പടയോട്ടം (കഥ)

നിശീഥിനിയുടെ നിശ്ശബ്ദതയിൽ അമ്മയുടെ മടിയിൽ തലചായ്ച്ച് ആകാശപ്പരപ്പിൽ നോക്കിയിരിക്കുക കുഞ്ഞുന്നാളുകളിൽ എനിക്കൊരു കൗതുകമായിരുന്നു. മിന്നാമിന്നിക്കൂട്ടങ്ങളെപ്പോലെ മിന്നിത്തെളിയുന്ന താരകങ്ങളും   പാൽപുഞ്ചിരിയുമായി  രൂപം മാറിവരുന്ന അമ്പിളിമാമനും അതിനെ തഴുകിക്കടന്നുപോകുന്ന  വെൺമേഘശകലങ്ങളും എന്റെ കുഞ്ഞുഭാവനയിൽ വിസ്മയങ്ങളായി നിറഞ്ഞുവന്നിരുന്നു.

ഒരു തെളിഞ്ഞ രാത്രിയിൽ പ്രത്യേക ആകൃതി തോന്നിക്കുന്ന  ഒരുപറ്റം നക്ഷത്രങ്ങളെ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു.

‘‘മോനതു കണ്ടോ? നിന്റെ രാശിയാണ്. ഈ രാശിക്കാർ മഹാഭാഗ്യവാന്മാരാണ്. നേട്ടങ്ങൾ അവരുടെ സ്വന്തമായിരിക്കും’’ എന്റെ മനസ്സിൽ ചോദ്യങ്ങളുടെ വേലിയേറ്റമുണ്ടായി. പലതിനും ഉത്തരം തരാൻ അമ്മ കുഴങ്ങിയെങ്കിലും ഞാനെന്ന വ്യക്തിയിലും എന്റെ ഭാവിയിലും നക്ഷത്രക്കൂട്ടായ്മക്കുള്ള സ്ഥാനം വളരെ വലുതാണെന്നെനിയ്ക്കു മനസ്സിലായി. ചന്ദ്രനോടും അതിനപ്പുറം നിറഞ്ഞുമിന്നുന്ന താരകളോടുമുള്ള എന്റെ അഭിനിവേശം പിന്നെയും കൂടി.

രാവും പകലും തമ്മിലുള്ള കണ്ണുപൊത്തിക്കളിയുടെ രസത്തിൽ ഭൂമിമാതാവിൻറെ  പ്രയാണം തുടർന്നു കൊണ്ടേയിരുന്നു. ആ ഒളിച്ചുകളികൾക്കിടയിൽ  എന്നിൽ നിറഞ്ഞ ആകാശക്കൗതുകം  ഞാനറിയാതെ ഒരുതരം പ്രണയമായി വളർന്നു. അതേ, അമ്പിളിമാമനെ എത്തിപ്പിടിക്കണം. അമ്മ ഒത്തിരിതവണ  അമ്പിളിമാമനെ പിടിച്ചുതരാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ഒരിക്കലും നടന്നിരുന്നില്ല. 

“അമ്പിളിമാമനെ തൊട്ടാൽ മാത്രം പോരാ അതിനപ്പുറം നിറഞ്ഞുമിന്നുന്ന താരകളെയും തൊടണം” മനസ്സ് എന്നോട് മന്ത്രിച്ചുകൊണ്ടേയിരുന്നു. കാലത്തിൻ മടിത്തട്ടിൽ അതിനുള്ള പടയൊരുക്കമായി. പടയൊരുക്കം പിന്നെ പടയോട്ടമായി മാറി. വിധിയെയും കാലത്തെയും  വെല്ലുവിളിച്ചുള്ള  ആ പടയോട്ടത്തിൽ  പലരും പലകാലങ്ങളിൽ പല രീതിയിൽ കൂടെക്കൂടി. ഓരോ ദിവവസവും ശക്തി കൂടിവരുന്നതായും നക്ഷത്ര ങ്ങളിലേയ്‌ക്കുള്ള ദൂരം കുറയുന്നതായും  എനിക്കു തോന്നി. എന്റെ സ്വപ്നസാക്ഷാത്കാരത്തിൻ താരുകളിൽ  പീയൂഷകണങ്ങൾ  വന്നു നിറയുന്നത് പോലെ. 

പ്രതീകാത്മക ചിത്രം

രഥം മുന്നോട്ടുകുതിച്ചു കൊണ്ടേയിരുന്നു. എന്നെത്തഴുകി നറുമണവും പൂശി കടന്നുപോകുന്ന  കാറ്റിൻ കുളിരലകൾ  ചെവിയിലെന്തൊക്കെയോ മന്ത്രിച്ചു ചിരിയലകളുമായി ഒഴുകിമറിയുന്നതു എന്തെന്നില്ലാത്ത ഒരനുഭൂതിയുളവാക്കി. കാലത്തിന്റെ പ്രയാണത്തിൽ മോഹങ്ങൾക്ക് നിറം പകരാൻ നിലാവിന്റെ നൈർമ്മല്യത്തിൽ ഒരു മന്ദാരപുഷ്പം വിരിഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു. എന്റെ കണ്ണുകൾ ആ പൂവിന്റെ ചാരുതയിൽ  ഇമപൂട്ടാൻ മറന്നുപോയതു പോലെ. 

