ഒരാളുടെ തോളെല്ലിനിടയിൽ ഒരു കഠാര കുത്തി നിൽക്കുന്നുണ്ട്. അതിന് ചുറ്റും ഒരു മുണ്ട് ചുറ്റിയിരിക്കുന്നു. മുറിപ്പാടിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് തടയാനായി കുത്ത് കൊണ്ടവന്റെ മുണ്ട് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒരാളുടെ തോളെല്ലിനിടയിൽ ഒരു കഠാര കുത്തി നിൽക്കുന്നുണ്ട്. അതിന് ചുറ്റും ഒരു മുണ്ട് ചുറ്റിയിരിക്കുന്നു. മുറിപ്പാടിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് തടയാനായി കുത്ത് കൊണ്ടവന്റെ മുണ്ട് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളുടെ തോളെല്ലിനിടയിൽ ഒരു കഠാര കുത്തി നിൽക്കുന്നുണ്ട്. അതിന് ചുറ്റും ഒരു മുണ്ട് ചുറ്റിയിരിക്കുന്നു. മുറിപ്പാടിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് തടയാനായി കുത്ത് കൊണ്ടവന്റെ മുണ്ട് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിശബ്ദപ്രതികാരം (കഥ)

 

ADVERTISEMENT

അവൾ ആ കാഴ്ച കണ്ട് വിറച്ച് നിന്നു. അത്യാഹിതവിഭാഗത്തിൽ ജോലി ചെയ്തുതുടങ്ങിയിട്ട് ആറുമാസങ്ങളായെങ്കിലും ഇങ്ങനെയൊരു ഭീകരരംഗം ആദ്യമായിട്ടാണ് നേരിടുന്നത്. അറ്റൻഡർ ജോസേട്ടൻ അവരെ മുറിയ്ക്കുള്ളിലേയ്ക്ക് കൊണ്ടുവന്നു. എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുമ്പോഴേയ്ക്കും മേട്രൺ അവിടെയെത്തി. അവൾ ആശ്വാസത്തോടെ ഒന്ന് ദീർഘമായി നിശ്വസിച്ചു.

 

സിസ്റ്റർ മറിയാമ്മയ്ക്കാണ് നേഴ്സിംഗിന്റെ ചുമതല. അവർ കൂടെയുള്ളതുകൊണ്ടായിരുന്നു അവൾക്ക് അവിടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. പരീക്ഷ പാസ്സായതിന് ശേഷമുള്ള ആദ്യത്തെ ജോലിയായിരുന്നു, താഴ്​വാരത്തിനടുത്തുള്ള ആ ആശുപത്രിയിലെ പോസ്റ്റിംഗ്. ആക്സിഡന്റ് ആൻഡ് എമർജൻസിയിലെ ജോലി ചോദിച്ച് വാങ്ങിയതായിരുന്നു. അപകടത്തിൽ പെട്ടവരെ ശുശ്രൂഷിക്കാനുള്ള ഒരവസരം എന്ന് പുറമേ മനസ്സ് പറഞ്ഞെങ്കിലും ഉള്ളിന്റെയുള്ളിൽ അതിനുണ്ടായ പ്രചോദനം അയാളായിരുന്നു.

 

ADVERTISEMENT

“എന്താടോ ഈ കാണിച്ച് വച്ചിരിക്കുന്നത്?” മറിയാമ്മയുടെ ശബ്ദം അവിടെ മുഴങ്ങി. “കുത്താനറിയില്ലെങ്കിൽ ഈ വക ഏർപ്പാടിനൊന്നും പോകരുത്.”

 

ഒരാളുടെ തോളെല്ലിനിടയിൽ ഒരു കഠാര കുത്തി നിൽക്കുന്നുണ്ട്. അതിന് ചുറ്റും ഒരു മുണ്ട് ചുറ്റിയിരിക്കുന്നു. മുറിപ്പാടിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് തടയാനായി കുത്ത് കൊണ്ടവന്റെ മുണ്ട് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ചോരയിൽ കുതിർന്ന ഒരു ഷർട്ടും ഒരു ഡ്രോയറുമാണ് അയാളുടെ വേഷം. നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ. കൂടെ വന്നിരിക്കുന്ന ആൾക്ക് അവനേക്കാൾ പ്രായം തോന്നിക്കും. 

 

ADVERTISEMENT

കുത്തുകൊണ്ടവന്റെ കൂടെ വന്നയാളോടാണ് മറിയാമ്മ ഒച്ചയിടുന്നത്. അവരുടെ സംസാരം കേട്ടിട്ട് അവർക്ക് ഇവരെ നേരത്തെ പരിചയമുള്ളതായിട്ടാണ് തോന്നിയത്. 

