സത്യം പറയാൻ എനിക്കു പേടിയില്ല: ആഷിക്ക് അബു

ആഷിക്ക് അബുവിനെ മലയാളി വെറുമൊരു സംവിധായകനായി മാത്രമല്ല കാണുന്നത്. കാരണം മറ്റു സിനിമാക്കാരിൽ നിന്ന് വ്യത്യസ്തമായി സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ സ്വീകരിക്കുകയും അവ തുറന്നു പറയുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. തന്റെ കാഴ്ചപ്പാടുകളെ പറ്റി ആഷിക്ക് തന്നെ തുറന്നു പറയുന്നു.

റാണി പദ്മിനി ചെയ്യാനുണ്ടായ പ്രചോദനം ?

റാണി പദ്മിനി മലയാളത്തിലെ ഫിലിം മേക്കേഴ്സ് എല്ലാം വർഷങ്ങളായി ഡിസ്കസ് ചെയ്തുകൊണ്ടിരുന്ന എന്നാൽ നടപടി ആകാതിരുന്ന രണ്ട് പെൺകുട്ടികളുടെ അല്ലെങ്കിൽ രണ്ട് സ്ത്രീകളുടെ കഥയാണ്. പല രീതിയിലുള്ള ആളുകളുമായി സംസാരിച്ചപ്പോൾ എല്ലാവർക്കും സമാന ചിന്താഗതി ആ കാര്യത്തിലുണ്ടായിരുന്നു. പക്ഷേ സംഭവിച്ചത് റാണി പദ്മിനിയാണ്. നമുക്ക് കൗതുകം തോന്നുന്ന ഒരുപാട് കാര്യങ്ങൾ സ്ത്രീകളുടെ കഥ പറയുമ്പോൾ നമ്മൾ കാണും. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകൾ വന്നിട്ടുണ്ട്. പക്ഷേ സ്ത്രീകൾ വെറുതെ സംസാരിച്ചിരിക്കുന്ന, തമാശകൾ പറയുന്നതുപോലുള്ള സിനിമകൾ എന്തുകൊണ്ട് വരുന്നില്ല. വളരെ ലൈറ്റായിട്ടുള്ള സിനിമ. അവരുടെ സ്വപ്നങ്ങളെപ്പറ്റി സംസാരിക്കുന്ന സിനിമ, അവര് പറക്കാനാഗ്രഹിക്കുന്ന സിനിമ, അവര് പറക്കുന്ന സിനിമ. ‍നായകന്മാരൊക്കെ ചെയ്യുന്നതുപോലുള്ള യാത്രകൾ ചെയ്യുന്ന സിനിമ.

അടക്കവും ഒതുക്കവുമുള്ള കുട്ടി എന്നു ധരിക്കുന്ന നമ്മൾ അച്ചടക്കം പഠിപ്പിച്ചുകൊണ്ട് ഇതാണ് അച്ചടക്കം എന്ന് പറഞ്ഞ് ഒരു ഫ്രെയിം വർക്കിലേക്ക് ഒരുക്കുകയാണ്. അതിനപ്പുറം, ലോകമുണ്ട്, സ്വാതന്ത്ര്യമുണ്ട്, കളേഴ്സ് ഉണ്ട്, അതിനപ്പുറം ഒരുപാട് കാര്യങ്ങളുണ്ട്. അവിടെ നമ്മൾ ഒതുങ്ങി നിൽക്കരുത്. നമ്മളെ ഒതുക്കിനിർത്താൻ ആളുകളുണ്ടാവും. അതു ബ്രേക്ക് ചെയ്യാൻ പറയുന്നിടത്ത് ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. അത് ബ്രേക്ക് ചെയ്തുകഴിഞ്ഞാൽ ഒരുപാട് അനുഭവിക്കാൻ പറ്റുന്ന സ്വാതന്ത്ര്യവും കാഴ്ചയുമുണ്ട്. നമ്മുടെ ജീവിതത്തിൽ പലപ്പോഴും വിഷമഘട്ടം വരുമ്പോഴാണ് പുറത്തിറങ്ങി അതിനെ നേരിടാൻ തയാറാകുന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ അവരുടെ പ്രതിസന്ധി പ്രതിസന്ധികളായി മാത്രം നിലനിൽക്കുകയും മറ്റുപല ആൾക്കാരെ സഹായത്തിനായിട്ട് പുറത്തുനിന്ന് ശക്തിയെ ഉപയോഗിക്കുകയും ചെയ്യുന്നു. സ്വയം പ്രതിസന്ധികളെ നേരിടാനും, റോഡിലേക്കിറങ്ങാനും, യാത്രകൾ ചെയ്യാനും, ചോദ്യങ്ങൾ ഉന്നയിക്കാനുമുള്ള കാലം വരണം. മഞ്ജുവും റിമയും വളരെ കഴിവുള്ള ആക്ടേഴ്സ് ആണ്. അവരുടെ പെർഫോമൻസ് കാണാൻ ആൾക്കാർക്ക് ആഗ്രഹമുണ്ട്.അങ്ങനെയാണ് റാണി പദ്മിനി എന്ന സിനിമ ജനിക്കുന്നത്.

