പക്ഷേ നീ എന്തിന് ആ കുറ്റം ഏറ്റെടുത്തു? സ്വയരക്ഷക്ക് വേണ്ടി ആണെങ്കിൽ നിന്നെപ്പോലെയുള്ള പ്രഗത്ഭനായ ഒരു ക്രിമിനൽ വക്കീലിന് അവർക്കു നീതി നടപ്പിലാക്കി കൊടുക്കുവാൻ കഴിയില്ലേ?

പക്ഷേ നീ എന്തിന് ആ കുറ്റം ഏറ്റെടുത്തു? സ്വയരക്ഷക്ക് വേണ്ടി ആണെങ്കിൽ നിന്നെപ്പോലെയുള്ള പ്രഗത്ഭനായ ഒരു ക്രിമിനൽ വക്കീലിന് അവർക്കു നീതി നടപ്പിലാക്കി കൊടുക്കുവാൻ കഴിയില്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പക്ഷേ നീ എന്തിന് ആ കുറ്റം ഏറ്റെടുത്തു? സ്വയരക്ഷക്ക് വേണ്ടി ആണെങ്കിൽ നിന്നെപ്പോലെയുള്ള പ്രഗത്ഭനായ ഒരു ക്രിമിനൽ വക്കീലിന് അവർക്കു നീതി നടപ്പിലാക്കി കൊടുക്കുവാൻ കഴിയില്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരോഹിതനും അവിശ്വാസിയും (കഥ)

‍വലിയ രാഷ്ട്രീയ-സഭാ നേതാക്കൾ പങ്കെടുത്ത, നിയുക്ത വൈദികനായ എന്നെ അഭിനന്ദിക്കാൻ വിളിച്ചു ചേർത്ത ഏറെ പ്രധാനപ്പെട്ട ആ ചടങ്ങിൽ, ആ ഒരു ആൾകൂട്ടത്തിൽ പെട്ടെന്ന് തനിയെ ആയതു പോലെ എനിക്ക് തോന്നി. എന്റെ തിരുപ്പട്ട സ്വീകരണത്തിനും പ്രഥമ ദിവ്യബലിയർപ്പണത്തിനും ശേഷമുള്ള ആ പൊതുപരിപാടി എങ്ങനെയെങ്കിലും പെട്ടെന്ന് തീർന്നിരുന്നുവെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു. അടുത്ത ദിവസങ്ങളിൽതന്നെ റോമിലെ പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുവാൻ പോകുന്നതിനെ അഭിനന്ദിച്ചും, ഉയർന്ന റാങ്കോടെ സയൻസിലും, ദൈവശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയതിനെ അഭിനന്ദിച്ചും, അവിടെ പ്രസംഗകർ പറഞ്ഞതിൽ ഒന്നും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്റെ മനസ്സിൽ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ  ജയിലഴികൾക്കു പുറകിൽ നിൽക്കുന്ന ആ നോട്ടമായിരുന്നു. 

ADVERTISEMENT

 

