ഉനക്കെന്നെ പുടിക്കിലെയാ? നഗ്നമായ അവളുടെ ഉടലിൽ നിന്ന് തന്നെ വേർപ്പെടുത്തിക്കൊണ്ട് കിതപ്പോടെ സെൽവം ചോദിച്ചു. അവളാ ചോദ്യം കേട്ടുവോ എന്നുതന്നെ സംശയമാണ്. അവളപ്പോഴും മിഴികൾ മച്ചിലേക്ക് തുറന്നു വച്ചു ഒരു ശവം കണക്കേ മരവിച്ചു കിടക്കുകയായിരുന്നു.

ഉനക്കെന്നെ പുടിക്കിലെയാ? നഗ്നമായ അവളുടെ ഉടലിൽ നിന്ന് തന്നെ വേർപ്പെടുത്തിക്കൊണ്ട് കിതപ്പോടെ സെൽവം ചോദിച്ചു. അവളാ ചോദ്യം കേട്ടുവോ എന്നുതന്നെ സംശയമാണ്. അവളപ്പോഴും മിഴികൾ മച്ചിലേക്ക് തുറന്നു വച്ചു ഒരു ശവം കണക്കേ മരവിച്ചു കിടക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉനക്കെന്നെ പുടിക്കിലെയാ? നഗ്നമായ അവളുടെ ഉടലിൽ നിന്ന് തന്നെ വേർപ്പെടുത്തിക്കൊണ്ട് കിതപ്പോടെ സെൽവം ചോദിച്ചു. അവളാ ചോദ്യം കേട്ടുവോ എന്നുതന്നെ സംശയമാണ്. അവളപ്പോഴും മിഴികൾ മച്ചിലേക്ക് തുറന്നു വച്ചു ഒരു ശവം കണക്കേ മരവിച്ചു കിടക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇണസർപ്പം (കഥ)

 

ADVERTISEMENT

"ഉനക്കെന്നെ പുടിക്കിലെയാ?"

 

നഗ്നമായ അവളുടെ ഉടലിൽ നിന്ന് തന്നെ വേർപ്പെടുത്തിക്കൊണ്ട് കിതപ്പോടെ സെൽവം ചോദിച്ചു. അവളാ ചോദ്യം കേട്ടുവോ എന്നുതന്നെ സംശയമാണ്. അവളപ്പോഴും മിഴികൾ മച്ചിലേക്ക് തുറന്നു വച്ചു ഒരു ശവം കണക്കേ മരവിച്ചു കിടക്കുകയായിരുന്നു.

 

ADVERTISEMENT

"അച്ചൂ."

സെൽവം കുറച്ചുകൂടി ഉച്ചത്തിൽ വിളിച്ചു.

 

"ഉം..."

ADVERTISEMENT

 

ഒന്നു മൂളിയതല്ലാതെ മറ്റൊരു പ്രതികരണവും അവളിൽ നിന്നുമുണ്ടായില്ല. അവൻ വീണ്ടുമവളെ നോക്കി. അരണ്ട മഞ്ഞവെളിച്ചത്തിൽ തിളങ്ങുന്ന കനകം പോലെ കിടക്കുന്ന അവളുടെ ശരീരത്തെ മറയ്ക്കാൻ 

അണിവയറിൽ പറ്റിച്ചേർന്നു കിടക്കുന്നൊരു വെള്ളിയരഞ്ഞാണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഒരു കുഞ്ഞു സർപ്പം ഫണം വിടർത്തിയ പോലെ അതിന്റെ ഞാലി അവളുടെ പൊക്കിളാഴങ്ങളെ ചുംബിച്ചു കിടന്നിരുന്നു.

