വെള്ള കോട്ടിട്ട ഒരു ഇരുകാലി ഒരു പ്ലാസ്റ്റിക്‌ കുഴലിലൂടെ അമ്മയുടെ ഗർഭപാത്രത്തിലേക്ക് നേരിട്ട് നിക്ഷേപിച്ചതാണത്രേ എന്റെ പിതൃത്വം. ഇരുകാലികൾക്കോ, ഭാഗ്യം കൊണ്ട് അവരുടെ അടിമച്ചരട് കഴുത്തിൽ വീഴാത്ത, കാട്ടിലെ നാൽകാലികൾക്കോ ഉള്ള സ്വാഭാവിക ദാമ്പത്യവും രതിയും നിഷേധിക്കപ്പെട്ടവരാണല്ലോ ഞങ്ങൾ

വെള്ള കോട്ടിട്ട ഒരു ഇരുകാലി ഒരു പ്ലാസ്റ്റിക്‌ കുഴലിലൂടെ അമ്മയുടെ ഗർഭപാത്രത്തിലേക്ക് നേരിട്ട് നിക്ഷേപിച്ചതാണത്രേ എന്റെ പിതൃത്വം. ഇരുകാലികൾക്കോ, ഭാഗ്യം കൊണ്ട് അവരുടെ അടിമച്ചരട് കഴുത്തിൽ വീഴാത്ത, കാട്ടിലെ നാൽകാലികൾക്കോ ഉള്ള സ്വാഭാവിക ദാമ്പത്യവും രതിയും നിഷേധിക്കപ്പെട്ടവരാണല്ലോ ഞങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ള കോട്ടിട്ട ഒരു ഇരുകാലി ഒരു പ്ലാസ്റ്റിക്‌ കുഴലിലൂടെ അമ്മയുടെ ഗർഭപാത്രത്തിലേക്ക് നേരിട്ട് നിക്ഷേപിച്ചതാണത്രേ എന്റെ പിതൃത്വം. ഇരുകാലികൾക്കോ, ഭാഗ്യം കൊണ്ട് അവരുടെ അടിമച്ചരട് കഴുത്തിൽ വീഴാത്ത, കാട്ടിലെ നാൽകാലികൾക്കോ ഉള്ള സ്വാഭാവിക ദാമ്പത്യവും രതിയും നിഷേധിക്കപ്പെട്ടവരാണല്ലോ ഞങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പോത്തിന്റെ (ആത്മ) കഥ

ആമുഖം

ADVERTISEMENT

മനുഷ്യർക്കിടയിലെ  മഹാന്മാരുടെ, സത്യവും അർദ്ധസത്യവുമായ പല ആത്മ കഥകളും  ജീവചരിത്രങ്ങളും വായിച്ചാസ്വദിക്കുന്ന നിങ്ങളുടെ മുമ്പിലേക്ക്, കേവലം ഒരു ‘പോത്ത്’ ആയ (ആയിരുന്ന) ഞാൻ, എന്റെ  കഥയുമായി കടന്നു വരുന്നത് അവിവേകമാണെങ്കിൽ പൊറുക്കുക! നിങ്ങളിൽ പലരും മനുഷ്യരായി ജനിച്ച് മൃഗങ്ങളായി ജീവിക്കുന്നതു കൊണ്ട്, മൃഗമായി ജനിച്ച് മൃഗമായിത്തന്നെ ജീവിച്ച എന്നിൽ നിന്നും വലിയ വ്യത്യാസമില്ല എന്ന തിരിച്ചറിവുകൊണ്ടാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിരുന്നത്. അല്ലെങ്കിലും, ശരീരം മാത്രമാണല്ലോ മനുഷ്യനെന്നും, മൃഗമെന്നും മരമെന്നും  വേർതിരിക്കുന്നത്‌! ശരീരമുള്ള  നിങ്ങളുടെ  ആത്മാവും ശരീരമില്ലാത്ത എന്റെ ആത്മാവും തമ്മിൽ  എന്ത് വ്യത്യാസം!