 

“എടോ, കൊല്ലാനാണ് കുത്തിയതെങ്കിൽ തോളിനിടയിൽ കുത്തിയിട്ട് എന്ത് കാര്യം? കുറച്ച് കൂടി ഇറക്കി നെഞ്ചത്തോട്ടങ്ങ് കുത്താമായിരുന്നില്ലേ? അവിടെയാണ് ചങ്കിരിക്കുന്നതെന്ന് നീയൊന്നും ഇതുവരെ പഠിച്ചിട്ടില്ലേ?” മറിയാമ്മ അയാളെ ഉള്ളിലേയ്ക്ക് കയറ്റി നിർത്തി. “അതെങ്ങനാ, പഠിക്കേണ്ട സമയത്ത് ടീച്ചറുടെ ചന്തോം ചന്തീം നോക്കിയിരുന്നാൽ ഇങ്ങനാവും.”

 

അവൾ ഇതെല്ലാം കണ്ടും കേട്ടും അത്ഭുതപ്പെട്ട് നിന്നു. അടിവയറ്റിൽ നിന്നും കേറി വന്ന ആന്തൽ മറിയാമ്മയുടെ ശബ്ദത്തിൽ ഒതുങ്ങി. എത്ര ലാഘവത്തോടെയാണ് ഇവർ ഇത്തരം സന്ദർഭങ്ങൾ നേരിടുന്നത്! ഏത് വലിയ ദുരന്തത്തിന്റെ മുന്നിലും മനസ്സ് പതറാതെ നിൽക്കുന്ന ഒരു സ്ത്രീ. അവരാണ് അവളുടെ ഊർജ്ജത്തിന്റെ മുഖ്യസ്രോതസ്സ്.

 

കത്തി വലിച്ചൂരാനും മുറിവ് വൃത്തിയാക്കി സ്റ്റിച്ചിട്ട് മരുന്ന് വച്ച് ഡ്രസ്സുചെയ്ത് കൈ സ്ലിംഗിലിടാനുമെല്ലാം മറിയാമ്മയെ സഹായിച്ചുകൊണ്ട് അവൾ കൂടെ നിന്നു. അവൾ തന്നെയായിരുന്നെങ്കിൽ അതൊന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല എന്നവൾക്കറിയാമായിരുന്നു. വളരെയധികം പഠിക്കാൻ പറ്റിയ ഒരു ആശുപത്രിയിൽ തന്നെയാണ് താൻ എത്തിച്ചേർന്നിരിക്കുന്നതെന്ന് അവൾ മനസ്സിൽ വീണ്ടും ഉറപ്പിച്ചു. 

 

രോഗിയേയും കൂടെവന്നയാളേയും മുറിയിലേയ്ക്ക് മാറ്റി. മറിയാമ്മ അവളുടെയരികിൽ എത്തി. “എന്താ, കുട്ടീ, പേടിച്ച് പോയോ?” 

 

അവൾ ഒന്നും മിണ്ടാനാവാതെ അവരുടെ മുഖത്ത് നോക്കിനിന്നു.

 

“ഇതൊക്കെ ഇവിടെ സർവസാധാരണമാണ്. ഈയിടെയായിട്ട് അധികം കേസുകൾ കാണാറില്ല. തമ്മിത്തല്ലികളുടെ എണ്ണം കുറയുന്നതുകൊണ്ടായിരിക്കും ബാക്കിയുള്ളവർ ശാന്തരാകുന്നത്. എന്നാലും കാര്യമില്ല. വെള്ളപ്പുറത്ത് മനുഷ്യൻ എന്താ ചെയ്യാ എന്ന് പറയാൻ പറ്റില്ല.”

 

“പൊലീസുകാർ ഇതിലൊന്നും ഇടപെടില്ലേ?” അവൾ അവസാനം ശബ്ദം കണ്ടെത്തി.

 

“ഏയ്, അതിനൊന്നും പോകാറില്ല. ഇതൊക്കെ ചെറിയ കത്തിക്കുത്ത് കേസല്ലേ. അവർ തമ്മിൽ ഒത്തുതീർപ്പാക്കിക്കൊള്ളും.”

 

“അതിന് കുത്തിയ ആളെ ഇവർ കണ്ടുപിടിക്കണ്ടേ? എന്നിട്ടല്ലേ ഒത്തുതീർപ്പ്.” അവളുടെ ഭയം അത്ഭുതത്തിന് വഴിമാറി.