 

"വെള്ളിപ്പാമ്പ് പോലിരിക്ക്." അരഞ്ഞാണത്തിൽ മുത്തമിട്ടുകൊണ്ടവൻ മന്ത്രിച്ചു. പാതിമുറിഞ്ഞൊരു സ്വപ്നത്തിൽ നിന്നെന്നപോലെ അച്ചു ഞെട്ടിയെഴുന്നേറ്റു അവനെ തള്ളിമാറ്റിക്കൊണ്ട്, പുതപ്പെടുത്ത് ഉടൽ മറച്ചു.

 

അപമാനിക്കപ്പെട്ടവന്റെ അരിശത്തോടെ സെൽവം വാതിൽ കൊട്ടിയടച്ചു മുറിയിൽ നിന്നിറങ്ങിപ്പോയി. 

 

പിറ്റേന്നു തന്നെ അവനവളെ ഏവൂരുള്ള അവളുടെ വീട്ടിൽ കൊണ്ടാക്കി. അവന്റെ കൂടെ കിടക്കുമ്പോഴും അവള് വേറെയാരോയോ ഓർത്താണത്രേ കിടക്കുന്നത്. അതാണവൻ കണ്ടെത്തിയ കാരണം. 

 

മാസം മൂന്നു കഴിഞ്ഞിരുന്നു സെൽവം അച്ചുവിനെ കെട്ടി തെങ്കാശിക്ക് കൊണ്ടു വന്നിട്ട്. തീ പിടിച്ചപ്പോലെ അവനവളിലേക്ക് പടർന്നു കയറുമ്പോഴെല്ലാം, അവളിലെ മരവിപ്പ് ആദ്യാവേശങ്ങളിൽ അവൻ ശ്രദ്ധിച്ചില്ല. പിന്നെപ്പിന്നെ അവളുടെയാ കിടപ്പും ആലോചനയും അവനിൽ സംശയമുണർത്തി. അവൾക്കേതെങ്കിലുമൊരു പ്രേമബന്ധമുണ്ടായിരുന്നുവെന്ന് അവൻ തീർച്ചപ്പെടുത്തി. അവളാകട്ടെ  ആ ചിന്തയെ എതിർക്കാനും പോയില്ല. ഒടുവിൽ അത്രയേറെ മടുത്തിട്ടാണവൻ തിരിച്ചവളെ ഇപ്പോൾ നാട്ടിൽ കൊണ്ടാക്കിയത്.

 

മരുന്ന് കമ്പനിയിൽ പണിക്ക് വന്ന  തമിഴൻ ചെക്കന്റൊപ്പം ഒളിച്ചോടിയ, ഇരുകൈകളിലും നിറയെ കുപ്പിവളയിട്ട് നടന്നിരുന്ന അച്ചുവിന്റെ അമ്മായി മീനമ്മ, തിരിച്ചുവന്നത് പളപളാ മിന്നണ പട്ടുടുത്ത് കൈ നെറയെ സ്വർണ്ണ വളകളും കഴുത്തിൽ പത്തുപവന്റെ കയറുപിരിയൻ മാലയുമിട്ടാണ്. 

ആ പത്രാസ് കണ്ട് കണ്ണു മഞ്ഞളിച്ചാണ് അച്ചുവിന്റെ അച്ഛൻ തങ്കപ്പൻ, അവളെ കണ്ടിഷ്ടപ്പെട്ട് പെണ്ണ് ചോദിച്ചു വന്ന സെൽവന് മുന്നുംപിന്നും നോക്കാതെ മകളെ കെട്ടിച്ചു കൊടുത്തത്. അതാണിപ്പോ ഇങ്ങനെ ഈ ഗതിയായത്. 