അനുമോദനചടങ്ങുകൾ തീർന്നുവെന്നു വരുത്തി റിമാൻഡിൽ കഴിയുന്ന സുഹൃത്തിനെ കാണുവാൻ പോകുമ്പോൾ മനസ്സ്നിറയെ അവനെ കുറിച്ചുള്ള ചിന്തകളായിരുന്നു. ഒരു അൾത്താര ബാലനായിരുന്ന അവൻ വിശുദ്ധബലിയുടെ സമർപ്പണത്തിനു മുൻപായി ദൈവത്തിങ്കലേക്കു നോക്കി കർത്താവിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള സങ്കീർത്തനങ്ങൾ ചൊല്ലുമ്പോളാണ് ഞാൻ അവനെ ആദ്യമായി ശ്രദ്ധിക്കുന്നത്. മതബോധന ക്ലാസ്സിൽ എന്നും ഒന്നാം റാങ്ക് നേടുന്ന, അൾത്താരയിൽ ബലിയർപ്പിക്കുമ്പോൾ ഒരു ബാലനായ വിശുദ്ധനെപ്പോലെ തോന്നിപ്പിക്കുന്ന, എല്ലാവരോടും ചിരിച്ചുകൊണ്ടുമാത്രം സ്‌നേഹത്തോടെ ഇടപെടുന്ന അവൻ എങ്ങനെ ഏറ്റവും വികൃതിയായ എന്റെ അടുത്ത സുഹൃത്തായെന്നു ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ചിന്തകളും രീതികളും തമ്മിൽ വളരെ അകലങ്ങളുണ്ടായിട്ടും എത്ര പെട്ടെന്നാണ് ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിത്തീർന്നത്. കളിക്കളത്തിൽ എതിരാളിയുടെ ഗോൾപോസ്റ്റിലേക്ക് കൊടുങ്കാറ്റുപോലെ പന്തുകൾ എത്തിച്ചു, അവസാന നിമിഷം തൊട്ടുപിന്നിൽ നിൽക്കുന്ന എന്നിലേക്ക്‌ പന്ത് പാസ് ചെയ്തു എന്നെക്കൊണ്ട് ഗോൾ അടിപ്പിച്ചു പിൻവാങ്ങുന്ന അവന്റെ മനസ്സ് എനിക്കെന്നും ഒരു അത്ഭുതമായിരുന്നു. എങ്ങനെയാണു വിജയം അവന്റെ പക്ഷത്തു തൊട്ടടുത്ത് നിൽക്കുമ്പോഴും സഹകളിക്കാരന് വേണ്ടി പ്രതിരോധത്തിലേക്ക് പിൻവാങ്ങുവാൻ അവനു കഴിഞ്ഞിരുന്നത്? 

 

മതബോധനക്ലാസ്സിൽ മാക്സിമില്ലിൻ കോൾബെ എന്ന വിശുദ്ധന്റെ കഥ അധ്യാപകൻ പറഞ്ഞുകൊടുത്തത്തിനുശേഷം ജീവിതത്തിൽ നിങ്ങൾക്കു ആരായിത്തീരണം എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി ആരെയും അത്ഭുതപെടുത്തിയില്ല. ‘‘എനിക്കും മാക്സിമില്ലിൻ കോൾബെയെപോലെ ഒരു വ്യക്തിയെയെങ്കിലും സ്വന്തം ജീവിതം കൊടുത്തു രക്ഷിക്കുന്ന ഒരു ഫ്രാൻസിസ്കൻ സന്യാസിയാകണം.’’ നാസി തടങ്കൽപാളയത്തിൽനിന്ന് രക്ഷപെട്ട ഒരാൾക്ക് പകരം പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ തീരുമാനിച്ചപ്പോൾ, നറുക്കു വീണ ഗയോണിഷെക് എന്നയാൾക്കു പകരം മരിക്കുവാൻ സ്വയം തയാറായ മാക്സിമില്യൻ കോൾബെ എന്ന വിശുദ്ധന്റെ കഥ അവനെ അത്ര മാത്രം സ്വാധീനിച്ചിരുന്നു.

ADVERTISEMENT

 

എന്നാൽ എന്റെ മനസ്സു നിറയെ ആരവങ്ങളുടെയും ബഹുമതികളുടെയും  ഫുട്ബോൾ മാത്രമായിരുന്നു. 

 

