മനുഷ്യരുടെ മനസ് വായിക്കുന്ന യന്ത്രം ! (കഥ)

ഒരിക്കലെങ്കിലും തെറ്റിദ്ധരിക്കപ്പെടാത്തവർ ഉണ്ടാവുമോ? എന്തു കൊണ്ടാണ്, നമ്മൾ വിചാരിക്കാത്ത, ചിന്തിക്കാത്ത, വാക്കോ, ആശയമോ, ചിലർ നമ്മുടെ വാചകങ്ങളിൽ നിന്ന് വായിച്ചെടുക്കുന്നത്. നമ്മുടെ വാക്കിന്റെ, ശബ്ദത്തിൻന്റെ, സ്വരത്തിന്റെ കുഴപ്പമാണോ? അതോ വായിക്കുന്നയാളിന്റെ  മാനസിക പ്രശ്നം മൂലമാണോ  തെറ്റിദ്ധാരണകൾ ഉണ്ടാവുന്നത്?

നല്ല കൂട്ടുകാർക്കിടയിൽ, നല്ല പങ്കാളികൾക്കിടയിൽ, നല്ല അയൽക്കാർക്കിടയിലും  തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതെങ്ങനെയാണ്? ഒരാൺകുട്ടിയും പെൺകുട്ടിയും തമ്മിൽ സൗഹൃദത്തിലായാൽ, അത് പ്രണയമാണോ എന്ന് ഒരാളെങ്കിലും തെറ്റിദ്ധരിച്ചു പോകുന്നതെന്താണ്? ഇനി അങ്ങനെയുണ്ടെങ്കിൽക്കൂടി  മറ്റേ ആൾക്ക് അത് മനസിലാക്കാൻ പറ്റാത്തതെന്താണ്?

അടുത്തറിയുന്ന ഒരാളോടാണെങ്കിൽക്കൂടി സദുദ്ദേശത്തോടു കൂടി ഒരു ചോദ്യം, അല്ലെങ്കിൽ ഒരന്വേഷണം നടത്തുമ്പോൾ, നമ്മൾ കാണാത്ത ചില മാനം ആ ചോദ്യത്തിന് അവർ കാണുന്നത് എന്താണെന്നു മനസിലാവുന്നില്ല. സംശയമാണോ എല്ലാത്തിനും കാരണം? ചില നല്ല സൗഹൃദങ്ങൾ കാണാനോ, ഉൾക്കൊള്ളാനോ പറ്റാത്തത് സ്വാർത്ഥത ആണോ? വിശ്വാസമില്ലായ്മ ആണോ ?അതോ മുൻകാല അനുഭവങ്ങളോ, കേട്ടുകേൾവികളോ, കഥകളിലോ, നോവലിലോ വായിച്ചു കണ്ടിട്ടുള്ള കഥാപരിസരങ്ങളുമായി സ്വജീവിതം ചേർത്ത് വായിക്കുന്നതാണോ ?

എന്ത് തന്നെ ആയാലും , മനുഷ്യന്റെ മനസ് വായിക്കാൻ കഴിയുന്ന ഒരു യന്ത്രം , അത് കണ്ടുപിടിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

English Summary : Manushyarude Manassu Vayikkunna Yanthram Story By Shemeer Mohammed