ഇന്നും നട്ടപ്പാതിര ആവുമ്പോൾ തന്നെ കാണാൻ കണാരേട്ടനും തേനനും വരാറുണ്ടെന്നാണ് കുഞ്ഞി പറയുന്നത്. അവർ ഉറക്കമിളച്ചിരുന്നു സംസാരിക്കുന്നത് അവരോടാണെന്ന് കുഞ്ഞി അവകാശപ്പെടുന്നുമുണ്ട്.

ഇന്നും നട്ടപ്പാതിര ആവുമ്പോൾ തന്നെ കാണാൻ കണാരേട്ടനും തേനനും വരാറുണ്ടെന്നാണ് കുഞ്ഞി പറയുന്നത്. അവർ ഉറക്കമിളച്ചിരുന്നു സംസാരിക്കുന്നത് അവരോടാണെന്ന് കുഞ്ഞി അവകാശപ്പെടുന്നുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും നട്ടപ്പാതിര ആവുമ്പോൾ തന്നെ കാണാൻ കണാരേട്ടനും തേനനും വരാറുണ്ടെന്നാണ് കുഞ്ഞി പറയുന്നത്. അവർ ഉറക്കമിളച്ചിരുന്നു സംസാരിക്കുന്നത് അവരോടാണെന്ന് കുഞ്ഞി അവകാശപ്പെടുന്നുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞി (കഥ)

 

ADVERTISEMENT

‘‘ത്രേസ്യേ.. ഒരടക്ക പോലും കാണാനില്ലാലോ.. ഒരു പൊടിക്ക് പോലും കിട്ടാനില്ലാലോ.. എവ്ടെ പോയീതാവോ..’’

 

‘‘കുഞ്ഞിയേടത്തി.. അടക്ക ഒന്നൂല്ല. കവുങ്ങുമ്മൽ കണ്ടില്ല്യേ.. ഒന്ന് പോലൂല്ല.. പിന്നെന്തിനാ വെർതേ അയ്ന്റെ ചോട്ടിൽ കാട്ടിലൂടെ ഇങ്ങനെ നടക്കണെ..’’

 

ADVERTISEMENT

എൺപത് കഴിഞ്ഞിട്ടും കുഞ്ഞിയുടെ മനസ്സിന് ഒട്ടും തളർച്ച ബാധിച്ചിട്ടില്ല. രാത്രി ഉറക്കമിളച്ചിരുന്നു മുറുക്കാൻ പുകയിലയും വെറ്റിലയും കൂടെ അടക്കയും വേണം. വാങ്ങി വച്ചതൊക്കെ പകല് തന്നെ ചവച്ചു തീരും. ഉറക്കം ലവലേശം ഇല്ലല്ലോ. പിന്നെ രാത്രി എന്താ ചെയ്ക?

 

എത്ര തിരഞ്ഞിട്ടും തന്റെ വരണ്ട ചുണ്ടിനെ തൃപ്തിപ്പെടുത്താൻ ഒരു ചെറിയ അടക്ക പോലും കണ്ടെടുക്കാൻ കഴിയാത്ത വിഷമത്തിൽ കൂനിക്കൂനി വന്ന് കുഞ്ഞി ത്രേസ്യയുടെ വീട്ടുകോലായിൽ കാലു നീട്ടി ഇരുന്നു. ത്രേസ്യയും മകനും മാത്രമാണ് വീട്ടിൽ താമസം. അതിന് രണ്ടു വീടപ്പുറം ഓട് മേഞ്ഞ, നിലത്തു ചാണകം തേവിയ ചെറിയൊരു കൂരയിലാണ് കുഞ്ഞിയുടെ താമസം. കുഞ്ഞി ഒറ്റക്കാണ്, മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരു പൂച്ച പോലുമില്ല കൂട്ടിന്.

 

ADVERTISEMENT

‘‘ന്റെ കുഞ്ഞിയേടത്തിയെ.. ഇങ്ങൾക്കീ മുറുക്കലും കുടീമൊക്കെ ഒന്ന് നിർത്തിയാലെന്താ? വയസ്സെത്രയായി ന്നാ വിചാരം? വല്ല ബോധോമുണ്ടോ?’’