 

“കൂടെ വന്നവൻ ആരാന്നാ മോള് വിചാരിച്ചേ? അവൻ തന്നെയാ കുത്തിയത്. അവർ വലിയ കൂട്ടുകാരാ. ഇതിനുമുമ്പും ഏതോ പെണ്ണിന്റെ കാര്യത്തിൽ തല്ലുണ്ടാക്കി ഇവിടെ കൊണ്ടുവന്നിട്ടുണ്ട്, രണ്ടിനേം. വെള്ളമടി കൂടുതലായാലേ ഈ വക പൊല്ലാപ്പുകളുള്ളു. അല്ലേല് നല്ല പണിക്കാരാ.”

 

“എങ്ങാനും മരിച്ചു പോയിരുന്നെങ്കിൽ എന്ത് ചെയ്തേനെ?”

 

“കാട്ടിനുള്ളിൽ കിടന്ന് ചത്തുപോയാലും ആരോടും പറയാതെ അവരുതന്നെ അങ്ങ് മറവ് ചെയ്തോളും. പൊലീസുമായുള്ള പൊല്ലാപ്പിനൊന്നും അവർ പോകില്ല.”

 

അടിപിടി കേസുകളിൽ കൈയും കാലും പൊട്ടി പലരും അവിടെ വന്നിട്ടുള്ളത് അവൾക്കറിയാം. എങ്കിലും ഇതാദ്യമായാണ് കത്തി കുത്തിയിറക്കി വരുന്നത്. അതും കുത്തിയവൻ തന്നെ കുത്തുകൊണ്ടവനേയും കൊണ്ട്!

 

പല സമയത്തും അക്രമാസക്തരായ ഒരു പറ്റം ആളുകളാവും പരിക്കേറ്റവരുടെ കൂടെ വരുന്നത്. അവൾ ജോലിയ്ക്ക് കയറി ആദ്യത്തെ ആഴ്ചയിൽ തന്നെ അതുപോലൊരു സംഭവം ഉണ്ടായി. ജനക്കൂട്ടത്തിന്റെ ആവേശം കണ്ട് പരിഭ്രാന്തയായ അവൾ പുറത്തേയ്ക്കിറങ്ങാൻ ഭയപ്പെട്ട് മുറിയിൽ തന്നെയിരുന്നു.

 

പക്ഷേ, മറിയാമ്മ സിസ്റ്റർക്ക് യാതൊരു പതറിച്ചയുമില്ലായിരുന്നു. ആ കൂട്ടത്തിൽ നിന്നും അഞ്ചുപേർ മാത്രം അകത്തേയ്ക്ക് വന്നാൽ മതിയെന്ന് അവർ ആക്രോശിച്ചു. അവരുടെ കൂടെ പരിക്കേറ്റവരേയും മുറിയ്ക്കകത്താക്കി. അവളും മറ്റ് നേഴ്സിംഗ് സ്റ്റാഫും പരിക്കേറ്റവരെ പരിചരിക്കുന്നതിനിടയിൽ കൂടെ കേറിയ അഞ്ച് പേരെ മറ്റൊരു മുറിയിലാക്കി.

 

കുറച്ചു കഴിഞ്ഞപ്പോൾ വളരെ ശാന്തരായി അവർ ആ മുറിയിൽ നിന്നുമിറങ്ങിപ്പോകുക മാത്രമല്ല കൂടെവന്ന ആൾക്കൂട്ടത്തിലുള്ളവരേയും വിളിച്ച് സ്ഥലം കാലിയാക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ബന്ധുക്കൾ മാത്രം അവിടെ തങ്ങിനിന്നു.

 

പിന്നീട് മറിയാമ്മ സിസ്റ്റർ പറഞ്ഞപ്പോഴാണ് ജനക്കൂട്ടം ശാന്തരാകാനുള്ള കാരണം മനസ്സിലായത്. ആശുപത്രി ജോലിക്കാരിൽ അഞ്ചാറ് മല്ലന്മാരെ കൂടി ജോലിയ്ക്ക് വച്ചിട്ടുണ്ട്. ഇടിമുറി എന്ന പേരിൽ ഒരു മുറി പ്രത്യേകം സജ്ജമാക്കിയിട്ടുമുണ്ട്. അവിടെ കേറിയിറങ്ങുന്നവർ പിന്നെ ബഹളങ്ങൾക്കൊന്നും കാത്ത് നിൽക്കാതെ തിരിച്ചുപോകുന്നതാണ് പതിവ്.