ജീവചരിത്രവും ആത്മകഥയും തമ്മിലുള്ള അന്തരത്തിന്റെ പേരിൽ നിങ്ങൾ മുഖം ചുളിക്കേണ്ട. എനിക്ക് ആത്മകഥയെന്നാൽ ‘ആത്മാവ് എഴുതുന്ന കഥ’ എന്നേ  അർഥമുള്ളൂ. മറ്റൊരു ശരീരം സ്വീകരിക്കുന്നതിനു മുമ്പ് നിങ്ങൾക്കു വേണ്ടി ജീവിച്ചു മരിച്ച  എന്റെ കഥ പറയണമെന്ന് തോന്നി (ഇത് വായിക്കുന്ന നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ചോദിക്കരുത്, എനിക്കറിഞ്ഞുകൂടാ!). 

 

മുന്നറിയിപ്പ്

ADVERTISEMENT

 

ഇത് നാല് കാലും, വാലും ഉള്ള എന്റെയും എന്റെ വർഗ്ഗത്തിന്റെയും മാത്രം കഥയാണ്. ഞങ്ങളെ നാണം കെടുത്താനായി നിങ്ങളിലാർക്കെങ്കിലും ഞങ്ങളുടെ പേര് കൊടുത്തിട്ടുണ്ടെങ്കിൽ അവരുമായി ഈ എഴുത്തിനു യാതൊരു ബന്ധവുമില്ല. കൊടിയും രാഷ്ട്രീയവും ഇല്ലാത്തതുകൊണ്ട് നിങ്ങളുടെ ഇടയിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും പ്രധാന പ്രശ്നമായ ‘തിന്നരുത്/ തിന്നും’ എന്ന വെല്ലുവിളികൾക്കും ഈ എഴുത്ത് പക്ഷം പിടിക്കുന്നില്ല.   

 

അധ്യായം ഒന്ന് - ജനനവും ബാല്യവും

ADVERTISEMENT

 

ആന്ധ്രയിലെ ഒരു ഫാമിൽ ആയിരുന്നു ജനനം. ചുരത്തുന്ന പാലിന്റെ അളവ് നോക്കുമ്പോൾ അമ്മ ഏതോ മുന്തിയ  കുലത്തിൽ  പെട്ടതായിരിക്കാനാണ്  സാധ്യത. സമ്പന്നമായിരുന്നു അമ്മയുടെ ജീവിതം. മുന്നിൽ പച്ചപുല്ലും, പിണ്ണാക്ക് ചേർത്ത കാടിയും ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. എല്ലാ ദിവസവും കുളുപ്പിക്കാനും ‘വീട്’ വൃത്തിയാക്കാനും ഇരുകാലികൾ ധാരാളമുണ്ടായിരുന്നു. എന്റെ അച്ഛനെക്കുറിച്ച് അമ്മയ്ക്ക് അറിയില്ല. വെള്ള കോട്ടിട്ട ഒരു ഇരുകാലി ഒരു പ്ലാസ്റ്റിക്‌ കുഴലിലൂടെ അമ്മയുടെ ഗർഭപാത്രത്തിലേക്ക് നേരിട്ട് നിക്ഷേപിച്ചതാണത്രേ എന്റെ പിതൃത്വം. ഇരുകാലികൾക്കോ, ഭാഗ്യം കൊണ്ട് അവരുടെ അടിമച്ചരട് കഴുത്തിൽ വീഴാത്ത, കാട്ടിലെ നാൽകാലികൾക്കോ ഉള്ള സ്വാഭാവിക ദാമ്പത്യവും രതിയും നിഷേധിക്കപ്പെട്ടവരാണല്ലോ ഞങ്ങൾ!. 

