ദീപാരാധനക്കുശേഷം നടതുറക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ദേവീവിഗ്രഹത്തിലായിരിക്കുമ്പോഴും എന്റെ കണ്ണുകൾ എന്റെ ദേവിയുടെ മുഖത്തായിരുന്നു, കണ്ണടച്ചു ദേവിയെ പ്രാർഥിച്ചു കൈകൂപ്പി നിൽക്കുന്ന എന്റെ ദേവിയുടെ മുഖത്ത്.

ദീപാരാധനക്കുശേഷം നടതുറക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ദേവീവിഗ്രഹത്തിലായിരിക്കുമ്പോഴും എന്റെ കണ്ണുകൾ എന്റെ ദേവിയുടെ മുഖത്തായിരുന്നു, കണ്ണടച്ചു ദേവിയെ പ്രാർഥിച്ചു കൈകൂപ്പി നിൽക്കുന്ന എന്റെ ദേവിയുടെ മുഖത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപാരാധനക്കുശേഷം നടതുറക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ദേവീവിഗ്രഹത്തിലായിരിക്കുമ്പോഴും എന്റെ കണ്ണുകൾ എന്റെ ദേവിയുടെ മുഖത്തായിരുന്നു, കണ്ണടച്ചു ദേവിയെ പ്രാർഥിച്ചു കൈകൂപ്പി നിൽക്കുന്ന എന്റെ ദേവിയുടെ മുഖത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തു തെറിച്ചുവീണ ചാറ്റൽ മഴത്തുള്ളികളാണ് അയാളെ മയക്കത്തിൽ നിന്നും ഉണർത്തിയത്. നട്ടുച്ചക്കുള്ള അലച്ചിലിന്റെ ക്ഷീണം മാറ്റാൻ ഒന്ന് കിടന്നതാണ് ആ  കുളക്കടവിലെ ആൽത്തറയിൽ, ഉറങ്ങിപ്പോയി. സൂര്യനെ മറച്ചു മഴക്കാറ് പടർന്നതിനാൽ സമയമെത്രയെന്നറിയില്ല. കണ്ണുകൾ തുറന്നു അങ്ങനെതന്നെ കിടക്കാൻ അയാൾക്ക് തോന്നി. ക്ഷീണം തോന്നുമ്പോൾ എവിടെയെങ്കിലും ഒന്ന് കിടക്കാറുണ്ടായിരുന്നുവെങ്കിലും മയക്കത്തിനുശേഷം ഉടനെ ചാടി എഴുന്നേറ്റു തീർക്കാനുള്ള ജോലികളുമായി ഓടാറാണ് പതിവ്. പക്ഷെ അന്നത്തെ ആ അന്തരീക്ഷം അയാളെ അതിനു അനുവദിച്ചില്ല. ചെറിയ ചാറ്റൽ മഴ.. തൊട്ടടുത്ത കുളത്തിൽ സ്നേഹം  പങ്കുവയ്ക്കുന്ന അരയന്നങ്ങൾ.. ആൽമരത്തിൽ കൊക്കുകളുരുമ്മിയിരിക്കുന്ന ഇണപ്പക്ഷികൾ.. ആലിൽനിന്നും കാറ്റിൽ ഉതിർന്നുവീഴുന്ന ഇലകൾ. എന്തുകൊണ്ടോ ആലിലകൾ പ്രണയത്തിന്റെ പ്രതിരൂപങ്ങളായി അപ്പോൾ അയാൾക്ക്‌ അനുഭവപ്പെട്ടു. ആ ഇളംകാറ്റ് തന്റെ മനസ്സിനെ ചെറുപ്പകാലത്തിലേക്ക് പറത്തിക്കൊണ്ട് പോകുന്നതായും തോന്നി.