ഇപ്പോഴത്തെ സിനിമ സത്യത്തിൽ പുരുഷ കേന്ദ്രീകൃതമല്ലേ ?

എതിർപ്പ് എല്ലാ മേഖലയിലുമുണ്ട്. വളരെ അപൂർവം ആൾക്കാർ മാത്രമാണ് അത് വിട്ട് പുറത്ത് വന്നിട്ടുള്ളത്. അതൊക്കെ നേടിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കേരളം പോലുള്ള സ്ഥലത്ത് ഇടം നേടുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. വളരെ ക്രിറ്റിക്കലായിട്ടുള്ള ഓഡിയൻസാണ് ഉള്ളത്. അവിടൊരു ഇടം നേടിയശേഷം അത് നിലനിർത്തുക എന്നത് അതിലും വലിയൊരു ദൗത്യമാണ്. സ്ത്രീകളെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് തീർച്ചായയും ഉണ്ട്. റാണി പദ്മിനി ചെയ്യാൻ അതൊരു തടസമായില്ല. കാരണം ചെറുപ്പകാലത്തും കോളജ് കാലഘട്ടത്തിലും തുടർച്ചയായി സിനിമ കണ്ടുകൊണ്ടിരിന്ന സമയത്ത് മഞ്ജുവാര്യരുടെ സിനിമകൾ കണ്ട് അത്ഭുതപ്പെട്ട ഒരുപാട് മലയാളികളിൽ ഒരാളാണ്. അവരുടെ ടാലന്റ് മാത്രമായിരുന്നു മുൻപിലുണ്ടായിരുന്നത്. പുരുഷമേധാവിത്വം മലയാളസിനിമയിൽ മാത്രമല്ല പൊതുവെ പുരുഷമേധാവിത്വമാണ് ലോകം. അത് ബ്രേക്ക് ചെയ്യുന്ന ആളുകളുണ്ടാകാം, കുറേ സമയമെടുക്കും, ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടിവരും. സാധാരണ ഒരു ഹീറോയ്ക്ക് ചെയ്യുന്ന ജോലിയേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ജോലിയും, കാലതാമസവും നേടിടേണ്ടി വരുന്നു.

ആഷിക്ക് അബുവിനെ ന്യൂജനറേഷൻ എന്ന് വിളിക്കുന്നവരോട് ?

ഒരു ന്യൂജനറേഷൻ സിനിമക്കാരനല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആദ്യ സിനിമ ഡാഡി കൂൾ, അതുകഴിഞ്ഞ് സോൾട്ട് ആൻഡ് പെപ്പർ അങ്ങനെ എന്നെ അത്ഭുതപ്പെടുത്തുന്ന സിനിമകളുമായിട്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. ന്യൂജനറേഷൻ സൈക്കിളിക്കായിട്ടുള്ള ഒരു മാറ്റമാണ്. ഒരേ പ്രായത്തിലുള്ള ആളുകൾ വരുന്നു, അവരുടെ അഭിരുചിക്കനുസരിച്ചുളള സിനിമകൾ ഉണ്ടാകുന്നു. കുറച്ചുകഴിയുമ്പോൾ പ്രേക്ഷകർക്കത് ബോറടിക്കും. അപ്പോൾ വേറെ കുറച്ച് ഗ്രൂപ്പിലുള്ള ആൾക്കാർ വരുന്നു. അവരെ ന്യൂജനറേഷൻ സിനിമക്കാർ എന്ന് വിളിക്കുന്നു. എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. സമകാലിക ആൾക്കാരെല്ലാം തന്നെ ഐഡന്റിറ്റി ഉള്ള ഫിലിം മേക്കേഴ്സ് ആണ്. അതിനെ ജനറലൈസ് ചെയ്ത് കാണാൻ പറ്റില്ല. സിനിമകളിൽ വരുന്ന മാറ്റങ്ങളെ ഏതെങ്കിലും ഒരു പേരിട്ട് വിളിക്കാമെങ്കിൽ ഈ പറഞ്ഞ പേരു കറക്ടാണ്. മാറ്റങ്ങൾ‍ ഇനിയുംവരും. ന്യൂജനറേഷൻ സിനിമ എന്നുപറഞ്ഞാൽ ഇത് ഇവിടെ അവസാനിക്കുന്നില്ല.സിനിമകൾ ഇനിയും മാറും.പുതിയ പുതിയ ടാലന്റുകൾ സിനിമയിലേക്ക് വരും. പുതിയ എഴുത്തുകാർ വരും.പുതിയ സംവിധായകർ വരും. പുതിയ നടന്മാർ വരും. ‌

