ഹോം ഐസോലേഷൻ (കഥ)

അയാൾ ഒരു കള്ളനായിരുന്നു. സമീപകാലത്ത് നടക്കുന്നത് അയാൾ അറിയാറില്ല. പത്രം, ടിവി എന്നത് അന്യം.രാത്രിയിലാണ്‌ കൂടുതലും സഞ്ചാരം. അങ്ങനെ ഒരു രാത്രി. അലങ്കാരങ്ങൾ എല്ലാം  അഴിഞ്ഞു വീണു കടക്കുന്ന ഒരു വീടിനു മുൻപിൽ അയാൾ എത്തി. ആ ബഹുനില കെട്ടിടം കണ്ടാൽ അറിയാം എന്തോ ഒരു പ്രവാസിയുടെ രമ്യഹർമ്മം ആണെന്ന്.

പിന്നെ ഒന്നും ചിന്തിച്ചില്ല.എങ്ങനെയെങ്കിലും അകത്ത് കയറാൻ ഉള്ള ത്വരയിൽ പിന്നാമ്പുറത്ത് കൂടി വലിഞ്ഞു കയറി.അത്ഭുതമെന്നു പറയട്ടെ . മുകളിലെ നിലയിലെ വാതിൽ തുറന്നു കിടക്കുന്നു. അകത്തു പ്രവേശിച്ചു. ആർഭാടമായി തോന്നുന്ന ഒരു മുറിയായിരുന്നു അവിടെ.അകത്ത്  ആരോ ഉണ്ട്. നിർത്താതെ ചുമക്കുന്നുമുണ്ട്. പുരുഷ ശബ്ദം ആണ്. ഭാര്യ ആണെന്ന് തോന്നുന്നു ആഹാരം കൊണ്ടു പടികൾ കയറി വരുന്നു. അവർ ആ പാത്രം വാതുക്കൽ വച്ചു രണ്ടു തവണ കൊട്ടി തിരിച്ചു പോയി. പടിയിറങ്ങുന്ന ശബ്ദം കഴിഞ്ഞപ്പോൾ അയാൾ പതിയെ മുറി തുറന്ന് പുറത്തു വന്നു. അയാൾ പാത്രവുമായി അകത്തു കയറി.കുറച്ചു കഴിഞ്ഞു ആ പാത്രം വൃത്തിയായി കഴുകി വാതുക്കൽ വെച്ചു. വാതിൽ ചാരി. 

കുറച്ചു സമയം കാത്തു നിന്ന കള്ളൻ പതുക്കെ അകത്തു കയറി. അയാൾ മയങ്ങിയിരുന്നു. അരികിലെ മേശയിൽ മരുന്നുകൾ. ശബ്‌ദം ഉണ്ടാക്കാതെ സാവകാശം അലമാര ലക്ഷ്യം ആക്കി നടന്നു. പുറകിൽ നിന്നു ആദ്യം കേട്ട ചുമ. ആരാണ് എന്ന ചോദ്യം. അമാന്തിച്ചില്ല. കയ്യിൽ കരുതിയ കത്തിയുമായി തിരിഞ്ഞു.ഒരു മധ്യവയസകൻ. ആകെ ക്ഷീണിതനാണ്. ചുമയും പനിയും നന്നായിട്ട് അലട്ടുന്നു എന്നു കണ്ടാലറിയാം. 

എന്നാൽ അയാൾ ഭയന്നില്ല. അതിനുള്ള കെൽപ് പോലും അയാൾക്കില്ല. കള്ളൻ പറഞ്ഞു ‘‘അനങ്ങരുത്. ഞാൻ നിങ്ങളെ ഉപദ്രവിക്കില്ല.നിങ്ങളുടെ പണം മാത്രം മതി എനിക്ക്’’. അയാൾ മറുപടിയായി ചിരിച്ചു. അതിനേക്കാൾ ഏറെ ചുമച്ചു. എന്നിട്ടു പറഞ്ഞു ‘‘എനിക്കും അങ്ങനെ പറയണം എന്നുണ്ട്. എന്നാൽ ഞാൻ നിങ്ങളെ ഉപദ്രവിച്ചു കഴിഞ്ഞു. ഇനി പണവും അഭരണവും കൊണ്ടു നിങ്ങൾക്കു പ്രയോജനം ഇല്ല.’’ 