 

ഇക്കാര്യത്തിൽ സെൽവനെ കുറ്റപ്പെടുത്താൻ ആരും ഒരു 

കാരണവും കണ്ടതുമില്ല. അച്ചൂന്റെ കയ്യിലും കഴുത്തേലും നിറയെ പൊന്ന് ഇങ്ങോട്ടിട്ടു കൊടുത്തിട്ടാണ് സെൽവം അവളെ കെട്ടിയത്. തെങ്കാശിയിലെ ഇടത്തരം സമ്പന്ന കുടുംബമായിരുന്നു അവന്റേത്. സാമ്പത്തിക പ്രശ്നങ്ങളല്ലെങ്കിൽ പിന്നെന്താണ് അച്ചുവിന് പ്രശ്നം എന്നറിയാതെ,

'നിനക്കെന്തിന്റെ കൊറവാടി അവ്ടെന്നു' അച്ഛനും അമ്മയും വരുന്നോരും പോവുന്നോരും ഒക്കെ ചോദിച്ചിട്ടും അച്ചു ഒന്നുംമിണ്ടാതെ നിർവികാരയായിരുന്നു. പ്രയോജനം ഇല്ലാന്ന് കണ്ട് പിന്നെ ആ ചോദ്യം ഏതോ ഒരു കാലം കാറ്റിലലിഞ്ഞു പോയി. 

 

സ്വപ്നലോകത്തെന്നവണ്ണം അവൾ പകൽ മുഴുവൻ വീടിന്റെ പിന്നാമ്പുറത്തെ ചെമ്പരത്തിയും പിച്ചിയുമൊക്കെ ഇടതൂർന്നു വളരുന്ന കുറ്റിക്കാട്ടിൽ ചെന്നിരിക്കും. ചെമ്പരത്തിയെ ചുറ്റിപ്പടർന്നു വളരുന്ന പിച്ചിയിൽ പുതിയ പൂക്കളെ തിരയും. എപ്പോഴോ കൊഴിഞ്ഞു വീണ വാടിക്കരിഞ്ഞ പിച്ചിപ്പൂക്കളല്ലാതെ ഒരു ഇളംമൊട്ടുപോലും ആ ചെടിയിൽ അവൾ കണ്ടില്ല.

 

ചെമ്പരത്തി പൂക്കൾ ഇറുങ്ങനെ പൂത്തു തിന്ന ഒരു നട്ടുച്ച നേരം കൊഴിഞ്ഞു വീണ പിച്ചിപ്പൂക്കളുടെ മേലേക്ക് പൊട്ടിച്ചിരിച്ചു കൊണ്ടവളെ ഉന്തിയിട്ട്, കെട്ടിപ്പുണർന്നു, പടർന്നു കയറിയ മറ്റൊരു പെണ്ണുടൽ, ഇടതൂർന്ന മുടിയുള്ള, നിറഞ്ഞ കൺപീലികളുള്ള ഒരുവൾ. അവളെ ഓർക്കുമ്പോൾ, ഒരിക്കൽക്കൂടി തന്നെ പിന്നിൽ നിന്ന് വന്നാ കൈകൾ കെട്ടിപുണർന്നെങ്കിൽ എന്നവൾ ആശിക്കും.

 

ഉറക്കമില്ലാത്ത രാത്രികളിൽ തന്നെ പുണരുന്ന ചന്ദന സുഗന്ധമുള്ള മൃദുകരങ്ങളെ ഓർത്തു പുളകം കൊള്ളും. വിറകൊള്ളുന്ന ചുവന്ന ചുണ്ടുകളുടെ മൃദുസ്പർശമേറ്റ് ഞെട്ടിയുണരും.

"ഇച്ചേയീ" ന്ന് ശബ്ദം അടക്കിപ്പിടിച്ചു കരയും.

 

 "അച്ചൂനെ അവള്ടെ ചെക്കൻ വീട്ടി കൊണ്ടാക്കി പോയെന്ന്."

 

"ഏതച്ചൂ?"

 

ചോദ്യം കേട്ട് ഈർഷ്യയോടെ പത്മാവതിയമ്മ മകളുടെ നേർക്ക് തിരിഞ്ഞു.

