‘അപ്പോൾ പിന്നെ സ്വാഭാവികമരണം. ആ വിവരം കെട്ട ചെക്കൻ ശവം കുളത്തിൽ കൊണ്ടുപോയി ഇട്ടതാണ് പൊല്ലാപ്പായത്. ഉം, ഞാൻ വേണ്ടത് ചെയ്യാം’ ഇൻസ്പെക്ടറും പൊലീസുകാരും അമ്പലകുളത്തിന് അടുത്തേയ്ക്ക് നടന്നു.

‘അപ്പോൾ പിന്നെ സ്വാഭാവികമരണം. ആ വിവരം കെട്ട ചെക്കൻ ശവം കുളത്തിൽ കൊണ്ടുപോയി ഇട്ടതാണ് പൊല്ലാപ്പായത്. ഉം, ഞാൻ വേണ്ടത് ചെയ്യാം’ ഇൻസ്പെക്ടറും പൊലീസുകാരും അമ്പലകുളത്തിന് അടുത്തേയ്ക്ക് നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അപ്പോൾ പിന്നെ സ്വാഭാവികമരണം. ആ വിവരം കെട്ട ചെക്കൻ ശവം കുളത്തിൽ കൊണ്ടുപോയി ഇട്ടതാണ് പൊല്ലാപ്പായത്. ഉം, ഞാൻ വേണ്ടത് ചെയ്യാം’ ഇൻസ്പെക്ടറും പൊലീസുകാരും അമ്പലകുളത്തിന് അടുത്തേയ്ക്ക് നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിതലരിച്ച ഫയലിലെ ഒരു സ്വാഭാവികമരണം (കഥ) 

 

ADVERTISEMENT

അമ്പലക്കുളത്തിൽ ഒരു സ്ത്രീയുടെ ജഡം പൊങ്ങിക്കിടക്കുന്നു എന്ന വാർത്തയിലേക്കാണ് അന്ന് ഗ്രാമം ഉണർന്നത്. അമ്പലക്കുളം എന്നു പറയുമ്പോൾ മുമ്പെന്നോ അമ്പലം അവിടെ നിലനിന്നിരുന്നു എന്നർത്ഥം. കേട്ടവർ കേട്ടവർ കണ്ണും തിരുമ്മി അങ്ങോട്ടേക്കോടി. ചക്കരക്കട്ടയെ ഈച്ച പൊതിയുംപോലെ വളരെ പെട്ടന്നു തന്നെ കുളത്തിനു ചുറ്റും ആളുകൾ മണ്ടിക്കൂടി. കുളത്തിന്റെ ഏതാണ്ട് മധ്യത്തിൽ ആയിട്ടായിരുന്നു ജഡം പൊങ്ങിക്കിടന്നിരുന്നത്. 

 

മൃതദേഹം അയ്യപ്പൻകുട്ടിയുടെ പെങ്ങൾ ചക്കിപ്പെണ്ണിന്റേതാണെന്ന് ആളുകൾ തിരിച്ചറിഞ്ഞു. ഇടതുകാലിന് ജന്മനാ മുടന്തുണ്ടായിരുന്നെങ്കിലും ജോലി ചെയ്യുന്നതിന് ചക്കിപ്പെണ്ണിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. വയസ്സ് മുപ്പത്തിയഞ്ച് ആയെങ്കിലും  കല്ല്യാണം കഴിഞ്ഞിരുന്നില്ല. 

 

ADVERTISEMENT

ചക്കിപ്പെണ്ണും അയ്യപ്പൻകുട്ടിയും അയാളുടെ ഭാര്യയും മൂന്ന് മക്കളും അമ്മാവനായ കേളുവും ഒരു വീട്ടിൽ ഒന്നിച്ചായിരുന്നു താമസം. ചക്കിപ്പെണ്ണിന്റെ അമ്മയ്ക്ക് ചുഴലിദീനമായിരുന്നു. ഒരിക്കൽ, പണി കഴിഞ്ഞു വൈകുന്നേരം അമ്പലക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. നേരം ഏറെ വൈകിയിട്ടും കാണാത്തതു കൊണ്ട് കേളു തിരഞ്ഞുചെന്നു. വെള്ളത്തിൽ മരിച്ചു കിടക്കുന്ന പെങ്ങളെ തോളിലേറ്റിയാണ് അന്ന് കേളു വീട്ടിലേയ്ക്ക് ചെന്നത്. 

 

അപ്പൻ മരിക്കുന്നതിനു മുമ്പ് അയ്യപ്പൻകുട്ടിയെ വിളിച്ചുപറഞ്ഞു :

‘ന്റെ ചക്കി കജ്ജും കാലും ഇല്ലാത്തോളാ... ഓക്കൊരു ചെക്കനെ കിട്ടാനും പോണില്ല. അനക്കാണെ തണ്ടും തടീം ഇല്ലോണ്ട് പേരേം കുടീം അക്കെ ഇനീം ഇണ്ടാക്കാം. അതോണ്ട് ഈ അഞ്ചു സെന്റ് സലോം പേരേം ഞാ ഓളെ പേരിലാക്കാ...’

