ഇഞ്ചിപ്പുളി (കവിത)

ഇലയ്‌ക്കു മൂലയിൽ ഇത്തിരിപ്പോന്നവൻ

എങ്കിലും കേമനാണിഞ്ചിപ്പുളി

ചൂണ്ടാണിവിരൽകൊണ്ട് തൊട്ടുകൂട്ടാനുള്ള

രുചിപ്രപഞ്ചമാണിഞ്ചിപ്പുളി !!

പ്രകർഷേണ ‘അഞ്ച’താം  ഉപ്പും പുളിപ്പും

എരിവും ചവർപ്പും തൂമധുരവും

സമാസമം ചേർന്നുള്ള രസ്നയ്ക്കു പുണ്യമീ

പുളകങ്ങൾ നീർത്തുന്ന കറിവൈഭവം

ചെത്തിച്ചെറുതാക്കി കൊത്തിയരിഞ്ഞുള്ള 

ഇഞ്ചിയൊരുതുടം കുണ്ടുരുളിയിൽ 

കടുകുവറത്തുള്ള നല്ലോണമെണ്ണയിൽ 

തെല്ലൊരു നാളത്തിൻ ചൂടുതട്ടി 

പച്ചചെറുമുളകായതുപിന്നെയും 

ചെറുചെറുതായതിൽ ചേർത്തീടുക 

മഞ്ഞളുമുപ്പും കരൂപ്പിലയും 

കായവുംചേർത്തങ്ങിളക്കീടുക 

ചൂടിൽ ഇളംചോപ്പു നിറമാർന്ന മിശ്രിതം  

വാളൻപുളിനീരു ചേർത്തിളക്കാം 

വെള്ളവും പാകത്തിനെല്ലാവകകളും 

കൂട്ടിയിണക്കി  വിടാതിളക്കാം 

അച്ചുവെല്ലംപൊടിച്ചായതിലിട്ടിട്ടു 

തച്ചുനേരം കറി കുറുകുംവരെ 

തുടിപ്പും തുടുപ്പാർന്ന കറുകറുപ്പായുള്ള 

പുളിയിഞ്ചിയായ് കറിമാറുംവരെ 

ഏറെക്കഴിയണ,മാറിത്തണുക്കണം 

കറിയതു നാവിനു ഏറ്റമാകാൻ 

ഊണിൻറെ നേരത്തു ഉള്ളംനിറച്ചിടും 

രസമുകുളമഞ്ജുളം ഇഞ്ചിപ്പുളി

English Summary : Injippuli Poem By Satheesan Methil