ചെറിയ കാര്യങ്ങളുടെ ദൈവം ( GOD of Small Things) 

ശ്രീമതി അരുന്ധതി റോയിയുടെ ബുക്കർ പ്രൈസ് നേടിയ ഒരു പുസ്തകത്തിന്റെ ടൈറ്റിൽ ആണിത്. ദൈവത്തിന് ദാതാവ് എന്നൊരു അർഥം കൂടെ ഉണ്ട്. അങ്ങനെ വരുമ്പോൾ  ചെറിയ  ചെറിയ കാര്യങ്ങളുടെ ദാതാവ് നമുക്കായിക്കൂടെ? നമ്മൾ പൊതുവെ ആരെങ്കിലും ഒരു പ്രയാസം നമ്മോടു പറയുമ്പോൾ അറിയാതെ വായിൽ വരുന്ന ഒരു കാര്യമാണ്; നമുക്കു പ്രാത്ഥിക്കാം, ദൈവം അനുഗ്രഹിക്കും, ദൈവം രക്ഷിക്കും എന്നൊക്കെ.

ദൈവം നമ്മളെ ഈ ഭൂമിയിൽ ആക്കിയിരിക്കുന്നത് ഈ ഒരു  അറിയിപ്പ് നടത്താൻ മാത്രം അല്ല. നമുക്ക് ഈ ഭൂമിയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. ഒരിക്കൽ ഒരാൾ ഒരു ചെറിയ സഹായം ചോദിച്ചപ്പോൾ അയാളെ ഒഴിവാക്കാൻ എന്നോണം ഞാൻ പറഞ്ഞു, സഹോദരാ ദൈവം സഹായിക്കും. അയാൾ തിരിച്ചു പറഞ്ഞു, എങ്കിൽ സാറിനുവേണ്ടിയും കൂടെ ഞാൻ പ്രാത്ഥിക്കാം എന്ന്. കാരണം എന്നെ സഹായിക്കാൻ ഉള്ള സ്ഥിതി പോലും സാറിന് ഇല്ലല്ലോ.

പലപ്പോഴും നമ്മൾ ഇങ്ങനെ ഒക്കെ അല്ലേ. എന്റെ ഒരു സുഹൃത്തുണ്ട്, അയാൾ എല്ലാ അവധി ദിവസങ്ങളിലും അല്ലെങ്കിൽ ജോലി കഴിഞ്ഞുള്ള ദിവസങ്ങളിലും  ആശുപത്രികളിൽ ആരുമില്ലാത്തവർക്ക് പോയി സഹായം ചെയ്‌തു കൊടുക്കാറുണ്ട്. ഭക്ഷണമോ ചെറിയ സഹായമോ തനിക്ക് ആകുന്നത് പോലെ ചെയ്യും.

പലരും എനിക്കൊരു കഴിവില്ല എന്ന് പരാതി പറയുന്നത് കേട്ടിട്ടുണ്ട്. മദർ തെരേസ ഒരു നല്ല പ്രാസംഗികയോ എന്തെങ്കിലും പ്രത്യേക കഴിവോ ഉള്ള സ്ത്രീ അല്ലാരുന്നു. എന്നാൽ അവർ എല്ലാ അശരണരിലും ക്രിസ്തു വിനെ കണ്ടിരുന്നു.

യേശു പറഞ്ഞു ‘‘എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.

ഈ ഏറ്റവും ചെറുവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാവുന്നിടത്തോളമെല്ലാം എനിക്കു ആകുന്നു"

നമുക്കു ചുറ്റും ഉള്ള കഷ്ടം അനുഭവിക്കുന്നവരിൽ ക്രിസ്തുവിനെ കാണുവാൻ കഴിഞ്ഞാൽ തന്നെ നമ്മുടെ ജീവിതത്തിനു ഒരു അർഥം ഉണ്ടാകും. 

English Summary: Cheriya Karyangalude Daivam Story By Shiju Mathew