ശവഹത്യ (കഥ)

അയാൾ എന്തുചെയ്യണമെന്നറിയാതെ വീടിന്റെ  ഒരു മുക്കിൽ  കൂനിക്കൂടിയിരുന്നു. ‘ഇന്നയാളെന്റെ  ചെകിട്ടത്തടിച്ചു, നാളെ ചിലപ്പോൾ ഒരു കൊലപാതകം തന്നെ സംഭവിച്ചേക്കാം. കൊല്ലപ്പെടുന്നത് ഞാനും കൊലപാതകി അയാളും’ ശ്രാവണൻ  ആത്മഗതം പറഞ്ഞു. എന്തെങ്കിലും വഴി കണ്ടെത്തിയേ തീരൂ. അയാൾ കുറച്ചു നേരം ആലോചിച്ചു കൊണ്ട് ഭാര്യയോട് പറഞ്ഞു. 

‘ഞാനൊരു പരിഹാരം കണ്ടിട്ടുണ്ട് നീ കരച്ചിൽ നിർത്ത്, മക്കൾ  കളി  കഴിഞ്ഞിപ്പോൾ വരും നീ കരയുന്നത് കണ്ടാൽ അവൾക്ക് വിഷമമാകും’ അതും പറഞ്ഞ് അയാൾ പൊളിഞ്ഞുവീഴാറായ ആ കെട്ടിടത്തിൽ നിന്നും പുറത്തേക്കിറങ്ങി.  കാട് മൂടിക്കിടന്നിരുന്ന ഭൂമികയുടെ നടുവിലൂടെ അയാൾ മുന്നോട്ടു നടന്നു. തന്റെ ഗോതമ്പു പാടം മുഴുവനായൊന്ന് അയാൾ നോക്കി. എല്ലായിടത്തും സ്വർണ്ണനിറം പൂശിയ കതിരുകളാണ് ഈ സമയത്ത് കാണേണ്ടത്. 

എന്നാൽ കഴിഞ്ഞയാഴ്ച  വെട്ടുകിളികൾ പടിഞ്ഞാറൻ ചക്രവാളത്തിലേക്കൊരു യാത്ര നടത്തിയിരുന്നു. ക്ഷീണം കൊണ്ടാവാം അന്ന്  അവരെല്ലാവരും   കുറച്ചുനേരം അയാളുടെ ഗോതമ്പ്  പാടത്ത്   വിശ്രമിച്ചു. അൽപനേരം  അപ്പോഴേക്കും ഗോതമ്പ്  പാടം  ഗോതമ്പ് പാടമല്ലാതായി മാറിയിരുന്നു.  കഴിഞ്ഞ വർഷം പ്രളയമായിരുന്നു.അന്നും അയാൾക്ക്  ഒന്നും കിട്ടിയില്ല. ഒരു ലക്ഷം രൂപ കടം  വാങ്ങിയാണ്  ഇത്തവണ അയാൾ കൃഷി  തുടങ്ങിയത്. അതും  വിദുരപുരത്തെ  ഏറ്റവും ക്രൂരനായ കൊള്ളപ്പലിശക്കാരൻ  രമൺ  ശ്രീനിവാസയിൽ നിന്നും കടം വാങ്ങിയ പണം തിരിച്ച്  കൊടുക്കാമെന്നേറ്റ  ദിവസം കഴിഞ്ഞിട്ട് നാൽപത്തിയെട്ട്  മണിക്കൂർ കഴിഞ്ഞിരിക്കുന്നു.

