഞ്ഞു മനസ്സിലാക്കി കിണറിനു വക്കത്തേക്ക് ആരും വരാതിരിക്കാനുള്ള  ഏർപ്പാടുണ്ടാക്കികൊണ്ട് ഞങ്ങൾ ആ കയർ മെല്ലെ അവന്റെ കയ്യിലേക്ക് തട്ടും വിധം ഇട്ടു കൊടുത്തു.

അവനുള്ളത്‌ പ്ലാസ്റ്റിക് പൈപ്പിലാണ്. മണ്ണിലായിരുന്നു എങ്കിൽ സാധ്യത കഠിനമാകും. അതുകൊണ്ടുതന്നെ അവൻ കൂടുതൽ താഴേക്കു പോകാതിരിക്കാൻ ഉള്ള ഉപാധിയാണ് ആദ്യം ചെയ്യേണ്ടത് !

കയറിൽ അവൻ മുറുകെ പിടിച്ചാൽ ഞങ്ങൾക്ക് വളരെ ഈസിയായി അവനെ പുറത്തേക്കു വലിച്ചെടുക്കാവുന്നതേ ഉള്ളൂ  പക്ഷെ  മുറുകെ പിടിച്ചു നിൽക്കാൻ മാത്രം ശക്തി ആ കുഞ്ഞിൽ അവശേഷിച്ചിട്ടുണ്ടോ എന്നത് ഞങ്ങളിൽ വലിയ പേടിയാണുണ്ടാക്കിയത്. എപ്പോഴാണ് പെട്ടത് എന്ന ചോദ്യത്തിന്,  കുറേ നേരം എന്നുമാത്രമാണ് വന്ന മറുപടി.

ഒരുപക്ഷേ മുകളിലേക്കുള്ള വരവിനിടെ അവന്റെ ശക്തി ചോർന്നു പോയാൽ കിണറിന്റെ അഗാധതയിലേക്കു പോയേക്കാം. കുടുക്കിട്ടു  വലിക്കുക എന്നത് അതിലേറെ അപകടമാണ്. ഒരുപക്ഷേ അവൻ  കുടുങ്ങിയാൽ  ചിലപ്പോൾ അവന്റെ കൈകൾ തന്നെ പറിഞ്ഞു വന്നേക്കാം. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവന്റെ  ഒരു കയ്യിൽ ഒരു ഊരാക്കുടുക്കു കുടുക്കി എടുത്തുകൊണ്ട്  സേഫ് ആക്കി.

കയ്യിൽ കയർ കിട്ടുമ്പോൾ ജീവിതത്തിലേക്ക്‌ തിരിച്ചു വരുവാനുള്ള ഉള്ള വ്യഗ്രതയോടെ അവൻ അതിൽ പിടിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുകയായിരുന്നു.

രണ്ടാമത്തെ കയറിൽ അവന്റെ കൈ ഉടക്കിയപ്പോൾത്തന്നെ ആ കൊച്ചു കയ്യിൽ രണ്ടു കയറുകളും കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഭരത് അവനോട് അതിൽ മുറുകി പിടിക്കാൻ പറഞ്ഞതും  അവന്റെ കൈ കൊണ്ടവൻ ഒരു ശ്രമം നടത്തി. അതുറപ്പായതും  മെല്ലെ അവനെ വലിക്കാൻ ഉള്ള ശ്രമത്തിൽ ഞങ്ങൾ എത്തിച്ചേർന്നു.

‘കുറച്ചു എണ്ണ  കൊണ്ടുവരൂ’ കരയിൽ നിന്ന ആരോടോ  സച്ചിൻ ഇടയ്ക്കു വിളിച്ചു പറയുന്നതുകേട്ടു. അധിക നേരം ആവുന്നതിനു മുന്നേ ആരോ കൊണ്ടുവന്ന എണ്ണകൂടി ആ പൈപ്പിലൂടെ  മെല്ലെ ഒഴുക്കിവിട്ടുകൊണ്ട് ഞങ്ങൾ അവന്റെ അശക്തമായ പിടിയിൽ ദൈവത്തിന്റെ ശക്തിയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് പതുക്കെ പതുക്കെ മുകളിലേക്ക് വലിച്ചെടുക്കാൻ തുടങ്ങി. 