കോൾബെയെപോലെതന്നെ വലിയ മരിയഭക്തനായിരുന്ന അവന്റെ ഏറ്റവും വലിയലോകം അവന്റെ അമ്മയായിരുന്നു. പക്ഷേ അമ്മയെക്കുറിച്ചുള്ള അവന്റെ ഏറ്റവും വലിയ നിരന്തരമായ പ്രാർത്ഥനകൾ വിഫലമായ ആ വർഷത്തിലെ കരോൾരാത്രിയിലാണ് എല്ലാം മാറിമറഞ്ഞത്. അമ്മ നഷ്ടപ്പെട്ട ആ കരോൾ രാത്രിയിലാണ് ജീവിതത്തിൽ ശൂന്യതയുടെ ആഴവും ഒരു മഹാന്ധകാരത്തിൽ തീർത്തും തനിച്ചായതിന്റെ വേദനയും അവനറിഞ്ഞത്. എല്ലാവരും രക്ഷകന്റെ വരവ് ആഘോഷിക്കുന്ന വർണ്ണ കടലാസ്സുനക്ഷത്രങ്ങൾ മിന്നി നിൽക്കുന്ന ആ കരോൾ രാത്രിയിൽ അവന്റെ മുഖത്തെ സാന്താക്ലോസിന്റെ മുഖംമൂടി മറ്റാർക്കോ അഴിച്ചുകൊടുക്കുമ്പോളുള്ള  അവന്റെ ആ  നോട്ടം പിന്നീട് എത്രയോ രാത്രികളിൽ എന്നെ വേട്ടയാടിയിട്ടുണ്ട്. 

ADVERTISEMENT

 

ശരീരത്തിന്റെ ഒരു അവയവം മുറിച്ചു മാറ്റുമ്പോൾ തോന്നുന്ന ആ വേദനയിലും, ചെമ്പകമരത്തിന്റെ ഏറ്റവും ഉയർന്ന ചില്ലയിൽ അവൻ ഉയർത്തിയ ആ മഞ്ഞിൽ പാതി നനഞ്ഞ നക്ഷത്രം ആരോ വലിച്ചു താഴേക്കിടുമ്പോൾ അവൻ വിദൂരതയിലേക്ക് കണ്ണും നട്ട് ഒന്നും പറയാതെ ഇരുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ ദാനം പുൽക്കൂട്ടിൽ പിറന്ന ആ രാത്രിയിലെ ഇരുട്ടിൽ ഞാനും അവനും തനിച്ചായിരുന്നു.

 

പിന്നീട് അവൻ തിരിച്ചു നടക്കുകയായിരുന്നു. 

ദേവാലയത്തിലേക്കുള്ള ഞായറാഴ്ചകളിലെ പതിവുയാത്രകളിൽ എന്നോടൊപ്പം പാതിദൂരം വന്നു പിന്നീട് തൊട്ടടുത്ത വായനശാലയിലേക്ക് അവൻ എന്നെ തനിച്ചാക്കി തിരിയുമ്പോളുള്ള ആ നോട്ടവും മൗനവും മുറിവേറ്റവന്റെ നിലവിളിപോലെയായിരുന്നു. പക്ഷേ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ആ വർഷാവസാനത്തിലെ ദൈവവിളിക്യാമ്പിൽ നിന്നും ഞാൻ വൈദികനാകുവാൻ തിരഞ്ഞെടുക്കുമ്പോൾ തൊട്ടടുത്ത തെരുവിൽ അഭിഭാഷക വിദ്യാർത്ഥിയായ അവൻ പ്രസംഗിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

 

‘‘നഗരത്തിൽ ഒരു അനീതിയുണ്ടായാൽ സൂര്യനസ്തമിക്കുന്നതിന്‌ മുൻപ്‌ അവിടെ ഒരു കലാപമുണ്ടാകണം അല്ലെങ്കിൽ രാത്രിയ്ക്ക്‌ മുൻപ്‌ ആ നഗരം കത്തിച്ചാമ്പലാകുന്നതാണ്‌ നല്ലത്‌-’’

 

മാക്സിമില്ലിൻ കോൾബെയെ പോലെ രക്തസാക്ഷിത്വത്തിന്റെയും വിശുദ്ധിയുടെയും പ്രതീകങ്ങളായിരുന്ന ചുവന്നതും വെളുത്തതുമായ കിരീടങ്ങൾ സ്വപ്നം കണ്ടുനടന്ന അവൻ അപ്പോൾ തെരുവിൽ പറഞ്ഞിരുന്നത് ബെർടോൾഡ്ബ്രഹ്ത്തിന്റെ വാക്കുകളാണ്‌.