അടുത്ത കാലത്ത് സിനിമയിലുണ്ടായ വലിയ മാറ്റം എന്താണ് ?

സിനിമ ഡിജിറ്റലായതിനുശേഷമാണ് മലയാളത്തിൽ ഇത്രയധികം സിനിമകൾ സംഭവിക്കാൻ തുടങ്ങിയത്. ന്യൂജനറേഷൻ എന്നു പറയുന്ന കാലഘട്ടത്തിന്റെ തുടക്കവും, സിനിമയുടെ ഫോർമാറ്റിന്റെ മാറ്റവുമൊക്കെ ഒരുമിച്ച് വായിക്കപ്പെടേണ്ടതാണ്. ഫിലിമെന്നു ഫോർമാറ്റിൽ നിന്നും മാറി ‍ഡിജിറ്റലായി, സിനിമ കുറേക്കൂടി ജനകീയമായി, ഇന്റർനെറ്റ് സാധ്യതകൾ വളർന്നു, ഒരുപാട് ഷോർട്ട്ഫിലിമുകൾ യൂട്യൂബ് സിനിമകൾ ഉണ്ടായി അങ്ങനെ സ്വതന്ത്രമായി ഫിലിം നിർമിക്കുന്നവരുടെ കടന്നുവരവ് ഉണ്ടായിട്ടുണ്ട്. വലിയ സ്റ്റാറുകളെ മാത്രം വച്ച് സിനിമകൾ ചെയ്തുകൊണ്ടിരുന്ന ആളുകൾ എല്ലാവരും തന്നെ സബ്ജക്ടിനനുസരിച്ച് കാസ്റ്റിങ് നടത്താൻ തുടങ്ങി. അങ്ങനെയാണ് സിനിമകളിൽ കഥയുടെ കാര്യത്തിലാണെങ്കിലും, അവതരണത്തിന്റെ കാര്യത്തിലാണെങ്കിലും വ്യത്യാസം വന്നത്.

സാങ്കേതിക വിദ്യയുടെ മാറ്റം ഉറപ്പായിട്ടും വലിയൊരു മാറ്റം തന്നെയാണ്. ഇപ്പോൾ ആളുകൾ മൊബൈൽ ഫോണിൽ സിനിമകൾ ചെയ്യുന്ന കാലഘട്ടത്തിലാണ്. ഇനിയും അഡ്വാൻസായി കാര്യങ്ങൾ പോകും. ഞാൻ സിനിമ കണ്ട കാലഘട്ടമല്ല ഇപ്പോൾ സിനിമയിൽ വന്നപ്പോൾ. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സംഗതിയാണ്. ഭയങ്കര വ്യത്യാസമുണ്ട് ഈ മൂന്ന് കാലഘട്ടവും. അടുത്ത അഞ്ചുകൊല്ലം സിനിമയുടെ റൂട്ട് എങ്ങനെയാണ്, ഏതു വിശാലതയിലേക്കാണ് പോകുന്നതെന്നും കൃത്യമായിട്ട് അറിയാം.

കേരളത്തിലെ തീയറ്ററുകളുടെ നിലവാരത്തെക്കുറിച്ച് ?