ഇനി അയാളുടെ മുന്നിൽ വെറും ഇരുപത്തിനാല്  മണിക്കൂർ മാത്രം. അയാൾക്കെങ്ങനെയും അത് തിരിച്ചു  കൊടുത്തേ തീരൂ. അതിന് വേണ്ടിയാണ് അയാളുടെ ഈ നടത്തം. അയാൾ  കാട്  മൂടിക്കിടന്നിടത്ത് നിന്നും  കരിമ്പിൻ തോട്ടത്തിലേക്ക്  കയറി. ഇളം പ്രായമായ തണ്ടുകളായിരുന്നു  അവയൊക്കെയും. അവിടെങ്ങും  ആരുമുണ്ടായിരുന്നില്ല അയാളല്ലാതെ. അയാളുടെ നടത്തം ചെന്നെത്തിയത്  ഒരു ചുടലയിലേയ്ക്കാരുന്നു. ഇന്നലെ കുഴിച്ചുമൂടിയൊരു  ശവം അവിടെയുണ്ടായിരുന്നെന്ന്  അയാൾ മനസ്സിലാക്കി. ഭൂമിയോടമരാത്ത  കുറച്ച് ചുവന്നമണ്ണവിടെ  നീളത്തിൽ പരന്ന്  കിടന്നിരുന്നു.അയാൾ അതിന്റെയടുത്തേക്ക് നീങ്ങി. 

‘അതേ ഇന്നലെ മറവുചെയ്തത്  തന്നെ’ അയാൾ മന്ത്രിച്ചു. 

അയാളൽപം നീളമുള്ളൊരു  കോലെടുത്ത്  ആഞ്ഞുതോണ്ടാൻ തുടങ്ങി. അരമുഴം മണ്ണ് നീക്കിയപ്പോഴേ യ്ക്കും അയാൾ പരവശനായി. കോലുകൊണ്ട് തോണ്ടിയും കൈകൾ കൊണ്ടു വാരിയും അയാൾ മുന്നേറി. പിന്നെയും അരമണിക്കൂർ വേണ്ടിവന്നു ലക്ഷ്യപ്രാപ്തിക്ക്. ആദ്യമായി അയാളുടെ കൈകളിൽ തടഞ്ഞത് ശവത്തിന്റെ  മുഖമായിരുന്നു.അന്നേരമയാൾ  തെല്ലൊന്ന്  ഭയന്നു. എങ്കിലും സകല ശക്തിയുമെടുത്ത് അയാൾ  ശവത്തെ കുഴിയിൽ നിന്നും പുറത്തെടുത്തു. ഇനി ശവത്തെ മൊത്തത്തിൽ ഒന്ന് കഴുകി വൃത്തിയാക്കണമെന്ന്  അയാൾ  മനസ്സിലുറപ്പിച്ചു.

പ്രതീകാത്മക ചിത്രം

 ശവം അപ്പോഴും ശവമായി കിടക്കുകയായിരുന്നു. കണ്ണുകൾ തുറക്കാതെ, കാലുകൾ അനക്കാതെ, കൈകൾ ഉയർത്താതെ. അയാൾ  ശവത്തിനു പകരം കുറച്ച് കല്ലുകളും കമ്പുകളുമിട്ട്  ശവസ്ഥാനം  നികത്തി. പിന്നെ കുഴി  മണ്ണിട്ടു മൂടി. അതൊരു പുരുഷന്റെ ശവമാണെന്ന്  അയാൾ നേരത്തെ നോക്കി  ഉറപ്പിച്ചിരുന്നു. എങ്കിലേ  അയാൾക്കാ ശവം ഉപയോഗപ്പെടൂ. ശവത്തെ തോളിലേക്ക് വെച്ച് അയാൾ മുന്നോട്ടുനടന്നു. അപ്പോഴേക്കും അയാളുടെ പാദങ്ങൾ തളർന്നിരുന്നു. അത് പതുക്കെ തമ്മിൽ അടിക്കാൻ തുടങ്ങിയിരുന്നു.അയാൾ കരിമ്പിൻ കൂട്ടത്തിൽ ഒരിടത്ത് ആ ശവം  വെച്ചു. 

