ആ യുവാവിന്റെ പേര് ചലച്ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ തെളിഞ്ഞു‌വന്നത് ഒരു സ്ഫോടനത്തിനു ശേഷമായിരുന്നു! മകന്റെ സിനിമാഭ്രമം ഇഷ്ടപ്പെടാതിരുന്ന പിതാവിന്റെ പൊട്ടിത്തെറിക്കു ശേഷം. ഹാരി പോത്തനായിരുന്നു ആ മകൻ (ഹാരി എന്നാണു പേരെങ്കിലും മലയാള സിനിമ അദ്ദേഹത്തെ ഹരി എന്നു വിളിച്ചു). പിതാവ് വ്യവസായിയും രാഷ്ട്രീയ നേതാവുമായിരുന്ന കുളത്തുങ്കൽ ജോസഫ് പോത്തൻ. എ.വിൻസന്റ് സംവിധാനം ചെയ്ത ‘അശ്വമേധം’ ആയിരുന്നു ആ ചിത്രം; വർഷം 1967. 

ഹാരി നിർമിച്ച ആദ്യ ചിത്രം തന്നെ മലയാളത്തിലെ എക്കാലത്തെയും എണ്ണപ്പെട്ട ചിത്രങ്ങളിലൊന്നായി. മൂന്നു പതിറ്റാണ്ടുകളിലായി അദ്ദേഹം നിർമിച്ച ചിത്രങ്ങളെല്ലാം തന്നെ തികവുറ്റ അഭ്രകാവ്യങ്ങളായി മാറി. പുരസ്കാരങ്ങൾകൊണ്ടു സമ്മാനിതമായി. മികച്ച അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഗമഭൂമികകളായി.

അദ്ദേഹം ജീവിതവെള്ളിത്തിരയിൽനിന്നു മറഞ്ഞിട്ട് ഇക്കഴിഞ്ഞ 12നു കാൽ നൂറ്റാണ്ടു തികഞ്ഞു. സഹപ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്നൊരുക്കിയത് ഒരു ദൃശ്യസ്മരണിക. ജോൺ പോൾ അവതരിപ്പിക്കുന്ന സ്മരണിക സംവിധാനം ചെയ്തതു ഹാരിയുടെ മകൾ അജിതയുടെ ഭർത്താവ് അനിൽ തോമസ്. 

  

നല്ല സിനിമയുടെ വഴി

പിതാവിനെ പിന്തുടർന്നു ബിസിനസോ രാഷ്ട്രീയമോ തിരഞ്ഞെടുക്കാമായിരുന്നെങ്കിലും ഹാരി പോത്തൻ തിരഞ്ഞെടുത്തതു നല്ല സിനിമയുടെ വഴി. 1967ൽ അശ്വമേധത്തിലൂടെ ആരംഭിച്ച ചലച്ചിത്രസപര്യ സമ്മാനിച്ചത് തുലാഭാരം, നദി, നഖങ്ങൾ, ഇതാ ഇവിടെ വരെ, രതിനിർവേദം, അലാവുദ്ദീനും അദ്ഭുതവിളക്കും, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അപരൻ, മൂന്നാംപക്കം, മാളൂട്ടി, അങ്കിൾ ബൺ തുടങ്ങി 22 മികച്ച മലയാള ചിത്രങ്ങൾ. സഹോദരൻ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ‘ആത്മ’ എന്ന തമിഴ് ചിത്രത്തിലൂടെ അദ്ദേഹം നിർമാതാവിന്റെ കുപ്പായം അഴിച്ചുവച്ചത് 1993ൽ. 

വിൻസന്റ്, തോപ്പിൽ ഭാസി, എംടി, ഭരതൻ, യേശുദാസ്, വയലാർ, ദേവരാജൻ, പത്മരാജൻ, ഐ.വി.ശശി, പ്രേംനസീർ, ജെമിനി ഗണേശൻ, മധു, മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, രജനീകാന്ത് തുടങ്ങി എത്രയോ പ്രഗല്ഭരാണു ഹാരി പോത്തൻ സിനിമകളുമായി സഹകരിച്ചത്. ഹാരി പോത്തനും സംവിധായകൻ ഹരിഹരനും ചലച്ചിത്രപ്രവർത്തകർക്കു ‘ഹരി സാർ’ ആയിരുന്നു. പക്ഷേ, ഇരുവരും ഒന്നിച്ചൊരു സിനിമ വന്നാൽ? അങ്ങനെ ഹരിഹരൻ ‘ഹരൻ സാർ’ ആയെന്ന് അണിയറക്കഥ. 1976ൽ പുറത്തിറങ്ങിയ ‘പഞ്ചമി’ക്കു വേണ്ടിയാണ് ഇരുവരും ഒത്തുചേർന്നത്. 

മായാത്ത ഓർമച്ചിത്രങ്ങൾ 

മമ്മൂട്ടി: ‘സുപ്രിയ’യുടെ ബാനറിൽ ഹാരി പോത്തൻ നിർമിച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്തു പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ഒരുപാടു സഹായിക്കുകയും ചെയ്തയാളാണു ഹാരി പോത്തൻ.

മോഹൻലാൽ: എത്രയോ പ്രതിഭകളെയാണ് അദ്ദേഹം മലയാള സിനിമയിൽ അടയാളപ്പെടുത്തിയത്. സിനിമകളുടെ ഉള്ളടക്കത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്ന ഒരാളാണ് അദ്ദേഹം. ഞങ്ങൾ തമ്മിൽ ഗാഢമായ ബന്ധമുണ്ടായിരുന്നു. 

യേശുദാസ്: സിനിമയിൽ നല്ല നല്ല ഗാനങ്ങൾ ഉൾക്കൊള്ളിക്കാനുള്ള മനോഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. ദേവരാജൻ – വയലാർ കൂട്ടുകെട്ടിൽ ധാരാളം നല്ല ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചു. 

ജയറാം: സിനിമയിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുവന്നതു ഹരിസാറാണ്. ഞാൻ ആഗ്രഹിച്ച ജീവിതം എനിക്കു സമ്മാനിച്ചതും ആദ്യ നിർമാതാവായ അദ്ദേഹം തന്നെ.