ക്രിക്കറ്റ് (കഥ)

ഈ അടുത്ത് വയനാട്ടിലെ 900 കണ്ടിയിൽ ഒരു കുഞ്ഞു ട്രിപ്പ് പോയി. മേപ്പാടിക്കടുത്തുള്ള കാട്ടിനുള്ളിലെ, കൊച്ചു സ്വർഗ്ഗത്തിൽ ഒരു ദിവസം. സന്ദർശകരെ ആകർഷിക്കാൻ നിർമിച്ചിരിക്കുന്ന ചില്ലുപാലത്തിനരികിൽ ഏറുമാടത്തിനു സമാനമായ വ്യൂ പോയിന്റും,ആർച്ചെറിയും റൈഫിൾ ഷൂട്ടിങ്ങും അങ്ങനെ പലതുമുണ്ട്. കൂടെ ഒരു ക്രിക്കറ്റ് നെറ്റ്സും.

അങ്ങേയറ്റം പ്രിയപ്പെട്ട ഒരു മനുഷ്യനെ കാണുമ്പോൾ നമ്മളിങ്ങനെ ഓടിച്ചെന്നു കെട്ടിപ്പുണർന്നു ചേർത്തുപിടിക്കാറില്ലേ. ഒരുപാട് കാലം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോവുമ്പോൾ ഹൃദയമിങ്ങനെ നിറഞ്ഞൊഴുകാറില്ലേ. ഏതാണ്ടത് പോലെയാണ് ഞാനപ്പോഴനുഭവിച്ചത്. ഒരു വലിയ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഗാലറിയിൽ നിറയെ ആരവങ്ങൾക്കൊപ്പം, 10 എന്ന് കുറിച്ചിട്ട ഇന്ത്യൻ ജേഴ്സിയിൽ നിറഞ്ഞ ചിരിയോടെ കൈകളുയർത്തി നിൽക്കുന്ന എന്നെ മാത്രമേ എനിക്കപ്പോൾ കാണാൻ കഴിഞ്ഞുള്ളൂ. ഇത്രമേൽ എന്നെ സന്തോഷിപ്പിക്കുന്ന മറ്റെന്തെങ്കിലും ഒന്നുണ്ടോ എന്നെനിക്ക് സംശയമാണ്.

ഓരോ വേനലവധിക്കും ഒരൊറ്റ ദിവസം മുടങ്ങാതെ അന്നന്നുള്ള ഐപിഎൽ മാച്ചുകളുടെ ലഹരിയിൽ രാത്രികൾ ആഘോഷമാവുന്നത്. സച്ചിനൊപ്പം, മുംബൈ ഇന്ത്യൻസിനൊപ്പം എന്നഭിമാനത്തിൽ ‘‘ആലാരെ..ദുനിയാ ഹിലാ ദേംഖേ ഹം’’ എന്ന് അർത്ഥം പോലുമറിയാതെ പാടിത്തിമർക്കുന്നത്. തോൽവികൾ കാരണം ഉറക്കമിളച്ച രാത്രികളിൽ, പവലിയനിലെത്തി യുവരാജിനെയും കോലിയെയും രോഹിത് ശർമയെയും ആശ്വസിപ്പിക്കുന്നതായി സ്വയം ഭാവിക്കുന്നത്. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ഗൂഗിളിലും സർച്ച് ഹിസ്റ്ററി മുഴുവനും ക്രിക്കറ്റ് ചുറ്റിപ്പറ്റി മാത്രമാവുന്നത്. 

ഒരു സമയത്ത് ക്രിക്കറ്റ് സംപ്രേഷണം ചെയ്ത് ദൂരദർശനിൽ സിനിമ മുടങ്ങുന്നതിൽ പരിഭവിച്ചിരുന്ന അമ്മ അന്നന്ന് രാവിലെ ന്യൂസ് പേപ്പറിന്റെ അവസാന പേജു മുഴുവനും അരിച്ചു പെറുക്കി ഉണരുമ്പോൾ എനിക്കായവ തിരഞ്ഞു കണ്ടെത്തി വക്കുന്നത്. ഹോസ്റ്റലിൽ ടി വി ഇല്ലെന്നോർത്തു വിഷമിക്കുമ്പോൾ  പറഞ്ഞേൽപ്പിക്കുന്നതിന് മുമ്പേ തന്നെ ഓരോ ഓവറും കൃത്യമായി റെക്കോർഡ് ചെയ്ത് എനിക്ക് കാണാനായി അമ്മ അവയൊക്കെയും സൂക്ഷിച്ചുവക്കുന്നത്.

