പ്രണയവേദന (കവിത)

പ്രിയേയിതു പ്രണയവേദന

ഭാഷയറിയാത്തൊരാത്മാവില്‍

ഗ്രീഷ്മസവിതാവായെരിയുന്ന വേദന

നയനമുകിലാകാശനക്ഷത്രകോണുകള്‍

നിറയുന്നിടക്കിടെ നീറുന്നിടക്കിടെ

കനവുകളൊരുപിടി പൂക്കളാകുന്നു

അറിവുകളതിന്‍മേല്‍

കൂര്‍ത്ത കല്ലുകള്‍ മുള്ളുകള്‍

വാരിവിതറുന്നു.

അകലെയാ തൂവെള്ളമേഘങ്ങള്‍

നിന്‍ രൂപമാകുന്നുവോ

അരികിലായ് വീശുന്ന തെന്നലോ

നിന്‍സ്വരം കവര്‍ന്നെടുക്കുന്നുവോ

പച്ചിലകളില്‍ പ്രണയമഴ പെയ്തിറങ്ങുന്നുവോ

പുഴയിലോളങ്ങള്‍ നിന്‍ നൂപുരം ചാര്‍ത്തിയോ

നീയൊരു സ്‌നേഹസമുദ്രമാകുന്നുവോ

ആഴിയെത്തേടി ഞാനെത്തുന്ന നേരം

നീരാവിയായ് നീയദൃശ്യയാകുന്നുവോ

പ്രിയേയിതസഹനവേദന

എന്തിനീ ജന്മം വെറും മോഹഭിക്ഷുവായ് മാറി ഞാന്‍

നിന്‍റെയാകര്‍ഷണത്തില്‍ അലിഞ്ഞുപോകുന്നു ഞാന്‍

പ്രണയനീര്‍ ദാഹിച്ചലഞ്ഞു ഞാന്‍

ചിറകുവെയ്ക്കാത്തൊരെന്‍റ മോഹങ്ങളിനി

ശൂന്യവാനം പുണരുകില്ലറിയാം

ശ്രുതികേട്ടു കാതോര്‍ത്ത കുയിലിന്‍റ പാട്ടുകളെല്ലാം

വിരഹങ്ങളാണെന്നുമറിയാം

പ്രകൃതിയുടെ വികൃതിയില്‍ തകരുന്ന സ്വപ്നങ്ങള്‍

എന്നെന്നുമെന്‍സ്വന്തമാണെന്നുമറിയാം

ഇനിയെന്നുമോര്‍ക്കുവാന്‍ പ്രണയചരമങ്ങള്‍

ഇനിയെന്നും പാടുവാന്‍ വിരഹഗാനങ്ങള്‍...

English Summary : Pranaya Vedhana Story By Jayaprakash Vellimala