 

‘വീട്ടിൽ ആണും തൊഴുത്തിൽ പെണ്ണും പിറക്കണ’മെന്നുള്ള  മുതലാളിയുടെ പ്രാർഥന ദൈവം തിരിച്ചായിരിക്കും കേട്ടത്. അതുകൊണ്ട് എന്റെ ജനനം അമ്മയെ ഒഴികെ ആരെയും സന്തോഷിപ്പിച്ചില്ല. അമ്മയുടെ കറവ വറ്റുന്നത് വരെ കൂടെ കഴിയാനായത് പാല് ചുരത്താതെ അമ്മ നടത്തിയ ചില കളികൾ കൊണ്ട് മാത്രമായിരുന്നു.

 

അധ്യായം രണ്ട് - കൗമാരം

 

അമ്മയുടെ അടുത്തു നിന്ന് എന്നെ മാറ്റിയത് സമപ്രായക്കാർ ഏറെയുള്ള, ആകാശം മാത്രം മേല്ക്കൂരയായുള്ള, വേലികെട്ടി തിരിച്ച ഒരു സ്ഥലത്തേക്കായിരുന്നു. ദാഹിക്കുമ്പോൾ ചുണ്ട് നനക്കാൻ കുറച്ച് അഴുക്കു വെള്ളം, ‘പെണ്ണുങ്ങൾ’ (ഇരുകാലികളിൽ നിന്ന് വ്യത്യസ്തമായി, പ്രസവിക്കുമെന്ന ഒറ്റക്കാരണത്താൽ ഞങ്ങളുടെ വർഗ്ഗത്തിൽ പെണ്ണിനാണ് എവിടേയും സ്ഥാനം!) തിന്നു ബാക്കി വരുന്ന കുറച്ചു മണ്ണ് പുരണ്ട വൈക്കോൽ, ഇത്രയുമായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത് (ഇത് പങ്കിട്ടെടുക്കാൻ ഞങ്ങൾ പരസ്പരം പോരടിക്കുമായിരുന്നു!). രാജകീയ സൗകര്യത്തിൽ തിന്നും കുടിച്ചും കൊഴുത്ത് സുന്ദരികളായി നടക്കുന്ന ഞങ്ങളുടെ പെൺ വർഗ്ഗത്തെ കാണുമ്പോൾ വിശപ്പിനേക്കാൾ ഞങ്ങളിൽ കത്തി നിന്നത് വേറെ എന്തോ വികാരമായിരുന്നു (ഞങ്ങൾക്കിടയിലും ചില ‘സ്വവർഗ്ഗരതിക്കാർ’ ഉണ്ടായിരുന്നു എന്നത്  ഞാൻ വിസ്മരിക്കുന്നില്ല!). ചുറ്റും കെട്ടിയിരുന്ന വേലികൾ തകർക്കാനാകാതെ അലമുറയിട്ട ഞങ്ങളെ തേടി ഇരുകാലികളിൽ ചിലരെത്തി. ഞങ്ങൾക്ക് സ്വാതന്ത്ര്യം തരാനാണ് ആ വരവ് എന്നറിഞ്ഞ് പലരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. പെട്രോൾ ടാങ്ക് മുറിച്ച് മാറ്റി ദീർഘ യാത്രയ്ക്ക് ആശംസകൾ നേർന്ന പോലെയായി ആ സ്വാതന്ത്ര്യം! മനസ്സ് കൊതിച്ച ‘ആ സുഖം’ ഒരിക്കൽ പോലും അനുവദിക്കാതെ, ഞങ്ങളുടെ വൃഷണങ്ങൾ മുറിച്ചെടുത്ത് ഇരുകാലി തെണ്ടികൾ  അവരുടെ രാത്രി ഭക്ഷണം സ്വാദിഷ്ടമാക്കി!