ഏകദേശം പത്തുമിനിറ്റെടുത്ത് ഞങ്ങൾ അവനെ പുറത്തേക്ക് എടുത്തപ്പോഴേക്കും ആംബുലൻസും പൊലീസും ഫയർ ഫോഴ്സും എല്ലാം എത്തിക്കഴിഞ്ഞിരുന്നു. പുറത്തു വന്ന അവൻ ഞങ്ങളെ ഒന്നു നോക്കി അബോധാവസ്ഥയിലേക്കു വീണു പോയി. നല്ല സുമുഖനായ, അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞു ബാലൻ. സ്കൂൾ ഡ്രസ്സിലാണ് കഴുത്തിൽ അഡ്രസ്സും ഉണ്ട്.  എങ്കിലും  അവിടെ കൂടിയിരുന്നവരിൽ ആരുടെയും കുഞ്ഞായിരുന്നില്ല എന്നുറപ്പിക്കാൻ പോലീസും ഡോക്ടറും കൂടി ഒരു ശ്രമം നടത്തി നോക്കി.

വിഷമത്തോടെ നിന്നിരുന്ന ഞങ്ങളെ നോക്കി ഡോക്ടർ  പറഞ്ഞു: ആരും പേടിക്കണ്ട ഈ ബോധക്ഷയം അവരുടെ മനസ്സിന് താങ്ങാൻ കഴിയാത്ത എന്തെങ്കിലും സംഭവിച്ചാൽ സാധാരണ ഉണ്ടാവുന്ന സംഗതിയാണ്.  പൾസും ശ്വാസവും എല്ലാം നോർമലാണ് പക്ഷേ നല്ല ക്ഷീണം ഉണ്ട് ആംബുലൻസിൽ എല്ലാ സംവിധാനവും ഉണ്ടെങ്കിലും നമുക്ക് വേഗം ഇവനെ ആശുപത്രിയിൽ എത്തിക്കാം.

അവർ അവനെയും കയറ്റി പോയതിനു ശേഷം ഞങ്ങൾ ആരോ കൊണ്ടുവന്നു തന്ന  വെള്ളവും കുടിച്ച് അവിടെത്തന്നെ കുറെ നേരം നിന്നു.

അവിടെ വന്നവർ എല്ലാം ഞങ്ങളുടെ പ്രവർത്തിയെ ആവോളം പ്രശംസിച്ചു.കൊണ്ട് പിരിയാൻ തുടങ്ങിയപ്പോൾ പോലീസ് ഇൻസ്പെക്ടർ അടുത്തേക്ക് വന്നു പറഞ്ഞു. 

‘ഒരുപക്ഷേ നിങ്ങൾ കണ്ടില്ലായിരുന്നു എങ്കിൽ ആ കുഞ്ഞു മരിച്ചു പോയേനേ. സമയം കിട്ടുമ്പോൾ ഒന്നു സ്റ്റേഷനിലേക്ക് വരൂ.  സാക്ഷികളായി ഒന്ന് ഒപ്പിട്ടു തരണം. ഞങ്ങൾ ഈ കുട്ടിയുടെ മാതാപിതാക്കളെ കണ്ടു പിടിക്കട്ടെ’. എന്ന് പറഞ്ഞുകൊണ്ട് അവരും യാത്രയായി.

ആ കുഴി മൂടാനായി ഫയർ സർവീസുകാർ  തയ്യാർ എടുത്തപ്പോൾ അവിടെ കൂടിയിരുന്ന ആരെല്ലാമോ എന്തൊക്കെയോ പരുഷമായി സംസാരിക്കുന്നതു കേട്ട് അവരും അവരോടു കയർക്കുന്നതുകണ്ടപ്പോൾ  കൂടെ ഉണ്ടായിരുന്ന ഭരത് ഞങ്ങളോടായി പറഞ്ഞു: ‘സർ നമ്മൾക്കിപ്പോൾ പോകാം. വരുമ്പോൾ ഒരു വഴിയുണ്ട് ഇനി ഇവിടെ നിൽക്കണ്ട’.

ഞങ്ങൾ ആയുർവേദ ആശുപത്രിയിൽനിന്നു കാര്യങ്ങൾ എല്ലാം കഴിഞ്ഞു തിരിക്കുമ്പോൾ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. തിരിച്ചു  വരവേ ആ കിണർ ഒന്നുകൂടി കാണാം, അതുമൂടിയോ എന്നെല്ലാം നോക്കാം എന്നുകരുതി വണ്ടി നിർത്തി ഇറങ്ങി നോക്കിയപ്പോൾ അത് അതേപടി ചതിക്കുഴിയായി അങ്ങനെതന്നെ കിടപ്പുണ്ടായിരുന്നു.!