എന്നിട്ട് പതിയെ വീട്ടിലേക്ക് നടന്നു. മക്കളെല്ലാം വീടണഞ്ഞിരിക്കുന്നു. അവരുടെ മുഖത്തെല്ലാം  സങ്കടം നിഴലിച്ചിരിക്കുന്നുണ്ട്. അയാൾ എല്ലാവരെയും കാര്യങ്ങൾ  പറഞ്ഞ്  ധരിപ്പിച്ചു. മക്കളും ഭാര്യയുമെല്ലാം  കരയാൻ  തുടങ്ങി. എല്ലാവരെയും ആശ്വസിപ്പിച്ചു കൊണ്ട് അയാൾ ഇരുട്ടിലേക്കിറങ്ങി.കൈയ്യിൽ ഇത്തിരി പെട്രോളും ഒരു തീപ്പെട്ടിയും അയാൾ കരുതി. കുറുനരികൾ ഓരിയിടുണ്ടായിരുന്നു, കാട്ടുപോത്തുകൾ കൂട്ടംതെറ്റി കാട്ടിലൂടെ  അലയുന്നുണ്ടായിരുന്നു, വേട്ടപ്പട്ടികളെ  വെച്ച് ആരോ നായാട്ടിനിറങ്ങിയിട്ടുണ്ടായിരുന്നു. 

അയാളുടെ മുന്നിൽ വഴി നീണ്ടുനിവർന്ന്  കിടക്കുകയായിരുന്നു. ഇങ്ങനെയൊരു   യാത്ര  പതിവില്ലാത്ത തായിരുന്നു  അയാൾക്ക്. ഓർമ്മയിലുള്ളത് പത്തിരുപത് വർഷങ്ങൾക്ക്  മുമ്പ്  ഇതേ വഴിയിലൂടെ നടത്തിയ മറ്റൊരു രാത്രി യാത്രയായിരുന്നു. സ്നേഹിച്ചിരുന്ന പെണ്ണിനെ കടത്തി കൊണ്ടു വരാൻ നടത്തിയ യാത്ര. അന്ന് രാമുവും സാതികനും  കൂടെയുണ്ടായിരുന്നു ഇന്നവരില്ല. കഴിഞ്ഞ പ്രളയം ഉൾവലിഞ്ഞപ്പോഴേക്കും  അവർ ശവങ്ങളായി മാറിയിരുന്നു. 

ഗൗരിയെ അയാൾ സ്നേഹിച്ച്  കല്യാണം കഴിച്ചതാണ്. ധനാഢ്യനായല്ലെങ്കിലും അവളുടെ വീട്ടിലവൾക്ക്  മൂന്നുനേരം ഭക്ഷണമുണ്ടായിരുന്നു, രാജകുമാരിയല്ലെങ്കിലും കഷ്ണം വെച്ചുപിടിപ്പിക്കാത്ത വസ്ത്രമുണ്ടാ യിരുന്നു, പ്രതാപിയല്ലെങ്കിലും     ചോരാത്തൊരു വീടുണ്ടായിരുന്നു. ചിന്തകൾ കാട് കയറിയപ്പോഴേക്കും അയാൾ തന്റെ ഗോതമ്പ്  പാടത്തിൽ എത്തിയിരുന്നു. അവിടെ ഒരിടത്ത് പെട്രോളും തീപ്പെട്ടിയും വെച്ച ശേഷം അയാൾ കരിമ്പിൻ തോട്ടത്തിലേക്ക് കാലുകൾ തിരിച്ചു.

കരിമ്പിൻ കൂട്ടത്തിനിടയിൽ ആ ശവം അയാളെയും കാത്തു കിടക്കുകയായിരുന്നു.കണ്ണുകൾ തുറക്കാതെ, കാലുകൾ അനക്കാതെ, കൈകൾ ഉയർത്താതെ. അയാൾ ശവത്തെയും  തോളിലേറ്റി മുന്നോട്ടു നടന്നു. അധികമാരും ചെന്നിട്ടില്ലാത്തൊരു     അരുവിയിലേക്കായിരുന്നത്. അധികം ശബ്ദമുണ്ടാക്കാതെ  അതൊഴുകി കൊണ്ടിരിക്കുകയായിരുന്നു. ചന്ദ്രനും നക്ഷത്രങ്ങളും ആ അരുവിയിൽ തങ്ങളുടെതന്നെ സൗന്ദര്യം ആസ്വദിക്കുകയാണെന്ന് ശ്രാവണന്  തോന്നി.