 

അധ്യായം മൂന്ന് - യൗവ്വനം  

 

കഴുത്തിൽ നമ്പർ എഴുതിയ ഒരു ബെൽറ്റ്‌ കെട്ടി അതിരുകളില്ലാത്ത ഒരു തെരുവിലേക്ക് അവർ ഞങ്ങളെ ഇറക്കി വിട്ടു. അമ്മയെ കാണണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു, നടന്നില്ല. ഒന്നുകിൽ വെളുത്ത കോട്ടിട്ട ഇരുകാലി അമ്മയെ വീണ്ടും ഗർഭിണി ആക്കിയിട്ടുണ്ടാകും. അത് നടന്നില്ലെങ്കിൽ, പറമ്പിന്റെ ഏതെങ്കിലും മൂലയിൽ, കേരളത്തിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ വരുന്ന ‘മരണ വണ്ടി’യും കാത്ത് അമ്മ കിടപ്പുണ്ടാകും (മുതലാളിയുടെ അമ്മ പട്ടിണി കിടന്നാലും എന്റെ അമ്മ പട്ടിണി കിടക്കേണ്ടി വരില്ല, ശരീരം ക്ഷീണിച്ചാൽ തൂക്കം കുറയില്ലേ!).

 

ചുവന്ന  മണ്ണും ചെളി പിടിച്ച ചുമരുകളുമല്ലാതെ ആ തെരുവിൽ പച്ചിലയുടെ കണിക പോലുമുണ്ടായിരുന്നില്ല. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ ഞങ്ങൾ തെരുവ് മുഴുവൻ അലഞ്ഞു. ഒടുവിൽ എത്തിപെട്ടത് നഗരത്തിന്റെ മാലിന്യങ്ങൾ മുഴുവൻ കൊണ്ട് വന്നു തള്ളുന്ന ഒരു സ്ഥലത്താണ്. അവിടെയും ചില ഇരുകാലികൾ ഉണ്ടായിരുന്നു, ചിലരൊക്കെ എന്തോ പെറുക്കി കൂട്ടുന്നു, ചിലർ എന്തൊക്കെയോ പെറുക്കി തിന്നുന്നു. വിശപ്പ്‌ സഹിക്കാനാവാതെ ഞങ്ങളും ഒരു ഭാഗത്ത് കൂടി. ഞങ്ങളുടെ സ്വാഭാവിക ഭക്ഷണങ്ങളിൽ നിന്നും ഒരു പാട് വ്യത്യസ്തമായിരുന്നു മുമ്പിൽ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക്‌, പേപ്പർ അങ്ങനെ പലതും, വിശക്കുന്നവന് മുമ്പിൽ കിട്ടുന്നതെന്തും അമൃതിനു തുല്യം!.  

ചിലപ്പോഴൊക്കെ തെരുവിലെ ചുമരുകളിൽ ഒട്ടിച്ചു വെച്ച ഇരുകാലികളുടെ വർണ്ണ മുഖമുള്ള പോസ്റ്ററുകളും ഉണക്കക്കമ്പിൽ കെട്ടി തൂക്കിയ കൊടികളും  ഞങ്ങൾ ആഹാരമാക്കും (കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഇല്ലെങ്കിലും പോസ്റ്ററും കൊടിയുമില്ലാതെ ഇരുകാലികൾക്ക്‌ ജീവിക്കാനാവില്ലെന്ന് അമ്മ പറഞ്ഞിട്ടുണ്ട്!). ഇത് മൂലം ഇരുകാലികളുമായി   ചില സംഘട്ടനങ്ങൾ പതിവായിരുന്നു. ശുദ്ധ ജലമൊഴുകുന്ന പുഴയും തോടും ഇല്ലാത്തതിനാൽ വെള്ളം കുടിച്ചിരുന്നത്‌ തെരുവിന്റെ എല്ലാ മാലിന്യങ്ങളും ഒഴുകിയെത്തുന്ന ഓടയിൽ നിന്നായിരുന്നു. ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷത്തിന്റെ അളവ് പുറന്തള്ളുന്ന വിസർജ്ജ്യത്തിന്റെ മണത്തിൽ പ്രകടമായിരുന്നു. കുളിയും തേപ്പുമില്ലാതെ കറുപ്പ് മാറി, ശരീരം മുഴുവൻ ചെളിയുടെ നിറമായി തീരാൻ അധിക നാൾ വേണ്ടി വന്നില്ല.  