 പിന്നെ മറ്റൊന്നും ആലോചിച്ചില്ല, ഭരത് ആണ് തുടക്കമിട്ടത്. ആ ഇരുട്ടത്ത് കിട്ടാവുന്ന കല്ലുകൾ പെറുക്കി അതിലേക്ക് ഓരോന്നായി ഇട്ടു. അങ്ങു താഴെ എവിടെയോ ഉടക്കിയ  ഒരു വലിയ കല്ല് കാരണം ആവാം, അത് നിറഞ്ഞതിനു ശേഷം പിന്നെ ഞങ്ങൾ അവിടെ നിന്നു മെല്ലെ വലിഞ്ഞു. അതിനു മറ്റൊരു കാരണം കൂടി ഉണ്ട്. അവിടെ ചുരുട്ടി വച്ചിരുന്ന പൈപ്പ് ഒരുപക്ഷേ അതിൽ ഉണ്ടായിരുന്ന മോട്ടോറിന്റെതാവാം. അത് റീവൈൻഡ് ചെയ്യാനോ മറ്റോ പുറത്തെടുത്തതാവാം. അതുകൊണ്ടാവാം കൂടിയവരിൽ ആരോ അത് മൂടാൻ സമ്മതിക്കാതിരുന്നത്.

മോട്ടോർ എടുത്തപ്പോൾ ആ കുഴി  സുരക്ഷിതമാക്കി വക്കാൻ ശ്രമിക്കാതിരുന്ന അവരുടെ അനാസ്ഥയായിരുന്നു ആ കുഞ്ഞ്  അതിൽ പെടാൻ കാരണം.

മോട്ടോർ കൊണ്ടുവന്ന് അത് ഇറക്കാൻ നോക്കുമ്പോൾ അവർക്കുണ്ടാവുന്ന  നിരാശ  എന്തായിരിക്കും എന്നുള്ള തിരിച്ചറിവും ആയിരുന്നു. എന്തായാലും അതവർക്കൊരു ശിക്ഷയാവട്ടെ. ഒരു കുഞ്ഞിന്റെ ജീവനോളം ആ കിണറിനു വിലയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് നേരെ ആ  കുഞ്ഞിനെ കൊണ്ടുപോയിരുന്ന ആശുപത്രിയിൽ പോയപ്പോൾ അവൻ കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുകയായിരുന്നു. അവൻ കിണറിനകത്തുണ്ടായിരുന്നപ്പോൾ അവനോടു പറഞ്ഞ വാക്കുകൾ എല്ലാം ഭരത് ഒന്നുകൂടി ആവർത്തിച്ചു. അതുകേട്ട് അവൻ ഒന്ന് ചിരിച്ചു. 

വളരെ കുലീനയായ ഒരു സ്ത്രീയും അവരുടെ ഭർത്താവും  ഞങ്ങളെ രണ്ടുകയ്യും കൂപ്പി തൊഴുതു കൊണ്ട് പറഞ്ഞു. ‘സ്കൂളിൽനിന്നു കുട്ടികളെയും കൊണ്ട്  മുൻഷി ഡാം  കാണാൻ രാവിലെ പോയിരുന്നു. മുൻഷിയിൽ വെച്ചാണ് കുഞ്ഞു മിസ്സായി എന്നവർ പറഞ്ഞത്. അവരെല്ലാം ഇങ്ങോട്ടിപ്പോൾ എത്തും എന്നു പറഞ്ഞു’

ഞങ്ങൾക്ക് കാര്യം മനസ്സിലായി. ഇടയ്ക്കു വണ്ടി നിർത്തിയപ്പോൾ കുറച്ചുകുട്ടികൾ മൂത്രമൊഴിക്കാൻ പോയിക്കാണും.  കുറച്ചുപേർ  പാടത്തു കടല  പറിക്കാനും. മറ്റാരും ഇല്ലാതിരുന്ന ആ പാടത്തു  നിന്നും എല്ലാവരും കയറി എന്ന് അധികൃതരും ഉറപ്പു വരുത്തിയിട്ടുണ്ടാവാം. കുട്ടികളുടെ എണ്ണം എടുത്തിരുന്നുവെങ്കിൽ അത് മനസ്സിലാവുമായിരുന്നു ! 