 

വാഹനാപകടത്തേക്കാൾ കൂടുതലായി അവിടെ അത്യാഹിതവിഭാഗത്തിൽ എത്തുന്നത് താഴ്​വാരത്തെ അടിപിടി കേസുകളിൽ പെടുന്നവരാണ്. പെട്ടെന്ന് തമ്മിൽത്തല്ലുകയും അതേവേഗത്തിൽ ഇണങ്ങുകയും ചെയ്യുന്ന ഒരു പറ്റം നാട്ടുകാർ. ‘ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ ഞെക്കിക്കൊല്ലും’ എന്ന് പറയുന്ന പോലെയാണ്. 

 

കത്തിക്കുത്ത് കേസിലെ വ്യക്തിയെ കുത്തിയ ആൾ തന്നെ തിരിച്ച് കൊണ്ടുപോയി. തൽക്കാലം അന്തരീക്ഷം ശാന്തമായതിനാൽ അവൾ ആ കസേരയിലിരുന്നു. മറിയാമ്മ സിസ്റ്റർ അകത്തേയ്ക്ക് പോയി. അവൾ ഒറ്റയ്ക്കായി.

 

എപ്പോഴും കുളിർമ്മ നിലനിൽക്കുന്ന അന്തരീക്ഷമാണ് ആ താഴ്​വാരപ്രദേശം. പലപ്പോഴും അവൾക്ക് സ്വെറ്റർ ഇടേണ്ടിവരാറുണ്ട്. നഗരത്തിലെ ചൂടിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഒരു സുഖം. 

 

അവളുടെ ചിന്തകൾ എന്നുമെന്ന പോലെ കണ്ണൂർ മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലത്തേയ്ക്കോടിയകന്നു. ജിവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നെങ്കിലും ഇടയിൽ മധുരമായ വേദനകളും കയറിവന്നിരുന്നു.

 

കണ്ണൂർ നഗരത്തിൽ നിന്നും അല്പം മാറി സ്ഥിതിചെയ്തിരുന്ന ആ ഭഗവതിക്ഷേത്രം അവൾക്ക് വളരെയധികം ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു. മാസത്തിലൊരിക്കലെങ്കിലും അവിടെ പോകാറുണ്ടായിരുന്നു. ആ ഭഗവതിയെ കുറിച്ചുള്ള കഥകൾ മനസ്സിനെ വല്ലാതെ സ്പർശിച്ചിരുന്നു. അവിടുത്തെ ഏകാന്തതയും നിശ്ശബ്ദതയും അവളെ ആകർഷിച്ചു. അമ്പലത്തിന് ചുറ്റുമുള്ള ഹരിതാഭയാർന്ന നിബിഡവനത്താൽ ആ സ്ഥലത്തിന്റെ ആകർഷണീയത ദ്വിഗുണീഭവിച്ചു. അവിടെ പോയിരുന്ന് ചെലവഴിക്കുന്ന നിമിഷങ്ങൾ പല ഗഹനമായ ചിന്തകൾക്കും വഴിയൊരുക്കി.

 

അമ്പലത്തിന്റെ കിഴക്കേ നടയിൽ നിന്നും കുറേക്കൂടി കിഴക്കോട്ട് മാറിയായിരുന്നു നാഗസ്ഥാനം. കാട് പിടിച്ച് കിടക്കുന്ന ഒരിടം. വർഷത്തിലൊരിക്കലുള്ള ഉത്സവസമയത്ത് മാത്രമേ അവിടെ ആൾപെരുമാറ്റമുള്ളു. അന്നേരം കാടെല്ലാം വെട്ടിത്തെളിച്ച് നാഗദൈവങ്ങളെ പ്രീതിപ്പെടുത്തിയെഴുന്നെള്ളിച്ച് ഭഗവതിയുടെ അടുത്തേയ്ക്ക് പോകും. പക്ഷേ, അവൾക്ക് ആരുമില്ലാത്ത ദിവസങ്ങളിൽ നാഗസ്ഥാനത്ത് പോകാനായിരുന്നു താല്പര്യം. 

 

അവിടെ പോകുന്നതിൽ നിന്ന് പലരും വിലക്കിയെങ്കിലും ആരും കാണാതെ അവൾ അതിനകത്തെത്തി. കാടിനിടയിൽക്കൂടെ പുൽച്ചെടികളെ വകഞ്ഞുമാറ്റി നടക്കാൻ ഒരു പ്രത്യേക കമ്പമായിരുന്നു. പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഒരിക്കലും ഒരു പാമ്പിനെ പോലും കണ്ടിട്ടില്ലെന്നുള്ളതാണ് അത്ഭുതം. നാഗത്താന്മാരെ കണ്ടുകൊണ്ട് അവിടെ കുറേ നേരം ഇരിക്കും. മനസ്സിൽ ചെറുകവിതകളും കഥകളും മെനഞ്ഞെടുക്കാറുള്ള സമയമാണത്. 

