എന്റെയാദ്യ വിമാനയാത്ര- ഭാഗം 1 ( ഓർമ്മക്കുറിപ്പ്)

ഇന്ന് ഞാനും വിമാനത്തിൽ കയറാൻ പോവുകയാണ്. കൊച്ചു കുട്ടിയായിരുന്നപ്പോൾ അതിരു കവിഞ്ഞ വിസ്മയത്തോടെ ആകാശത്തു കണ്ണെറിഞ്ഞ് ഈ യന്ത്രപ്പക്ഷികളെ നോക്കി നിന്നതും അമ്മാവന്റെ മകനെ ദുബായിൽ പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ട് വിടുന്ന സമയം, ശബ്ദമടക്കി ഭൂമിയിൽ വിശ്രമിക്കുന്ന രണ്ടു മൂന്നു വിരുതന്മാരെ കണ്ടതുമൊഴിച്ചാൽ ഞങ്ങൾ തമ്മിൽ മുൻപരിചയങ്ങളേതുമില്ല.

എന്നാൽ ഇന്ന്, അത് അവസാനിക്കുകയാണ്. നാളെ മുതൽ ഈ മാന്യദേഹം ആകാശത്തു പായുമ്പോൾ, ‘ഡാ അളിയാ ഓർമയുണ്ടോ എന്നെ’ എന്ന് ചോദിക്കാൻ എനിക്ക് അവകാശമുണ്ടാകാൻ പോകുന്നു.

എന്റെ നാട്ടിൽ നിന്നും രാവിലെ 5 മണിയ്ക്ക് തിരുവനന്തപുരത്തേക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ ഉണ്ട്. കഷ്ടകാലം എന്ന് പറയട്ടെ, ഇവിടെ നിന്നും ദിവസവും സർവീസ് ആരംഭിക്കേണ്ട ആ ബസ് തലേന്ന് രാത്രി 11 മണി വരെയും വന്നിട്ടില്ലെന്ന് ഒരു സുഹൃത്തു മുഖേനെ അറിയാൻ കഴിഞ്ഞു.രാവിലെ എണീറ്റ ഉടനെ അടുത്തുള്ള ഒരു ഓട്ടോക്കാരൻ ചേട്ടനെ വിളിച്ചു. ഞാൻ കുളിച്ചു തയ്യാറായപ്പോഴേക്കും ഓട്ടോ വീട്ടുമുറ്റത്ത്‌ എത്തിച്ചേർന്നിരുന്നു.

പ്രതീകാത്മക ചിത്രം

കരുനാഗപ്പള്ളി ബസ് സ്റ്റാൻഡ് വരെ അച്ഛനും കൂടെ വന്നു. ഒരാഴ്ച പാർക്കാൻ ഉള്ളതാണ്. അതുകൊണ്ട് തോൾ സഞ്ചി കൂടാതെ അത്യാവശ്യം ഭാരമുള്ള ഒരു ബാഗ് ഉണ്ടായിരുന്നു കയ്യിൽ. എത്തിയപ്പോൾ തന്നെ തിരുവനന്തപുരം ബോർഡ് വെച്ച ഒരു ആനവണ്ടി കണ്ട് വേഗം യാത്ര പറഞ്ഞ് ഞാൻ പുറത്തിറങ്ങി ബസിലേക്ക് ചാടിക്കയറി. പിറകെ അച്ഛനും ഓട്ടോക്കാരൻ ചേട്ടനും വന്നുവെന്ന് തോന്നുന്നു. എന്നെയും കാത്ത് ഈ കൊച്ചുവെളുപ്പാൻ കാലത്ത് ഒരു ആകാശസുന്ദരി കാത്തിരിക്കുന്നുണ്ടെന്ന (എന്നെ കാത്തിരിക്കുന്നത് പെണ്ണാണ് ഹേ) വികാരവിക്ഷോഭത്തിൽ ദ്രുതംഗപുളകിതനായിരുന്ന ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.

ബസിൽ കയറിയതും നിരാശയായിരുന്നു ഫലം. കിം സീറ്റ്. പലരും മയങ്ങുന്നു. എന്റെ ചാടിക്കയറലിന്റെ ശബ്ദം കേട്ടാവണം, ചിലർ ഞെട്ടിയുണർന്ന് മൂങ്ങയെപ്പോലെ കഴുത്തു ചെരിച്ച് ഒന്ന് നോക്കി വീണ്ടും നിദ്രയിലേക്ക് മടങ്ങി. ഒരൊറ്റയാളും നിൽക്കുന്നില്ല. ഞാൻ മാത്രം. ‘ഞാനേ വിമാനത്തിൽ കേറാൻ പോവാ, എണീറ്റ് നിന്ന് ബഹുമാനിച്ചോണം’ എന്നുറക്കെപ്പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല.