 

അധ്യായം നാല് - നാടുകടത്തൽ

 

ഞങ്ങളെ തെരുവിലേക്ക് അഴിച്ചു വിട്ടെങ്കിലും ഇരു കാലി മുതലാളിയും അവന്റെ സഹായികളും ഇടയ്ക്ക് അന്വേഷിച്ച് എത്താറുണ്ടായിരുന്നു. കഴുത്തിൽ കെട്ടിയ ബെൽറ്റ്‌ ഞങ്ങളുടെ വളർച്ചയ്ക്കനുസരിച്ച് അവർ അഴിച്ചു കെട്ടും. ഒടുവിൽ വന്നപ്പോൾ ഒരുത്തന്റെ കയ്യിൽ ഒരു വടിയുണ്ടായിരുന്നു. ഞാനടക്കമുള്ള കുറച്ചു വലുതായവരെ തിരഞ്ഞെടുത്ത് അവൻ ഞങ്ങളുടെ പഴയ തറവാട്ടിലേക്ക് തെളിച്ചു. അവിടെ ഞങ്ങളെ കാത്ത് കേരളത്തിൽ നിന്നുള്ള ഒരു ലോറി നിന്നിരുന്നു. കഴുത്തിലെ ബെൽറ്റ്‌ അഴിച്ചു വെച്ച് ഞങ്ങളെ അവർ ലോറിയിലേക്ക് കയറ്റി (ഭക്ഷണവും വെള്ളവുമില്ലാതെ മെലിഞ്ഞൊട്ടി എല്ലും തോലുമായി മാറിയിരുന്നു ഞങ്ങളെങ്കിലും ഓരോരുത്തർക്കും ഗാന്ധിയുടെ ചിത്രമുള്ള മൂന്നു ചുവന്ന നോട്ടുകൾ വിലയിട്ടിരുന്നു). ഏട്ട് പേർക്ക് കയറാവുന്ന വണ്ടിയിൽ പതിമൂന്നു പേരുണ്ടായിരുന്നു, ഇടയ്ക്കെപ്പോഴോ ഒരു പുഴക്കരയിൽ  കുറച്ചു നേരം നിർത്തി ഞങ്ങൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യം അവർ ചെയ്തു തന്നു. വീണും തളർന്നും ശ്വാസം മുട്ടിയും ഞങ്ങളെത്തിയത് സ്വർഗ്ഗതുല്യമായ ഒരു സ്ഥലത്തേക്കായിരുന്നു. അത്രയും പച്ചപ്പും, കണ്ണാടി പോലുള്ള വെള്ളവും ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു.     

 

അധ്യായം അഞ്ച് - മരണം

 

ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. മേഞ്ഞു നടക്കാൻ എക്കറു കണക്കിന് പുൽമേടുകൾ. കുടിക്കാൻ ഇഷ്ടം പോലെ വെള്ളം. എല്ലാ ദിവസവും സ്നേഹപൂർവം തൊട്ടും തലോടിയും എണ്ണ തേച്ച് കുളിപ്പിക്കാൻ നിരവധി ഇരുകാലികൾ. എല്ലാ രാത്രിയിലും ശരീരത്തിൽ കുത്തി കയറ്റുന്ന ഒരു വലിയ സിറിഞ്ചിന്റെ വേദന ഒഴിച്ചാൽ ജീവിതം പരമ സുഖം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവങ്ങൾ മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പിച്ച നാളുകൾ. ഏകദേശം മൂന്നു മാസമെടുത്തു കാണും. ഞങ്ങളുടെ ശരീരം ആകെ മാറി. തടിച്ച് കൊഴുത്ത്, ചലിക്കാനാവാത്ത വെറും മാംസപിണ്ഡങ്ങൾ ആയി എല്ലാവരും. ഭക്ഷണവും വെള്ളവും കാണുന്നത് തന്നെ ചില സമയങ്ങളിൽ വെറുപ്പായി. കഴിച്ച ഭക്ഷണത്തേക്കാളും സിറിഞ്ച് വഴി കുത്തികയറ്റിയ വിഷമാണ് ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. അധികം താമസിയാതെ, ഞങ്ങളുടെ അടുത്ത യാത്രയുടെ ബെല്ലും മുഴങ്ങി.   

