കൊറോണ( കഥ)

എയർപോർട്ടിൽ നിന്നും അവളാണ് വിളിച്ചത് ദയാ ഉത്തമൻ. ഇറുകിയ ജീൻസും അയഞ്ഞ ടീ ഷർട്ടുമിട്ടു കോളജിൽ വിലസി നടക്കാറുണ്ടായിരുന്ന അന്നത്തെ കോളജ്‌  ബ്യൂട്ടി ! അവളുടെ ഒരു കടാക്ഷത്തിനായി പൂവിനു ചുറ്റും വണ്ടെന്നപോലെ എത്ര കൗമാരഹൃദയങ്ങൾ പാറി നടന്നിരുന്നു. എന്നിട്ടും അവൾ എന്നെ മാത്രം ബോയ് ഫ്രണ്ടാക്കിയതിൽ അദ്ഭുതമായിരുന്നു. ഒട്ടും ആകർഷകമല്ലാത്ത മെലിഞ്ഞുണങ്ങിയ ഒരു പാവം പയ്യനെ ജീവിതത്തിൽ അതുവരെ കാണാത്ത ലോകവും അറിയാത്ത പലതും അറിയിച്ചത് അവളായിരുന്നു. കോളജ് കാലത്തിനു ശേഷവും കുറേക്കാലം അവളുമായി ബന്ധമുണ്ടായിരുന്നു.

പക്ഷേ ഇന്ന് അപ്രതീക്ഷിതമായി അവൾ വിളിച്ചപ്പോൾ സന്തോഷം കൊണ്ട് അവന്റെ ഹൃദയം ക്രമാതീതമായി മിടിച്ചു. അപ്പുറത്തുനിന്നും അവളുടെ കിളിക്കൊഞ്ചൽ തുടർന്നു.

‘എടാ നീ വേഗം വരണം. മറ്റാരെങ്കിലും കണ്ടെന്നെ ഐസലേഷനിലാക്കുന്നതിനു മുമ്പ്. ഞാൻ ആഭ്യന്തരയാത്രക്കാരുടെ കൂടെ നിൽക്കുവാ. ഇറ്റലിയിൽ നിന്നാണെന്ന് ആരെങ്കിലും അറിഞ്ഞാൽ.....

എടാ നീ  വേഗം വന്ന്‌ എന്നെ കൊണ്ടു പോ. കാണാൻ കൊതിയാവുന്നു. നീ എപ്പോഴും പറയാറുള്ള പ്രായമായ നിന്റെ അച്ഛനെയും അമ്മയേയും പരിചയപ്പെടുകയും ചെയ്യാമല്ലോ.’

സ്തബ്ധനായി നിന്ന അയാളുടെ ചിന്തയിലപ്പോൾ വൈറസുകൾ പെരുകാൻ തുടങ്ങി. ആരെല്ലാമോ ഓമനപ്പേരിട്ടു വിളിച്ച  സാക്ഷാൽ കൊറോണ വൈറസ്സുകൾ.

English Summary : Corona Story By K.P Ajithan