സമകാലികരായിട്ടുള്ള ആൾക്കാർക്ക് തോന്നിയിട്ടുള്ള കാര്യം ഒരു വലിയ ഇൻഡസ്ട്രിയാണ് സിനിമ എന്നതാണ്. ഒരുപാട് പൈസ സർക്കാരിന് ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. ഒരുപാട് ആൾക്കാർ ഈ ഇൻഡസ്ട്രിയിൽ ജീവിക്കുന്നുണ്ട്. സിനിമ നിർമ്മിക്കുന്ന ചെറുതും വലുതുമായ എല്ലാവരുടേയും പരാതി വർഷങ്ങളായിട്ട് വന്നതാണ്. ഞങ്ങൾ ഉദ്ദേശിക്കുന്ന ഞങ്ങൾ നിർമിക്കുന്ന സിനിമയല്ല പലപ്പോഴും പല തിയറ്ററുകളിലും ജനങ്ങൾ കാണുന്നത്. അടുത്തകാലത്ത് ഒരുപാട് പേർ പരാതി ഉന്നയിച്ചിരുന്നു. ഇനി പൊതുജനങ്ങൾ വേണം സംസാരിക്കാൻ. കാരണം സിനിമ ഒരു കൺസ്യൂമർ പ്രൊഡക്ട് ആണല്ലോ. പണം കൊടുത്ത് നമ്മൾ പോയി കാണുന്ന സിനിമയുടെ ഗുണനിലവാരം, സാങ്കേതികമായിട്ട് ഉറപ്പിക്കാവുന്ന ഒരു കാലഘട്ടത്തിൽ പോലും അത് ജനങ്ങൾക്ക് കിട്ടുന്നില്ല എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. ചില പട്ടണങ്ങളിൽ മാത്രമോ, നല്ല പണമുള്ളവർക്ക് മാത്രമോ സിനിമയുടെ ഏറ്റവും നല്ല എക്സിപീരിയൻസ് കിട്ടുക, അതല്ലാത്തവർക്ക് വളരെ മോശം എക്സ്പീരിയൻസ് കിട്ടുക എന്ന് പറയുന്ന സംഗതി മാറണം. സ്റ്റാൻഡഡൈസേഷൻ വേണം.

വർഷങ്ങളായിട്ട് ഞങ്ങൾ എല്ലാവരും മുറവിളി കൂട്ടിയിട്ടും ഞങ്ങൾക്ക് മുമ്പേ വന്നവരും മുറവിളി കൂട്ടിയിട്ടും നടക്കുന്നില്ല. എന്താണെന്ന് മനസിലാകുന്നില്ല. അത് നടപടിയാകേണ്ട കാര്യമാണ്. വളരെ പ്രതീക്ഷ തരുന്നൊരു കാര്യം ഒരുപാട് തിയറ്ററുകളുടെ നവീകരണം രണ്ട് മൂന്ന് കൊല്ലങ്ങളായിട്ട് നടന്നുവരുന്നുണ്ട്. സർക്കാർ തിയറ്ററുകളായ കലാഭവൻ, കൈരളിശ്രീ തിയറ്ററുകൾ വരെ നന്നാക്കുന്നുണ്ട്. മന്ത്രി ഗണേഷ് കുമാർ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം തുടങ്ങിയവച്ചതാണ്. വലിയരീതിയിലുള്ള ഗുണം ഞങ്ങളെപ്പോലുള്ള ആളുകൾക്കും, സിനിമ കാണാനിരിക്കുന്ന പ്രേക്ഷകർക്കും ഉണ്ടാകുന്നുണ്ട്. ഇനിയും മാറും എന്നാണ് പ്രതീക്ഷ. കാരണം ആളുകൾ അല്ലെങ്കിൽ പ്രശ്നം ഉണ്ടാക്കിത്തുടങ്ങും എന്നു തോന്നുന്നു.

ആഷിക്ക് അബു എന്തിന് രാഷ്ട്രീയം പറയുന്നു?