അപ്പോൾ, കണ്ടക്ടർ വന്ന് ടിക്കറ്റ് തന്നതിന് ശേഷം, കരയുന്ന കുഞ്ഞിന് ദൂരെയാകാശത്ത് പുകയും തുപ്പിപ്പായുന്ന ജെറ്റ് വിമാനമെന്ന പോലെ ഒരു കാഴ്ച കാട്ടിത്തന്നു. ദേ, അങ്ങ് മുൻ വാതിലിനു സമീപം ഒരൊഴിഞ്ഞ സീറ്റ്. ഒട്ടൊന്നെത്തി നോക്കി സീറ്റ് കാലിയെന്ന് ഉറപ്പ് വരുത്തി ഞാൻ അങ്ങോട്ടേക്ക് പാഞ്ഞു. 

‘ഇതേതാണീ പ്രാന്തൻ’ എന്ന ചോദ്യം പേറുന്ന ചില നോട്ടങ്ങൾ എന്റെ നേരെ വന്നു.

ചെറിയ ബാഗ് മടിയിലും വലുത് സീറ്റിന്റെ അടിയിലും പ്രതിഷ്ഠിച്ച് ഞാൻ ഇരുന്നു. ‘ചെറുത് സീറ്റിന്റെ മുകളിലെ കമ്പിക്കൂട്ടിൽ വെച്ചു കൂടേ?’ എന്നിലെ നിത്യസന്ദേഹി ഉണർന്നു. ‘വേണ്ട, വേണ്ട ലാപ്ടോപ്പ് ഒക്കെ ഉള്ളതാ, ഏതെങ്കിലും ഒരുത്തൻ വന്ന് കൈക്കലാക്കി കടന്നാൽ പോക്ക് മുടങ്ങും’. അങ്ങനെ ഉള്ളിലെ ദുരന്തൻ വിജയിച്ചു.

മയങ്ങാതിരിക്കാൻ പരമാവധി നോക്കിയെങ്കിലും നടന്നില്ല. ഇടയ്ക്കിടെ മുൻപിലെയും പിൻസീറ്റിലെയും ഇരുമ്പ് കമ്പികൾ തലയിലിടിച്ച് എന്റെ ഉറക്കത്തെ പരിഹസിച്ചു. അവറ്റകളുടെ പരിഹാസം ഒഴിവാക്കാനായി ട്ടെങ്കിലും ഉണർന്നിരിക്കാൻ ശ്രമിച്ചു. എവിടെ നടക്കാൻ! അങ്ങനെ മയങ്ങിയും ഉണർന്നും, പുറത്തേക്ക് നോക്കിയും സ്വപ്നം കണ്ടും തമ്പാനൂർ എത്തിച്ചേർന്നു.

‘ഇനി ഇവിടുന്ന് എങ്ങനെ പോകും?’ ആലോചിച്ചു നിൽക്കുമ്പോൾ ദേ നിൽക്കുന്നു നമ്മുടെ കണ്ടക്ടർ. 

‘ചേട്ടാ, ഇവിടുന്ന് വിമാനത്താവളത്തിലേക്ക് ബസ് കിട്ടുവോ?’ ഡ്രൈവറുമായി സംസാരിച്ചു നിന്ന പുള്ളിക്കാരൻ തിരിഞ്ഞ് എന്നെ അടിമുടി ഒന്ന് നോക്കി. ‘ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു’ എന്ന തിലകവാക്യമാണ് എന്റെ മനസിലപ്പോൾ വന്നത്.

ഒരു സെക്കൻഡ് കഴിഞ്ഞ് അയാൾ പറഞ്ഞു. ‘ബസ് കുറവാ, പുറത്തേക്ക് ഇറങ്ങിയാൽ നിനക്ക് പ്രീ-പെയ്ഡ് ഓട്ടോ കിട്ടും’

പ്രതീകാത്മക ചിത്രം

സന്തോഷം, ഒന്ന് പുഞ്ചിരിച്ചു പുറത്തേക്ക് ഇറങ്ങി. 

‘ഇനി, ഇതെന്താണപ്പാ ഈ പ്രീ-പെയ്ഡ് ഓട്ടോ?’

വിശപ്പിന്റെ വിളി ഉയർന്നെങ്കിലും വിമാനത്താവളത്തിൽ എത്തിയിട്ട് മതി വിളി കേൾക്കുന്നതെന്ന് ഉറപ്പിച്ചു.

ബസ് സ്റ്റാന്റിന്റെ വാതുക്കൽ ഒരു വശത്തായി കുറെ ഓട്ടോകൾ വരിവരിയായി പാർക്ക് ചെയ്തിരിക്കുന്നു. അടുത്തായുള്ള കുടുസ്സു മുറിയിൽ ഒരു ചെറുപ്പക്കാരൻ കംപ്യൂട്ടർ സ്ക്രീനിൽ കണ്ണും നട്ടിരിക്കുന്നു. ‘പ്രീ-പെയ്ഡ്’ ഓട്ടോ ആയതിനാൽ ഈ ഓഫീസിൽ ആകണം പണം അടയ്ക്കേണ്ടത് എന്ന് ഞാൻ ഊഹിച്ചു. 