നാട്ടിലെ അമ്പലത്തിൽ പോകുമ്പോഴായിരുന്നു ദേവിയെ വല്ലപ്പോഴുമെങ്കിലും കണ്ടിരുന്നത്. എത്രയോ തവണ ദേവിയെ ഒരുനോക്കു കാണാനാവുമെന്ന മോഹംകൊണ്ടുമാത്രം താൻ അമ്പലത്തിൽ പോയിരിക്കുന്നു! ദീപാരാധനക്കുശേഷം നടതുറക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ദേവീവിഗ്രഹത്തിലായിരിക്കുമ്പോഴും എന്റെ കണ്ണുകൾ എന്റെ ദേവിയുടെ മുഖത്തായിരുന്നു, കണ്ണടച്ചു ദേവിയെ പ്രാർഥിച്ചു കൈകൂപ്പി നിൽക്കുന്ന എന്റെ ദേവിയുടെ മുഖത്ത്. വിളക്കിന്റെ പ്രകാശം അവളുടെ മുഖത്തെ കൂടുതൽ ദീപ്തമാക്കിയിരുന്നതായി തനിക്കു തോന്നിയിരുന്നു. പലപ്പോഴും നേരിട്ട് കണ്ടിരുന്നെങ്കിലും ഒരിക്കലും ഒന്നും സംസാരിച്ചിരുന്നില്ല.   ഇതുപോലെ ഒരു ആൽമരം അവിടെയും ഉണ്ടായിരുന്നു, പക്ഷെ മറ്റുപലരെയും പോലെ അതിന്റെ ചുവട്ടിൽ ഒരിക്കലും ഒരുമിച്ചിരുന്നിട്ടില്ല. മനസ്സിലെ പ്രണയം ഈ കിളികളെപ്പോലെ ഇങ്ങനെ പ്രകടമാക്കിയിരുന്നില്ല. പക്ഷെ തങ്ങളുടെ രണ്ടുപേരുടെയും മനസ്സിൽ നിറയെ പ്രണയമായിരുന്നു, വല്ലപ്പോഴും പരസ്പരം ഇടക്കണ്ണിലൂടെയുള്ള നോട്ടങ്ങളിലൂടെ മാത്രം കൈമാറിയിരുന്ന പ്രണയം. ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചൊരിക്കലും സംസാരിച്ചിരുന്നില്ല. എങ്കിലും ചിന്തകളിൽ അതെന്നും നിറഞ്ഞു നിന്നിരുന്നു, മനസ്സിൽ അതേക്കുറിച്ചു സ്വപ്‌നങ്ങൾ നെയ്തിരുന്നു. സ്നേഹമില്ലാത്തതിനാലല്ല, സ്നേഹം കൂടിയതു കൊണ്ടല്ലേ പിരിയാൻ താൻ  തീരുമാനിച്ചത്, സ്നേഹം മാത്രം കൊണ്ട് ജീവിക്കാനാവില്ലെന്നുറപ്പായപ്പോൾ. 

ADVERTISEMENT

താനുണ്ടില്ലെങ്കിലും അവളെയെങ്കിലും ഊട്ടാം എന്നുകരുതിയാൽ "രാമു ഉണ്ണാതെ ഞാനുണ്ണില്ല" എന്ന് വാശിപിടിച്ചു ദേവി സ്വയം പീഡിപ്പിച്ചേക്കുമെന്നു തോന്നിയപ്പോൾ.. ആ നാട്ടിലെ തന്റെ സാന്നിധ്യം പോലും അവളുടെ ഭാവിയെ  തകർത്തേക്കുമെന്നു ഭയന്നപ്പോൾ.. ദേവിയറിയാതെ നാടുവിടുകയായിരുന്നുവല്ലോ, സ്വന്തം കാലിൽ നിൽക്കാനായി.. കഴിയുമെങ്കിൽ തിരിച്ചുചെന്നു കൈപിടിച്ചു ചേർത്തുനിർത്താനായി. അന്നുതുടങ്ങിയ ഓട്ടം പക്ഷെ ഇന്നും, വർഷങ്ങൾക്കുശേഷവും, തുടർന്നുകൊണ്ടേയിരിക്കുന്നു, പകൽ മുഴുവനും ചുമടുചുമന്നും, കൂലിവേലചെയ്തും. വീട്ടിലെ കാര്യങ്ങൾക്കായി അയച്ചുകൊടുത്തുകഴിഞ്ഞാൽ ബാക്കി സമ്പാദ്യം വെറും തുച്ഛം. അതുകൊണ്ടു ഇതുവരെ നാട്ടിലേക്കു പോയിട്ടില്ല. വീട്ടിലെ വിശേങ്ങൾ അറിയില്ല. ദേവിയെക്കുറിച്ചും ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല. താൻ ഇന്നും ഒറ്റത്തടിയായി തുടരുന്നു. വർഷങ്ങളായുള്ള ഒറ്റപ്പെടൽ മനസ്സിൽ മുളയിട്ടിരുന്ന മോഹങ്ങളെല്ലാം കരിച്ചുകളഞ്ഞിരുന്നു. അല്ലെങ്കിലും തലയിൽ നര കയറിയവനെന്തു മോഹങ്ങൾ! അയാൾ നെടുവീർപ്പിട്ടു. പക്ഷെ ഇന്നത്തെ, ഇപ്പോഴത്തെ ഈ പ്രകൃതി തന്റെ കരിഞ്ഞുപോയ മോഹങ്ങൾക്ക് പുതുനാമ്പു നൽകുന്നുണ്ടോ എന്നാശങ്കപ്പെട്ട് അയാൾ ആ കിടപ്പു തുടർന്നു.