ഒരു രാജ്യം തന്നെ കാൽ നൂറ്റാണ്ടോളം ഇരു തോളിലേറ്റി നടന്ന, ഇവിടത്തെ സമയത്തെ പോലും തന്റെ ബാറ്റിന്റെ മുനയിൽ നിർത്താൻ കെൽപ്പുള്ള ഒരു മനുഷ്യനെ നാളിന്നോളം ആരാധിച്ചത് ക്രിക്കറ്റ് അരച്ചുകലക്കി കുടിച്ചതിന്റെ ഫലമായിരുന്നില്ല. ഗ്രീൻഫീൽഡിൽ നനഞ്ഞു പൊതിർന്നു മഴയത്തും  ഒരോവറെങ്കിലും കാണാൻ കഴിയണേ എന്ന് മനസുരുകി പ്രാർത്ഥിച്ചത് വർഷങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സിനെ കുറിച്ച് യാതൊരു ബോധവുമുണ്ടായിട്ടല്ല. 

ബെഡ്റൂമിൽ പ്രിയപ്പെട്ട വസ്ത്രങ്ങൾക്കൊപ്പം MI,RCB,KXIP,KKR എന്നിങ്ങനെ ജേഴ്സികൾ ഇന്നും ഭദ്രമായി അടുക്കി വച്ചിരിക്കുന്നത് വയലോരങ്ങളിലും വീട്ടിന് പിന്നിലെ റബ്ബർ മൈതാനത്തും ക്രിക്കറ്റ് കളിച്ചു വളർന്ന കുട്ടിക്കാലം ഓർമയിൽ വീമ്പുപറയാൻ പാകത്തിന് വ്യക്തമായിട്ടുമല്ല. ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളുടെ മുൻനിരയിൽ ഇന്നും The test of my lifeഉം (യുവി) Playing it my wayഉം (സച്ചിൻ) അവശേഷിക്കുന്നത് കയ്യിലൊരു ബാറ്റുമേന്തി നിന്ന് ചീറിപ്പാഞ്ഞു വരുന്ന ബോളിനെ ബൗണ്ടറി കടത്താൻ ഒക്കുമെന്ന ചങ്കൂറ്റത്തിന്റെ പുറത്തുമല്ല..

വിരാട് കോഹ്‌ലി

നിങ്ങൾക്ക് അതങ്ങനെയൊക്കെയാവും. പക്ഷേ ഞങ്ങൾക്ക് അതെങ്ങനെ ആവാനാണ്?

‘‘ക്രിക്കറ്റ് ഇഷ്ടമോ, നിങ്ങൾ പെൺകുട്ടികൾക്ക് സീരിയൽ അല്ലെ മുഖ്യം’’ എന്ന് ചോദിക്കുമ്പോൾ നിങ്ങളുടെ മുഖത്തു വിടരുന്നൊരു പരിഹാസച്ചിരി ഉണ്ട്. നിങ്ങളുടെ ക്രിക്കറ്റ് ചർച്ചയിൽ ഇടക്ക് കേറിയൊരു അഭിപ്രായം പറയുമ്പോൾ അതിന് നിങ്ങൾക്കെങ്ങനെ ക്രിക്കറ്റ് അറിയാനാണ്?, വീട്ടിൽ ഏട്ടൻ ക്രിക്കറ്റ് കാണാറുണ്ടാ വുമല്ലേ എന്ന ചോദ്യത്തിന് നേർത്തൊരു ചിരി മാത്രം മറുപടി തന്ന് ഉൾവലിഞ്ഞു പോയ ഞങ്ങളെ പോലെ ഉള്ള  പെൺകുട്ടികളെ കുറിച്ച് നിങ്ങളെങ്ങനെ അറിയാനാണ്. 

നിങ്ങളെ പോലെ മൈതാനങ്ങളിൽ ക്രിക്കറ്റ് കളിച്ചു വളർന്നൊരു കുട്ടിക്കാലത്തെക്കുറിച്ചു പെൺകുട്ടികൾ ക്കെങ്ങനെ വീമ്പു പറയാൻ കഴിയും. ബാറ്റുമെടുത്തിറങ്ങിയവരെ ചൂല് കയ്യിൽ കൊടുത്ത് മുറ്റം അടിച്ചുവാരാൻ ശകാരിച്ചു പറഞ്ഞുവിട്ടതിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടാവുമോ? ദൂരെ മാറി നിന്ന് നിങ്ങളടിക്കുന്ന കൂറ്റൻ സിക്സറുകൾക്ക് പിന്നാലെ ഓടി വാരിയെടുത്തു കൊണ്ടുവരുന്ന ബോളുകൾക്കൊപ്പം മനസ് ചീറിപ്പായുമ്പോൾ എത്ര തവണ ഞങ്ങളുടെ കണ്ണ് നിറഞ്ഞുകാണും.