 

ദൈവ വേഷം ധരിച്ച പിശാചുകളുടെ കച്ചവടബുദ്ധി അപാരം തന്നെ! മൂന്നു ചുവന്ന നോട്ടിനു വാങ്ങിയ ഞങ്ങൾക്കു ഓരോന്നിനും നാല്പ്പത് ചുവന്ന നോട്ടുകൾക്കാണ്‌ കച്ചവടമുറപ്പിച്ചത്. കച്ചവടത്തിൽ ഇവരെ തോല്പ്പിക്കാൻ ഭൂമിയിൽ ആർക്കും കഴിയില്ല എന്നത് വെറും വാക്കല്ല!

 

അടുത്ത യാത്ര നഗരത്തിന്റെ ഇടുങ്ങിയ വഴികളിലൂടെയായിരുന്നു. ഒറ്റപ്പെട്ട് നില്ക്കുന്ന ഒരു പഴയ കെട്ടിടത്തിന്റെ പുറകുഭാഗത്ത് കൂടെ ഞങ്ങളുടെ വണ്ടി ഉള്ളിലേക്ക് കയറ്റി. ഇരുമ്പുലക്കയും വലിയ ചുറ്റികകളുമായി ഞങ്ങളെ പോലെ തന്നെ തടിച്ചു ഭീകര രൂപികളായ കുറച്ചു ഇരു കാലികൾ ഉണ്ടായിരുന്നു അവിടെ. വെള്ളം കുടുപ്പിക്കലും പ്രാർഥനയും ഒന്നും ഉണ്ടായില്ല. വണ്ടിയിൽ നിന്ന് ഇറങ്ങിയ സ്ഥലത്ത് തന്നെ ഇരുമ്പുലക്ക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി, വലിയ ചുറ്റിക കൊണ്ട് തലയുടെ ഒരു പ്രത്യേക ഭാഗത്ത് അടിച്ച്, ഒരു തുള്ളി ചോരപോലും പൊടിയാതെ അവർ ഞങ്ങളുടെ മരണം ഉറപ്പാക്കി.

 

അധ്യായം ആറ് - മരണാനന്തരം 

 

ചോര ഉള്ളിൽ കട്ട പിടിക്കാനുള്ള സമയം കഴിഞ്ഞ്, ഒരു വലിയ ക്രൈൻ ഉപയോഗിച്ച്, ഞങ്ങളുടെ ശരീരം അവർ കെട്ടിടത്തിന്റെ വേറൊരു ഭാഗത്തേക്ക് വലിച്ചു കൊണ്ട് പോയി. വൃത്തിഹീനമായ, ചീഞ്ഞ മാംസത്തിന്റെയും ചോരയുടെയും ഗന്ധമുള്ള സ്ഥലം. ചോര കട്ടപിടിച്ച മാംസ കഷ്ണങ്ങൾ ഒരു മെഷിനിൽ തൂക്കി (ഒരുത്തൻ പേപ്പറിൽ അത് കുറിച്ച് വെച്ചു) അവർ അടുത്തുള്ള ഒരു ചുവന്ന ലായനിയിലേക്ക് ഇട്ടു. തോലും എല്ലുകളും അപ്പോൾ തന്നെ ഒരു വണ്ടിയിൽ കയറ്റി പുറത്തേക്ക് കൊണ്ട് പോയി. ആ മാംസഭാഗങ്ങൾ ചുവന്ന ലായനിയിൽ നിന്നും പുറത്തെടുത്തത് രണ്ടു ദിവസം കഴിഞ്ഞായിരുന്നു. തൂക്കത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി എന്ന് അവർ പരസ്പരം പറഞ്ഞു.

