മൂടി പുതച്ചുകിടത്തിയിരിക്കുന്ന കെട്ടിയോളെന്ന തുണിക്കെട്ടിനെ ലക്ഷ്യമാക്കി അയാളുടെ കൃഷ്ണമണികൾ ധ്രുതഗതിയിൽ ചലിച്ചു. കിഴവന്റെ കണ്ണിലെ വല കൂടി കൂടി വന്നു. കണ്ണിലെ വല, ഡിസംബറിലെ മഞ്ഞല്ല, കാഴ്ച നഷ്ടപ്പെട്ട കണ്ണുകളുടെ ഗതികേടാണെന്നയാൾ വേദനയോടെ തിരിച്ചറിഞ്ഞു.

മൂടി പുതച്ചുകിടത്തിയിരിക്കുന്ന കെട്ടിയോളെന്ന തുണിക്കെട്ടിനെ ലക്ഷ്യമാക്കി അയാളുടെ കൃഷ്ണമണികൾ ധ്രുതഗതിയിൽ ചലിച്ചു. കിഴവന്റെ കണ്ണിലെ വല കൂടി കൂടി വന്നു. കണ്ണിലെ വല, ഡിസംബറിലെ മഞ്ഞല്ല, കാഴ്ച നഷ്ടപ്പെട്ട കണ്ണുകളുടെ ഗതികേടാണെന്നയാൾ വേദനയോടെ തിരിച്ചറിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂടി പുതച്ചുകിടത്തിയിരിക്കുന്ന കെട്ടിയോളെന്ന തുണിക്കെട്ടിനെ ലക്ഷ്യമാക്കി അയാളുടെ കൃഷ്ണമണികൾ ധ്രുതഗതിയിൽ ചലിച്ചു. കിഴവന്റെ കണ്ണിലെ വല കൂടി കൂടി വന്നു. കണ്ണിലെ വല, ഡിസംബറിലെ മഞ്ഞല്ല, കാഴ്ച നഷ്ടപ്പെട്ട കണ്ണുകളുടെ ഗതികേടാണെന്നയാൾ വേദനയോടെ തിരിച്ചറിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബറിലെ ചിലന്തിവലകൾ (കഥ)

 

ADVERTISEMENT

ഈയിടെയായി അങ്ങനെയാണ്, എത്ര സൂക്ഷിച്ചു നടന്നാലും തട്ടി വീഴും. ഡിസംബർ മാസം അല്ലേ, കുന്നിൻ മുകളിലെ മൂടൽ മഞ്ഞിന്റെ ആവരണം ആകണം കാഴ്ച മറക്കുന്നത് എന്നാണ് കെട്ടിയോൾ പറയുന്നത്. എന്നാലും, അയാൾക്കങ്ങനെ തോന്നിയില്ല. മങ്ങിയ കാഴ്ചകൾ ആണ് എമ്പാടും. ഒന്നും വ്യക്തമല്ല.

 

ഇന്നലെ കുറെ കഷ്ടപ്പെട്ടാണ് അടുക്കളയിൽ എത്തിയത്. ഇപ്പോഴും നടക്കുന്നത് തന്നെ ചുമരിൽ പിടിച്ചു പിടിച്ചാണ്. എന്നിട്ടും കൂടി ഇന്നലെ പയ്യിനു കൊടുക്കാൻ ഉണ്ടാക്കി വെച്ചിരുന്ന കാടിവെള്ളത്തിന്റെ പാട്ടയിൽ തട്ടിത്തടഞ്ഞു വീണു. കാലിൽ ഒരു മുറിവും പറ്റി. കാണി വൈദ്യന്റെ അടുത്ത് കൊണ്ടുപോയത് അടുത്ത വീട്ടിലെ ബാബുവും അവളും കൂടിയാണ്. കാണിവൈദ്യൻ മുറിവ് കെട്ടി, കാലിലെ എല്ലിന് സ്ഥാനഭ്രംശം ഉണ്ടായതു കൊണ്ട്, കെട്ടി വെച്ചിട്ടുണ്ട്. ഇനി കുറച്ചു ദിവസം നടക്കാനൊന്നും നിൽക്കണ്ട, കിടക്കയിൽ തന്നെ കഴിഞ്ഞാൽ മതി എന്ന കൽപ്പനയും കിട്ടി. 