 

പിന്നീട്, പ്രത്യക്ഷത്തിൽ വളരെ വ്യത്യസ്ഥമെന്നു തോന്നിപ്പിക്കുന്ന രണ്ടു വഴികളിലൂടെ ഞങ്ങൾ നടക്കുമ്പോഴും, ഞങ്ങളുടെ ചിന്തകളും നിലപാടുകളും  ധ്രുവങ്ങളുടെ അന്തരങ്ങൾ പാലിക്കുമ്പോഴും ഞങ്ങൾ ഏറ്റവും അടുത്ത സുഹൃത്തുക്കളായിതന്നെ തുടർന്നു. അത് കൊണ്ടായിരിക്കാം ഏഴ് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആദ്യത്തെ സഭാവസ്ത്രം സ്വീകരിച്ചതിനു ശേഷം അവനെ തന്നെ ആദ്യമായി കാണുവാൻ വന്നത്. ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. ‘‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു വെളുത്ത ഈ തിരുവസ്ത്രം. പക്ഷേ, കാലം കാത്തുവച്ചത് നിനക്കായിരുന്നു. നീ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ!’’  

 

നീതി നിഷേധിയ്ക്കപ്പെട്ടവന്റെ നിലവിളികളിൽനിന്നും ഒരു കരിയിലയിൽനിന്നും മുളംകാടിനു തീ പിടിക്കും പോലെ ഒരു കാട്ടുതീയായി വിപ്ലവം പടരുന്നതിനെകുറിച്ചുള്ള സ്വപ്നങ്ങളാണ് നിറഞ്ഞ കണ്ണുകളോടെ അവൻ അന്ന് പറഞ്ഞത്. 

 

പക്ഷേ കഴിഞ്ഞ തവണ ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഞങ്ങൾ ആകെ മാറിയിരുന്നു. പതിവുപോലെ ആ രാത്രിയും ഞങ്ങൾ വളരെ വൈകി സംസാരിച്ചു കൊണ്ടിരുന്നു. പാതി ഇടിഞ്ഞ വഴുവഴുപ്പുള്ള കൽപ്പടവുകളിലിരുന്നു പാതിവഴിയിൽ ഞങ്ങൾ പിന്നിട്ട വ്യത്യസ്ത ദൂരങ്ങളിലെ ശരിതെറ്റുകളെക്കുറിച്ചും, ഫ്രാൻസിസ് മാർപ്പാപ്പയുടെ വിപ്ലവകരമായ ദൈവികവെളിപ്പെടുത്തലുകളുടെ പ്രസക്തിയെക്കുറിച്ചും, അവൻ പറഞ്ഞു കൊണ്ടിരുന്നപ്പോൾ അനുസരണയുള്ള ഒരു വിദ്യാർഥിയെപ്പോലെ മഴയും നനഞ്ഞു കൗതുകത്തോടെ ഞാൻ കേട്ടിരുന്നു. വിപ്ലവ ചിന്തകളെ നിരാകരിച്ച ആ പഴയ വിപ്ലവകാരിയുടെ ചിന്തകളിൽ പശ്ചാത്താപത്തിന്റെ കണ്ണുനീരാണ് എനിക്ക് കാണുവാൻ കഴിഞ്ഞത്. ഭൂമിയിൽ സ്വർഗ്ഗം സൃഷിടിക്കുവാൻ വലിയ വിപ്ലവങ്ങൾ അല്ല വേണ്ടതെന്നും മറിച്ച് അപരന്റെ ജീവിതത്തിൽ, ഒരാളിന്റെയെങ്കിലും അന്ധകാരത്തിൽ വിളക്കു കൊളുത്തുകയാണ് യഥാർത്ഥ മാനവികതയെന്നുമുള്ള അവന്റെ തിരിച്ചറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു. ഞങ്ങൾ തമ്മിലുള്ള ദൂരം കുറയുന്നതും ഞങ്ങളുടെ ചിന്തകൾക്കിടയിൽ മതിലുകൾ ഇല്ലാകുന്നതും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. 