 

ത്രേസ്യയുടെ മുഖത്ത് നോക്കി പാതി വിടവുള്ള പല്ല് കാട്ടി ചിരിച്ചുകൊണ്ട് കുഞ്ഞി എഴുന്നേറ്റു. മറുത്തൊന്നും പറയാതെ തൊട്ടാവാടിച്ചെടികൾ കാടുകേറിയ ഇടവഴിയിലൂടെ, അവിടവിടെയായി തുള വീണ് മുഷിഞ്ഞ ലുങ്കിയുടെ കോന്തല വലിച്ചു പിടിച്ചു കൊണ്ട് അവർ തന്റെ കൂരയിലേക്ക് നടന്നു. ഒറ്റക്ക് ഒരു വീട്ടിൽ മിണ്ടാനും പറയാനും ആരുമില്ലാതെ ഇങ്ങനെ കഴിയാനാ ഇവർക്കീ വയസ്സായ കാലത്ത് യോഗം എന്ന് പറഞ്ഞ് നാട്ടുകാരൊക്കെ പരിതപിക്കും. ഈ വയസ്സായിട്ടും അവരൊറ്റക്ക് ജീവിച്ചു കാണിക്കുന്നല്ലോ എന്ന് പറഞ്ഞ് വേറെ ചിലർ വാഴ്ത്തും. കുഞ്ഞിക്ക് ഇതൊന്നും വിഷയമല്ല. അവർ ആരെയും കേൾക്കാറുമില്ല.

 

കൂരയുടെ തിണ്ണയിൽ കൂട്ടിവച്ച ചുണ്ണാമ്പും പുകയിലയും വെറ്റിലയും കട്ടിളയുടെ മേൽത്തട്ടിൽ ഭദ്രമായി സൂക്ഷിച്ചു വച്ച തുണിസഞ്ചിയിൽ വാരിപ്പൊതിഞ്ഞു വച്ചിട്ട് കുഞ്ഞി അടുപ്പ് കൂട്ടിയിടത്തേക്ക് നടന്നു. ഉച്ചത്തേക്ക് കഴിക്കാനുള്ളത് വച്ചിട്ട് വേണം മുന്നിൽ കാട് കേറിക്കിടക്കുന്ന പുല്ലൊക്കെ വെട്ടിത്തെളിക്കാൻ. മൂന്ന് വട്ടം കിണറ്റിൽ നിന്ന് കോരിയെടുത്ത തണുത്ത വെള്ളത്തിൽ കഴുകി ശുദ്ധിയാക്കിയ കുത്തരി അടുപ്പിന് മേൽ വച്ച ചെമ്പിൽ വേവിക്കാൻ ഇട്ടു. പിന്നാമ്പുറത്ത് കൂട്ടിയിട്ട തേങ്ങയിലൊന്ന് വാക്കത്തി കൊണ്ടുരിച്ചെടുത്ത് വക്ക് പൊട്ടിയ പിഞ്ഞാണത്തിൽ ചിരകി ഇട്ടു. മിക്കപ്പോഴും ഉച്ചക്ക് തേങ്ങാ ചിരകി ഇട്ട കഞ്ഞി തന്നെയാണ്. അതാവുമ്പോൾ വലിയ പണിയുമില്ല.

 

‘‘കുഞ്ഞിയമ്മേ.. ഇങ്ങട് വന്നേ...’’

 

വടക്കേതിലെ രാഘവൻ ആണ്. രാഘവന്റെ കയ്യിൽ മൂന്നാലടക്കയുമുണ്ട്. മിഠായി കണ്ട സന്തോഷത്തിൽ മൂന്നോ നാലോ വയസ്സ് പ്രായമുള്ള മുട്ടിറക്കമുള്ള പാവാടയണിഞ്ഞ കുട്ടിയെ പോലെ കുഞ്ഞി ചിണുങ്ങി ചിരിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി.

 

‘‘അടക്ക കിട്ടാന് ത്രേസ്യേടെ പറമ്പ് മൊത്തം തെരഞ്ഞു. ഒന്നൂല്ലാണ്ടെ മൊഖം വാടിയാ പോന്നെ.. ഹാവൂ.’’

