തണലാഴങ്ങൾ (കഥ)

ഹൈവേ എത്താറായിരിക്കുന്നു. കാഴ്ചയുടെ ഏറ്റവും അറ്റത്ത്, ഉറുമ്പുകളെപ്പോലെ നിരനിരയായി വാഹനങ്ങൾ നീങ്ങുന്നതുകണ്ട് മനസ്സു കുളിർത്തു. മർക്കൂസാണ് (സൗദിയിലെ വടക്കൻ പ്രവിശ്യയിലെ ചെറിയ ഗ്രാമം) മുന്നിൽ കാണുന്നത്. ഹൈവേയിൽകയറിയാൽ പിന്നെയൊരു 40 മിനിട്ട് യാത്ര.മർക്കൂസിൽനിന്ന് റഫ്ഹയിലേക്കുള്ള ദൂരം.

അവധിക്ക് സ്വന്തംവീട്ടിലേക്കുള്ള യാത്രയിലെന്നപോലെ മനസ്സ് തുള്ളിച്ചാടുന്നു. പുറംലോകവുമായി യാതൊരുബന്ധവുമില്ലാതെ, റഫ്ഹ (സൗദിയിലെ വടക്കൻ പ്രവിശ്യയിലെ ചെറിയ ഗ്രാമം) വിട്ട് മൂന്നുമാസം മരുഭൂമിയിൽ; മറ്റൊരു ലോകത്തിൽ ....

സത്യത്തിൽ ജീവിതത്തിലേക്ക് ഒരു മടക്കയാത്രയാണിത്. തിരമാലയിൽപ്പെട്ടുലഞ്ഞുനീങ്ങുന്ന വള്ളംകണക്കെ മണൽത്തട്ടുകളിലെ കയറ്റിറക്കങ്ങളിൽ ആടിയുലഞ്ഞുള്ള യാത്ര. വളവുംതിരിവും നിറഞ്ഞപാതയിൽ ഗമറത്തേൻ ഹൈലുക്സ് ( രണ്ടുനിര സീറ്റുകളുള്ള ടൊയോട്ട പിക്അപ്പ് ) അബുസുൽത്താന്റെ കയ്യിൽ ഭദ്രമാണ്.

മുന്നിൽ കഫീൽ ( Sponsor ) അബുസുൽത്താനെക്കൂടാതെ അസ്ലംഖാൻ. അഫ്ഗാനിയാണ്. പക്ഷേ പാക്കിസ്ഥാ നിയെന്നു കേൾക്കാനാണ് പുള്ളിക്കിഷ്ടം. പിന്നിൽ എന്റെകൂടെ ബാവക്ക. പുറത്ത് നല്ല ചൂടുണ്ടാവണം. അകത്ത് Ac യുടെ നല്ല തണുപ്പുണ്ട്...

വണ്ടി പുറപ്പെട്ടപ്പോൾ മുതൽ ഉറക്കമാണ് ബാവക്ക. എനിക്കുറക്കം വരുന്നില്ല. കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകളൊന്നുമില്ല. വികാരങ്ങൾ കരിഞ്ഞുണങ്ങിയ മനസ്സുപോലെ മരുഭൂമിയും. എങ്ങോട്ട്തിരിഞ്ഞാലും ഒരേകാഴ്ച ! എന്നാലും കണ്ണുകൾ വെറുതെ എന്തൊക്കെയോ തേടുന്നു. ഇപ്പോൾ ഹൈവേയിലെകാഴ്ചകൾ കൂടുതൽ മിഴിവാർന്നിരിക്കുന്നു. ബാവക്കായെ തട്ടിവിളിച്ചു. ഉണർന്നപാടേ കാജാബീഡി തപ്പിയെടുത്തു.  ചുണ്ടിൽ വക്കുന്നതിനു മുന്നേ ഞാൻ തടഞ്ഞു.

അബുസുൽത്താൻ മുത്തവ്വയാണ്. ലഹരിക്കും പുകവലിക്കു മെതിരെ ബോധവൽക്കരണം നടത്തുന്ന ആൾ. അത് ബാവക്കാക്ക് അറിയുന്നതുമാണ്. അതു കൊണ്ടാവും ഞൊടിയിടയിൽ കാജാബീഡി പൂർവ്വസ്ഥാനത്തു തന്നെയെത്തിയത്. ഈ സമയംകൊണ്ട് ഞങ്ങൾ മർക്കൂസിലെത്തി. മരുഭൂമിയിലെ ചെറിയൊരു അങ്ങാടി. ഒരു പെട്രോൾപമ്പും അതിനോട്ചേർന്ന് ചെറിയവർക്ക്ഷോപ്പും. ഒരു ചെറിയ സൂപ്പർമാർക്കറ്റ്, നിസ്കാരപ്പള്ളി, പിന്നെ ഒരുഹോട്ടൽ.