 

ആ ഏകാന്തതയിലിരുന്ന് കുത്തിക്കുറിച്ച ചില കവിതകൾ വാരികകളിൽ അച്ചടിച്ച് വരികയുണ്ടായി. അവിടെ പോയിരിക്കാൻ അത് കൂടുതൽ പ്രചോദനമേകി.

 

പക്ഷേ, അന്നൊരു ദിവസം. നാഗസ്ഥാനത്ത് കയറിച്ചെന്നപ്പോൾ കണ്ട കാഴ്ച. അതൊരു വിറയലോടെ മാത്രമേ ഓർക്കാൻ സാധിക്കു.

 

മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം അവളെ ചിന്തകളിൽ നിന്നുണർത്തി. 

 

മറിയാമ്മ സിസ്റ്റർ ആയിരുന്നു. ഒന്നിച്ച് ആഹാരം കഴിക്കാനായി വന്നതായിരുന്നു. കൂടെയുള്ളവർക്കെല്ലാം ഒരമ്മയുടെ സ്നേഹം പകർന്നു നൽകുന്നൊരു സ്ത്രീ. അവരുടെ കൂടെ വർത്തമാനം പറഞ്ഞ് ആഹാരം കഴിക്കുന്നതിലുമുണ്ടൊരു സുഖം.

 

“എന്താ മോളേ, കത്തിക്കുത്ത് കണ്ട പേടിയൊക്കെ മാറിയോ?” 

 

“മറിയാമ്മസിസ്റ്ററെ സമ്മതിച്ചിരിക്കുന്നു. ഇതെല്ലാം കണ്ടിട്ടും മനസ്സിന് ഒരു ചാഞ്ചല്യവുമില്ലാതെ എങ്ങനെ നേരിടാൻ കഴിയുന്നു?” അവളുടെ അത്ഭുതം അപ്പോഴും മാറിയിട്ടില്ലായിരുന്നു.

 

“ഇരുപത് കൊല്ലമായി ഇവിടെ ജോലി ചെയ്യുന്നു. ഞാൻ വരുമ്പോൾ ഈ ജനലിൽ കൂടി നോക്കിയാൽ കാട് കാണാമായിരുന്നു. രാത്രി സമയം എന്തെല്ലാം ശബ്ദങ്ങളാണെന്നോ കേൾക്കുന്നത്. ആദ്യമൊക്കെ പേടി തോന്നിയിരുന്നു. പിന്നീടെല്ലാം ശീലമായി. അന്ന് ഇവിടെ കൊണ്ടുവന്നിരുന്നത് കാട്ടുമൃഗങ്ങൾ കടിച്ചുകീറിയവരെയായിരുന്നു. ഇന്നിപ്പോൾ മൃഗങ്ങളുടെ സ്ഥാനത്ത് മനുഷ്യർ തന്നെയായി വെട്ടിക്കീറുന്നത്.” 

 

“സിസ്റ്റർ കൂടെയില്ലായിരുന്നെങ്കിൽ ഞാൻ പണ്ടേ ഇവിടെ നിന്നും കെട്ട് കെട്ടിയേനെ.” അവൾ ചിരിച്ചു.

 

“മനസ്സ് ദൃഢമാക്കാതെ വയ്യ മോളേ. അല്ലെങ്കിൽ അദ്ദേഹം പോയതിന് പുറകേ ഞാനിവിടെങ്ങാനും കെട്ടിത്തൂങ്ങി ചത്തേനെ.”

 

“എന്ത് പറ്റിയതായിരുന്നു സിസ്റ്ററുടെ ഭർത്താവിന്?” ഇതുവരെ സംസാരിക്കാത്ത ഒരു വിഷയത്തിൽ സംശയം ചോദിക്കാൻ അവൾക്കല്പം സങ്കോചമുണ്ടായിരുന്നു.

 

“ആന ചവിട്ടീതാന്നാണ് ഒടുവിൽ റിപ്പോർട്ട്. പക്ഷേ, അവന്മാര് തീർത്തതാണെന്ന് എനിക്കറിയാമായിരുന്നു. ഫോറസ്റ്റ് റേഞ്ചറോടുള്ള പക. അല്ലാതെന്താ!” മറിയാമ്മയുടെ മുഖത്ത് ഒരു നിസ്സംഗത തെളിഞ്ഞുനിന്നു.