 

അതൊന്നും ശ്രദ്ധിക്കാതെ വാഴയിലയിൽ പൊള്ളിച്ച കരിമീനിന്റെ  ഗന്ധം ആസ്വാദിച്ചുകൊണ്ട് ഹേമ കൊതിയോടെ പാത്രത്തിലേക്ക് നോക്കി. ഉപ്പും പുളിയും എരിയും ഒക്കെ പാകത്തിന് ചേർന്ന മുഴുത്ത ഒരു കരിമീൻ, അതിന്റെ പൊള്ളിയടർന്ന കണ്ണ് തന്നെയാദ്യം നുള്ളിയെടുത്തവൾ വായിലേക്കിട്ടു.

 

"ഹാ, എന്താ രുചിയാ.. അമ്മേ സമ്മതിച്ചിരിക്കുന്നു."

 

"നിനക്കെന്താ ഇതൊന്നും അവടെ കിട്ടൂല്ലേ?"

 

"കിട്ടാഞ്ഞിട്ടാണോ? അമ്മേടെ കൈകൊണ്ട് ഉണ്ടാക്കി തരുമ്പോള്ള ആ സ്വാദ്.. അതൊന്ന് വേറെയല്ലേ. ഇതൊക്കെ ഒന്നാസ്വദിക്കാൻ വേണ്ടിയല്ലേ മോനേം സുധിയേമൊക്കെ തനിച്ചാക്കി ഫ്ലൈറ്റ് പിടിച്ചിങ്ങ് പോന്നത്."

 

"ഓ, അല്ലാതെ അമ്മയെ കാണാൻ വന്നതല്ല."

 

"വെറുതെ സെന്റിയടിക്കല്ലേ അമ്മേ."

 

ഹേമ മീൻ ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു.

 

 

"മോളെ നീ അച്ചൂനെ മറന്നോ? 

നീ വന്നിട്ടിത്ര ദിവസായില്ലേ. ഒന്ന് പോയി കണ്ടില്ലല്ലോ നീയവളെ. അവള് ഒന്ന് രണ്ടു വട്ടം നിന്നെയന്വേഷിച്ചു വന്നിരുന്നു."

 

"ആ പോവാ.." ഹേമ അലസമായി പറഞ്ഞു.

 

"എനിക്കൊരു കൂട്ടിന് അവളെയുണ്ടായിരുന്നുള്ളു. നീ കല്യാണം കഴിഞ്ഞു പോയിട്ട്."

 

 

ഒന്ന് നിർത്തിയിട്ടവർ ഹേമയെ നോക്കി

വീണ്ടും തുടർന്നു.

 

"ഒരിക്കൽ നിനക്കും അവളായിരുന്നു കൂട്ട്. എനിക്ക് നൈറ്റ്‌ ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ അവളുണ്ടല്ലോന്ന സമാധാനത്തിനാ ഞാൻ നിന്നെ തനിച്ചാക്കി പോയ്കൊണ്ടിരുന്നത്. പറ്റുമെങ്കിൽ പോയൊന്നു കാണ്. 

വല്യ കഷ്ടാ അതിന്റെ ജീവിതം."

 

മീനിന്റെ അടുത്ത കണ്ണും വായിലേക്കിടുന്നതിനിടയിൽ പൊടുന്നനെ ഹേമയൊന്ന് പതറി.

 

മുറിയിൽ വന്നപ്പോൾ കണ്ണുകളിൽ വെള്ളിയരഞ്ഞാണത്തിന്റെ തിളക്കം. അവിടമാകെ നിറയുന്ന പിച്ചിപ്പൂവിന്റെ ഗ്ധം. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഹേമയ്ക്കുറക്കം വന്നില്ല.

 

സിരകളിൽ ലഹരി പോലെ പടർന്നു കയറുന്ന ഒരുവളുടെ ഓർമ്മകൾ.

 

"നിനക്കെന്താ എപ്പോഴും പിച്ചിപ്പൂവിന്റെ മണം." ചുണ്ടുകളിലെ തേൻ നുകർന്നു കൊണ്ടവളോട് ചോദിക്കും.

