വുഹാനിലെ കൊടുങ്കാറ്റ് (കഥ)

ഒരു ദുഃസ്വപ്നത്തിന്റെ ഞെട്ടലിൽനിന്നു ചാടിയെഴുന്നേറ്റതാണ് ഫെലിക്സ്. പുറത്തു ചീവീടുകളുടെ മൂളൽ... ശരീരം നന്നായി വിയർക്കുന്നു. അടുത്തിരിക്കുന്ന മേശമേൽ വച്ചിരിക്കുന്ന കൂജയുടെ കഴുത്തിൽ പിടിച്ചു നേരേ ചുണ്ടോടടുപ്പിച്ചു. വെള്ളത്തുള്ളികൾ കണ്ഠനാളത്തിലൂടെ ആഴ്ന്നിറങ്ങുമ്പോൾ വല്ലാത്ത നീറ്റൽ.

‘‘അമ്മേ’’ എന്ന ആ നീട്ടിവിളി അൽപ്പം ഉച്ചത്തിലായിരുന്നു. ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അയാൾ ആരോടൊന്നില്ലാതെ പറഞ്ഞു, ഞാൻ ആരെയാണ് വിളിച്ചത്. ഞാൻ ഇപ്പോൾ വിളിച്ചാൽ അമ്മ എങ്ങനെ വിളി കേൾക്കും. മുറിയിലെ വാതിൽ തുറന്നു വരാന്തയിലേക്കുള്ള അയാളുടെ ചുവടുവെയ്പ്പിനിടയിൽ അതിഥിമുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിലേക്ക് അയാൾ പാളിനോക്കി. സമയം പുലർച്ചെ നാലുമണി ആകുന്നതേ ഉള്ളൂ.

വരാന്തയിൽ പണ്ട് അയാളുടെ അപ്പൻ ഉപയോഗിച്ചിരുന്ന ചാരുകസേരയിൽ അയാളിരുന്നു. പുറത്തു റോഡിലൂടെ വാഹനങ്ങളുടെ ഇരമ്പൽ കേൾക്കാം. ഹൈവേയ്ക്കു സമീപത്താണ് അയാളുടെ വീട്. അമ്മയുടെയും അയാളുടെ ഭാര്യയുടെയും വലിയ ഒരാഗ്രഹമായിരുന്നു റോഡ് സൈഡിൽ ഒരു വീടുവയ്ക്കുക എന്നുള്ളത്. ആറുമാസം മുൻപ് കുടുംബസമേതം ഫെലിക്‌സും മേരിക്കുട്ടിയും കുട്ടികളും കൂടി ആഘോഷപൂർവം വീടു കയറിക്കൂടൽ നടത്തിയിട്ടു പോയതാണ്.

അപ്രതീക്ഷിതമായിരുന്നു നാട്ടിലേക്കുള്ള ഫെലിക്സിന്റെ ഈ യാത്ര. അപ്പന്റെ മരണത്തിനു ശേഷം തന്നെയും അനിയനെയും കഷ്ടപ്പാടിന്റെ വേദന എന്തെന്നറിയാതെ വളർത്തി വലുതാക്കിയ അമ്മച്ചിയുടെ മരണം മൂലമുള്ള രണ്ടാംവരവ്. ഇന്നു പന്ത്രണ്ടു ദിവസമായി അയാൾ ഇറ്റലിയിലെ വെനീസിൽനിന്നു നാട്ടിലെത്തിയിട്ട്. 

പ്രതീകാത്മക ചിത്രം

മേരിക്കുട്ടിക്കും കുട്ടികൾക്കും നാട്ടിലേക്കു വന്ന് അമ്മച്ചിയുടെ മുഖം ഒരിക്കൽക്കൂടി കാണണം എന്നുണ്ടായിരുന്നെു. എങ്കിലും വുഹാനിലെ കൊറോണയെന്ന കൊടുങ്കാറ്റ് ഇറ്റലിയെയും പതുക്കെ കാർന്നു തിന്നാൻ തുടങ്ങിയ സാഹചര്യത്തിൽ, എല്ലാവരും കൂടി ഈ സമയത്തു യാത്ര നല്ലതല്ലെന്ന സുഹൃത്തുക്കളുടെ ഉപദേശം അയാളുടെ കുടുംബം അനുസരിക്കുകയായിരുന്നു. അല്ലെങ്കിലും വീടുപണി മൂലം കുറച്ചു കടത്തിലായ ഫെലിക്സിന് പ്രത്യേകിച്ച് വലിയ വരുമാനമൊന്നുമില്ലാത്ത ആ നാട്ടിൽ വൃദ്ധസദനത്തിലെ മേരിക്കുട്ടിയുടെ ജോലിയിൽനിന്നു വേണമായിരുന്നു അയാൾക്ക് ഭാവി സ്വപ്‌നങ്ങൾ നെയ്തുകൂട്ടാൻ. 