 

“അതേ ആൾക്കാരെ എങ്ങനെ നേരിടും സിസ്റ്ററേ? അവരൊക്കെ തന്നെയാവില്ലേ കുത്തുകൊണ്ടും അസുഖം പിടിച്ചുമൊക്കെ ഇവിടെയെത്തുന്നത്?” അവളുടെ മുഖത്ത് അത്ഭുതമായിരുന്നു.

 

“അത് തന്നെയല്ലേ മോളേ, ഏറ്റവും വലിയ പകരം വീട്ടൽ. ചാവാറായ പലരേയും തുന്നിക്കെട്ടിയും മറ്റും രക്ഷിച്ചിട്ടൊണ്ട്. എന്റെ മുഖത്ത് നോക്കുമ്പോൾ അവന്റെ മോന്തായത്ത് മാറി വരുന്ന ഭാവമുണ്ടല്ലോ, മോളേ. അതു കണ്ടാലറിയാം അവന്റെ കൈ പതിഞ്ഞിട്ടുണ്ടെന്ന്. ഇവിടുന്ന് പോകുമ്പോൾ എന്റെ മുഖത്ത് നോക്കാതെ തലകുനിച്ചാണ് നടക്കുക. അതിൽ കൂടുതൽ എന്ത് പകരം ചോദിക്കാനാണ്!”

 

“അപ്പോൾ ആരാണ് ആ പാതകം ചെയ്തതെന്ന് സിസ്റ്റർക്ക് അറിയാമോ?” വിടർന്ന കണ്ണുകളോടെ അവൾ ആരാഞ്ഞു.

 

“പിന്നെന്താ! അവിടെയുള്ളവരിൽ പലരേയും ഞാൻ തന്നെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തീട്ടുണ്ട്. അവരൊക്കെ എപ്പോഴും എന്നോട് കൂറുള്ളവരായിരുന്നു. അദ്ദേഹത്തെ ആക്രമിച്ചവരിലെ നേതാവ് ഇവിടെ നിന്ന് രക്ഷപ്പെട്ട് വടക്കെവിടേയ്ക്കോ പോയി. വയനാട്ടിലോ കണ്ണൂരിലോ മറ്റോ. അവൻ മാത്രമേ ഇനി ചികത്സിച്ച് മുകളിലേയ്ക്ക് പറഞ്ഞയക്കാൻ ബാക്കിയുള്ളു. സാരമില്ല. എന്നെങ്കിലും തിരിച്ചുവരാതിരിക്കില്ല.” മറിയാമ്മയുടെ നെടുവീർപ്പിന്റെ ശബ്ദം അവിടെ മുഴങ്ങി.

 

മറിയാമ്മ സിസ്റ്റർ ആഹാരം കഴിച്ചെഴുന്നേറ്റു. മറിയാമ്മ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് ആലോചിക്കുന്നതിനിടയിൽ അവളും ഒപ്പമെഴുന്നേറ്റ് പാത്രവും കൈയും കഴുകി.

 

മറിയാമ്മ അപ്പുറത്തേയ്ക്ക് പോയതോടെ അവൾ സ്വന്തം മനോരാജ്യത്തേയ്ക്ക് മടങ്ങി. 

 

അന്ന് നാഗസ്ഥാനത്ത് ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച. അവൾ വലിയവായിൽ നിലവിളിക്കാനായി വായ തുറന്നെങ്കിലും ശബ്ദമൊന്നും പുറത്തുവന്നില്ല. തൊണ്ട വരണ്ട് മരവിച്ച പ്രതീതി. 

 

ആ പൊക്കം കുറഞ്ഞ മതിൽക്കെട്ടിനകത്ത് രക്തത്തിൽ കുളിച്ച ഒരു ശരീരം. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നിന്നുപോയി. ഷർട്ടും പാന്റുമെല്ലാം രക്തമയം. അനക്കമില്ലായിരുന്നു. കുറച്ചുനേരത്തിന് ശേഷം മനസ്സാന്നിദ്ധ്യം വീണ്ടെടുത്തപ്പോൾ അയാളുടെ അടുത്തേയ്ക്ക് ചെന്നു. 

 

മെഡിക്കൽ കോളേജിൽ പഠിച്ച കാര്യങ്ങൾ മനസ്സിലേയ്ക്കാവാഹിച്ചെടുത്തു. മുന്നിൽ കിടക്കുന്ന ആളുടെ നാഡി പിടിച്ചുനോക്കി. മരിച്ചിട്ടില്ലെന്ന് മനസ്സിലായി. ദുപ്പട്ട കീറിയെടുത്ത് മുഖത്തെ ചോരയെല്ലാം തുടച്ച് നീക്കി. അപ്പോൾ അയാൾ കണ്ണുകൾ തുറന്നു. അവളുടെ മുഖത്ത് നോക്കി ചിരിക്കാൻ ശ്രമിച്ചു.

