ചെന്നൈ∙പ്രശസ്ത നർത്തകിയും ദക്ഷിണേന്ത്യൻ സിനിമകളിലെ നായിക നടിയുമായിരുന്ന കെ.വി.ശാന്തി (മെരിലാൻഡ് ശാന്തി- 81) കോടമ്പാക്കത്ത് അന്തരിച്ചു. സംസ്കാരം നടത്തി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ചു.

മലയാളത്തിൽ അറുപതോളം ചിത്രങ്ങളിലും തെലുങ്ക്, തമിഴ്,  ഹിന്ദി ഭാഷകളിലെ ഏതാനും ചിത്രങ്ങളിലും നായികയായും ഉപനായികയായും ഒക്കെ ആയി 1950 കളിലും 60 കളിലും 70 കളിലും അരങ്ങ് നിറഞ്ഞു നിന്ന പ്രതിഭാധനയായ അഭിനേതാവ് ആയിരുന്നു കെ.വി.ശാന്തി. ഏറ്റുമാനൂർ സ്വദേശി എ.കെ.വേലായുധൻ- കാർത്യായനി ദമ്പതികളുടെ മകളായി ജനിച്ചു. ശാന്തിയുടെ ചെറുപ്പത്തിൽ തന്നെ കുടുംബം മദ്രാസിലേക്കു കുടിയേറി. 

കൊൽക്കത്തയിലെ പ്രശസ്തമായ ഉദയ ശങ്കർ- രവി ശങ്കർ നാട്യ ഗ്രൂപ്പിലെ പ്രധാന നർത്തകിയായി. ശാന്തിയുടെ നൃത്തം കണ്ട് ഹിന്ദി സംവിധായകൻ ആനന്ദ് താക്കൂർ  ചോരി-ചോരി എന്ന സിനിമയിലെ ഗാനത്തിൽ നൃത്തം ചെയ്യാൻ ക്ഷണിച്ചു.  രാജ് കപൂർ-നർഗീസ് ജോഡികളായിരുന്നു ആ സിനിമയിൽ  പ്രധാന വേഷത്തിൽ. ശാന്തിയുടെ എടുത്തുപറയേണ്ട മലയാള ചിത്രങ്ങളിൽ പാടാത്ത പൈങ്കിളി, നഴ്സ്,  കറുത്ത കൈ, മായാവി, കലയും കാമിനിയും,  ഉറങ്ങാത്ത സുന്ദരി, ചട്ടമ്പിക്കവല, പുത്രി, പട്ടുതൂവാല, ശ്രീരാമ പട്ടാഭിഷേകം, ഭക്തകുചേല, ഡോക്ടർ തുടങ്ങിയവ ഉൾപ്പെടുന്നു. ജമിനി ഗണേശൻ അഭിനയിച്ച ആടി പെരുക്ക് എന്ന തമിഴ് ചിത്രത്തിലും ശാന്തി അഭിനയിച്ചിട്ടുണ്ട്. 

മെരിലാൻഡ് നിർമിച്ച ‘പാടാത്ത പൈങ്കിളി’ (1957) എന്ന സിനിമയിൽ പ്രേം നസീറിനൊപ്പം ഉപനായികയായതോടെ സിനിമയിൽ സജീവമായി. മെരിലാൻഡ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായതോടെയാണു മെരിലാൻഡ് ശാന്തി എന്നറിയപ്പെട്ടത്. ആന വളർത്തിയ വാനമ്പാടി, കറുത്തകൈ, കാട്ടുമൈന, പട്ടുതൂവാല, പ്രിയതമ, പോസ്റ്റ്മാൻ, ചട്ടമ്പിക്കവല, കന്യാകുമാരി എന്നിവയാണു പ്രധാന ചിത്രങ്ങൾ. 

പ്രേംനസീർ, സത്യൻ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ തുടങ്ങി പ്രമുഖ നായകർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 1975-ൽ പുറത്തിറങ്ങിയ ‘ഭാര്യയില്ലാത്ത രാത്രി’യാണ് അവസാന ചിത്രം. വിവാഹ ശേഷം അഭിനയ രംഗത്തു സജീവമായിരുന്നില്ല. പരേതനായ ശശി കുമാരൻ നായരാണു ഭർത്താവ്. ശ്യാം കുമാർ ഏക മകൻ. മരുമകൾ : ഷീല.