ഇപ്പോൾ തോന്നും വരാത്തത് എന്തുകൊണ്ടും നന്നായി എന്ന്. എയർപോർട്ടിലെ മെഡിക്കൽ സംഘത്തിലെ ചെക്കപ്പും തുടർന്ന് പതിനഞ്ചു ദിവസത്തേക്ക് വീട്ടിൽ തന്നെ കഴിയണമെന്ന നിർദ്ദേശവും അയാൾക്ക് അരോചകം ഉണ്ടാക്കിയില്ലെങ്കിലും. അമ്മച്ചിയെ ഒരു നോക്കു കാണാൻ പറന്നെത്തിയ അയാളെ വേദനിപ്പിച്ചത് അനിയന്റെ വാക്കുകളായിരുന്നു. 

‘‘ചേട്ടായിയോട് ഞാൻ പറഞ്ഞതല്ലേ ഇങ്ങോട്ടു വരണ്ടായെന്ന്. ബാക്കിയുള്ളവരെക്കൂടി തീ തീറ്റിക്കാൻ’’ അവൻ താമസിക്കുന്ന തറവാടുവീടിന്റെ മുറ്റത്തുനിന്ന് ഉച്ചത്തിൽ പറയുമ്പോൾ എല്ലാ കണ്ണുകളും തന്നിലേക്കു തിരിയുന്നതും കുറ്റവാളിയെപ്പോലെ നോക്കുന്നതും അയാൾക്കനുഭവപ്പെട്ടു. അവൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന അടക്കം പറച്ചിലുകളും സംസാരങ്ങളും തുടങ്ങുന്നതിനുമുൻപ് അയാൾ തിരിച്ചു നടന്നിരുന്നു; അമ്മയ്ക്ക് അന്ത്യചുംബനം നൽകാനാവാതെ, ഒരുനോക്കു കാണാനാവാതെ. 

പത്താം ക്ലാസിൽ പഠിത്തം നിർത്തി കൊക്കോ ഫാക്ടറിയിലെ ഡ്രൈവർ ജോലി ചെയ്ത് കുടംബത്തെയും അവനെയും സംരക്ഷിച്ചതും പഠിപ്പിച്ചതും കൊക്കോ ഫാക്ടറിയുടമയായ ഉദയേട്ടന്റെ സഹായത്തോടെ സഹകരണ ബാങ്കിൽ അവനു ജോലിമേടിച്ചു കൊടുത്തതും ഇതിനായിരുന്നോ എന്ന് അയാൾ ഒരു നിമിഷം ഓർത്തു തേങ്ങി. 

നേരം പരപരാ വെളുത്തുവരുന്നു. അയൽവീടുകളിലെ പൂമുഖങ്ങളിലും അടുക്കകളിലും ലൈറ്റുകൾ മിഴി തുറന്നു, കോഴികൾ തങ്ങളുടെ പതിവു ശീലമായ കൂക്കൽ വിളി അന്നും തുടർന്നു. സമയം അഞ്ചരയോട് അടുക്കുന്നു. ഗേറ്റില്ലാത്ത അയാളുടെ വീട്ടിൽ പത്രക്കാരൻ അപ്പുച്ചേട്ടൻ പത്രം എറിഞ്ഞിട്ടു ബൈക്കിൽ തിരിച്ചു പോയി. തന്നെ കണ്ടില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ കയറിവന്ന് ഇത്തിരി കൊച്ചുവർത്തമാനം പറഞ്ഞിട്ടേ അപ്പുച്ചേട്ടൻ പോകാറുള്ളൂ. 