 

അവിടുത്തെ ദുർഗന്ധം വെറും ആത്മാവായ എനിക്ക് പോലും അസഹ്യമായിരുന്നത് കൊണ്ട് എന്റെ മാംസഭാഗങ്ങൾ കൊണ്ടുപോകുന്ന വണ്ടിയിൽ ഞാനും കയറി പറ്റി. ഇപ്പോൾ യാത്ര നഗരത്തിലൂടെയാണ്, ഇടയ്ക്കിടയ്ക്ക് ദാഹം മാറ്റാനെന്നപോലെ ബക്കറ്റിൽ കരുതിയിരുന്ന ചുവന്ന ലായനിയിൽ അവർ മാംസക്കഷ്ണങ്ങൾ മുക്കിയെടുക്കുന്നുണ്ട്. നഗരത്തിൽ തല ഉയർത്തി നിൽക്കുന്ന മുഖസൗന്ദര്യമുള്ള വൻകിട ഹോട്ടലുകളിലും ഷീറ്റ് മറച്ച തട്ട് കടകളിലും ഒരേ പോലെ എന്റെ മാംസം വിതരണം ചെയ്യുന്നത് എന്നിൽ കൗതുകമുണർത്തി.  

 

പ്ലാസ്റ്റിക്കും  മറ്റു മലിന വസ്തുക്കളും തിന്ന്‌ വിഷമായി മാറിയ എന്റെ ശരീരഭാഗങ്ങൾ എങ്ങനെ ഈ ഇരുകാലികൾ ഇഷ്ടപെടുന്നു എന്നറിയാൻ  എനിക്ക് താല്പര്യമുണ്ടായി. അതുകൊണ്ട് തന്നെ, മാംസത്തിന്റെ അവസാന ഭാഗം കൊടുത്ത ഹോട്ടലിൽ ഞാനുമിറങ്ങി. ആത്മാവിനു പോലും കൊതി തോന്നുന്ന മണമായിരുന്നു അടുക്കളയിൽ നിന്ന് ഉയർന്നത്. മസാലക്കൂട്ടുകളുടെ മാന്ത്രിക വിദ്യയിൽ എന്തും എങ്ങനെയും സ്വാദിഷ്ടമാകുമെന്നു എനിക്ക് മനസ്സിലായി.   

 

അധ്യായം ഏഴ് - സമാപ്തി

 

അടുത്ത ജന്മത്തിലേക്ക് പോകാനുള്ള സമയമായി, ഈ എഴുത്ത് അവസാനിപ്പിക്കാനും. പാപങ്ങൾ ചെയ്യാത്തതുകൊണ്ടാകും എനിക്ക് മനുഷ്യ ജന്മമാണെന്ന് ആരോ വിളിച്ചു പറയുന്നുണ്ട്. 

 

എന്റെ കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു അപേക്ഷ! ഞങ്ങളെ  ഭക്ഷിക്കുന്നതും ഭക്ഷിക്കാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടം. എങ്കിലും, പ്രകൃതി ഞങ്ങൾക്ക് അനുവദിച്ച സ്വാഭാവികമായ  ഭക്ഷണ രീതിയും മറ്റും മാറ്റാതിരുന്നു  കൂടെ! ചുരുങ്ങിയത്, നിങ്ങളുടെ ആരോഗ്യത്തെ ഓർത്തെങ്കിലും! ഞങ്ങളെ വിഷം തീറ്റി നിങ്ങൾ വിഷം തിന്നുന്നതെന്തിന്? കണ്ണും മൂക്കും നാക്കും കീഴടക്കി കണ്ണാടി  പാത്രത്തിൽ അലങ്കരിച്ചു വെച്ചത് ആസ്വദിച്ച് അകത്താക്കുമ്പോൾ വല്ലപ്പോഴും ഒന്ന് പുറകോട്ടു തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. എനിക്കറിയാം ഇത് പറഞ്ഞിട്ട് കാര്യമില്ലെന്ന്, നിങ്ങളിൽ പകുതി പേരും കഥ അറിയാതെ ആട്ടം കാണുന്നവരല്ലേ!   

 

English Summary: Oru pothinte athmakadha, Malayalam Short Story