 

"എനിക്കറിയില്ല ഇച്ചേയി." നാണത്താൽ കൂമ്പിയ മിഴികളടച്ചുക്കൊണ്ടവൾ പറയും.

 

കൗമാരവികാരങ്ങൾക്ക് തീച്ചിറകുമുളച്ചു തുടങ്ങിയ

ഒരു തണുത്ത രാത്രിയിലെ പെട്ടെന്നൊരുണർവിലാണ്, മുറിയിലെ അരണ്ട വെളിച്ചത്തിൽ ആ വെള്ളിത്തിളക്കം ഹേമയുടെ കണ്ണിലുടക്കിയത്. നിലത്തു വിരിച്ച കോസടിയിൽ അലസമായി കിടന്നുറങ്ങുന്ന അച്ചു. മുറിയിൽ നിറയുന്ന പിച്ചിപ്പൂ മണം. പാതിവിടർന്ന ചുണ്ടുകൾ. തെന്നി മാറിക്കിടന്ന ലോങ്ങ്‌ ബ്ലൗസിന്റെ തെളിവിൽ ഗോതമ്പ് നിറമാർന്ന വയറിൽ ചുറ്റിക്കിടക്കുന്ന വെള്ളിയരഞ്ഞാണം. പെട്ടെന്നെന്തോ പ്രേരണയാൽ അവളോട് ചേർന്നു കിടന്ന് ചുറ്റിപ്പിടിച്ചു. ഒട്ടും എതിർക്കാതെ ഒരു

പൂച്ചക്കുഞ്ഞിനെപ്പോലെ അച്ചു അവളോട് പറ്റിച്ചേർന്നു.

 

സുധിയോടുത്തുള്ള വേഴ്ചകളിൽ പോലും ആ പിച്ചിപ്പൂ മണമാണ് വികാരത്തിന്റെ തീ ജ്വലിപ്പിച്ചിരുന്നതെന്നവൾ ഓർത്തു. എന്നിട്ടും അവൾ അച്ചുവിനെ ഓർത്തില്ല. ഓർത്തില്ല എന്നല്ല ഓർമ്മകൾ വന്നോപ്പോഴെല്ലാം മനഃപൂർവം അവഗണിച്ചു.

 

വീട്ടിൽ ജോലിക്ക് വരുന്ന ഫിലിപ്പീനി പെൺകുട്ടിയിലും ഹേമ ആ ഗന്ധമാണ് തിരഞ്ഞത്. എന്നിട്ടും ഒരിക്കലും അവൾ അച്ചുവിനെ പറ്റി അന്വേഷിക്കുകയോ നാട്ടിൽ വരുമ്പോൾ പോലും കാണാൻ കൂട്ടാക്കുകയോ ചെയ്തില്ല.

 

ഇതിപ്പോ അമ്മയുടെ നിർബന്ധം. പൊയ്ക്കളയാം എന്നവൾ നിശ്ചയിച്ചു.

 

"ഹാ ഇതാര് ഇച്ചേയിയോ?"

 

അതിരറ്റ സന്തോഷത്തോടെയാണെങ്കിലും, വാടിയ പിച്ചിപ്പൂ കണക്കെ അവളോടിയിറങ്ങി വന്നു. 

 

ജീൻസും സ്ലീവ്ലെസ്സ് ടോപ്പും ക്രോപ് ചെയ്ത മുടിയും, അവിടമാകെ നിറയുന്ന വിദേശ പെർഫ്യൂമിന്റെ വശ്യഗന്ധവും. അച്ചു കൗതുകം നിറഞ്ഞ കണ്ണുകളോടെ ഹേമയെ നോക്കി. പിന്നെ ഇരുകൈകളും കവർന്നു കൊണ്ട് പറഞ്ഞു.

 

"ഇച്ചേയി ആകെ മാറിപ്പോയി."

 

ഒന്ന് ചിരിച്ചെന്നു വരുത്തി, അവളുടെ കൈകൾ മെല്ലെ വേർപെടുത്തി കൊണ്ട് ഹേമ ചോദിച്ചു.