വണ്ടി പമ്പിലേക്ക്കയറ്റി പാർക്കുചെയ്തതിനാൽ കാഴ്ചയിലേക്കു കയറിവന്നതാണിവയെല്ലാം. ഒന്നുരണ്ടു കെട്ടിടങ്ങൾകൂടി കാണുന്നുണ്ട്. ഷീറ്റുമേഞ്ഞ ചില ഷെഡ്ഡുകളും. വാഹനങ്ങളുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണവ. പമ്പിനോടുചേർന്നുള്ള ആ ഹോട്ടലിലേക്കാണ് ഞങ്ങൾ കയറിയത്.  നാലുപേരും ഒരുമേശ ക്കുചുറ്റുമിരുന്നു. അതുതീരെ രസിക്കാത്തമട്ടിൽ അസ്ലം എന്നെനോക്കി. അൽപം പരുഷമായനോട്ടം. 

‘‘ഹാദാ നഫർ കാഫിർ, ഹല്ലി ഹുവ ലഹാൽ’’ (അവൻ വിശ്വാസനിഷേധിയാണ്. അവനെ വേറെയിരുത്താം)അബു സുൽത്താനോട് രഹസ്യമായി പറഞ്ഞത് ഞങ്ങൾക്ക് വ്യക്തമായി കേൾക്കാനായി. ഓ... അപ്പോൾ അതായിരുന്നു ആ നോട്ടത്തിന്റെപൊരുൾ! ഇത്രക്ക് വിഷമുണ്ടായിരുന്നോ ഇവന്റെഉള്ളിൽ....?!

ഡ്രാഫ്റ്റെടുക്കാനുള്ള അപേക്ഷ പൂരിപ്പിക്കാനും കത്തിന് അഡ്രസ്സ് എഴുതിക്കൊടുക്കാനും  വീട്ടുകാരുടെ ശബ്ദംപിടിച്ച ഓഡിയോകാസറ്റ്, ടേപ്പ്റിക്കാർഡറിലിട്ട് കേൾക്കാനുമൊക്കെയായി വരുമ്പോൾ എന്തുമാന്യൻ !റൂമിലെന്തെങ്കിലും സ്പെഷ്യൽവിഭവങ്ങൾ ഉണ്ടെങ്കിൽ മണത്തറിഞ്ഞുവന്ന് അടുപ്പത്തുനിന്നുതന്നെ ഇഷ്ടത്തിന് വിളമ്പിക്കഴിക്കുന്ന അവന്റെ പുതിയ മുഖമാണിത്.

കഫീലിനെ കയ്യിലെടുക്കാനുള്ള നീചമായതന്ത്രം. അതുകേട്ട് ബാവക്കയുടെ മുഖവും മ്ലാനമായിരുന്നു. അസ്ലമിന്റെ നിരീക്ഷണം ശരിവക്കുന്നതരത്തിൽ അബുസുൽത്താനും മൗനംപൂണ്ടിരുന്നു. വെയിറ്റർ ഓർഡറെടുക്കാൻവന്നു.

"*ദിജാജ് അൽഫഹം കാമൽ മആ റൊസ് കഫ്സ,

**റുബ്ആ ദിജാജ് അൽഫഹം  മആ റൊസ് കഫ്സ

"*മോയ, അസീറാത്ത്, ലെബൻ."

( *ചുട്ട കോഴി- കഫ്സ ഫുൾ,

**അതേഐറ്റം കാൽ ഭാഗം [ 1/4th ], 

*വെള്ളം, സോഫ്റ്റ് ഡ്രിങ്ക്സ്, മോര് )

കാര്യങ്ങളുടെപോക്ക് എനിക്കേതാണ്ട് പിടികിട്ടി. മുൻപെല്ലാം വിവേചനം അശേഷമില്ലാതെ കൂടെയിരുത്തി ഊട്ടിയിരുന്നയാളാണ് അബുസുൽത്താൻ. ഇതിപ്പൊ എന്നെ ഒറ്റക്കിരുത്താനാണ് പ്ലാൻ.

സമുദായ ഐക്യത്തിനു കേൾവികേട്ട ഗ്രാമത്തിൽ നിന്ന്, കോച്ചാൻ തൊടി മൊയ്തീനിക്കായുടെ, താഴത്തേതിൽ കുഞ്ഞാപ്പുക്കയുടെ, തൊണ്ടിയിൽ മൂസക്കായുടെ വീടുകളിൽ.... അവരുടെ മക്കൾക്കൊപ്പം ഉണ്ടും കളിച്ചും വളരുമ്പോഴുംഅച്ഛന്റെ കൂടെ തൊണ്ടിയിൽ സൈതാലിക്കായുടെ ചായപ്പീടികയിൽ നിന്ന് വയറു നിറക്കുമ്പോഴും ഹോസ്റ്റലിൽ ജലീൽ, എൽദോ, ഫൈസൽ തുടങ്ങിയവർക്കൊപ്പം ഒറ്റപ്പാത്രത്തിൽ നിന്ന് വാരിവലിച്ചു തിന്നുമ്പോഴും...,

ഇവിടെ

മക്കയും മദീനയും പവിത്രമാക്കിയ ഈ മണ്ണിൽ ഹംസ, അബുബക്കർ, ബാവക്ക, മാത്യു തുടങ്ങിയവരുടെയൊപ്പം ഒറ്റമുറിയിൽ അന്തിയുറങ്ങിയപ്പോഴും ....