 

ADVERTISEMENT

ഇനി കുറച്ചു ദിവസം കിടന്നോളാൻ പറഞ്ഞപ്പോൾ തന്നെ കിടക്കറയുടെ ഇരുണ്ട ചുമരിലെ ഇരുട്ട് നോക്കി കിടക്കേണ്ടി വരുമല്ലോ എന്നോർത്തു കണ്ണ് നിറഞ്ഞു. ബാബുവാണ് കിടക്കറയിൽ നിന്നും ഒരു കയറ്റുകട്ടിൽ എടുത്ത് ഉമ്മറത്തെ ചായ്പ്പിലിട്ടു തന്നത്. അതാകുമ്പോൾ, പകൽ , ശുദ്ധവായു ശ്വസിച്ച്, ഇത്തിരി വെളിച്ചം കണ്ടും കിടക്കാമല്ലോ എന്ന് പറഞ്ഞത്. ശരിയാണല്ലോ എന്നവൾ കൂടി പറഞ്ഞപ്പോൾ, എതിർത്തില്ല, സന്തോഷം തോന്നി.

 

അവളുടെ ശബ്ദത്തിനും ഇപ്പോൾ മാറ്റമുള്ളതു പോലെ. പലപ്പോഴുമവളുടെ ചുണ്ടനങ്ങുന്നത് കാണാം. പറയുന്നത് ചെവിയിൽ എത്തുന്നില്ല. ആരോടും പറയാനും വയ്യ, മടിയാണ്,നാണക്കേടാണ്. വയസ്സായി, കണ്ണും കാതും പതിയെയായി എന്നൊക്കെ ആൾക്കാർ പറഞ്ഞേക്കും. അവൾക്കത് വിഷമമുണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ഈ വൈഷമ്യങ്ങൾ ആരോടും പറഞ്ഞിട്ടുമില്ല.

 

ADVERTISEMENT

കിടക്കറയുടെ ചുമരിൽ കല്യാണഫോട്ടോ ചില്ലിട്ടു തൂക്കിയിട്ടുണ്ട്. കല്യാണം ഒരു ഡിസംബറിൽ ആയിരുന്നു. കുന്നിൻ മുകളിലേക്ക് പെണ്ണിനെ കെട്ടിച്ചു വിട്ടു എന്നവളുടെ അപ്പന് കുറേ പഴി കേട്ടിരുന്നു എന്ന് പിന്നീടവൾ പറഞ്ഞിരുന്നു. മുല്ലപ്പൂ പോലത്തെ പല്ലുള്ള, കവിളത്തു ആരോ കരി തൊട്ടു തേച്ച മറുകുള്ള ഇത്തിരി നിറം കുറഞ്ഞ പെണ്ണായിരുന്നു അന്നവൾ. എലുമ്പിച്ച ശരീരവും, ഒരു ചുമട് മുടിയും. അങ്ങനെ വന്നു കയറിയവൾക്കിപ്പോ, തലയിൽ നിറയെ വെള്ളി മുടികൾ. കാലമെത്രയായി. നാൽപതോ അതോ നാൽപത്തിയഞ്ചോ? ഓർമ്മകൾക്ക് മേലെയും വല വന്നു വീഴുന്നുവോ?