 

‘‘അടക്കയും വെറ്റിലയും ഒക്കേണ്ട്. കുഞ്ഞിയമ്മ പോയി പെൻഷൻ കിട്ടിയ പൈസ എടുത്തിങ്ങു വന്നേ. ദാമോദരേട്ടന്റെ പീടികയിൽ നിന്ന് വാങ്ങീതാ. പൈസ വൈന്നേരം കൊടുക്കാന്ന് പറഞ്ഞാ ഞാനിതും വാങ്ങി പോന്നെ..’’

 

മാസം തോറും കിട്ടുന്ന വാർദ്ധക്യ പെൻഷനാണ് കുഞ്ഞിയുടെ ഏക വരുമാനം. വീണ്ടും കൂരയിലേക്ക് കൂനിക്കൂനി നടന്നുകേറി കിടക്കവിരിക്ക് കീഴിൽ സൂക്ഷിച്ചു വച്ച തുരുമ്പ് വീണ ഇരുമ്പുപെട്ടിയിൽ നിന്ന് നാലഞ്ചു മുഷിഞ്ഞ നോട്ടുകളുമായി കുഞ്ഞി തിരികെ ഇറങ്ങി വന്നു.

 

‘‘ദാ രാഘവാ.. ഇതെത്രയാന്ന് നോക്കിയേ..’’

 

‘‘അതൊക്കെ ഞാൻ നോക്കിക്കോളാ. അരീം സാധനോം ഒക്കെ വാങ്ങാൻ ഉള്ളതല്ലേ തള്ളേ. മൊത്തം ഇങ്ങു തന്നേക്ക്...’’

 

ഇതും പറഞ്ഞു ചുളിവ് വീണു ശോഷിച്ച കയ്യിൽ നിന്ന് രാഘവൻ നോട്ട് തട്ടിപ്പറിച്ചെടുത്തു. എണ്ണി തിട്ടപ്പെടുത്താതെ തന്റെ ഷർട്ടിന്റെ കീശയിൽ നോട്ട് തിരുകി രണ്ട് മൂന്നടക്ക കുഞ്ഞിയുടെ കയ്യിൽ വച്ചു കൊടുത്ത് ഇറങ്ങുമ്പോൾ പിന്നിൽ നിന്ന് കുഞ്ഞി പരിഭവിക്കുന്നുണ്ടായിരുന്നു.

 

‘‘നെന്നോട് എത്രവട്ടം പറഞ്ഞതാ രാഘവാ ന്നെ തള്ളേന്ന് വിളിക്കര്തെന്ന്... ന്റെ പേര് തള്ള ന്നല്ല.. കുഞ്ഞി.. കുഞ്ഞീന്ന് വിളിച്ചോണം..’’

 

തിരിഞ്ഞു നോക്കാതെ രാഘവൻ ഇറങ്ങിപ്പോയെങ്കിലും കുഞ്ഞി വീണ്ടും തന്റെ പേരിനെ കുറിച്ചും, പിറന്നുവീണപ്പോൾ വളരെ കുഞ്ഞായിരുന്ന തന്നെ കുഞ്ഞി എന്നോമനിച്ചു വിളിച്ച അച്ഛനെ കുറിച്ചും വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു. ആരും കേൾക്കാനില്ലെങ്കിലും കുഞ്ഞി ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. പണ്ടത്തെ കഥകളും ഓർമകളുമൊക്കെ അയവിറക്കി അവരങ്ങനെ കഴിയും. ആരുമില്ലെങ്കിലും ആരോടെങ്കിലുമൊക്കെ അവർ നിരന്തരം കലഹിക്കുകയും കലപില പറയുകയും ചെയ്യും. അതൊക്കെയാണ് അവരുടെ ജീവിതം.