 

ബെനഡിക്ട് മാർപാപ്പയുടെ കത്തോലിക്കാ വിശ്വാസത്തെയും അജ്ഞേയവാദത്തെയും കുറിച്ചുള്ള വാക്കുകൾ പറഞ്ഞുകൊണ്ടാണ് അവൻ അന്ന് യാത്രപറഞ്ഞത്. “രണ്ടും പരസ്പരം ആവശ്യമാണ്. അജ്ഞേയവാദിയ്ക്ക് അറിയാത്തതിൽ സംതൃപ്തനാകാൻ കഴിയില്ല, എന്നാൽ വിശ്വാസിക്ക് വിശ്വാസം എന്നത് മഹത്തായ സത്യത്തിന്റെ വലിയ തിരയലായിരിക്കണം. കത്തോലിക്കർക്ക് വിശ്വാസം ഉള്ളതിൽ സംതൃപ്തനാകാൻ കഴിയില്ല, മറിച്ച് എല്ലായ്പ്പോഴും ദൈവത്തെ അന്വേഷിച്ച് മറ്റുള്ളവരുമായി സംഭാഷണത്തിൽ ആയിരിക്കണം. അതിനാൽ കത്തോലിക്കർക്ക് കൂടുതൽ ആഴത്തിൽ ദൈവത്തെക്കുറിച്ച് കൂടുതലറിയാൻ കഴിയും”.

 

എന്റെ ദൈവശാസ്ത്രത്തിലെ അറിവുകൾ വർദ്ധിച്ചു വരുമ്പോൾ അവൻ ദൂരെ ആദിവാസിമേഖലകളിൽ വെളിച്ചം പടർത്തുകയായിരുന്നു. 

ജയിലിലെ അഴികൾക്കപ്പുറത്തു നിൽക്കുന്ന അവനെ കണ്ടപ്പോൾപോലും അവൻ ഒരു കൊലയാളിയാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ അവൻ ഉറച്ച ശബ്ദത്തിൽ പതിയെപറഞ്ഞു തുടങ്ങി. ‘‘ഞാൻ അല്ല അത് ചെയ്തത്. ആ ആദിവാസി പെൺകുട്ടി അവരുടെ ആത്മരക്ഷാർത്ഥം അയാളെ കൊന്നതാണ്. ഒരു ഇരപിടിയൻ കഴുകൻ ഒരു മുയൽകുഞ്ഞിനെ റാഞ്ചുംപോലെ കുന്നിൻ മുകളിലേക്കു വലിച്ചിഴക്കുമ്പോൾ. അവർക്കു വേറെ വഴിയൊന്നും ഇല്ലായിരുന്നു.’’

 

‘‘പക്ഷേ നീ എന്തിന് ആ കുറ്റം ഏറ്റെടുത്തു? സ്വയരക്ഷക്ക് വേണ്ടി ആണെങ്കിൽ നിന്നെപ്പോലെയുള്ള പ്രഗത്ഭനായ ഒരു ക്രിമിനൽ വക്കീലിന് അവർക്കു നീതി നടപ്പിലാക്കി കൊടുക്കുവാൻ കഴിയില്ലേ?’’

‘‘ഒരു ആദിവാസി ഊരിന്റെ മുഴുവൻ വെളിച്ചമാകാൻ തെളിച്ചമുള്ള ഒരു ദുർബലയായ ആ പെൺകുട്ടിക്ക് നീതി ലഭിച്ചാൽതന്നെ എത്ര വർഷങ്ങൾ വേണ്ടി വരും? നീതി നിഷേധത്തിന്റെ അടയാളമായ ഉത്തർപ്രദേശിലെ ഹത്രാസിലെ പെൺകുട്ടിയുടെ ആ നീല ചെരിപ്പുകൾ അമർഷവും കോപവും നിസ്സഹായതയും ആഴത്തിൽ മുറിവേൽപ്പിച്ച ഒരു നിലവിളിയായി ഇപ്പോഴും എന്നെ വേട്ടയാടുന്നു. ഒരാളെയെങ്കിലും അയാളുടെ ദുഖങ്ങളിൽ നിന്നും മോചനം കൊടുക്കാത്ത ഒരു ദൈവശാസ്ത്രത്തോടും പ്രത്യയശാസ്ത്രത്തിനോടും എനിക്ക് സമരസപ്പെടുവാൻ കഴിയില്ല.’’ 

