അടയാളങ്ങൾ (കഥ)

ഇനി നമ്മൾ എന്ന് കാണും? അവന്റെ കരങ്ങൾ  കൂട്ടിപ്പിടിച്ചു  അവൾ ചോദിച്ചു. കറുത്തിരുണ്ട ആകാശത്തിനപ്പുറം ഉയർന്നു പറക്കുന്ന കഴുകന്മാർ ഭൂമിയിൽ ശവങ്ങൾ തിരയുന്ന പോലെ... കടല വിൽക്കുന്നവർ പോലും അപ്രത്യക്ഷമായ കടൽ തീരം.

നമ്മൾ എന്തോ നമ്മുടെ നിഴലുകളെ പോലും ഭയപ്പെടുന്ന കാലം അല്ലേ?

നമ്മളെ നമ്മൾ വിശ്വസിക്കാത്ത കാലം. ഞാൻ വിശ്വസിക്കാത്ത എന്നെ മറ്റാര് വിശ്വസിക്കാൻ. അസ്തമിക്കുന്ന സൂര്യപ്രഭ പോലും ആകാശത്തു കാണുന്നില്ല. ഇരുളിൽ മുങ്ങാൻ തുടങ്ങുന്ന ഭൂമി. ഇത് അവസാനമാകുമോ മണലിൽ വിരൽ കൊണ്ട് ചിത്രം വരച്ചു അവൾ അവന്റെ മുഖത്തേക്ക് നോക്കി.

അവസാനത്തിനു ശേഷവും ആരംഭമുണ്ട്. അതിനവസാനവും ഒന്നും അവസാനിക്കില്ല. ആരംഭിക്കുന്നുമില്ല. അനന്തമാണ്,ശൂന്യവും. മണലിൽ നീ വരച്ചതുപോലും നിമിഷാർധങ്ങളിൽ മറയുന്നു. ജീവിതവും.

പ്രതീകാത്മക ചിത്രം

ഒരു ചോദ്യം കൂടെ... നീ എന്റെ ആരായിരുന്നു?

അർത്ഥമില്ലാത്ത ചോദ്യം. ഞാനും നീയും രണ്ടല്ല. ഒന്നാണ്. അവിടെ ഞാനും നീയുമില്ല‍. നമ്മൾ അവസാനിക്കാത്ത പ്രണയം മാത്രം. കാലങ്ങൾക്കുമപ്പുറം നീളുന്ന പ്രണയം. അരയിൽ നിന്നും അയാൾ ഒരോടക്കുഴലെടുത്തു മൂളാൻ തുടങ്ങി. ആ ശബ്ദവീചികൾ കടൽത്തിരകളെ നിശബ്ദമാക്കി. അയാളുടെ തോളിൽ അവൾ അൽപനേരം കൂടെ തലചായ്ച്ചിരുന്നു. അവരുടെ മനസ്സുകൾ ഒന്നായി ചേർന്നിരുന്നു.

പ്രതീകാത്മക ചിത്രം

പോകാൻ സമയമായി.അവൻ മൃദുവായ ശബ്ദത്തിൽ അവളോട് പറഞ്ഞു. ഇനി കാണുമെന്നു പറയുന്നില്ല .വെളുത്ത കോട്ട് ധരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു. നിറഞ്ഞ കണ്ണുനീരോടെ അവൾ ഒരു സ്റ്റെതസ്കോപ് അവന്റെ കഴുത്തിൽ തൂക്കി കൊടുത്തു. നഗരം മുഴുവനായും മഹാമാരി പടരുമ്പോൾ നമ്മൾ കാത്തിരിക്കുന്നതിനു എന്ത് വില. 

അവളുടെ നഴ്സിങ് കോട്ട് ധരിപ്പിക്കുന്നതിനിടയിൽ അയാളും പറഞ്ഞു. നക്ഷത്രങ്ങൾ പല വഴികളിൽ സഞ്ചരിക്കും. പക്ഷേ പ്രകാശം പൊഴിച്ചിരിക്കും. ഒരു മാത്ര നിന്ന് അവളുടെ കവിളുകളിൽ ചുംബിച്ചു അവൻ പറഞ്ഞു. ഒരിക്കൽ കൂടി അവൾ അവന്റെ കൈകളിൽ ചുംബിച്ചു. പ്രിയനേ നന്ദി .നീ തന്ന നല്ല നിമിഷങ്ങൾക്ക്. പ്രണയത്തിന്. അടയാളങ്ങൾ ബാക്കിയുണ്ടാകും. അത് കാലങ്ങൾക്കുമപ്പുറം  അവശേഷിക്കും. ഇരു വഴികളിൽ അവർ പിരിഞ്ഞു പോകുന്നത് നോക്കി നിന്ന നക്ഷത്രങ്ങൾ പറഞ്ഞു. തോൽക്കില്ല. തോൽപ്പിക്കാൻ കഴിയില്ല. മനസ്സുകളിൽ സ്നേഹം ഉള്ളിടത്തോളം. മനുഷ്യൻ പരാജയപ്പെടില്ല.

English Summary : Adayalangal Story By Vijay Koloth