 

"നിനക്ക് സുഖാണോ, അമ്മ പറഞ്ഞു നീയെന്നെ അന്വേഷിച്ചൂന്ന്."

 

"സുഖാണ്, ഇച്ചേയി അകത്തേക്ക് കയറ് ഞാൻ ചായയിടാം."

 

ഹേമ അകായിലേക്ക് കണ്ണോടിച്ചു. ഇരിക്കാൻ മുഷിഞ്ഞ രണ്ടു പ്ലാസ്റ്റിക് കസേരകൾ കിടപ്പുണ്ട്. പൊടി പിടിച്ച പൊട്ടിയടർന്ന തറ.

 

"കയറാൻ നേരമില്ലച്ചൂ, രണ്ടീസം കഴിഞ്ഞ ഞാൻ തിരിച്ചു പോകും. നിന്റെ ഭർത്താവോ?"

 

അവളുടെ കണ്ണുകളിൽ നീർപൊടിഞ്ഞു. പിന്നെ പതിയെ പറഞ്ഞു.

 

"കൊണ്ടാക്കീട്ട് പോയിട്ടിപ്പോ ഒരു മാസമായി."

 

"ഉം, അമ്മ പറഞ്ഞു നീയെന്തോ പ്രശ്നം ആയിട്ട് വന്നതാണെന്ന്. ഞനെന്നാ ചെല്ലട്ടെ, ദാ ഇത് വെച്ചോളൂ."

 

ഹേമ കുറച്ച് നോട്ടുകൾ അവളുടെ കൈയിൽ പിടിപ്പിച്ചു.

 

"ആ പിന്നെ നീയിനി തിരിച്ചു പോകുന്നില്ലെങ്കിൽ ഇടയ്ക്ക് അമ്മേ സഹായിക്കാൻ ഒന്ന് ചെല്ല്. വേണ്ടതെന്താന്ന് വെച്ചാൽ ഞാൻ ചെയ്യാം."

 

കൈയിൽ ചുരുട്ടി പിടിച്ച കാശുമായി അച്ചു അവൾ പോകുന്നത് നോക്കി നിന്നു.

 

അവളുടെ അരയിൽ വെള്ളിയരഞ്ഞാണം പാമ്പിഴയുന്ന പോൽ നുരഞ്ഞു, അസ്വസ്ഥതയോടെ അകത്തേക്കോടി അടിപ്പാവാട താഴ്ത്തി അവളാ അരഞ്ഞാണം അഴിച്ചെടുത്തു. പഴക്കമേറിയിട്ടും തിളക്കം വറ്റാത്ത ആ ആഭരണം അവളുടെ കൈവെള്ളക്കുള്ളിൽ ഒരു കുഞ്ഞു വെള്ളിസർപ്പത്തെപ്പോലെ ചുരുണ്ടു കിടന്നു.

 

വയസറിയിച്ചു കല്യാണത്തിന്  അവളുടെ അമ്മായി മീനമ്മ സമ്മാനമായി കൊണ്ടു കൊടുത്തതാണവൾക്കാ അരഞ്ഞാണം. ഒറിജിനൽ തമിഴ്നാട് വെള്ളി! അച്ചു കൈയിലിരുന്ന അരഞ്ഞാണത്തിലേക്ക് നോക്കി.

 

"അച്ചൂ, ന്തൊരു തിളക്കാ നിന്റെയീ അരഞ്ഞാണത്തിന്...", ആരോ അണിവയറിലുമ്മ വെച്ച് കൊണ്ടു മന്ത്രിക്കുന്നു.

 

അവളുടെ കൈ വിറച്ചു. കൈവെള്ളയിൽ നിന്ന് അരഞ്ഞാണം ഊർന്നു നിലത്തു വീണു.

 

കാണെക്കാണേ അത് വലിപ്പം വച്ച് വലിയൊരു സർപ്പമായി അവളെ വിഴുങ്ങാൻ വാ പിളർന്നു.