സിനിമക്കാർ പൊതുവെ രാഷ്ട്രീയപ്രവർത്തനം നടത്താൻ പാടില്ല എന്നൊന്നും ഇല്ല. രാഷ്ട്രീയ നിലപാട് എടുക്കാൻ പാടില്ലാത്തവരാണെന്നുള്ള തെറ്റായ ധാരണ എങ്ങനെയോ നമുക്ക് വന്നുകഴിഞ്ഞു. പലരും നിങ്ങൾ സിനിമ ചെയ്താൽ പോരെ എന്തിനാണ് രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നതെന്നു ചോദിച്ചപ്പോൾ ഞാനും ആലോചിച്ചു. ഇതൊക്കെ പറയാൻ ഇവിടെ രാഷ്ട്രീയക്കാരുണ്ടല്ലോ എന്തിനാണ് സിനിമക്കാരുടെ ആവശ്യം. സത്യത്തിൽ കലാകാരന്മാരായിട്ടുള്ള ആളുകളും സിനിമാക്കാരായിട്ടുള്ള ആളുകളും എഴുപതുകളിൽ വയലാർ, പ്രേംനസീർ അങ്ങനെ ഒരുപാടാളുകളിൽ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വലിയ കലാകാരന്മാരെല്ലാം തന്നെ അവരുടെ രാഷ്ട്രീയ നിലപാട് വളരെ ക്ലിയറായിട്ട് പ്രകടിപ്പിച്ചിട്ടുള്ള ആൾക്കാരാണ്. പലരും രാഷ്ട്രീയപ്രവർത്തകരായിരുന്നു. പിന്നീടെപ്പോഴൊക്കെയോ ആ ഒരു ഗൗരവം ഇതിൽ നിന്നു മാറി എല്ലാവരും വളരെ വ്യക്തിപരമായ സുഖസൗകര്യങ്ങളിലോട്ട് ഒതുങ്ങി. ഇപ്പോഴും പൊതുകാര്യങ്ങളിൽ സ്വതന്ത്രമായിട്ടുള്ള നിലപാടെടുക്കാൻ ഭയക്കുന്നു. ഇപ്പോഴും ഭയമുള്ള ആൾക്കാരുണ്ട്. ഒരു മുറിയിൽ ഇരുന്ന് എല്ലാവരും ചർച്ചചെയ്യുന്ന സമയത്ത് അവർക്ക് അഭിപ്രായം ഉണ്ടാകും. പൊതു വേദിയിൽ ഭയക്കും.അതിന്റെ പ്രധാനകാരണം ഇവർ ആക്രമിക്കപ്പെടും എന്നാണ്. അപ്പോൾ ഒരു ചോദ്യം വരും സിനിമാക്കാരല്ലേ. നിങ്ങളെന്തിനാണ് ഈ കാര്യത്തിൽ ഇങ്ങനെയൊരു അഭിപ്രായം പറയുന്നത്.

രാഷ്ട്രീയമാണ്. പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ വ്യക്തിപരമായിട്ട് സ്വകാര്യ സദസിലൊക്കെ അവർ വളരെ ശക്തമായിട്ടുള്ള നിലപാടുകൾ എടുക്കുകയും ചെയ്യും. എനിക്കും എന്നെപ്പോലെ ചിന്തിക്കുന്ന ആൾക്കാർക്കും അങ്ങനെയൊരു കൺഫ്യൂഷൻ ഉണ്ടായിട്ടില്ല. നമുക്ക് നമ്മുടെ അഭിപ്രായം പറയാം. മുമ്പും അഭിപ്രായം പറഞ്ഞിരുന്നു. സിനിമ എന്നു പറയുന്നത് ഭയങ്കര പോപ്പുലറായിട്ടുള്ള മീഡിയ കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ്. എന്നെ ആൾക്കാർ അറിയാൻ തുടങ്ങിയത്. ആ പോപ്പുലാരിറ്റിയിൽ മീഡിയ കൈകാര്യം ചെയ്യുന്ന ഒരു കലാകാരനെന്ന നിലയ്ക്ക് നാട്ടിൽ നടക്കുന്ന കാര്യങ്ങളോട് എന്തെങ്കിലും തരത്തിലുള്ള പ്രതികരണം ആളുകളുടെ മുമ്പിലേക്ക് ഒരു ചർച്ചയ്ക്ക് വഴിവയ്ക്കുമെങ്കിൽ അതൊരു നല്ല കാര്യമായിട്ടാണ് കരുതുന്നത്.