 ശ്രാവണൻ  ശവത്തെ അരുവിയിലേക്കിറക്കി. അതിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണയാൽ ഉരച്ച് കളയാൻ തുടങ്ങി. മുഖത്തെ, കാലുകളിലെ, കൈകളിലെ. ഗോതമ്പു പാടത്തെ കണ്ണെത്തുന്ന  സ്ഥലമാണയാൾ  കൃത്യം നിർവഹിക്കാൻ തെരഞ്ഞെടുത്തത്. മരിച്ചവനെ കൊല്ലാൻ. ഇതല്ലാതെ അയാളുടെ മുന്നിൽ മറ്റൊരു വഴിയും തെളിഞ്ഞില്ല.

താൻ ആത്മഹത്യ ചെയ്തെന്നു വരുത്തി തീർക്കുക. കർഷകർ  ആത്മഹത്യ ചെയ്താൽ  സർക്കാരിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി കുടുംബത്തിന് ലഭിക്കുമെന്ന്  അയാൾ മുമ്പെവിടെ  നിന്നോ കേട്ടിട്ടുണ്ട്. നാളെ ആളുകൾ കാണുമ്പോൾ ഇത് താൻ തന്നെയാണെന്ന് ഉറപ്പിക്കാൻ എന്തെങ്കിലുമൊരു അടയാളം വേണം.

അതിനുവേണ്ടി തന്റെ വലത്   കൈയ്യിൽ കിടന്നിരുന്ന ഇരുമ്പുവള  അയാൾ ശവത്തിന്റെ  വലതുകൈയ്യിൽ ധരിപ്പിച്ചു.പിന്നെ ശവത്തെ  ദേഹമാസകലം മുഴുവനും പെട്രോളൊഴിച്ച് കത്തിക്കാൻ ഒരുങ്ങി. ശവത്തെ മോഷ്ടിച്ചത് പോലെ പെട്രോളുമയാൾ  മോഷ്ടിച്ചത്  തന്നെയായിരുന്നു.മോഷണത്തേക്കാൾ  നല്ലത് ഊറ്റൽ  എന്നതാകും ആരും കാണാതെയുള്ള  ഊറ്റൽ. 

ഒരു തീപ്പെട്ടിക്കൊള്ളിയെടുത്ത്   പെട്ടിയിലുരസി  അതയാൾ ശവത്തിന്  മുകളിലേക്കിട്ടു. പെട്ടെന്നാണ് ശവം കത്തിക്കരിയാൻ  തുടങ്ങിയത്. ഇടയ്ക്കിടെ  ശവത്തിന്റെ  മുഖത്തേക്കയാൾ പെട്രോൾ ഒഴിച്ചുകൊണ്ടിരുന്നു. ശവം ചാരമായെന്ന്  ഉറപ്പായപ്പോൾ അയാൾ  തിരികെ നടന്നു. കുറച്ചകലെയായി ആർക്കുമൊരു സംശയം തോന്നാത്ത വിധം അയാൾ പെട്രോൾ കൊണ്ടുവന്ന കുപ്പിയും തീപ്പെട്ടിയും ക്രമീകരിച്ചിരുന്നു. അവ  രണ്ടും വെച്ചിടത്ത്  നിന്നും ശവത്തിലേക്കുള്ള വഴിയിൽ ഓടിയ അടയാളങ്ങൾ ഉണ്ടാക്കാനും അയാൾ  മറന്നിരുന്നില്ല. 

പ്രതീകാത്മക ചിത്രം

കോഴി കൂവി, ആകാശം നീലിച്ചു. സൂര്യനോട് വാനോടുയർന്നു. ശ്രാവണന്റെ  ഗോതമ്പ്  പാടത്ത് ആളുകൾ തടിച്ചുകൂടി. പോലീസ് വന്നു. ശ്രാവണൻ  ആത്മഹത്യ ചെയ്തെന്ന് നാട്ടുകാരോരുത്തരും വിശ്വസിച്ചു. ശ്രാവണൻ  പറഞ്ഞത് പോലെ തന്നെ അയാളുടെ ഭാര്യയും മക്കളും പ്രവർത്തിച്ചു. അവർ  ഇടതടവില്ലാതെ  കരയുകയും നിലവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. കളക്ടർ വരുന്നത് വരെ മാത്രം.  കളക്ടർ അവരെ ആശ്വസിപ്പിച്ചു കൂടെ  അമ്പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകുകയും ചെയ്തു. അന്നേരം അവരുടെ കണ്ണുകൾ തിളങ്ങി, ചുണ്ടുകൾ  അമർന്നു, കാലുകൾ തുള്ളിച്ചാടാൻ വേണ്ടി വെമ്പൽ കൊണ്ടു.