പതിയെ കാറ്റിന് ശക്തി പ്രാപിച്ചു, ഒപ്പം മഴയ്ക്കും. അയാൾ ആൽത്തറയിൽ എഴുന്നേറ്റിരുന്നിട്ടു ചുറ്റും നോക്കി. മഴയാസ്വദിച്ചുകൊണ്ടു ഇണക്കിളികൾ പാറിപ്പറക്കുന്നു. അരയന്നങ്ങൾ കുളത്തിൽ രാസക്രീഡയിൽ മുഴുകിയിരിക്കുന്നു. അവയുടെ ശബ്ദം ഇമ്പമുള്ള പ്രണയഗീതങ്ങളായി അന്തരീക്ഷത്തിൽ നിറയുന്നുമുണ്ട്. ആൽമരം ആണെങ്കിൽ തന്നിലേക്ക് പ്രണയം വർഷിച്ചുകൊണ്ടിരിക്കുന്നു. കാറ്റിനേതോ മാസ്മരികമായ ഗന്ധം കൈവന്നിരിക്കുന്നു. തന്റെ ശരീരത്തിൽ വന്നുവീഴുന്ന മഴത്തുള്ളികൾ ആരോ വാരിവിതറുന്ന പൂമുകുളങ്ങളാണോ എന്നയാൾ സംശയിച്ചു. പ്രകൃതി തന്നെ പ്രണയപരവശതയാൽ ഉന്മത്തനാക്കുന്നതായും തന്മൂലം തന്റെ ശ്വാസഗതികൂടുന്നതായും അയാൾക്കനുഭവപ്പെട്ടു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ഗന്ധം പകർന്നുകൊണ്ട് ലോലമായ മുടിയിഴകൾ അയാളുടെ മുഖത്തേക്ക് കാറ്റിൽ പടർന്നു വന്നു. അയാൾക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇടതുവശത്തായി ഇതാ തന്റെ ദേവി, തന്നെത്തന്നെ നോക്കി പരിഭവത്തോടെയുള്ള ഒരു പുഞ്ചിരിയുമായി ഇരിക്കുന്നു. 

ADVERTISEMENT

അൽപനേരം നിർന്നിമേഷനായി ദേവിയെത്തന്നെ നോക്കിയിരുന്നു. വർഷങ്ങൾക്കുമുമ്പ് താൻ അവസാനമായിക്കണ്ട അതേ രൂപം. “കാലം എന്റെ ദേവിയിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല. കാലവും ദേവിയെ അത്രക്ക് ഇഷ്ടപ്പെടുന്നുണ്ടാവും” അയാളുടെ മനസ്സുമന്ത്രിച്ചു. "നീ വന്നുവല്ലോ എന്നെ തേടി.. എന്റെ ദേവീ.. ക്ഷമിക്കൂ.. എനിക്കായില്ല." എന്ന് വിതുമ്പിക്കൊണ്ട് വിറവലോടെ വലതു കൈനീട്ടി ദേവിയെ തന്നിലേക്കടുപ്പിച്ചുപിടിച്ചു. ഏതാനും നിമിഷങ്ങൾ അങ്ങനെ ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകിയ കണ്ണുനീർ മഴയിൽ അലിഞ്ഞു ചേർന്നു. ആ മൂർദ്ധാവിൽ ഒന്ന് ചുംബിക്കാൻ അയാൾ കൊതിച്ചു, അതിനായ് ഒന്ന് ശ്രമിച്ചു. പക്ഷെ ആ വിഫലശ്രമത്തിൽ അയാൾ പൊടുന്നനെ  പിറകോട്ടു മലർന്നു വീണു. ആ ശരീരത്തിന്‌ താങ്ങാകാൻ അവിടെയാരുമില്ലായിരുന്നു. ദൂരെ എവിടെയോ അമ്പലത്തിൽ നിന്നും ശംഖൊലിയും മണിനാദങ്ങളും ഉയർന്നു. മഴത്തുള്ളികളും ആലിലകളും അപ്പോഴും ആ ദേഹത്തെ ആവരണം ചെയ്തുകൊണ്ടിരുന്നു, ആരുടെയോ  കണ്ണുനീരിൽ കുതിർന്ന അന്ത്യചുംബനങ്ങൾ പോലെ. 

Content Summary: Malayalam Short Story ' Manassile Devi ' written by Madhu