പ്രതീകാത്മകചിത്രം

കള്ളൻ ഒന്നും മനസ്സിലാവാതെ പകച്ചു. അയാൾ തുടർന്നു.‘‘ ഞാൻ വിദേശത്തു പോയി കുറെ വർഷങ്ങളായി. ഒരു പാട് സമ്പാദിച്ചു. അതിലുപരി അഹങ്കരിച്ചു. എന്നാൽ തിരിച്ചു വന്നത് ഒരു മഹാമാരിയുമായിട്ടാണ്’’ കള്ളൻ പറഞ്ഞു.

‘‘ അത് നിങ്ങളുടെ കാര്യം.അതിനു ഞാനെന്തു വേണം’’

അയാൾ തുടർന്നു.

‘‘ഇനി അത്  നമ്മളുടെ കാര്യമാണ്. നിങ്ങൾ കൊറോണ എന്ന വ്യാധിയെ കുറിച്ചു കേട്ടിട്ടില്ലേ .അത് അടുത്തു വന്നാൽ പെട്ടെന്നു പകരും. മരണ നിരക്ക് വളരെ കൂടുതൽ ആണ്. അതിന്റെ വ്യാപനം നേരിടാൻ സർക്കാർ നിർദേശ പ്രകാരം ഹോം ഐസോലാഷനിൽ തുടരുന്ന ആളാണ് ഞാൻ.ഒന്നര മീറ്റർ അകലം പാലിക്കണം എന്നാണ്. എന്നാൽ നിങ്ങൾ കത്തിയുമായി എന്റെ വളരെ അടുത്താണ്.’’

കള്ളൻ വിയർത്തു. തല ചുറ്റുന്ന പോലെ. ആംബുലൻസിന്റെ ശബ്ദം.അയാൾ തുടർന്നു.

‘‘ ഇന്നെന്നെ ഹോസ്പിറ്റലിൽ മാറ്റുകയാണ്. തിരിച്ചു വന്നാൽ വീണ്ടും കാണാം’’

പ്രതീകാത്മക ചിത്രം

കള്ളൻ ഒന്നും പറഞ്ഞില്ല.തൊട്ടടുത്ത കസേരയിൽ ഇരുന്നു.എന്തു പറയണം എന്നറിയില്ല.ചെറുതായി ചുമയും ശ്വാസ തടസവും വന്നു.അയാൾ തുടർന്നു.

‘‘ചുമയും ഒരു ലക്ഷണമാണ്. നിങ്ങൾ രോഗിയായി തുടങ്ങി’’

കള്ളൻ നിലത്തു വീണു. ബോധം വന്നപ്പോൾ സർക്കാർ ആശുപത്രി. ഒറ്റപെട്ട മുറി. പുറത്തു നിന്നു സുരക്ഷാ കവചം ധരിച്ച നഴ്‌സ് വന്നു. എന്തോ മരുന്ന് നൽകി. കള്ളന്‍ എന്തോ ചോദിക്കാൻ മുതിർന്നു. പക്ഷേ ചുമ സമ്മതിച്ചില്ല. നേഴ്സ് പോയി. അയാൾ പതുക്കെ എഴുന്നേറ്റു. ചുമ കൂടി. പനിയും ഉണ്ട്. അയാൾ പുറത്തു നോക്കി. അവിടെ ഒരു ബോർഡ് .അതിൽ എഴുതിയിരുന്നു ‘‘കൊറോണ വാർഡ്.’’

English Summary : Home Isolation Story By Rohan Mathew