അർധരാത്രി  വാതിലിലൊരു  മുട്ട് കേട്ടാണ് അവൾ  ഉണർന്നത്. തുറന്നു നോക്കുമ്പോൾ മുന്നിൽ തന്റെ പ്രിയതമൻ. അവൾ  അയാളെയും   കാത്തിരിക്കുകയായിരുന്നു.അവരുടെ കണ്ണുകളിൽ എന്തോ കിടന്ന്  ഉരുളുന്നുണ്ടായിരുന്നു. 

‘ഞാൻ മരിച്ചെന്ന് നാട്ടുകാർ വിശ്വസിച്ചോ?’

 ശ്രാവണൻ ഭാര്യയോട് ചോദിച്ചു.

‘ഉം, വിശ്വസിച്ചു’

‘നഷ്ടപരിഹാരം എത്ര കിട്ടി?’ 

‘അമ്പതിനായിരം   പക്ഷേ’

 ‘എന്താ....എന്തുപറ്റി’

പ്രതീകാത്മക ചിത്രം

‘ രാമൻ മുതലാളി വന്നിരുന്നു. അതെടുത്തു കൊടുത്തിട്ടും ഞങ്ങളെ ഒരുപാട്  തല്ലി’

 ശ്രാവണന്റെ  കണ്ണുകൾ നിറഞ്ഞു,  കാലുകൾ തളർന്നു.

‘മക്കൾ’

 അയാളുടെ തൊണ്ടയിൽ എന്തോ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അയാൾ കിടന്നു. ഒന്നും കഴിക്കാതെയും കുടിക്കാതെയും തന്നെ അയാളുടെ വയറു നിറഞ്ഞിരുന്നു. അയാളുടെ അടുത്തായി ഗൗരിയും വന്നുകിടന്നു. കണ്ണടച്ചു കിടന്നു. രാത്രിയുടെ അവസാന യാമത്തിലെപ്പോഴോ  അയാളുണർന്നു.മുഖം പതുക്കെ ഉയർത്തി  സഹധർമ്മിണിയുടെ നെറ്റിയിലൊന്ന്  ചുംബിച്ചു പിന്നെ പുറത്തേക്കു നടന്നു.

 നാട് മൊത്തം ഉറങ്ങുകയായിരുന്നു.ആകാശത്തെ ചന്ദ്രൻ മാത്രം അയാളെ തന്നെ നോക്കിക്കൊണ്ടിരുന്നു. അയാൾ കുറച്ചു നടന്ന്  ഒരു മരത്തിന് മുന്നിലെത്തി. അവൾ എഴുന്നേറ്റു. ശ്രാവണനെ അടുത്ത് കാണാത്ത തിന്റെ  മുഴുവൻ വിഭ്രാന്തിയും  അപ്പോഴവളുടെ  മുഖത്തേക്ക് ഇരച്ച് കയറി. ഒരു കാർമേഘം പെയ്തൊഴിയാ ൻ കാത്തിരിക്കുകയായിരുന്നു. 

അവൾ പതുക്കെ നടന്ന്  വീടിന് പുറത്തേക്കിറങ്ങി. അടുത്തൊരു  മരച്ചുവട്ടിൽ ചെറുതല്ലാത്തൊരു  ആൾക്കൂട്ടം. അവളുടെ ഹൃദയം പതിന്മടങ്ങ് വേഗത്തിൽ മിടിക്കാൻ തുടങ്ങി. അവൾ ഓടിച്ചെന്ന് കൂടി നിന്നവരെ വകഞ്ഞുമാറ്റി മുൻനിരയിലേക്കെത്തി.  അപ്പോൾ ശ്രവണന്റെ  കണ്ണുകളേക്കാൾ  അവളുടെ കണ്ണുകൾ തുറിക്കുന്നുണ്ടായിരുന്നു.

English Summary :  Shava Hathya Story By Shaheer Pulickal