അത് പറയുമ്പോൾ എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മുഖം മാക്സ്മില്ലിൻ കോൾബെയുടെ മുഖം പോലെ പ്രകാശിതമായിരുന്നു.

 

തിരിയെ നടക്കുമ്പോൾ എന്റെ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു, ‘‘പ്രിയപ്പെട്ട സുഹൃത്തേ. നിന്നെയാണ് ദൈവം എനിക്ക് മുൻപേ തിരഞ്ഞെടുത്തത്. നിന്റെ ഉള്ളിൽ ക്രിസ്തുവിന്റെ പ്രവാചകദൗത്യം അണയാതെ കത്തുന്നുണ്ടായിരുന്നു. ആഴമേറിയ ദൈവശാസ്ത്രപഠനങ്ങൾക്കപ്പുറത്തുള്ള നിസ്സഹായനായ ഒരു മനുഷ്യന്റെ  വഴികളിൽ വെളിച്ചം തെളിക്കുവാൻ എനിക്ക് മുൻപേ ദൈവം നിന്നെ തിരഞ്ഞെടുത്തതാണ്’’

 

ദൈവം എന്റെ മനസിൽ അപ്പോൾ അടുത്തവഴി തുറക്കുകയായിരുന്നു. റോമിലെ പൊന്തിഫിക്കൽ സെമിനാരിയിൽനിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റിനു ശേഷം സഭയുടെ അധികാരങ്ങളിലേക്കു ഉയരുവാനുള്ള എന്റെ തീരുമാനത്തിൽ നിന്നും ഇന്ത്യയിലെ നാഷണൽ പ്രിസൺ മിനിസ്ട്രിയുടെ കോർഡിനേറ്റർ ആകുവാനുള്ള ആ തീരുമാനത്തിലേക്ക് ദൈവം എന്നെ എളിമപ്പെടുത്തുമ്പോൾ എന്റെ മനസ്സിൽ എന്റെ ആത്മീയ ഗുരുവായിരുന്ന ഫാദർ ചെറിയാൻ നേരേവീട്ടിലിന്റെ വാക്കുകളായിരുന്നു “ഒരു വൈദികൻ ഇഷ്ടപെട്ട സഥലത്തേക്ക് പോകേണ്ട ആളല്ല, അയക്കപ്പെട്ട സ്ഥലത്തേക്ക് ഇഷ്ടപ്പെട്ടു പോകേണ്ടയാളാണ്”. സ്വന്തം ജീവിതം കൊണ്ട് ബലി പൂർത്തിയാക്കി  ക്രിസ്തുവിനെ അടയാളപ്പെടുത്തിയ, അവിശ്വാസിയായ തന്റെ പ്രിയപ്പെട്ട സുഹൃത്തിലൂടെ, വൈദികനായ എന്നെ വഴി നടത്തുവാൻ ദൈവം തിരഞ്ഞെടുക്കകയായിരുന്നു.

 

സാമൂഹ്യശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമായിരുന്ന പീറ്റർ ലുഡ്‌വിഗ് ബെർഗറിന്റെ ദൈവത്തിനെക്കുറിച്ചുള്ള വാക്കുകൾ ഞാൻ അപ്പോൾ ഓർത്തു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു യൂറോപ്യൻ നഗരത്തിലെ ചേരി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു പുരോഹിതനോട് എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചു. മറുപടി ഇപ്രകാരമായിരുന്നു. ‘ദൈവത്തിനെക്കുറിച്ചുള്ള കേട്ടുകേൾവികൾ ഈ ലോകത്തിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമാകാതിരിക്കാൻ.’ 

എന്റെ മനസ്സ് അപ്പോൾ ബലിയർപ്പണം കഴിഞ്ഞ ഒരു അൾത്താര പോലെ വിശുദ്ധീകരിക്കപ്പെട്ടിരുന്നു.

 

English Summary: The Priest and Agnostic, Malayalam short story