ADVERTISEMENT

അയ്യപ്പൻകുട്ടി മറുത്തൊന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമുണ്ടായിരുന്നില്ല. അയാൾക്ക് കിട്ടുന്നത് കള്ളുഷാപ്പിൽ കൊടുക്കാനേ തികഞ്ഞിരുന്നില്ല. ചക്കിപ്പെണ്ണിന്റെ ഒറ്റക്കാലിൽ നിന്നുള്ള അഭ്യാസം കൊണ്ടായിരുന്നു ആ കുടുംബം കഞ്ഞികുടിച്ചു പോയിരുന്നത്. 

‘തല്ലിക്കൊന്ന് കൊണ്ടിട്ടതാണ്. ഒടിഞ്ഞു നുറുങ്ങീള്ള കെടപ്പ് കണ്ടില്ലേ...’

ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചുപറഞ്ഞു. 

 

അധ്വാനിച്ചു ജീവിച്ചു, പ്രയാസപ്പെട്ടാണെങ്കിലും സദാ പ്രസരിപ്പോടെ നടന്നിരുന്ന ചക്കിപ്പെണ്ണിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല എന്നായിരുന്നു നാട്ടുകാരുടെ വിലയിരുത്തൽ. 

 

ഇതേ സമയം കേളു ഹസ്സൻഹാജിയുടെ വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു. 

‘ആജ്യാരാപ്പളേ, തണ്ടും തബരേം തിരിച്ചറിയാം തൊട്ടകാലം മൊതലേ ഇബടത്തെ പറമ്പിലും പാടത്തും പണി എടുത്താ ഞങ്ങക്കടെ കയിച്ചില്. ഞങ്ങക്കടെ ബാഗത്തൂന്ന് എന്തേലും ബേണ്ടാതീനം പറ്റ്യാല് ഇബടെ ബന്നല്ലാതെ എബടെച്ചെന്ന് പറയാൻ’

‘ഇജ്ജ് കാര്യം ഇഞ്ഞും പറഞ്ഞില്ലല്ലോ ന്റെ കേളോ.. ന്താപ്പം ഇണ്ടായേ?’

ഹസ്സൻ ഹാജി അക്ഷമനായി. 

‘ചെക്കന് ഒരു കജ്ജബദ്ധം പറ്റി’

‘ആരിക്കാ, അജ്‌ജപ്പനോ? മുയ്യോനും പറ’

 

അളിയൻ മരിക്കുന്നതിന് മുമ്പ് പറമ്പും പുരയിടവും ചക്കിപ്പെണ്ണിന്റെ പേരിൽ എഴുതി വച്ചതും അതിനുശേഷം അയ്യപ്പൻകുട്ടിക്ക് അവരോടുള്ള അടങ്ങാത്ത പകയും കേളു വിശദീകരിച്ചു.

 

സംഭവം നടക്കുന്നതിന്റെ തലേ രാത്രി അയ്യപ്പൻകുട്ടി ചക്കിപ്പെണ്ണിന്റെ അടുത്തുവന്നു നയത്തിൽ പറഞ്ഞു:

‘ചക്കീ, മണ്ണും പൊരേം അന്റെ പേരിലായാലും ഇന്റെ പേരിലായാലും ന്താ ബെത്യാസം. മ്മക്ക് പാർത്താ പോരെ?’ ചക്കി ചോദ്യഭാവത്തിൽ അയാളെ നോക്കി. 

‘ജ്ജ് ഇത് ഇന്റെ പേരിലാക്കിക്കൊണ്ടാ. ഇന്റെ പേരിലാണെ പണയം ബെച്ചാ കായി തരാൻ ആള്ണ്ട്. മ്മക്ക് പെര ഒന്ന് ഓടും മരോം ആക്കണ്ടെ’

 

അയാളെ അവർക്ക് ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. പണം കിട്ടിയാൽ അതും കുടിച്ചു തീർക്കും. വീടിന്റ ഭാരം മുഴുവനും ചക്കിപ്പെണ്ണിന്റെ തലയിൽ ആയിട്ട് കാലം കുറേ ആയി. ഒരു കടമ എന്ന പോലെ എല്ലാം നിർവഹിച്ചു പോരുന്നു. 

‘ന്നെ കൊന്നാലും ഞാന്തരൂല’ എന്ന് ചക്കിപ്പെണ്ണ് പറഞ്ഞതും നാഭിക്കു നോക്കി ഒരു തൊഴി വെച്ചുകൊടുത്തു അയ്യപ്പൻകുട്ടി. അതോടെ തീർന്നു. അയ്യപ്പൻകുട്ടിയും കേളുവും ചേർന്ന് ജഡം അമ്പലക്കുളത്തിൽ കൊണ്ടിട്ടു. 

 

‘ഇതിപ്പം ഹലാക്കിന്റെ അവിലുംകഞ്ഞി ആയല്ലോ ന്റെ കേളോ, ഏതായാലും ജ്ജ് ബേജാറാകേണ്ട. ഞാന്നോക്കാം.’ ഹാജി കേളുവിനെ സമാധാനിപ്പിച്ചു. 