‘‘ഇത് നിനക്കുവേണ്ടി വിരിഞ്ഞതാണ്. നിന്റെതന്നെ ആത്മാവിന്റെ ഒരു ഭാഗം.’’ മനസ്സ് പിന്നെയും മന്ത്രിച്ചു.   

ആ നനുത്ത പൂവിതളുകൾ ഞാൻ മെല്ലെ തലോടി. ആത്മപ്രണയത്തിൻ നിർവൃതിയിൽ ഞാൻ എന്നെത്തന്നെ മറന്ന നിമിഷങ്ങൾ. എന്റെ  കാതുകളിൽ   ഇപ്പോൾ ഇളംകാറ്റിന്റെ  രാഗഛായകളിൽ പൊതിഞ്ഞ മൃദുമർമ്മരം  മാത്രം. 

അറിയാതെ വന്നൊരു വസന്തത്തിൽ ആ മന്ദാരപുഷ്പദലങ്ങളിൽ ഒരു കുഞ്ഞു മിന്നാമിനുങ്ങും. ആ കുഞ്ഞുചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരിക്ക് പത്തരമാറ്റുണ്ടായിരുന്നു.  ആ പാൽപുഞ്ചിരി ഒരു ചിരിപ്പൂരമായ്‌ മാറുന്നതും എന്റെ ആത്മമണ്ഡലം  വർണ്ണാഭകളാൽ  നിറയുന്നതും  ഞാനറിഞ്ഞു.  ഒരുപറ്റം വയൽക്കിളി കളോടൊപ്പം എത്തിയ വെണ്മുകിലുകൾ വാനിൽ വിചിത്രരൂപങ്ങൾ  തീർത്ത് ആ കുഞ്ഞു മിന്നാമിന്നിയെ രസിപ്പിക്കാൻ മത്സരിക്കുന്നത് പോലെ തോന്നി.  

പ്രതീകാത്മക ചിത്രം

പടയോട്ടത്തിനിടയിൽ പലതും വാരിക്കൂട്ടുന്നതോടൊപ്പം എന്റെ പേരിന്റെ നീളവും  കൂടിക്കൊണ്ടേയിരുന്നു.

‘‘പോരാ, ഇതൊന്നും പോരാ... അമ്പിളിമാമനെയും നക്ഷത്രങ്ങളെയും കിട്ടണം. എങ്കിലേ നിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളു.’’ മനസ്സ് പിന്നെയും ഓർമ്മപ്പെടുത്തി. വിജയകാഹളങ്ങൾ മുഴക്കി അറിഞ്ഞും അറിയാതെയുമുള്ള വഴികളിലൂടെ  മുന്നേറ്റം പിന്നെയും തുടർന്നു. എല്ലാത്തിനും സാക്ഷിയായി കാലവും.

പ്രതീകാത്മക ചിത്രം

പ്രതിസന്ധികളെ പരാജയപ്പെടുത്തി ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ മാസ്മരികതയിൽ   ഞാനെന്റെ ചുറ്റുപാടുകളും  കൂടെക്കൂടിയവരേയും എപ്പോഴോ മറന്നെന്നു തോന്നി. 

എന്തൊക്കെയോ നഷ്ടപ്പെടുന്നെന്ന തോന്നൽ. പഴയ ആരവങ്ങളൊന്നുമില്ല; കാറ്റിന്റെ കിന്നാരങ്ങൾ ചെറുതേങ്ങലുകളായ്  മാറിയിരിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ  കൂടെയുണ്ടായിരുന്ന പലരെയും കണ്ടില്ല. എന്റെ സ്വപ്നമായിരുന്ന ആ കുഞ്ഞുമിന്നാമിനുങ്ങിനെയും. മന്ദാരപുഷ്പത്തിൻ ദലങ്ങൾ വാടിയിരിക്കുന്നു.എനിയ്ക്കു തെറ്റു പറ്റിയോ? വിധിയുടെ വിളയാട്ടത്തിൽ മോഹാവേശങ്ങൾ  തലകീഴായി മറിഞ്ഞതാണോ?  ഒന്നും മനസ്സിലായില്ല. 

ഇതൊന്നുമറിയാത്തപോലെ, നക്ഷത്രങ്ങൾ അകലെ ചിരി തൂകിക്കൊണ്ടിരിക്കുന്നു.  നക്ഷത്രങ്ങളുടെ എണ്ണം കൂടിയോ എന്നൊരു തോന്നൽ...  അല്ല, തോന്നലല്ല, തീർച്ചയായും കൂടിയിട്ടുണ്ട്. അതിൽ ഒരു കുഞ്ഞുതാര ത്തിന് അൽപം തിളക്കക്കൂടുതലുണ്ടോ? അത് മിഴിനീർത്തുള്ളികൾ എന്നിലുളവാക്കിയ പ്രതീതി മാത്രമാണോ?

English Summary:  Pdayottam Story By Narayanan Kuthirummal