 

ഇടത്തേ കണ്ണിന് കുറച്ച് മുകളിലായി ആഴത്തിലുള്ള ഒരു മുറിവ്. അതിൽ നിന്നാണ് രക്തം ഒലിച്ചിറങ്ങിയിരുന്നത്. അവൾ മുറിവ് തുടച്ച് വൃത്തിയാക്കി. സ്റ്റിച്ചിട്ടില്ലെങ്കിൽ ആ മുറിവ് വിടർന്ന് നില്ക്കുമെന്നതുറപ്പ്. അയാളെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് അവൾ പറഞ്ഞു. പക്ഷേ, അയാൾ സമ്മതിച്ചില്ല. അവിടെ വിട്ടേച്ച് പൊയ്ക്കൊള്ളാൻ അയാൾ അവളോട് നിർദ്ദേശിച്ചു.

 

അവൾ തോൾസഞ്ചിയിൽ എല്ലായ്പ്പോഴും കരുതാറുള്ള പഞ്ഞിയും ഗോസും പ്ലാസ്റ്ററും സ്പിരിറ്റിന്റെ ചെറിയ കുപ്പിയും ഓയിന്മെന്റും പുറത്തെടുത്തു. കോളജിൽ പഠിച്ചപോലെ അയാളുടെ നെറ്റിയിലെ മുറിവ് സ്പിരിറ്റിൽ മുക്കിയ പഞ്ഞിവച്ച് വൃത്തിയാക്കി. ഓയിന്മെന്റ് പുരട്ടി ഗോസ് വച്ച് അതിന് മീതെ പ്ലാസ്റ്റർ ഒട്ടിച്ചു. അയാൾ നിശ്ശബ്ദനായി അനങ്ങാതെ കിടന്നു.

 

കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പിയിൽ നിന്നും കുറച്ച് വെള്ളം അയാളുടെ വായിൽ ഒഴിച്ചുകൊടുത്തു. അയാളുടെ കണ്ണുകളിൽ അവളോടുള്ള നന്ദി സ്ഫുരിച്ചു. 

 

അയാളുടെ കൈയിലും കാലിലും ഒക്കെ മുറിവുകളുണ്ടായിരുന്നു. അതെല്ലാം അവൾ വൃത്തിയാക്കി. ചിലതിലെല്ലാം പ്ലാസ്റ്ററൊട്ടിച്ചു. ഇപ്പോൾ ആളെ കാണാൻ അല്പം മെനയൊക്കെ വന്നു. അയാൾ സ്വയം പിന്നോക്കം വലിഞ്ഞ് അരമതിലിൽ ചാരിയിരുന്നു. അവൾക്ക് കഴിക്കാനായി ബാഗിൽ കരുതിയിരുന്ന സാൻഡ്​വിച്ച് അയാൾക്ക് കഴിക്കാൻ കൊടുത്തു.

 

അയാൾ ആരാണെന്നോ എന്താണെന്നോ മനസ്സിലാക്കാൻ സാധിച്ചില്ല. അയാളുടെ നിർബ്ബന്ധത്തിന് വഴങ്ങി അവൾ ഇരുട്ടുന്നതിന് മുമ്പേ അവിടെ നിന്നും ഇറങ്ങി. പിറ്റേന്ന് അവിടെ ചെന്നുനോക്കിയെങ്കിലും അയാൾ അപ്പോഴേയ്ക്കും സ്ഥലം വിട്ടിരുന്നു. നാഗപ്രതിമയുടെ ഇടയിൽ നിന്നും ഒരു ചെറിയ കഷണം കടലാസ് കിട്ടി. ഭംഗിയുള്ള കൈപടയിൽ ഒരേ ഒരു വരി മാത്രം – കടമ്പിൽ ഊഞ്ഞാൽ കെട്ടിയാടുന്ന ഭഗവതിയെ, മുറിവുകൾ വച്ചുകെട്ടേണ്ടി വരുമ്പോൾ ഇനിയും കാണാം.

 

പിന്നീട് പല പ്രാവശ്യം നാഗസ്ഥാനത്ത് പോയിരുന്നെങ്കിലും അയാളെ കാണുകയുണ്ടായില്ല. പക്ഷേ, അതോടെ എമർജൻസി മെഡിസിനിൽ ഒരു പ്രത്യേക താല്പര്യം അവളിലുടലെടുത്തു.

