കരിയിലകൾ വീണു കിടക്കുന്ന പുൽമേട്  കണ്ടു നടക്കാൻ രസമാണ്. കാലത്ത് ഏഴരക്ക് ഓഫീസിൽ എത്തണമെന്നത്  കൊണ്ട്തന്നെ അതിരാവിലെ സൂഫി ഫ്‌ളാറ്റിൽ നിന്നും ഇറങ്ങും. ഓഫീസിലേക്കുള്ള വഴിയിൽ  കുട്ടികളുടെ പാർക്കുണ്ട്. പാർക്കിന് ചുറ്റുമുള്ള ഇരുമ്പു മറയ്ക്ക് അരികെ നിന്ന് അൽപ നേരം  വെറുതെ നോക്കി നിൽക്കാൻ രസമാണ്.

പാർക്ക് വൃത്തിയാക്കുന്ന ബംഗാളി തിരക്കിട്ട ജോലിയിലായിരിക്കും. മഞ്ഞു പെയ്തിറങ്ങിയ പുൽമേട്ടിൽ  തലേ ദിവസം വികൃതി കുട്ടികൾ ഉപേക്ഷിച്ചു പോയ പൊട്ടിയ കളിപ്പാട്ടങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടാകും.

കളിപ്പാട്ടങ്ങൾ ഇല്ലാത്ത ഒരു കുട്ടിയെ പറ്റിയാണ് ഞാൻ പറയാൻ തുടങ്ങിയത്.

അടുത്ത ദിവസങ്ങളിൽ അവനെ കുറിച്ചുള്ള ഓർമ്മകൾ വരാനുണ്ടായ ചില കാര്യങ്ങൾ സംഭവിച്ചിരുന്നു .

ദിബ്ബഫുജൈറയിലെ  യിലെ ആദ്യനാളുകളിൽ മുഹല്ലബിലെ വില്ലയിൽ ആയിരുന്നു താമസം. കഫ്ത്തീരിയ ജീവനക്കാർ താമസിക്കുന്ന വില്ലയായിരുന്നുഅത്. ചെറിയ ഒരു ഒറ്റമുറിയിൽ ഒരു കട്ടിലും മേശയും ഇട്ടു കഴിഞ്ഞാൽ പിന്നെ ഇറങ്ങി നടക്കാൻ പോലും സ്ഥലമില്ലാത്ത ചെറിയ റൂം. കഫ്ത്തീരിയയിലേക്ക് ഷവർമ്മ ഉണ്ടാക്കിയിരുന്ന ഉപകരണം കേടുവന്നപ്പോൾ വില്ലയിൽ കൊണ്ട് വന്നിട്ടു. അതിന്റെ നാല് സൈഡും മറച്ചപ്പോൾ തട്ടുകട സ്റ്റൈലിൽ ഉള്ള നല്ല ഒരു കിച്ചൻ സെറ്റ് ചെയ്യാൻ പറ്റി. വില്ലയുടെ അടുത്തായി തുരുമ്പെടുത്ത ഗേറ്റുള്ള മറ്റൊരു വില്ലയുണ്ട്.

പ്രതീകാത്മക ചിത്രം

നീല നിറം മങ്ങി തുടങ്ങിയ ചുവരുകലുള്ള വില്ല. ക്ലീനിങ് കമ്പനിയിലെ ബംഗാളി  സ്ത്രീ തൊഴിലാളികളാണ് അതിൽ താമസിക്കുന്നത്. കഥപറയാൻ വരുന്ന ബംഗാളികളും പാകിസ്ഥാനികളും വൈകുന്നേരങ്ങളിൽ അവിടുത്തെ കാവൽക്കാരാണ്. കീറിയ ബനിയനിട്ട് കാറ്റുപോയ പന്തുമായി പുറത്തേക്ക് ഓടിവന്ന കുട്ടിയെ ഒരിക്കൽ കണ്ടപ്പോഴാണ് അവിടെ ഫാമിലി കൂടി താമസിക്കുന്നുണ്ട് എന്ന ബോധ്യം ഉണ്ടായത് . സേലം സ്വദേശി സെന്തിലാണ് ആകുട്ടിയുടെ അച്ഛനെന്നും ക്ലീനിങ് കമ്പനിയിലെ ബംഗാളി സ്ത്രീയാണ് അവന്റെ അമ്മയെന്നും അവിടെ കഥപറയാൻ വരുന്ന മറ്റൊരു ബംഗാളി സുഹൃത്ത് എന്നോട് പറഞ്ഞു .

കുട്ടികളുടെ പാർക്കിന് ചുറ്റുമുള്ള ഇന്റർലോക് ചെയ്ത വഴികളിലൂടെ യുള്ള നടത്തം തുടരുമ്പോഴാണ് തമിഴ് സുഹൃത്ത് വിളിച്ചത് .മലയാളികളെ പോലെ അവരും ഇപ്പോൾ സാമൂഹിക സാംസ്കാരിക സംഘടന ഉണ്ടാക്കിയിട്ടുണ്ട്.

‘‘ ഒരു വർഷത്തിൽ കൂടുതലായി വിസ പുതുക്കാതെ നടന്നിരുന്ന ഒരാൾ  മരിച്ചു. അയാളുടെ ബോഡി നാട്ടിലേക്ക് അയക്കുവാനുള്ള പരിപാടികൾ തുടങ്ങാൻ വേണ്ടിയാണ്. കാര്യങ്ങൾ പറഞ്ഞു തരണം’’

പതിനൊന്ന് മണിയാവുമ്പോഴേക്കും അയാൾ പാസ്സ്പോർട്ടുമായി എത്തി.

വെള്ളം വീണ് കുതിർന്ന  അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയ പാസ്പോർട്ട്.