ഞങ്ങൾ പറയുന്നത് രാഷ്ട്രീയപരമായി കറക്ടായിട്ടുള്ള കാര്യങ്ങളായിരിക്കണമെന്നില്ല. അത് വേറൊരു ചർച്ചയ്ക്ക്, അല്ലെങ്കിൽ ഒരു വിവാദത്തിന് മാർഗമുണ്ടാകുമെങ്കിൽ വളരെ പോസിറ്റീവായിട്ടുള്ള കാര്യമായിട്ടാണ് തോന്നുന്നത്. കാരണം ഡെമോക്രസിയിലാണ് ജീവിക്കുന്നതെങ്കിലും ആ ഡെമോക്രസിയുടെ പൂർണമായ അർഥത്തിൽ ഇവിടെ ഇംപ്ലിമെന്റഡ് ആണോ എന്നു ചോദിച്ചുകഴിഞ്ഞാൽ ഒരുപാട് തരത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. ഒരു കറക്ഷൻ ആവശ്യമുണ്ട്. എവിടെത്തുടങ്ങണം ആരുതുടങ്ങണം എന്ന് ഞങ്ങളെപ്പോലുള്ള ആർട്ടിസ്റ്റുകൾക്ക് പറയാനേ പറ്റൂ. ഇവിടെ പ്രശ്നങ്ങളുണ്ട് അത് കറക്ട് ചെയ്യണമെന്ന്.

സൈലൻസ് ഒരു ക്രൈം ആണ്. നമ്മുടെ നിശബ്ദത വലിയൊരു കുറ്റമായിട്ട് ഭവിക്കും. അത് ഇപ്പോൾ ആയിരിക്കില്ല പലതും കണ്ട് കണ്ണടക്കും. ഇപ്പോഴത്തെ റോഡുകളുടെ സ്ഥിതി നോക്കിയാൽ ആ അവസ്ഥയുമായിട്ട് നമ്മൾ ഇണങ്ങി, ഇരുചക്രവാഹനങ്ങളിൽ പോകുന്നവരുടെ ശാരീരിക അവസ്ഥ, ആരോഗ്യം നശിച്ച് അങ്ങനെ ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നുപോകുന്നു. ഒരു റോഡിലെ കുഴിയൊന്നും നമ്മളെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രശ്നമല്ലല്ലോ. നമ്മൾ മിണ്ടാതിരിക്കും. ആ നിശബ്ദത പലപ്പോഴും ഇങ്ങനെയുള്ള ആൾക്കാർക്ക് ലൈസൻസ് ആയി മാറും. പിന്നെ ശബ്ദിക്കണമെന്നു തോന്നുന്ന സമയത്ത് അത് സാധിച്ചു എന്ന് വരികയില്ല.

ഒരു രാഷ്ട്രീയപാർട്ടിയോ, രാഷ്ട്രീയ നേതാവോ, സിനിമാ സംവിധായകനോ, സാംസ്കാരിക പ്രവർത്തകനോ പറയുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കണമെന്നില്ല. പക്ഷേ അതിനെപ്പറ്റി ആലോചിക്കാനുള്ള അവസരം സാധാരണക്കാരായ ജനങ്ങൾക്കുണ്ട്. അങ്ങനൊരവസരം കിട്ടിയാൽ ആലോചിക്കുന്നത് നല്ലതാണ്.

പരസ്യമായി നിലപാടുകൾ എടുക്കുമ്പോൾ ആഷിക്കിന് ഭയമില്ലേ ?

സത്യം പറയാൻ പേടിക്കണ്ട. നുണ പറയുമ്പോഴാണ് പേടിക്കേണ്ടത്. ഒരു നിലപാടെടുക്കണം. എന്റെ നിലപാടുകളെല്ലാം ശരിയാകണമെന്ന അവകാശവാദമൊന്നുമില്ല. അതൊരു വിവാദത്തിലേക്ക് തുറക്കാം. എന്റെ ഉദ്ദേശവും അതുതന്നെയാണ്. ആളുകൾ സംസാരിക്കട്ടെ. എന്നെ എന്തെങ്കിലും പറയുന്നു എന്നുള്ളതുകൊണ്ട് ആ വിഷയത്തിന്റെ പ്രസക്തി മാറുന്നില്ലല്ലോ. ചീത്തവിളി കേട്ടാലും സാരമില്ല. ഡിസ്കഷൻ ഉണ്ടാകുമ്പോഴാണല്ലോ ജനങ്ങൾ കുറച്ചുകൂടി ജാഗരൂകരാകുന്നത്. അങ്ങനെയൊരവസ്ഥ ഉണ്ടാകട്ടെ എന്നാണ്. അതിൽ ഒരു ഭയവും ഇല്ല.