 

അലറി വിളിച്ചു കൊണ്ടവൾ കണ്ണുകൾ ഇറുക്കിയടച്ചു.

 

സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ അവളാ അരഞ്ഞാണമെടുത്ത് ചെമ്പരത്തിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഒരിക്കലും തിരിച്ചു വരാത്ത ഓർമ്മകളിലേക്കെന്നപോലെ.

 

"അച്ചൂനെ കണ്ടോ, എന്തു പറഞ്ഞു അവള്?" ഹേമയ്ക്ക് പാലപ്പോം താറാവു കറിയും വിളമ്പുന്നതിനിടയിൽ പത്മാവതിയമ്മ ചോദിച്ചു.

 

"ഒന്നൂല്ല."

 

ഇറച്ചി ചാറിൽ മുക്കിയ പാലപ്പം വായിലേക്ക് വച്ച് ഹേമ പറഞ്ഞു.

 

"കുരുമുളക് കുറച്ചൂടെ ചേർക്കാരുന്നു.. എരി ഇത്തിരി കുറഞ്ഞു പോയി."

 

പത്മാവതിയമ്മയ്ക്ക് നെഞ്ചിൽ മുള്ള് തറച്ച പോലൊരു വേദന അനുഭവപ്പെട്ടു.

 

"വേറൊന്നും പറഞ്ഞില്ലേ അവള്, സന്തോഷായിക്കാണും നിന്നെ കണ്ടപ്പോ."

 

"ആ, ഞാൻ കുറച്ചു കാശ് കൊടുത്തിട്ടുണ്ട്. ഇടയ്ക്ക് അമ്മേ വന്ന് സഹായിക്കണം ന്ന് പറഞ്ഞിട്ടുണ്ട്."

 

"കാശ്!  അത് കൊടുത്തില്ലെങ്കിലും അവൾ വരും ഞാനൊന്നു വീണാൽ. അതിന്റെ ജീവിതം ഒന്ന് നന്നായി കണ്ടാൽ മതി എനിക്ക്. നിനക്കൊന്ന് ചോദിക്കായിരുന്നില്ലേ എന്താ അവളുടെ പ്രശ്നംന്ന്. ആര് ചോദിച്ചിട്ടും അവളൊന്നും പറയുന്നില്ല."

 

സങ്കടം നിറഞ്ഞ സ്വരത്തിൽ പത്മാവതിയമ്മ പറഞ്ഞു.

 

"അതൊക്കെ വെറും തോന്നലാമ്മേ. കാശുണ്ടേൽ ഇന്നത്തെ കാലത്ത് എന്തും കിട്ടും. അവളില്ലെങ്കിൽ ഒരു ഹോം നഴ്സിനെ നിർത്തും അമ്മയ്ക്ക് കൂട്ടിന് അത്രേള്ളു. പിന്നെ അവള്ടെ കുടുംബ പ്രശ്നം പരിഹരിക്കാനൊന്നും എനിക്ക് പറ്റില്ല. അവനോന്റെ ജീവിതം നന്നാവണേൽ അവനവൻ തന്നെ വിചാരിക്കണം."

 

"ആ പിന്നെ മറ്റെന്നാൾ വൈകീട്ട് 5 മണിയുടെ ഫ്‌ളൈറ്റ്നു ഞാൻ പോവും."

 

"മറ്റെന്നാളോ?"

 

"ആ മറ്റെന്നാൾ.. ഞാൻ ബാഗ് റെഡി ആക്കി വെക്കട്ടെ." കൈകഴുകി ഹേമ മുറിയിലേക്ക് പോയി.

 

പാത്രം എടുത്തു അടുക്കളയിലേക്ക് നടക്കുമ്പോൾ കണ്ണു നിറയാതിരിക്കാൻ അവർ ശ്രമിച്ചു.

 

"അച്ചൂ, അച്ചുമ്മാ.."

