അപരിചിത ( കഥ)

പതിനൊന്നുമണിക്കാണ് ട്രെയിൻ. ഇവിടുന്ന് കുറച്ചു ദൂരമുള്ളതല്ലേ റയിൽവേ സ്റ്റേഷനിലേക്ക്. ഇക്ക കൊണ്ട് വിടും അവിടം വരെ. മോനെ ഇവിടെ കിടത്തി ഇറങ്ങാൻ നോക്കിക്കോളൂ. ഏതോ മായിക ലോകത്ത്  ഉല്ലസിച്ചിരുന്ന  മനസ്സ് പെട്ടെന്ന് അങ്ങനെയൊരു വാക്കുകൾ കേട്ട് ഞെട്ടിപ്പിടഞ്ഞ് യാഥാർഥ്യത്തിലേക്ക് വരുമ്പോൾ വേവലാതികൊണ്ടോ സങ്കടം കൊണ്ടോ  ഒന്ന്പിടഞ്ഞു പോയി.

നെഞ്ചോട് പറ്റിച്ചേർന്നുറങ്ങുന്ന ആ പൈതലിന്റെ മുഖത്തേക്ക് ഞാനൊരിക്കൽ കൂടി നോക്കി. യാതൊരു അപരിചിതത്വവുമില്ലാതെയവൻ ഉറങ്ങുകയാണ്. അവന്റെ നെറ്റിത്തടത്തോട് ഞാനെന്റെ ചുണ്ടിനെ ചേർത്ത് വച്ചു. അവിടം നനച്ചു കൊണ്ട് ഒരു നീർതുള്ളി അടർന്നു വീഴുന്നത് കണ്ടപ്പോൾ അവയെ അടക്കിനിർത്താനെന്നോണം  കണ്ണുകൾ ഇറുകി അടച്ചു.

നാൽപ്പത് ദിവസം കുഞ്ഞിനെ നോക്കാനായി ഈ  വീട്ടിലെത്തുമ്പോൾ പരിചയമുള്ള ആരുമുണ്ടായിരുന്നില്ല.  പക്ഷേ ആ ദിനങ്ങൾക്ക് ഒടുവിൽ ഇന്നീ വീടിന്റെ  പടിയിറങ്ങുമ്പോൾ  അവരൊക്കെയെന്റെ പ്രിയപ്പെട്ടവരായി തീർന്നിരിക്കുന്നു. വേഷം മാറി വന്ന് എല്ലാം ബാഗിലാക്കി ഇറങ്ങുമ്പോൾ  ഒരിക്കൽ കൂടി ആ പിഞ്ചു മുഖത്തേക്ക് നോക്കി. ഉണർന്ന് തുടങ്ങിയിക്കുന്നു.ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെയും അവനൊന്നു ഉണർന്നാൽ ഒന്ന് ചിണുങ്ങിയാൽ  അങ്ങനെയോരോന്നിനും ഓടിയെത്തിയിരുന്ന എനിക്കിന്ന് അവനിലുള്ള അവകാശം അവസാനിച്ചിരിക്കുന്നു. ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത വിധം ഞാനവന് അപരിചിതയായി മാറുകയാണ്.

ഓരോരുത്തരായി  വന്ന്  സ്നേഹത്തോടെ യാത്രയാക്കും നേരം കയ്യിൽ ചുരുട്ടി വച്ചു തന്ന നോട്ടുകളിലേക്കും അവരുടെ മുഖത്തേക്കും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ പറയണ കേട്ടു. ഞങ്ങളുടെ കുഞ്ഞിനെ ഇത്രയും ദിവസം നോക്കിയതല്ലേ അതിന്റെയൊരു സന്തോഷത്തിന്. ‘‘നിങ്ങളുടെ കുഞ്ഞോ, അല്ല ഇതെന്റെ കുഞ്ഞാണ്. ഒരിക്കൽ ഞാൻ കൊന്നുകളഞ്ഞെന്റെ കുഞ്ഞ്’’

