ദേവനന്ദ (കഥ)

കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ നിന്നെ പെട്ടെന്നു കാണാതാവുന്നു. പരിഭ്രാന്തരായി ഞങ്ങൾ പരക്കം പായുന്നു. അകത്തു കണ്ണീരും പുറത്തുകാർമേഘങ്ങളും ഉരുണ്ടുകൂടാൻ തുടങ്ങുന്നു. അപ്പോഴതാ പൊടുന്നനെ ലാൻഡ്ഫോൺ ബെല്ലടിക്കുന്നു. വീടു മുഴുവനും ഞെട്ടുന്നു.

അതേ , ആരാലും ശ്രദ്ധിക്കപ്പെടാതെ മൂലക്കു പൊടിപിടിച്ചു കിടന്ന്, മറവിയെ പ്രണയിച്ചൊളിച്ചോടിപ്പോയ 

അതേ ലാൻഡ് ഫോൺ. അനിയന്ത്രിതമായൊരുൾഭയത്തോടെ ഞാനാ ഫോണെടുക്കുമ്പോൾ, നിന്റെയമ്മ 

പ്രതീകാത്മക ചിത്രം

എൻറെ കൈകളിൽ മുറുകെപ്പിടിക്കുന്നു. തുളുമ്പിവീഴുന്ന അവളുടെ കണ്ണുനീർ എൻറെ കൈ പൊള്ളിക്കുന്നു.

ശബ്ദം ശരിയാക്കി ഹലോ പറയുന്നതിനുമുമ്പ് ‍ നിന്റെ സ്വരം...

‘ഹലോ പപ്പാ, ഞാൻ ഇവിടെ പാർക്കിൽ ഉണ്ട്. ഇങ്ങോട്ടു വാ!’

ഏതു പാർക്ക്?  

ഇവിടടുത്ത് ഏതുപാർക്കാണുള്ളത്? എന്നെനിക്കു തല ചുറ്റുമ്പോൾ, 

നീ വീണ്ടും..

‘പള്ളിയില്ലേ,അതിനടുത്തുള്ളത്. ഇങ്ങോട്ടു വാ പപ്പാ’ എന്ന് ഫോൺ കട്ടാവുന്നു.

വീട് പൂട്ടുക പോലും ചെയ്യാതെ ഞങ്ങൾ പള്ളിക്കടുത്തേക്കോടുന്നു.

പ്രതീകാത്മക ചിത്രം

പക്ഷേ, പക്ഷേ, അവിടെ പാർക്കൊന്നും കണ്ടില്ല; ഒരിക്കലും അങ്ങനെയൊന്നുണ്ടായിരുന്നില്ലല്ലൊ എന്നു ഞെട്ടുമ്പോൾ ഡൂട്ടി മോളേ എന്നൊരു വിളി തൊണ്ടയിൽ കുരുങ്ങുന്നു. 

അപ്പോൾ നിന്റമ്മ  പള്ളിമതിലിനു പുറത്തേക്കു വിരൽചൂണ്ടുന്നു.ആ വിരലുകൾ അനിയന്ത്രിതമായി വിറയ്ക്കുന്നു. തലകറങ്ങുകയായിരുന്നെങ്കിലും, കാഴ്ചമങ്ങുകയായിരുന്നെങ്കിലും, എനിക്കു കാണാമായിരുന്നു,അതൊരു സെമിത്തേരിയായിരുന്നു.

English Summary : Devanandha Short Story By Suresh Narayanan