കൂടെ ചേരാൻ നിങ്ങളൊരിക്കലെങ്കിലും പറഞ്ഞു കാണുമോ? മടിച്ചു നിൽക്കുന്ന ഞങ്ങളുടെ കൈകളിൽ കവർന്നു പിടിച്ചു ബാറ്റ് പിടിക്കേണ്ടതിങ്ങനെ ആണെന്ന് പറഞ്ഞു ഞങ്ങൾക്ക് വേണ്ടി വീശാൻ എളുപ്പമുള്ള രീതിയിൽ ഒരൊറ്റ തവണ ബോളെറിഞ്ഞു തരാൻ നിങ്ങളെന്നെങ്കിലും മെനക്കെട്ടിരുന്നുവോ?

ഉണ്ടായിരുന്നുവെങ്കിൽ, കോലിയും രോഹിത് ശർമയും സഞ്ജുവും ജഡേജയും ഒക്കെ അടിക്കുന്ന ഓരോ ഷോട്ടിനും നിങ്ങൾക്കൊപ്പം ചേർന്ന് ഞങ്ങളും കമന്ററി പറഞ്ഞേനെ. ക്രിക്കറ്റിഷ്ടമാണെന്നു പറയുമ്പോൾ, 

‘‘കോലിയെ ആയിരിക്കും കൂടുതൽ ഇഷ്ടം’’ എന്ന് പറഞ്ഞു നിങ്ങൾ ചിരിക്കുമ്പോൾ,

‘‘അല്ല, കോലിയെ മാത്രമല്ല, സച്ചിനും യുവിയും രോഹിതും, ഡിവില്ലിയേഴ്സും,മക്കല്ലവും ഒക്കെ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്’’ എന്ന ഞങ്ങളുടെ മറുപടി കേട്ട് നിങ്ങൾക്ക് അതിശയമുണ്ടാവുമായിരുന്നില്ല. ഫെയർനെസ് ക്രീമിന്റെ പരസ്യം മാത്രം കണ്ട് കോലിയുടെ സൗന്ദര്യാരാധന മൂത്തു മാച്ചു കണ്ടു തുടങ്ങിയവരെ മാത്രം നിങ്ങളറിയുന്നത് തികച്ചും സ്വാഭാവികമാണ്. പക്ഷേ അതെന്തു കൊണ്ടാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? കാലങ്ങളായി അതങ്ങനെയാണ് അവരെ ശീലിപ്പിച്ചിട്ടുള്ളത്.

മിതാലി

ഒരു കാലത്ത് പ്രിയപ്പെട്ടതായിരുന്ന കുട്ടികൾക്കായുള്ള ചോക്ലേറ്റ് എന്നെന്നേക്കുമായി ഉപേക്ഷിച്ചത്, ഗേൾസ് ബോയ്സ് എന്ന പേരിൽ വേർതിരിച്ച് അവരിറക്കുന്ന രണ്ടു വേർഷനുകൾ കണ്ടു മനസ് മടുത്തിട്ടാണ്. ഓരോ പെൺകുഞ്ഞി നും പിറന്നാൾ സമ്മാനമായി കിച്ചൺ സെറ്റ് വാങ്ങി  കയ്യിലേൽപിക്കുമ്പോൾ ഒരു ജന്മം മുഴുവൻ അടുക്കളയിൽ പുകയെടുത്തു നീറുന്നതിന് നിങ്ങൾ നൽകുന്ന പ്രത്യുപകാരവും പ്രോത്സാഹനവുമാണതെന്ന് മനസിലാക്കാറുണ്ടോ? കുഞ്ഞനുജന് നിങ്ങൾ വാങ്ങി കൊടുക്കുന്ന ബാറ്റും ബോളുമാണ് തനിക്ക് വേണ്ടതെന്ന് വാശി പിടിച്ചു കരയുന്നവളെ നിങ്ങൾ എന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്?

