ഒരു പ്രണയത്തിന്റെ ഓര്‍മ്മ (കഥ)

അകലങ്ങളിലേക്ക് നോക്കി ശ്രീധരന്‍ കര്‍ത്താവ് ഇരുന്നു. കാലം ആ രൂപത്തിന് വലിയ മാറ്റം ഒന്നും വരുത്തിയിട്ടില്ല. ഇരുപതു വര്‍ഷത്തെ  വിദേശ വാസം. സാധാരണ പ്രവാസിയെപ്പോലെ തലമുടി കൊഴിഞ്ഞിരിക്കുന്നു.ചെറിയ ഒരു കുടവയര്‍ വന്നിട്ടുണ്ട്. പക്ഷേ വെളുത്ത് സുന്ദരനായിരിക്കുന്നു.

ആ കലുങ്കില്‍ ഇരുന്ന് ശ്രീധരന്‍  പാടത്തേക്കു നോക്കി. പാടത്ത് വെള്ളം കയറി തുടങ്ങിയിരിക്കുന്നു. പോത്തുകള്‍ ആഘോഷം തുടങ്ങിയിരിക്കുന്നു, അവിടവിടെയായി ചെറുതുരുത്തുകള്‍  പാടത്ത് ഉയര്‍ന്നു നില്‍ക്കുന്നു. കടയില്‍നിന്ന് അയാളുടെ വീട്ടിലേക്കുള്ള വഴിയിലെ ഒരു ഇടത്താവളം ആണ് പാടത്തെ ആ കലുങ്ക്. ഈ സമയത്ത്  ശ്രീധരൻ മാത്രമാണ് അവിടെ ഉണ്ടാകാറ്.  ഇന്നും അയാള്‍ മാത്രമേ അവിടെ ഉള്ളൂ.

പ്രതീകാത്മക ചിത്രം

കടയില്‍ നിന്ന് ഒരു സിഗരറ്റ് കത്തിച്ച് നടന്നാല്‍ അത് തീരുമ്പോഴേക്കും കലുങ്ക് എത്തിയിട്ടുണ്ടാകും. അതാണ് പതിവ്, അന്നും ആ പതിവ് തെറ്റിയില്ല. അയാള്‍ കലുങ്കിന്റെ വലതു ഭാഗത്തുള്ള പാടങ്ങളിലേക്ക് നോക്കി.  പാടം   എന്ന്  പൂര്‍ണമായി പറയാന്‍ പറ്റില്ല. നികന്നു തുടങ്ങിയിരിക്കുന്നു. ആരുടേതാണാ പാടങ്ങള്‍ ശ്രീധരന്‍ ഓര്‍മയില്‍ ചികഞ്ഞു.

റോഡിന്റെ അടുത്തുള്ളത് മുരളിയുടെ, അതിനപ്പുറത്ത് ഉണ്ണി നായരുടെ, അതിനപ്പുറത്ത് ..... അയാളുടെ ഓര്‍മകളില്‍ എന്തോ തെളിഞ്ഞു, അതിനപ്പുറത്ത്... അയാൾ കലുങ്കില്‍ നിന്നെഴുന്നേറ്റ് അടുത്ത സിഗരറ്റിനു തീ കൊളുത്തി. ആ സിഗരറ്റ് തീരുമ്പോള്‍ വീടെത്തും അതാണ് കണക്ക്.  പക്ഷേ  അയാള്‍ നേരെ പാടത്തെക്കിറങ്ങി. തോട്ടുവരമ്പിലൂടെ പതുക്കെ നടന്നു. പുല്ലുകള്‍ ഉള്ള ആ വരമ്പിലൂടെ, ഉണ്ണി നായരുടെ പാടത്തിന്റെ അപ്പുറത്തേക്ക്, അതിന്റെ ഉടമയെ അന്വേഷിച്ച്...

English Summary : Oru Pranayathinte Orma Story By Ramesh