ഞങ്ങൾ കുഞ്ഞിനെ ആ കിണറിൽ നിന്നു  പുറത്തെടുക്കുന്ന സമയത്ത് മുങ്ങൽ  വിദഗ്‌ധരും സ്‌ക്വാഡുകളും മുൻഷി ഡാമും പരിസരവും അവനുവേണ്ടി അരിച്ചു പെറുക്കുകയായിരുന്നു എന്ന് അവർ എത്തിയപ്പോൾ ഞങ്ങൾക്കു മനസ്സിലായി. ഞങ്ങളെ കണ്ടതും ഡോക്ടർ വേഗം ഞങ്ങൾക്കരികിലേക്കു വന്നു പറഞ്ഞു.

‘ഞാൻ ഇറങ്ങാൻ നിൽക്കുകയായിരുന്നു. ഞാൻ ഒരു കാര്യം പറയട്ടെ. അവിടെ നിന്നു പറഞ്ഞില്ല എന്നെ ഉള്ളൂ. നിങ്ങളുടെ സ്ഥാനത്തു മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ ഈ കുട്ടി ഇപ്പോഴും പുറത്തു വരാൻ സാധ്യതയില്ല എന്നത് എനിക്കുറപ്പാണ്..! കാരണം  നമ്മുടെ ഫോഴ്‌സ് പോലും മറ്റു പല നിബന്ധനകൾക്കും വിധേയരായി പലതും ചെയ്യുമായിരുന്നു. പക്ഷേ നിങ്ങളുടെ ശരിയായ നിരീക്ഷണവും, ഐഡിയയും ഒരു കയ്യിൽ കുടുക്കിട്ടുകൊണ്ട് അവനെ താഴേക്കു പോകാതെ പിടിച്ചു നിർത്താൻ കാണിച്ച  ആ ബുദ്ധിയും  ആ പൈപ്പിലേക്ക് എണ്ണ ഒഴിക്കാൻ കാണിച്ചതടക്കം പലതും നമ്മുടെ ഫോഴ്സിന് പോലും പാഠമാക്കാൻ കഴിയുന്നത്ര മികവുറ്റ ഒരു പ്രവർത്തനം തന്നെയായിരുന്നു. എത്ര അഭിനന്ദിച്ചാലും മതിയാവില്ല സഹോദരരെ..!'’

ട്രെയിനിങ്ങും അനുഭവ സമ്പത്തും എല്ലാം ഉള്ള ഒരു സംവിധാനം പോലും ചില സമയങ്ങളിൽ പരാജയപ്പെടുമ്പോൾ അതൊന്നും കൈമുതലല്ലാത്ത സാധാരണക്കാരുടെ ചില പ്രയത്നങ്ങൾ ഫലവത്താവുന്നത് നമ്മൾ കാണാറില്ലേ. ഏതോ ഒരു അദൃശ്യകരം അവരെ ആ പാടത്തേക്കു നയിക്കുകയായിരുന്നു എന്നുമാത്രമേ കരുതാൻ കഴിയുന്നുള്ളൂ ..!

നമ്മൾ കുറച്ചുകൂടി ജാഗരൂകരാകേണ്ടിയിരിക്കുന്നു.  നമ്മുടെ കുഞ്ഞുങ്ങൾ പീഡനം അടക്കമുള്ള  അപകടങ്ങളിലേക്ക് വഴുതിവീഴാതിരിക്കാൻ നമ്മൾ ഓരോ ദിവസവും പതിന്മടങ്ങു ശ്രദ്ധ ചെലുത്തേണ്ട ഒരു സമൂഹമാണിത്.  അവരുടെ ശാരീരിക, മാനസിക നിലകളെ തകർക്കാൻ കാരണമായ എന്തും അവർക്കതിൽ നിന്ന് അനുഭവിക്കേണ്ടതായി വന്നേക്കാം .പക്ഷേ നമ്മൾ മുതിർന്നവർ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി ഫോണടക്കമുള്ള  പുതിയ സംവിധാനങ്ങളെ പക്വതയോടെ സമീപിക്കാനും പഠിക്കാനും പ്രയോഗിക്കാനും  ശ്രദ്ധിക്കണം. നമ്മൾ പതിന്മടങ്ങു ശ്രദ്ധാലുക്കൾ ആവേണ്ടിയിരിക്കുന്നു.!