ഉണ്ടായിരുന്നെങ്കിൽ, സച്ചിനൊപ്പം മിഥാലി രാജിന്റെ പേരു ചേർത്തു വായിക്കാനും നിങ്ങൾ (ഞങ്ങളും) ശീലിച്ചേനെ. സ്‌മൃതി മന്ദാനയുടെ ചിരിയെ വാഴ്ത്തുന്നതിന് പകരം അവരുടെ ഷോട്ടുകളും നിങ്ങൾ അനുകരിച്ചു തുടങ്ങിയേനെ. ക്രിക്കറ്റ് എന്ന് പറയുമ്പോൾ ഒന്ന് women's cricket മറ്റൊന്ന് വെറും ക്രിക്കറ്റുമെന്ന്  വേർതിരിക്കുന്നത് ഒഴിവാക്കിയേനെ. കാരണം ഈ പറഞ്ഞ മിഥാലിയും ഗോസ്വാമിയും മന്ദാനയും ഹർമൻപ്രീതും പൂനം യാദവും വേദകൃഷ്ണമൂർത്തിയുമൊക്കെ അവരിന്നെത്തി നിൽക്കുന്ന പൊസിഷനിൽ എത്തിച്ചേർന്നത് പോലും ഒരു വിപ്ലവമാണ്. നിങ്ങളാരാധിക്കുന്ന (ഞങ്ങളും) ഓരോ പുരുഷ ക്രിക്കറ്റർമാരേക്കാൾ നൂറിരട്ടി പോരാടിയിട്ടാവും. പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാവും. നിങ്ങളും ഞങ്ങളും അവർക്ക് കൊടുത്തു കൊണ്ടിരിക്കുന്ന അംഗീകാരത്തിന്റെ പത്തിലൊരംശം എങ്കിലും ഈ പറഞ്ഞ women cricketers നേടിയെടുത്തിട്ടുണ്ടാവുക.

പറഞ്ഞു പറഞ്ഞു കാട് കയറിയെങ്കിൽ ക്ഷമിക്കുക. ഏതായാലും ഒരു ക്രിക്കറ്റ് നെറ്റ് കണ്ടപാടെ എന്റെയും ഓർമകൾ കുത്തിയൊലിച്ചു കണ്ണു നിറഞ്ഞു. കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവൾ നീ പോയി ബാറ്റ് ചെയ്യെന്നു പറഞ്ഞു തള്ളിവിട്ടപ്പോഴും ഒന്നു സംശയിച്ചു മടിപിടിച്ചു ഞാൻ മാറി നിന്നു. കാരണം എനിക്ക് ഓർത്തെടു ക്കാൻ വളരെ നേർത്ത ഓർമകൾ മാത്രമേ ബാറ്റും ബോളും ചേർത്തുപിടിച്ചു കൊണ്ടുള്ളൂ. എങ്കിലുമടങ്ങാത്ത സ്നേഹവും ആഗ്രഹവുമായി ഞാനും ക്രിക്കറ്റ് നെറ്റിലേക്ക് കേറി. ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്ത് ക്ഷമയോടെനിക്ക് ബോൾ ചെയ്തു തന്നു. മേൽപ്പറഞ്ഞ പോലെ ഒരു പരിഹാസച്ചിരിയുമില്ലാതെ. ബാറ്റു പിടിച്ചതിനെയും  ഷോട്ടിനെയും തിരുത്തി തന്നു. നമുക്കിനിയും ക്രിക്കറ്റിനായി സമയം നീക്കി വക്കാമെന്നു വാക്ക് പറഞ്ഞു..നിങ്ങളൊക്കെ എന്തൊരു മനുഷ്യരാണ്...

വീണ്ടും പറയട്ടെ,

ഞാനൊരു പെൺകുട്ടിയാണ്..

സീരിയൽ കണ്ടുകൂടാത്തവളാണ്..(പണ്ടല്ല)

ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവളാണ്..

കോലിയെയും കോലിയേക്കാൾ അധികം സച്ചിനെയും യുവരാജിനെയും രോഹിത് ശർമയെയും ആരാധിക്കുന്നവളാണ്..

സ്മൃതി മന്ഥാന

ഇനിയും ക്രിക്കറ്റ് മൈതാനങ്ങളിൽ ഞങ്ങളെ പോലുള്ളവരുടെയും ആരവങ്ങൾ പതിവിലും ഉച്ചത്തിൽ മുഴങ്ങിക്കേൾക്കും..

ഇനി വരും തലമുറക്കെങ്കിലും നിങ്ങളെപ്പോലെ വീമ്പിളക്കാൻ പാകത്തിന് ഒരു ബാറ്റും ബോളും സമ്മാനിച്ചു മനോഹരമായ ഒരു കുട്ടിക്കാലം ഞങ്ങൾ ഉറപ്പുവരുത്തും, തീർച്ച..

നാളെകൾ ഞങ്ങളുടേത് കൂടിയാണ്

English Summary: Cricket Story By Shilpa Mohan