 

ഉച്ചക്കഞ്ഞിയ്ക്കൊപ്പം, ഇടിച്ചക്ക കൂട്ടാനും, ഒരു ഉണക്കമുള്ളനും, പപ്പടവും, ഒരു കീറ് നാരങ്ങായച്ചാറും. പണ്ട് പണിക്ക് പോകുമ്പോഴും, കാലത്തെ പ്രാതൽ കഞ്ഞി തന്നെ. ഉച്ചക്ക് തൂക്കിൽ, ചോറ്, അതിനുള്ളിൽ ഒരു ഉരുള ചമ്മന്തി, അച്ചാറും, ആർഭാടം പോലെ ഉണക്കമീനും. അവളും അത് പോലൊരു തൂക്കിൽ തന്നെ ഉണ്ണാൻ കൊണ്ട് വന്നിട്ടുണ്ടാകും. കഞ്ഞി വെള്ളം പകർന്ന ലോട്ട നീട്ടി അവളുടെ ഒരു ചിരിയുണ്ട്. വയറു നിറയ്ക്കുന്ന ചിരി.

 

മേലാളന്മാരുടെ തോട്ടത്തിലെ പണി തന്നെയായിരുന്നു മുഖ്യവരായ്ക. അതിലെ കാശ് കൊണ്ട് വീടിനുള്ളിൽ ഒരു ഇരട്ടക്കട്ടിൽ ആണ് ആദ്യം വാങ്ങി ഇട്ടത്. പിന്നെ പഞ്ഞികടഞ്ഞ മെത്തയും. ഓരോ രാത്രിയും, അവൾ നെഞ്ചത്തൊട്ടി കിടക്കും. കുഞ്ഞുപെണ്ണ് പിറന്ന ശേഷവും, അവളെങ്ങനെയെ കിടന്നിട്ടുള്ളു.

 

അച്ഛന്റെ തനി ഛായയാണല്ലോ കുഞ്ഞിപെണ്ണെന്നും പറഞ്ഞവൾ ഇപ്പോഴും ചിരിപ്പിക്കുമായിരുന്നു. അച്ഛന്റെ കൊന്ത്രമ്പല്ല് കിട്ടാഞ്ഞത് നന്നായി എന്നും കൂട്ടിച്ചേർക്കും. പൊങ്ങിയ പല്ല് പെണ്ണുങ്ങൾക്ക് ചേരില്ലെന്നാ അവളുടെ പക്ഷം.

 

കുഞ്ഞിപ്പെണ്ണിനെ പതിനെട്ട് കഴിഞ്ഞപ്പോഴേക്കും, അടിവാരത്തേക്ക് കല്യാണം കഴിച്ചയച്ചു. പഠിക്കാനൊക്കെ അവൾക്ക് മടിയായിരുന്നു. പിന്നെ അവൾക്കൊരു പ്രേമം തുടങ്ങി എന്ന് ബാബു രഹസ്യമായി അറിയിച്ചപ്പോഴേക്കും, ആ ചെക്കനെ ക്കുറിച്ചനേഷിച്ചു, അവന്റെ വീട്ടിലേക്ക് ആളെ അയച്ചു, ആ കല്യാണം ഉറപ്പിക്കാനും, അവള് തന്നെ മുന്നിട്ട് നിന്നു. കിട്ടിയ കൂലി കൂട്ടി വെച്ച്, പൊന്നും പൊടിയുമൊക്കെ വാങ്ങിയിരുന്നവൾ, ഒരു കാതിലിലയും, ഒരു സ്വർണ്ണകുതിരത്തലയുള്ള മാലയും, ഒരു ഒറ്റ പാലക്കയും അവൾ കുഞ്ഞിപെണ്ണിനായി കരുതിയിരുന്നു. അതൊക്കെ അടിവാരത്തെ കടയിൽ നിന്നാണ് വാങ്ങിയത്. അതിശയമായിരുന്നു. വീട്ടുചിലവ് നടത്തിയശേഷം അവളിത്രയും ഒക്കെ ഒപ്പിച്ചത്. ഒരു ഷർട്ട് തുന്നിപ്പിക്കാൻ നൂറു വട്ടം ആലോചിക്കുന്ന സ്വഭാവമുള്ള തനിക്ക് അവൾ അറിഞ്ഞു തന്നെ ഓണത്തിനും, വിഷുവിനും കുപ്പായം അടിപ്പിച്ചിരുന്നു.