അപ്പോഴൊന്നും എനിക്ക് ഈ ഒരു അപരനാമം കേൾക്കേണ്ടിവന്നിട്ടില്ല - 

ഈ ഒരുവേർതിരിവ് ഇതാദ്യം!

ചെറുപ്പത്തിൽ സവർണ്ണരുടെ വീട്ടിലെ ക്ഷണിക്കാത്തസദ്യക്ക്, പന്തലിനുപുറത്ത് തോർത്തുമുണ്ട് വിരിച്ച് സർവ്വാണിച്ചോറിന് കാത്തിരിക്കുന്നവരെ ഓർമ്മവന്നു. ഏതാണ്ട് അതേഅവസ്ഥയിലായിപ്പോയല്ലോ ഞാനും ....!

ഇന്നുവരെ വിഭാഗീയമായ ഒരുചിന്തക്കും മനസ്സിൽ ഇടംനൽകാത്ത എനിക്ക് സഹിക്കാവുന്നതിലു മപ്പുറമായിരുന്നു ഈ സംഭവം. തീണ്ടാർന്നപെണ്ണുങ്ങൾക്ക് വടക്വോറത്ത് ഒറ്റക്ക് ഭക്ഷണം കൊടുക്കുമ്പോൾ അവരുടെ നിറഞ്ഞകണ്ണുകൾ കണ്ടിട്ടുണ്ട്. 

ഹൃദയം തകർക്കുന്ന അവഗണന !

ഒറ്റവഴിയേയുള്ളൂ.

തത്ക്കാലം കഴിക്കേണ്ട എന്നുവയ്ക്കാം. വയറിന് സുഖമില്ലെന്ന് കള്ളംപറയാം. ആവശ്യപ്പെട്ടവിഭവങ്ങൾ എത്തുന്നതിനു മുമ്പേ കൈകഴുകാനെന്ന ഭാവത്തിൽ എഴുന്നേറ്റു. മൂന്നുപേരും കാണാതെ പുറത്തിറങ്ങി. 

അപമാനഭാരം കൊണ്ട് ഉള്ളകം തിളച്ചുമറിയുന്നതിനാൽ പൊള്ളുന്ന വേനൽപ്പെയ്ത്ത് അറിയുന്നതേയില്ല !

തോളിലാരോ കൈതൊട്ടതറിഞ്ഞ് ഞെട്ടിത്തിരിഞ്ഞപ്പോൾ കണ്ടത് ബാവക്കയെയാണ്. നിർബ്ബന്ധപൂർവം വിളിച്ചിട്ടും സുഖമില്ലെന്നകള്ളം ആവർത്തിച്ചുകൊണ്ടിരുന്നു.

" യശ്വിലാക്കിന്ത യാ ഹമദ് ? തആൽ, ത്ത് ഗദ "( നിനക്കെന്തു പറ്റി ? വേഗം വന്ന് ഭക്ഷണം കഴിക്ക് )

ഒട്ടും പ്രതീക്ഷിക്കാതെയാണ് അബുസുൽത്താൻ ഇറങ്ങിവന്നത്.

ബാവക്കായോടുപറഞ്ഞ കള്ളം അവനോടും ആവർത്തിച്ചു.

‘‘അനയാറഫ്. അവ്വൽ അക്കൽ; ബഅദേൻ വൊദ്ദീക് ഇന്ത ബിൽ മുസ്തഷ്ഫ’’

(എനിക്കറിയാം. ആദ്യം ഭക്ഷണം. അതിനുശേഷം നിന്നെ ആശുപത്രിയിൽവിടാം )

ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. 

ഒന്നും പറയാനാവാതെ തലതാഴ്ത്തി ഞാൻ നിന്നു. 

അബുസുൽത്താൻ വന്നു തോളിൽപ്പിടിച്ച് അകത്തേക്ക് നടത്തി. അനുസരിക്കാൻ ഞാൻ നിർബ്ബന്ധിതനായി കൂടെനടന്നു.

അകത്ത് ഒരു ഫുൾ കോഴി ചുട്ടതും കഫ്സ ചോറും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് തലതാഴ്ത്തി അസ്ലം ഖാൻ ‘‘കാൽ’’ കഫ്സയുമായി മല്ലിടുന്നുമുണ്ടായിരുന്നു.

Note: മർക്കൂസ്, റഫ്ഹ എന്നിവ സൗദിയിലെ വടക്കൻ പ്രവിശ്യയിലെ ചെറിയ ഗ്രാമങ്ങളാണ്.

English Summary : Thanalazhangal Story By Ramachandran. K. P