 

വാതിലിൽ മുട്ടി കൊണ്ട് സെൽവം വിളിച്ചു.

 

കരഞ്ഞു കരഞഞു പാതിരാവിലെപ്പോഴോ മയക്കത്തിലേക്ക് വീണ് പോയ അച്ചു ഞെട്ടിയുണർന്നു. 

 

 

"അച്ചൂ, വാതിൽ തൊറ, നാൻ താ സെൽവം."

 

അവൾ കണ്ണുകൾ അമർത്തി തുടച്ച് എഴുന്നേറ്റ് വാതിൽ തുറന്നു.

 

അവൾക്കു മുന്നേ എഴുന്നേറ്റുവന്ന അച്ഛനും അമ്മയും അകായിൽ നിൽപ്പുണ്ടായിരുന്നു.

 

"സെൽവം മുറിയിലോട്ട് ചെല്ല്." അച്ഛൻ അവനോട് പറഞ്ഞു കൊണ്ട് അവരുടെ മുറിയിലേക്ക് പോയി.

 

"അച്ചൂ, നീയില്ലാമേ എന്നാലേ തൂങ്ക മുടിയല. തൂക്കം വരുവതില്ലേ.."

 

സെൽവം അവളെ ചേർത്തു പിടിച്ചു. ഇക്കുറി അവളറിയാതെ  ഇടറാതെ അവനോട് ചേർന്നു നിന്നു. നിറഞ്ഞു തൂവുന്ന കണ്ണുകൾ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്ത് അവനവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

 

പരിഭവങ്ങളലിഞ്ഞ്, ഒരു മനസും ഒരു ശരീരവുമായി തീരുമ്പോൾ സെൽവം  അവളുടെ അണിവയറിൽ തഴുകികൊണ്ട് ചോദിച്ചു.

"എങ്കെ? വെള്ളിപ്പാമ്പ് എങ്കെ?"

 

"ഇഴഞ്ഞു പോയിട്ടേൻ.." അവളവന്റെ കാതിൽ മന്ത്രിച്ചു.

 

"പോനാൽ പോട്ടും, ഉനക്ക് നാൻ സ്വർണ്ണപാമ്പെ കെട്ടിത്തരുവേൻ." അവനാ കാതിൽ മെല്ലെ കടിച്ചു കൊണ്ട് പറഞ്ഞു.

 

അവനിൽ നിന്ന് പടരുന്ന ചന്ദനസുഗന്ധം അവളുടെ മൂക്കിലേക്കിരച്ചു കയറി. ആ സുഗന്ധത്തെ അപ്പാടെ ഉള്ളിലേക്കാവാഹിച്ച് അവനെ ഇറുങ്ങനെ പുണർന്നു കൊണ്ടവൾ മന്ത്രിച്ചു.

 

"ചന്ദനം"

 

'ആമാ.. ഉനക്ക് റൊമ്പ പുടിച്ചതാക്കും, ചന്ദനത്തൈലം പൂശിയിട്ടേ വന്തേൻ.'

 

 

അച്ചുവിന്റെ വീടിന്റെ പിന്നാമ്പുറത്തെ ചെമ്പരത്തിക്കാട്ടിലപ്പോൾ രണ്ടു വെള്ളി സർപ്പങ്ങളിണചേർന്നുയരുന്ന സീൽക്കാര ശബ്ദം. അതിലൊന്ന് പൊടുന്നനെ തളർന്നു നിലത്തേക്ക് വീണു. ഫണമുയർത്തിയിണ സർപ്പം അതിനെയൊന്നു നോക്കി, പിന്നെ അടുത്തയിണയെത്തേടിയിഴഞ്ഞു പോയി.

ചെമ്പരത്തി ചെടിയെ ചുറ്റിവരിഞ്ഞ പിച്ചിയിലപ്പോൾ ഇളംമൊട്ടുകൾ നാമ്പിടാൻ തുടങ്ങിയിരുന്നു.