വരരുതെന്നു വിലക്കിയിട്ടും കഴിഞ്ഞ ദിവസവും സുഹൃത്തുക്കളുമായി തന്നെ കാണാൻ വന്നിരുന്നു. പതിനഞ്ചു ദിവസം സർക്കാർ പറഞ്ഞിരിക്കുന്ന ഈ വീട്ടുതടങ്കലിനു ശേഷം എല്ലായിടത്തും ഒന്നു പോകണം എന്നുറച്ച് അയാൾ കാർപോർച്ചിൽ കിടക്കുന്ന പത്രക്കടലാസ് എടുക്കാൻ പതിയെ നടന്നു. ശരീരത്തിന്റെ വിറയൽ മാറിയിട്ടില്ല. പത്രം നിറയെ കൊറോണയെക്കുറിച്ചുള്ള വാർത്തകൾ, ഓരോ ദിവസവും മരണങ്ങൾ കൂടി വരുന്നു. 

സാമൂഹിക അകലം പാലിക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആഹ്വാനം ചെയ്യുന്നു. പത്രക്കടലാസുകൾ താഴെ വച്ചിട്ട് പതുക്കെ മൊബൈലിലേക്ക് കൈപരതി. മേരിക്കുട്ടിയെ ഒന്നു വിളിക്കാം എന്നാഗ്രഹിച്ചതും അവളുടെ വിളി വന്നതും ഒരുപോലെയായിരുന്നു. ഇറ്റലിയിലേക്ക് തൽക്കാലത്തേക്ക് ഇനി വരാൻ പറ്റുകയില്ലെന്നും, എയർപോർട്ടുകൾ എല്ലാം അടച്ചെന്നു ഒരു നിർവികാരതയോടെ അയാൾ കേട്ടിരുന്നു. 

കൂടെ മേരിക്കുട്ടി പറഞ്ഞ ഒരു കാര്യം അയാളെ വല്ലാതെ അസ്വസ്ഥനാക്കി. അവിരാച്ചങ്കിൾ മരണപ്പെട്ടു ഇറ്റലിയെത്തിയപ്പോൾ മുതൽ ഫെലിക്സിനെ ആ രാജ്യം മുഴുവൻ പരിചയപ്പെടുത്തിയത് അദ്ദേഹം ആയിരുന്നു, അതിലുപരി ഒരു നല്ല കുടുംബ സുഹൃത്തും. പ്രായാധിക്യവും ഹൃദയ സംബന്ധമായ അസുഖങ്ങളുമായിരിക്കാം അങ്കിളിനെ മരണത്തിലേക്ക് നയിച്ചത് എന്ന് മേരിക്കുട്ടി അങ്ങേത്തലക്കൽ പറഞ്ഞെങ്കിലും അയാളുടെ കണ്ണിൽ ഇരുട്ടു കയറി തുടങ്ങിയിരുന്നു.

കാരണം അയാളുടെ നാട്ടിലേക്കുള്ള ഈ വരവിൽ യാത്രയാക്കാനെത്തിയത് അവിരാച്ചങ്കിൾ ആയിരുന്നു. മരണമെന്ന നഗ്നസത്യം തന്റെ അടുക്കലേക്ക് മഹാമാരിയുടെ രൂപത്തിൽ വന്നടുക്കുന്നതായി അയാൾക്ക് തോന്നി. ഞൊടിയിടയിൽ മുറിയിലെത്തി മേശവലിപ്പിനുള്ളിൽ കിടന്ന തെർമോമീറ്റർ കൊണ്ട് ശരീരത്തിന്റെ താപനില അളന്നു നോക്കുമ്പോൾ അയാളുടെ ഹൃദയമിടിപ്പുകൾക്ക് താളം തെറ്റി... ശരീരം വിറച്ചു... തൊണ്ടയിലൂടെ ഉമിനീർ ഇറക്കുമ്പോൾ അസഹ്യമായ വേദന... മേശ വലിപ്പിനുള്ളിൽ വച്ചിരുന്ന ദിശയുടെ മേൽവിലാസത്തിനായി അയാളുടെ കൈകൾ പരതി; ശേഷം ജീവിതം മരണത്തിന് വിട്ടുകൊടുക്കാൻ തയാറാകാതെ. 

English Summary : Vuhanile Kondunkattu Story By Bennet Jacob