 

പുറത്തുനിന്ന് കേട്ട ആരവം അവളെ ചിന്തകളിൽ നിന്നുണർത്തി. അവൾ മുറിയ്ക്ക് പുറത്തേയ്ക്കിറങ്ങി. അഞ്ചാറാളുകൾ ചേർന്ന് ഒരാളെ പൊക്കിക്കൊണ്ട് വരുന്നു. അതിന്റെ ബഹളമായിരുന്നു. അടുത്ത അടിപിടി കേസാകാനാണ് സാധ്യത.

 

അയാളെ മുറിയ്ക്കകത്തെ കിടക്കയിൽ കിടത്തി. തലയിൽ വെട്ടു കൊണ്ട മുറിവാണ്. മുഖം കാണാൻ പറ്റാത്തത്ര രക്തം ഒലിച്ചിറങ്ങിയിട്ടുണ്ട്. അവളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. കൈ വിറയ്ക്കാൻ തുടങ്ങി.

 

ഭാഗ്യത്തിന് മറിയാമ്മ സിസ്റ്റർ ഓടിയെത്തി. സിസ്റ്ററെ സഹായിച്ചുകൊണ്ട് അവൾ അടുത്ത് നിന്നു. മുഖത്തെ രക്തമെല്ലാം തുടച്ച് വൃത്തിയാക്കിയപ്പോൾ അവളുടെ മനസ്സ് പിടച്ചു. ഇടത്തേ കണ്ണിന് കുറച്ച് മുകളിലായി ആ മുറിപ്പാട്. അയാൾ തന്നെ.

 

“ബോധം വന്നിട്ടില്ല. അതിന് മുമ്പേ ആ വലിയ മുറിവ് തുന്നിക്കെട്ടാം. മോള് ഇങ്ങ് നീങ്ങി നിന്നോ. ഞാൻ അതും കൂടി ചെയ്തേക്കട്ടെ.” സിസ്റ്റർ പറയുന്നത് കേട്ടപ്പോൾ അവൾക്ക് സമാധാനമായി. അവളുടെ കൈകൾ വിറയ്ക്കുമെന്നത് നിശ്ചയമായിരുന്നു.

 

സ്റ്റിച്ചിങ് കഴിഞ്ഞ് മരുന്നെല്ലാം വച്ച് തലയടക്കി ഒരു ബാൻഡേജും ഇട്ടു കഴിഞ്ഞപ്പോൾ അവൾക്ക് ആശ്വാസമായി.

 

“ഇനി കുലുക്കി വിളിച്ചുണർത്തിക്കോ മോളേ.” സിസ്റ്റർ നിർദ്ദേശിച്ചു.

 

വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൾ അയാളെ കുലുക്കി. അയാൾ പതിയെ കണ്ണുകൾ തുറന്നു. അവളെ കണ്ടപ്പോൾ അയാളുടെ മുഖത്തൊരു പരിചയഭാവം നിഴലിച്ചു. പിന്നീട് അയാൾ തൊട്ടടുത്ത് നിൽക്കുന്ന മറിയാമ്മയെ നോക്കി. അയാളുടെ മുഖത്തെ ശാന്തത പെട്ടെന്ന് മാറി. അവിടെ ഭയത്തിന്റെ ഭാവവ്യത്യാസങ്ങൾ മിന്നിമറഞ്ഞു. കണ്ണുകൾ തുറിച്ചു.

 

“മുകളിലെത്തിയ നിന്റെ കൂട്ടുകാർ നിന്നേയും കാത്തിരിക്കുകയാവും. ധൃതി പിടിക്കേണ്ട. ഒരാഴ്ചക്കുള്ളിൽ നിനക്കും അവരുടെയടുത്തെത്താം, പോരെ.” മറിയാമ്മ കൈയിൽ പിടിച്ചിരുന്ന സിറിഞ്ച് അയാളുടെ മലർത്തി വച്ചിരുന്ന കൈത്തണ്ടയിലെ രക്തധമനിയിൽ കുത്തികയറ്റി.

 

അവൾ അത്ഭുതത്തോടെ മറിയാമ്മയെ നോക്കി.

 

“വേദനയുണ്ടാകും. കുറച്ച് നേരം മയങ്ങിക്കിടക്കുന്നതാ നല്ലത്!” മറിയാമ്മ അവളെ നോക്കി പുഞ്ചിരിച്ചു.

 

ബോധം മറയുന്നതിനിടയിൽ അയാളുടെ മുഖത്ത് പടർന്നു കയറിയ ഭയപ്പാട് അവളുടെ മനസ്സിനെ കുഴക്കിമറിച്ചു. 

 

Content Summary: Nisabdha prethikaram, Malayalam short story written by Santhosh Gangadharan