‘ഒരു എയർപോർട്ട്’ പറഞ്ഞ് ഞാൻ ഒന്ന് ഞെളിഞ്ഞു നിന്നു. ആശ്ചര്യത്തോടെയുള്ള ഒരു നോട്ടം പ്രതീക്ഷിച്ച ഞാൻ ഇളിഭ്യനായി. കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും കണ്ണെടുത്ത് അയാൾ പിറകിൽ നിന്ന ഓട്ടോക്കാരനോട് സംസാരിക്കുന്നു. എന്നെ നോക്കിയതേയില്ല.

ഇരിക്കുന്നത് കോക്പിറ്റിൽ ആണെന്നാ അവന്റെ വിചാരം (എന്റെ വിമാനച്ചിന്തകൾക്ക് അന്ത്യമില്ലായിരുന്നു).

‘ഒരു എയർപോർട്ട്’ ഞാൻ ശബ്ദം ഒന്ന് കടുപ്പിച്ചു. ഒരു പഴയകാല അവാർഡ് സിനിമ സ്ലോ മോഷൻ ആക്കിയാൽ അതിനെയും നാണിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതികരണം.

‘ഡൊമെസ്റ്റിക്കോ ഇന്റർനാഷണലോ?’

അവന്റെ ഗമയ്ക്ക് മറുപടിയായി ഇന്റർനാഷണൽ എന്ന് പറയാൻ നാവു പൊന്തിയെങ്കിലും പോകേണ്ടത് ചണ്ഡീഗഡിൽ ആയത് കൊണ്ട് ഡൊമെസ്റ്റിക്കിലേക്ക് ചൂളേണ്ടി വന്നു. ഒരു ബില്ല് അടിച്ച് അയാൾ കയ്യിൽ തന്നു (തുക ഓർക്കുന്നില്ല).

ഞാൻ ആദ്യം കിടന്ന ഓട്ടോയിലേക്ക് കയറി.

ഓട്ടോക്കാരൻ ചോദിച്ചു

‘എങ്ങോട്ട്?’

‘എയർപോർട്ട്, ഡൊമെസ്റ്റിക് ടെർമിനൽ’

ഏതൊക്കെയോ റോഡിൽ പണി നടക്കുകയാണത്രേ. അതിനാൽ ചുറ്റിപ്പോകണമെന്ന്. എനിക്ക് സ്ഥലമറിയാത്തതിനെ മുതലെടുക്കയാണോ സജീ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ഒരു പക്ഷേ, ഇയാൾ പറയുന്നത് ശരിയാണേലോ.

പ്രതീകാത്മക ചിത്രം

ഡ്രൈവർ ഒരു സംസാരപ്രിയൻ ആയിരുന്നു. പഞ്ചാബി ഹൗസിലെ ദിലീപിനെപ്പോലെയുള്ള എന്റെ ഇരുപ്പ് കൊണ്ടാകണം ഇഷ്ടൻ പതുക്കെ സംസാരം നിർത്തി (വേണമെന്ന് വെച്ചല്ലാട്ടോ അപരിചിതരോട് കുശലാന്വേഷണം എന്റെ മേഖലയല്ല. ഇനി ഇപ്പോൾ പരിചിതരോടാണെങ്കിൽ പോലും എത്രയോ ഓക്‌വർഡ് സൈലൻസുകൾ [വിലക്ഷണ നിശ്ശബ്ദതകൾ] ഞാൻ അതിജീവിച്ചിരിക്കുന്നു.

അങ്ങനെയിരിക്കെ, എയർപോർട്ട് എത്താറായെന്ന് ദൂരെ നിന്നേ അറിയാൻ കഴിഞ്ഞു. അത്രയ്ക്കുണ്ട് runway ക്ക് വേണ്ടിയുള്ള മൈതാനത്തിന്റെ പരപ്പളവ്. ഓട്ടോ ഒന്ന് കുലുങ്ങി നിന്നു. ഞാൻ പുറത്തിറങ്ങി നടുവ് നിവർത്തി, Departure എന്ന ബോർഡ് കണ്ട് കോൾമയിർ കൊണ്ടു.

‘എന്റെ പ്രഥമ ആകാശയാത്രക്ക് പാത്രമായ പുണ്യസ്ഥാനമേ നമസ്കാരം’  ഞാൻ മനസ്സിൽ പറഞ്ഞു.

തോളിലതാ ഒരു തോണ്ടിവിളി. ഇതേതവനാടാ എന്റെ ചിന്താധാരയിൽ ഡാം കെട്ടിയതെന്നോർത്ത് തിരിഞ്ഞപ്പോഴുണ്ട്.

(തുടരും)

English Summary: Ente Aadhya Vimanayathra Memories By Rahul Krishnan