 

ഓർമ്മകൾ പാറി പാറി പോകുന്നു. അല്ല, താനിതെന്തു ഭാവിച്ചാ, ഈ പഴംകാലം ഓർത്തു ഇരിക്കുന്നത്? അയവെട്ടുന്ന പശുവിനെ പോലെ???

 

അവളെവിടെ? പതിവുള്ള കഞ്ഞി കിട്ടിയില്ലല്ലോ? കാലിലെ കെട്ട് കാരണം നടക്കാനും വയ്യ.

 

ഉറച്ചു വിളിച്ചു ;- ഭാർഗവി? ഭാഗി ? നീ എവിടെ?

 

ഉത്തരമില്ല...! അപ്പുറത്തെ വാകപ്പൂ മരത്തിലേക്ക് കാറ്റ് ആഞ്ഞു വീശുന്നു . അതയാളുടെ മുഖത്തേക്കും ആഞ്ഞു വീശി.

 

‘‘ബാബു? ഓ - അവൻ പണിക്ക് പോയി കാണുമല്ലോ’’

 

അല്ല? ഭാഗി, കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ താഴേക്ക് പോയോ?

 

കണ്ണിന്റെ കാഴ്ച താഴേക്കു വല പോലെ... ഒന്നും വ്യക്തമല്ലല്ലോ?? ചുറ്റും പുക പോലെ! ഡിസംബറിലെ മഞ്ഞിന്റെയാകാം....

 

ഒരു പുകമണം? എന്താണത്? മാംസം കരിയുന്ന മണം ? അയാൾ അലറി വിളിച്ചു!

 

പിന്നെപ്പോഴോ......!

 

ബാബു...! അവന്റെ കൈകളല്ലേ തന്നെ കോരിയെടുക്കുന്നത്?

 

അവ്യക്തമായ ശബ്ദങ്ങൾ !! ആള് കൂടുന്നു. ആരൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നു. ആരുടേയും മുഖം വ്യക്തമല്ല....

 

നാട്ടുകാർ അടക്കം പറയുന്നു..കേൾവിക്കുറവുള്ള, കാഴ്ചക്കുറവുള്ള ഭർത്താവ് ഉമ്മറത്തു കട്ടിലിൽ കിടക്കുമ്പോൾ, അകത്തു, ഭാര്യയുടെ ശരീരത്തിലേക്ക് മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്ന് അവൾ പൊള്ളലേറ്റു മരിച്ചു കിടക്കുന്നു. കേൾവിക്കുറവുള്ള വൃദ്ധൻ , ഭാര്യയുടെ ആർത്തനാദമോ, തീ പടർന്ന് ഉമ്മറം വരെ എത്തിയതോ അറിഞ്ഞില്ല. ബാബു സമയത്തു വന്നത് കൊണ്ട് മാത്രം അയാൾ രക്ഷപ്പെട്ടത്രെ...

കുഞ്ഞിപ്പെണ്ണിന് ആള് പോയിട്ടുണ്ട്.

 

ഭാഗി, അവളെ കാണാൻ ഇനി ബാക്കിയില്ലത്രേ.

 

അല്ലെങ്കിലും, ഈ കിഴവനെന്തു കാണാൻ ?

 

മൂടി പുതച്ചുകിടത്തിയിരിക്കുന്ന കെട്ടിയോളെന്ന തുണിക്കെട്ടിനെ ലക്ഷ്യമാക്കി അയാളുടെ കൃഷ്ണമണികൾ ധ്രുതഗതിയിൽ ചലിച്ചു. കിഴവന്റെ കണ്ണിലെ വല കൂടി കൂടി വന്നു. കണ്ണിലെ വല, ഡിസംബറിലെ മഞ്ഞല്ല, കാഴ്ച നഷ്ടപ്പെട്ട കണ്ണുകളുടെ ഗതികേടാണെന്നയാൾ വേദനയോടെ തിരിച്ചറിഞ്ഞു.

 

English Summary : Decemberile Chilanthivalakal Short Story By Aami Nair