പ്രണയത്തിന് ഒരു  ദൃഷ്ടാന്തം (കവിത)

  പ്രണയവും 

ചിലപ്പോൾ  

കൊറോണ പോലെ. 

മിണ്ടാതെ  പറയാതെ 

അറിയാതെ  കാണാതെ 

എങ്ങു നിന്നെന്നറിയാതെ 

ഒരു  വരവു  വരും

അകത്തു കയറിയങ്ങ്  

വിരിപ്പ്  വിരിക്കും. 

ആദ്യമൊന്നും  ഒരു 

അലോസരവും  കാണിക്കില്ല. 

സ്നേഹത്തോടെ  

പറ്റി ചേർന്നു മയങ്ങികിടക്കും.

അനിഷ്ടമായതൊന്നും  

വെളിപ്പെടാതെ  നോക്കും. 

സ്വപ്നങ്ങൾക്ക്  കാത് തരും. 

പരിഭവങ്ങളെ  താലോലിക്കും. 

ദിവസങ്ങൾ  കുറച്ചു കഴിയുമ്പോഴാണ് 

രീതി മാറുക. 

ഇത്  വരെ കണ്ടതൊന്നുമല്ല 

തനിരൂപം എന്നു മനസ്സിലാവും. 

ഉള്ളിൽ  കയറിയത്

ഇഷ്ടം കൂടാനല്ല 

കൂട്ടി  വച്ചിരുന്ന പലതും 

കവരാനാണെന്ന്  തിരിച്ചറിയും 

അപ്പോഴേക്കും 

വൈറസുകൾ  വിന്യസിച്ചു  

കഴിഞ്ഞിരിക്കും. 

പരിഭ്രമിപ്പിക്കുന്ന  

നേരങ്ങളാണ്  പിന്നെ. 

അസ്വസ്ഥതകൾ  നിറഞ്ഞ് 

പേരറിയാ നോവുകളിലേക്ക് നടത്തപ്പെടുന്നു. 

കുറ്റപ്പെടുത്തുന്ന നോട്ടങ്ങളോടെ 

നിരീക്ഷണത്തിലേക്ക് തള്ളപ്പെടുന്നു. 

ഒറ്റപ്പെടലിന്റെ  ഒരു  ലോകം    സൃഷ്ടിക്കപ്പെടുകയായി. 

ഏകാന്തവ്യഥകൾ ഹൃദയത്തിൽ 

കനൽ എരിഞ്ഞ്  തുടങ്ങും. 

എത്ര നീറിയാലും 

അപ്പോൾ  പറയാനാവണം 

കണ്ണി  പൊട്ടിച്ച് 

അതിജീവിക്കുമെന്ന്

രോഗാതുരമായതെല്ലാം  

കുടഞ്ഞെറിഞ്ഞ്  കളയുമെന്ന് 

എന്നിട്ട്  കയറണം  

പ്യൂപ്പക്കുള്ളിലേക്ക് . 

കരുതലോടിരുന്നാൽ മതി 

മനസ്സിൽ ശുഭചിന്തകൾ നിറച്ച്‌ 

ഉള്ളിലെ പളുങ്കുമണികളിൽ 

പൊൻവെയിൽ വീഴ്ത്തിയാൽ മതി 

ദുരിതപർവ്വം  കടന്ന് 

ഒളിവുകാലം കഴിഞ്ഞ് 

തിരിചെത്താനാവില്ലേ 

ശലഭശോഭയോടെ

വീണ്ടും വെളിച്ചത്തിലേക്ക്.

          

English Summary: Pranayathinu Oru Drishtantham Poem By Susan Joshi