പ്രതീകാത്മക ചിത്രം

ഉള്ളിൽ ഉരുവിട്ടുകൊണ്ട് ആ വീടിന്റെ പടിയിറങ്ങുമ്പോൾ തികട്ടി വന്ന കരച്ചിൽ ഉള്ളിലടക്കി. തുടർച്ചയായ നാലു മണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ സ്നേഹ സദനമെന്ന ഓർഫനേജിന് മുൻപിൽ എന്റെ യാത്രയ്ക്കൊരു അവസാനം കുറിച്ച് ഞാൻ ചെന്നിറങ്ങുമ്പോൾ പതിവ് തെറ്റാതെ എന്നെ കാത്ത് എന്റെ പ്രിയപ്പെട്ടവൻ  നിൽക്കുന്നുണ്ടായിരുന്നു. മുഖം നിറയെ പുഞ്ചിരി വിരിയിച്ചു കൊണ്ട് എനിക്ക് നേരെ കൈകൾ വിടർത്തി യെന്നെയാ നെഞ്ചിൻ കൂടിനുള്ളിൽ ഒതുക്കി പിടിക്കുമ്പോൾ അത്രയും ദിവസം ഇക്ക അനുഭവിച്ച വേദന ആ നെഞ്ചിടിപ്പിലൂടെ എന്റെയുള്ളിലേക്ക് പെയ്തിറങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ പണം മുഴുവൻ ഓർഫനേജിലെ ചിലവിലേക്കായി നൽകുമ്പോൾ മദർ ഒരിക്കൽ കൂടി ആവർത്തിച്ചു. ‘ഇനിയുമിങ്ങനെ വേണോ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ പറ്റി ചിന്തിച്ചു കൂടെ’

വേദന മറച്ചു പിടിച്ചു ഒരു പുഞ്ചിരിയോടെയുള്ള മറുപടി ഞാനുമാവർത്തിച്ചു.

‘‘അറിയില്ല മദർ... ഒരിക്കൽ വയറിൽ കുരുത്ത ജീവനെ ഞങ്ങളുടെ  സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി കൊന്നുകളഞ്ഞപ്പോൾ ഒരിറ്റ് ദയ എന്നിലുണ്ടായിരുന്നില്ല. ഇന്ന് എല്ലാ സൗകര്യങ്ങൾക്കും നടുവിൽ ഒരു കുഞ്ഞിനെ മാത്രം ഞങ്ങൾക്ക് നേടാനായില്ല. അന്നത്തെ പാപക്കറ പുരണ്ട ശരീരത്തിലും മനസ്സിലും പിന്നൊരു കുഞ്ഞു ജീവൻ വളർന്നില്ല’’. 

പ്രതീകാത്മക ചിത്രം

‘‘ഓരോ പ്രാവശ്യവും ഞാൻ ഹോം നഴ്‌സെന്ന പേരിൽ ഓരോ കുഞ്ഞിനെ നെഞ്ചോട് ചേർക്കുമ്പഴും എന്റെ കുഞ്ഞിനെയാ ഞാനവരിൽ കാണുന്നത്. വില പറഞ്ഞുറപ്പിച്ച ദിവസങ്ങൾക്കൊടുവിലും ഓരോ കുഞ്ഞിനേയും എന്നിൽ നിന്നും പറിച്ചു മാറ്റുമ്പോൾ  ഞാനനുഭവിക്കന്നൊരു വേദനയുണ്ട്. അത് ഞാൻ എനിക്ക് തന്നെ നൽകുന്നൊരു ശിക്ഷയാണ്’’. 

‘‘വർഷങ്ങൾ കൂടുമ്പോൾ ഞാനിങ്ങനെ വീടുവിട്ടിറങ്ങുമ്പോൾ ഒരു കാര്യത്തിനും തടസം നിൽക്കാതെ എന്നോടൊപ്പം എന്റെ പ്രിയപ്പെട്ടവനും ആ ശിക്ഷ ഏറ്റുവാങ്ങുന്നു. ഞങ്ങളിലെയാ അഴുക്ക് മാഞ്ഞു തുടങ്ങിയെന്നു തോന്നുമ്പോൾ ശുദ്ധമായ മനസ്സുമായി  ഞങ്ങൾ വരും ഒരു കുഞ്ഞിനെ കൂടെ കൂട്ടാൻ. അത് വരെ മനസ്സിൽ വേനൽ വിരിയിച്ചു ആ ചൂടിൽ ഞാൻ വെന്ത് നീറട്ടെ’’.

ഇക്കയുടെ കൈപിടിച്ച് അവിടെ നിന്നും ഇറങ്ങുമ്പോൾ പുറത്ത് മഴ മൂടിക്കെട്ടി നിൽക്കുന്നുണ്ടായിരുന്നു. കടുത്ത വേനലിൽ വരണ്ടു നിൽക്കുന്ന ഭൂമിയിലേക്ക്  അത് ആഞ്ഞു പെയ്തു തുടങ്ങുമ്പോൾ ഞങ്ങൾ വീണ്ടും മറ്റൊരു യാത്രക്ക് തുടക്കം കുറിച്ചിരുന്നു.

English Summary : Aparichitha Story By Ari yumna