 

സബ് ഇൻസ്പെക്ടറും രണ്ടു പോലീസുകാരും ഹസ്സൻഹാജിയുടെ വീട്ടിലെത്തി. ഹാജി അവരെ ഉള്ളിലെ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. 

‘ചെക്കന് ഒര് കജ്ജബദ്ധം പറ്റ്യേതാ. കീച്ചാതി അല്ലേ, ബിട്ടു കള ഇൻസ്‌പെക്ടറെ. ഒക്കെ ഇമ്മളെ പണിക്കാരാന്നേ’

‘ഇവിടെ പ്രശ്നം എന്തേലും ഉണ്ടാവോ? ’

‘നക്‌സലൈറ്റുകാരെ പേടിക്കാനില്ല. കഴിഞ്ഞ വർഷത്തെ അടിയന്തിരാവസ്ഥയിൽ എല്ലാറ്റിനേം ഒതുക്കിയതാ, പക്ഷേ, പാർട്ടിക്കാർ കുത്തിപ്പൊക്കുമോന്നാ പേടി.’

ഇൻസ്‌പെക്ടർ സംശയം അവതരിപ്പിച്ചു. 

‘ഏയ്‌ പാർട്ടിക്കാര് കുത്തിപ്പൊക്കൂല. ചെക്കനും കൂടുബോം ബോട്ടൊക്കെ ഓർക്കെന്നാ കൊടുക്കണേ. കിട്ട്ണ ബോട്ട് ഓല് കളയൂല. പിന്നെ മറ്റേ ടീമാ, ഓലൊക്കെ ബല്യ ആളേടെ ഒപ്പരേ കൂടൂ. ഇമ്മളെ ടീമാണെങ്കി സമുദായം ബിട്ടു കളിക്കൂല. അല്ലേലും, കീച്ചാതി തമ്മിത്തല്ലി ചത്താ മ്മക്ക് എന്താന്ന്. ഒലായി, ഓലെ കാര്യായി.’

ഹാജി ധൈര്യം പകർന്നു. 

 

‘അപ്പോൾ പിന്നെ സ്വാഭാവികമരണം. ആ വിവരം കെട്ട ചെക്കൻ ശവം കുളത്തിൽ കൊണ്ടുപോയി ഇട്ടതാണ് പൊല്ലാപ്പായത്. ഉം, ഞാൻ വേണ്ടത് ചെയ്യാം’

 

ഇൻസ്പെക്ടറും പൊലീസുകാരും അമ്പലകുളത്തിന് അടുത്തേയ്ക്ക് നടന്നു. 

കൂട്ടം കൂടിനിന്ന ആളുകളെ വിരട്ടിയോടിച്ചു. കേളുവിനോട് ശവം കൊണ്ടുപോയി മൂടാൻ കല്പിച്ചു. 

 

***************************

ഒരു വൈകുന്നേരം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കേളുവിനു വിഷം തീണ്ടി. നിലവിളി കേട്ട് ആരൊക്കെയോ ഓടിക്കൂടി. 

‘ഓളാ... ഓളാ ന്നെ കൊത്തീത് ! ചെയ്‌തതൊക്കെ ചണ്ടിത്തരം തന്നെ. ഓള് കുടുബം മുടിച്ചേ പോകൂ’

 

മരിക്കും മുമ്പ് കൂടിനിന്നവരോടായി കേളു പറഞ്ഞത് ഇത്രമാത്രം. അപ്പന്റെ ആണ്ടിന്റെ തലേന്ന് അയ്യപ്പൻകുട്ടി പെട്രൊമാക്സിനു കാറ്റടിക്കുകയായിരുന്നു. മനസ്സ് മറ്റെവിടെയോ അലഞ്ഞുനടക്കുകയായിരുന്നു. നിറഞ്ഞതറിയാതെ അയാൾ കാറ്റടിച്ചുകൊണ്ടേയിരുന്നു. 

 

‘ഭും....’ 

വിളക്ക് പൊട്ടിത്തെറിച്ചു. അയ്യപ്പൻകുട്ടി ഒരു തീഗോളമായി പുരയ്ക്ക് ചുറ്റും മണ്ടി. ഓട്ടത്തിനിടയിൽ പുരയ്ക്കും തീപിടിച്ചു. ആണ്ടിനു വന്ന ബന്ധുക്കളും മറ്റും ഭയന്ന് നിലവിളിച്ചു പുറത്തേക്കോടി. 

 

ചക്കിപ്പെണ്ണ് മുന്നിൽ നിന്ന് പൊട്ടിപ്പൊട്ടിച്ചിരിക്കുന്നത് തന്റെ അവസാന പിടച്ചിലിനിടയിലും അയ്യപ്പൻകുട്ടി കണ്ടു. പിന്നെയേതോ ഇരുൾക്കയത്തിലേയ്ക്ക് താണുതാണ് പോയി... 

 

English Summary : Chithalaricha filele oru swabhavika maranam, Malayalam Short Story