 

ഒറ്റ മകനായ തേനൻ മൂന്നു വയസ്സുള്ളപ്പോൾ പെട്ടെന്ന് പനി വന്ന് കിടപ്പായി. നാട്ടുവൈദ്യനും ഒറ്റമൂലികളും ഒന്നും ഫലമുണ്ടാക്കിയില്ല. ദൂരെ എങ്ങാണ്ടുള്ള ആശുപത്രിയിൽ കൊണ്ടു പോവാനൊക്കെ കുഞ്ഞിയുടെയും ഭർത്താവ് കണാരന്റെയും കയ്യിൽ എവിടുന്നാണ് പണം? ചികിത്സ ഒന്നും ശരീരത്തിൽ ഏശാതെ കുഞ്ഞുതേനന്റെ മേലാസകലം പൊള്ളാൻ തുടങ്ങി. പനി കൂടി തളർന്ന് വാടിയ തേനന്റെ കാൽക്കൽ ഉഴിഞ്ഞ്, നെറ്റിയിൽ തണുത്ത വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത ശീല ഇടക്കിടെ മടക്കി വച്ച് രാത്രികൾ മുഴുവൻ കുഞ്ഞി ഉറക്കമിളച്ചു.

 

അങ്ങനെയിരിക്കെ കണിയാൻ കേളുവാശാനാണ് പറഞ്ഞത്. തേനന്റെ മേൽ ദുഷ്ടശക്തികൾ കയറിക്കൂടിയതാണത്രേ. കഴിഞ്ഞ ജന്മത്തിലെ പാപങ്ങൾ കൊണ്ടോ കണ്ണേറ് കൊണ്ടോ പറ്റിയതാണ്. എല്ലാം ഒഴിയാൻ പത്തു തേങ്ങാ ഉടച്ചു കോവിലിന് ചുറ്റും തേനന്റെ അച്ഛൻ ഒരു ശയന പ്രദക്ഷിണം ചെയ്താൽ മതിയത്രെ. തേങ്ങ ഇടാൻ വടക്കേതിലെ പറമ്പിൽ രാഘവന്റെ അച്ഛനോട് അനുമതി വാങ്ങി തെങ്ങിൽ കയറിയതാണ് കണാരൻ. എത്ര തെങ്ങ് കേറി തഴമ്പു വീണതാണ് കണാരന്റെ കാലുകൾക്ക്. അത്രമേൽ ഉശിരുള്ള തെങ്ങു കയറ്റക്കാരൻ നാട്ടിലെങ്ങുമില്ല. എന്ത് പറഞ്ഞിട്ടെന്താ? വിധി എന്നൊന്നില്ലേ, അതിനെ തടുക്കാൻ പറ്റുമോ? മോളിലെത്തി കൈ വിട്ടുപോയ കണാരൻ തെങ്ങിന്റെ മുകളിൽ നിന്ന് വീഴുമ്പോൾ തേനന്റെ കാൽക്കൽ ഇരുന്ന് കരഞ്ഞു തളർന്ന കുഞ്ഞി ഓടിയെത്തി നെഞ്ചു കീറി നിലവിളിച്ചത് കേട്ട് നിന്നവരൊന്നും ഇന്നോളം മറന്നു കാണില്ല. പനി മൂത്തു വിറച്ചു വിറച്ചൊടുവിൽ ഒരർദ്ധരാത്രിക്ക് തേനനും കുഞ്ഞിയെ വിട്ട് പോയി. ആരുമില്ലാത്ത കൂരയിൽ നാളിന്നോളം കുഞ്ഞി കഴിഞ്ഞു കൂടിയത് കണാരന്റെയും തേനന്റെയും ഓർമകൾ അന്തിയുറങ്ങുന്നത് അവിടെയാണ് എന്ന ഒരൊറ്റ കാരണം കൊണ്ടാണ്.

 

ഇന്നും നട്ടപ്പാതിര ആവുമ്പോൾ തന്നെ കാണാൻ കണാരേട്ടനും തേനനും വരാറുണ്ടെന്നാണ് കുഞ്ഞി പറയുന്നത്. അവർ ഉറക്കമിളച്ചിരുന്നു സംസാരിക്കുന്നത് അവരോടാണെന്ന് കുഞ്ഞി അവകാശപ്പെടുന്നുമുണ്ട്. അടുപ്പത്തിരുന്ന കഞ്ഞി പാകമായി എടുത്ത് തിണ്ണയിലേക്ക് വച്ച് രാഘവൻ കൊണ്ടുവന്ന അടക്കയും കട്ടിള മേൽ വച്ച മുറുക്കാൻ സഞ്ചിയുമെടുത്ത് കുഞ്ഞി വാതിൽക്കൽ കാലു നീട്ടി ഇരുന്നു. തളിർ വെറ്റിലയിൽ സ്വതസിദ്ധമായ കൈവഴക്കത്തോടെ അവർ ചുണ്ണാമ്പ് തേച്ചു മിനുക്കി. കൂടെ പുകയിലയും പീശാങ്കത്തി വച്ചരിഞ്ഞെടുത്ത അടക്ക കഷ്ണവും ചേർത്ത് പാതി കൊഴിഞ്ഞ പല്ലുകളുള്ള വായിലേക്ക് വച്ച് ചവച്ചു കൊണ്ട് കുഞ്ഞി ചുവര് ചാരിയിരുന്നു.