‘‘ അറബിയുടെ കയ്യിലായിരുന്നു പാസ്പോർട്ട്.  ആള് മരിച്ചിട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞു. എങ്ങനെ തുടങ്ങണം എന്നറിയില്ല’’

മരിച്ചയാളുടെ പാസ്‌പോർട്ടുമായി വന്ന തമിഴ് സുഹൃത്ത് പറഞ്ഞു. കൈരളി സാംസ്കാരിക വേദി ദിബ്ബയുടെ   പ്രവർത്തകർ വഴി കൂടുതൽ വിവരങ്ങൾ തിരക്കാം എന്ന ആത്മവിശ്വാസത്തിൽ ഞാൻ പാസ്പോർട്ട് വെറുതെ തുറന്ന് നോക്കി.

അതേ പേര്... അയാൾ തന്നെയാണോ എന്ന് സംശയമാണ്. എങ്കിലും വെറുതെ ചോദിച്ചു.

‘‘ ഇയാൾ ഒരു ബംഗാളി സ്ത്രീയെ അല്ലേ വിവാഹം കഴിച്ചിട്ടുള്ളത് ?’’

‘‘ അതേ ഒരു കുട്ടിയും ഉണ്ടായിരുന്നു. അവർ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. ഇയാളെ ഒരു ബംഗാളിയുടെ മസ്രയിൽ നിന്നാണ് കിട്ടിയത്’’

മരിച്ചത് വർഷങ്ങൾക്ക് മുൻപ് എന്റെ വില്ലയുടെ  മുന്നിൽ താമസിച്ചിരുന്ന സെന്തിൽ തന്നെയാണെന്ന് എനിക്ക് മനസ്സിലായി. ഓഫീസ് കഴിഞ്ഞ് വരുന്ന ഒരു ദിവസം റോഡിൽ നിന്നും ഒരു ഫുട്‍ബോൾ കിട്ടി. സെന്തിലിന്റെ വില്ലയുടെ മുന്നിലെത്തിയപ്പോൾ ട്രൗസർ ഇടാതെ കളിക്കുന്ന അവന്റെ കുട്ടിയെ കണ്ടു. ആ ഫുട്‍ബോൾ അവന് കൊടുത്തു.

പ്രതീകാത്മക ചിത്രം

വെള്ളമടിച്ച് പൂക്കുറ്റിയായി സെന്തിലും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് അവന്റെ ബംഗാളി ഭാര്യയും അവിടെ ഉണ്ടായിരുന്നു. പിന്നീടെന്നാണ് സെന്തിൽ അവിടം വിട്ടതെന്ന് ഞാൻ അന്വേഷിച്ചില്ല . സെന്തിൽ എന്റെ ആരുമല്ലല്ലോ. ആ ബംഗാളി സ്ത്രീയും ആരുമല്ല. 

സൂഫി ഫ്‌ളാറ്റിലേക്ക് താമസം മാറിയ ശേഷം മുഹല്ലബിലെ യാത്രകൾ വളരെ കുറവായിരുന്നു .മുഹല്ലബിലെ വില്ലകളിലെ നൊമ്പരങ്ങളിലേക്ക് ഇറങ്ങി നടക്കാൻ മടിയായിരുന്നു. മുഖമില്ലാത്ത നിഴലുകളുടെ കഥകൾ നിറഞ്ഞ മുഹല്ലബും നീലചായമടിച്ച വില്ലയും സെന്തിലും അവന്റെ കുടുംബവും ഒക്കെ മറക്കാൻ എളുപ്പമുള്ള ഓർമ്മകൾ മാത്രമാണ്.

ഓർമിച്ചിട്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത എല്ലാ അനുഭവങ്ങളും മറക്കാൻ ശ്രമിക്കുകയാണ് .

നാൽപത് വയസ്സ് കുറെയൊക്കെ ഒരു മനുഷ്യനെ തിരിഞ്ഞു നടക്കാനും ചിന്തിക്കാനും അവസരങ്ങൾ ഉണ്ടാക്കാറുണ്ട് .

സെന്തിൽ എവിടെയോ മരിച്ചു കിടക്കുകയാണ്. സെന്തിലിനെ നാട്ടിലേക്ക് കൊണ്ടുപോകാൻ സമയം എടുത്തേക്കും. പക്ഷേ അവന്റെ ഭാര്യയും കുട്ടിയും എവിടെ ആയിരിക്കും? അവന്റെ ഭക്ഷണം, നല്ല വസ്ത്രം ,കളിപ്പാട്ടങ്ങൾ . സ്വപ്‌നങ്ങൾ... അവന് വിശക്കുന്നുണ്ടാവില്ലേ ? അവന് പാസ്പോർട്ട് ഉണ്ടാകുമോ ? ഏത് രാജ്യത്തെ ആയിരിക്കും ? അല്ലെങ്കിൽ വേണ്ട ....ലോകത്ത് എത്രയോ കുട്ടികൾ ഭക്ഷണമില്ലാതെ വസ്ത്രമില്ലാതെ കൈപിടിച്ച് നടത്താൻ ആരുമില്ലാതെ ...

അവർ എന്റെ ആരുമല്ലല്ലോ .... 

സെന്തിൽ , നീ യാത്ര പറഞ്ഞു പോയെങ്കിലും , നീ വഴിയിലുപേക്ഷിച്ചു പോയ രണ്ടു ജീവിതങ്ങൾ .... എല്ലാവരും ഒറ്റക്കാണ്. നീല ചായമടിച്ച ആകാശത്തിന് ചുവട്ടിൽ എല്ലാവരും ഒറ്റക്കാണ് .

English Summary: Neelachayamadicha Villayude Rahasyam Story By Anwar Sha Yuvadhara