 

സന്ധ്യ ആയപ്പോൾ രാഘവൻ ഒരു കന്നാസ് നിറയെ കള്ളുമായി കേറി വന്നു. ചിതലരിച്ചു തുടങ്ങിയ വാതിൽ പിടിച്ച് കുഞ്ഞി എഴുന്നേറ്റ് വന്ന് രാഘവന്റെ കയ്യിൽ നിന്ന് കന്നാസ് വാങ്ങി. അടപ്പ് തുറന്ന് മണത്തു നോക്കി മോണ കാട്ടി ചിരിച്ചുകൊണ്ട് അവർ ഒരിറക്ക് വായിലേക്കൊഴിച്ചു. ചവർപ്പ് കൊണ്ടോ മധുരം കൊണ്ടോ അവരുടെ ചുളിവ് വീണ മുഖത്തൊരു തെളിച്ചം പടർന്നു. അടുക്കളയിൽ നിന്നും ഉപ്പും മുളകും ചേർത്തിട്ടു വച്ച മാങ്ങയെടുത്ത് ഇറയത്തൊരു വാഴയില ചീന്തി അതിൽ കൊണ്ടുവന്നു വച്ചു. ഓരോ ഇറക്ക് കള്ളിനും വീര്യമുള്ള ഉപ്പുമാങ്ങ ഓരോ കടി കടിച്ചവർ രണ്ടു പേരും മുറ്റത്താർത്തു പെയ്യുന്ന മഴ നോക്കി ഇരുന്നു.

 

‘‘ദെന്റെ കണാരേട്ടൻ കരേന്നതാ രാഘവാ.. ന്നെ കാണാൻ തോന്നണുണ്ടാവും അങ്ങേർക്ക്..’’

 

കുഞ്ഞിയുടെ വാർദ്ധക്യം കവർന്നെടുത്ത മുഖത്ത് വിരഹ ദുഃഖം ഒട്ടും ചേരുന്നില്ല എന്ന ഭാവത്തിൽ രാഘവൻ മറുപടി പറയാതെ കന്നാസിൽ ബാക്കി വന്ന കള്ള് കൂടി വായിലേക്ക് കമിഴ്ത്തി.

 

‘‘ന്നാ ഞാൻ എറങ്ങട്ടെ ട്ടോ കുഞ്ഞിയമ്മേ..’’

 

‘‘നീ ഇത്തിരി കഞ്ഞി കുടിച്ചു പൊക്കോടാ.’’

 

‘‘വേണ്ട.. ന്റെ പെണ്ണ് കാത്തിരിപ്പുണ്ടാവും.. ഓള്ടെ കൂടെ കഴിച്ചോളാം.’’

 

രാഘവൻ യാത്ര പറഞ്ഞ് ഇറങ്ങിപ്പോവുന്നത് കണ്ടപ്പോഴാണ് വീണ്ടും താൻ ഒറ്റക്കാവുന്നതിനെ കുറിച്ച് കുഞ്ഞി ചിന്തിച്ചത്. ഒരുമിച്ചിരുന്നു കഴിക്കാനോ മൂന്ന് പാത്രത്തിൽ വിളമ്പി കാത്തിരിക്കാനോ ഇനിയൊരിക്കലും ആരുമുണ്ടാവില്ല. എങ്കിലും കഞ്ഞി മൂന്നായി പകുത്തു വിളമ്പി അവർ ഉമ്മറത്തിരുന്നു പാടി തുടങ്ങി..

 

‘‘വിളമ്പി വച്ചത് കഴിക്കാൻ

വായോ..,

പെറ്റു പോറ്റിയോനെ..

വയർ നിറച്ചൂട്ടാം വായോ

താലി കെട്ടിയോനെ.’’

 

ഈ പെണ്ണും പിള്ളക്ക് വയസ്സായ കാലത്ത് ഇതെന്തിന്റെ സൂക്കേടാണ് എന്ന് അടുത്ത വീട്ടുകാരൊക്കെ പ്രാകി. മഴ നിന്നിട്ടും അതിനേക്കാൾ ഉച്ചത്തിൽ കുഞ്ഞിയുടെ പാട്ട് മുഴച്ചു കേൾക്കുന്നുണ്ടായിരുന്നു. രാത്രിയുടെ നിശബ്ദത പാടെ ഭേദിച്ചു കളയുന്ന കള്ളിന്റെ ലഹരിയിലുള്ള കുഞ്ഞിയുടെ പാട്ട് പല ചെവികൾക്കും അലോസരമായി തുടർന്ന് കൊണ്ടേയിരുന്നു. രാത്രിയിലേതോ യാമത്തിൽ കൊടും മഴ വീണ്ടും പെയ്തവരുടെ പാട്ട് നിലച്ചു. പാതി കഴിച്ചു വച്ച ഒന്നും, തൊട്ടിട്ടില്ലാത്ത രണ്ട് വക്ക് പൊട്ടിയ പിഞ്ഞാണങ്ങളിലുമായി തേങ്ങാ ചിരകിയിട്ട കഞ്ഞി ഇറയത്ത് ബാക്കിയായി.

 

പിറ്റേന്നു വെളുപ്പിന് തന്നെ നാളിന്നോളം വന്ന് നോക്കിയിട്ടില്ലാത്ത ആരൊക്കെയോ അവകാശവാദങ്ങളും ബന്ധം തെളിയിക്കുന്ന രേഖകളുമായി വീടും പറമ്പും സ്വന്തമാക്കാൻ തിക്കിതിരക്കുന്നുണ്ടായിരുന്നു. പരസ്പരം പഴി ചാരിയും അടിയും തല്ലും ലഹളയുമൊക്കെയായി പകല് മുഴുവൻ കുറേയധികം പേർ വന്ന് പോയി. എന്നാൽ രാത്രി നിശ്ശബ്ദമായിരുന്നു. പഴയ പോലെ കുഞ്ഞിയുടെ പാട്ടുകൾ ആരെയും ശല്യം ചെയ്യുന്നില്ല. അന്ന് രാത്രി മനസമാധാനത്തോടെ നാട്ടുകാരൊക്കെ ഉറങ്ങിക്കാണണം.

 

എങ്കിലും നട്ടപ്പാതിരക്ക് ഒരടച്ച മഴ പെയ്തു. കുഞ്ഞിയുടെ കൂരയും ഓർമകൾ അവശേഷിക്കുന്ന മണ്ണും നനഞ്ഞു പൊതിർന്നു. തേനനും കണാരനും ഇത്തിരി കഞ്ഞി കുടിക്കാൻ വക്കു പൊട്ടിയൊരു പിഞ്ഞാണവും കയ്യിലേന്തി ഉള്ളിലേക്ക് നോക്കി വാതിൽക്കൽ നിൽക്കുന്നു. കുഞ്ഞിയെ മാത്രം കാണാൻ ഇല്ല. ഒരുപക്ഷേ ത്രേസ്യയുടെ പറമ്പിൽ അടക്ക തിരഞ്ഞു പോയതാവും. കൂനിക്കൂനി അവർ മടങ്ങി വരാതിരിക്കില്ല. കഞ്ഞിയോടൊപ്പം തന്റെ കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും ചൂടും ചൂരും തട്ടി ചുവന്ന സ്നേഹം വിളമ്പാൻ അവർ തിരിച്ചെത്താതിരിക്കില്ല, തീർച്ച..

അല്ലെങ്കിലും ആത്മാക്കൾക്ക് വേർപിരിയലെന്നൊന്നില്ലല്ലോ, ല്ലേ...

 

English Summary: Kunji, Malayalam Short Story