ആഷിക്ക് അബു എങ്ങനെ കമ്യൂണിസ്റ്റായി ?

ഇടതുപക്ഷ അനുഭാവിയാണെന്നു പറയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. കാരണം ഇടതുപക്ഷം ഒരു രാഷ്ട്രീയപാർട്ടി അല്ല എന്നും അത് ഐഡിയോളജിയാണ്. ലെഫ്റ്റ് എന്താണെന്ന് ഗൂഗിൾ ചെയ്താൽ അറിയാം പറ്റും. ഹ്യുമാനിറ്റി, സെക്യുലറിസം, സോഷ്യലിസം ഇതെല്ലാംകൂടെ ഒരുപാട് കാര്യങ്ങൾ മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു ഐഡിയോളജി ആയിട്ടാണ് അതിനെ പഠിച്ചിട്ടുള്ളത്. ഞാൻ ജനിച്ച വീട്ടിൽ നിന്നു കിട്ടിയിട്ടുള്ള ഫീഡ് ബാക്കുകളുണ്ടാകും.വായിച്ച പുസ്തകങ്ങളുണ്ടാകും, കോളജിൽ വന്നതിനുശേഷം അല്ലെങ്കിൽ ഹൈസ്കൂൾ കാലഘട്ടത്തിൽ ഒക്കെ നമ്മൾ അറിഞ്ഞ കാര്യങ്ങൾ നമ്മുടെ അറിവ് എല്ലാത്തിനേയും അടിസ്ഥാനപ്പെടുത്തിയാണ് ഒരു തീരുമാനം എടുക്കുന്നത്. മറ്റൊന്നും ഇത്രയേറെ എന്നെ ആകർഷിച്ചിട്ടില്ല. മറ്റൊരു ഐഡിയോളജിയും സംതൃപ്തിപ്പെടുത്തിയിട്ടില്ല.

രാഷ്ട്രീയത്തെ ആഷിക്ക് അബു എങ്ങനെ കാണുന്നു ?

നമ്മുടെ ഡെമോക്രസിയിൽ വോട്ടു ചെയ്തു ജീവിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണ് എന്ന് വിശ്വസിക്കുന്ന ആളാണ്.ഡെമോക്രസിയുടെ ജീവവായു ആണ് രാഷ്ട്രീയം. പക്ഷേ നമ്മുടെ ചില മോശം നേതാക്കന്മാരുടെ പ്രവർത്തനം കൊണ്ടും അവരെ കളിയാക്കിക്കൊണ്ട് മിമിക്രിക്കാർ ഉണ്ടാക്കിയ കുറേ കാര്യങ്ങൾകൊണ്ടും. കുറേ സിനിമകൾ രാഷ്ട്രീയക്കാരെ പരിഹസിച്ചുണ്ടാക്കിയതുകൊണ്ടൊക്കെ ഈ രാഷ്ട്രീയപ്രവർത്തനം എന്നു പറയുന്നത് പ്രത്യേക തരം ആളുകൾക്ക് പതിച്ച് നൽകിയിട്ടുള്ള സംഗതിയാണെന്ന് കരുതി പൊതുജനം എന്നുള്ളതിൽ നിന്നും മാറിനിൽക്കുക. നല്ല നേതാക്കൻമാർ അവിടെ വരുന്നില്ല. കാരണം പൊതുജനം ജനാതിപത്യ പ്രക്രിയയിൽ ആക്ടീവായി പങ്കെടുക്കുന്നില്ല. അപ്പോൾ വളരെ നിലവാരം കുറഞ്ഞ ആളുകൾ ആ സ്ഥാനങ്ങൾ കയ്യാളുകയും ഡെമോക്രസി ഉപയോഗിക്കുകയും ചെയ്യും. ആ സമയം നമ്മൾ രാഷ്ട്രീയക്കാർ അല്ല എന്നു പറഞ്ഞ് മാറിനിന്നാൽ സംഭവിക്കുന്നത് ഈ സിസ്റ്റം നമുക്കെതിരെ ഉപയോഗിക്കും അല്ലെങ്കിൽ ആ സിസ്റ്റം അവർക്കുവേണ്ടി ഉപയോഗിക്കും അതാണ് പലപ്പോഴും നടക്കുന്നത്.

നമുക്കൊന്നും വയ്യാത്ത അവസ്ഥയിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഡെമോക്രാറ്റിക് ആയുള്ള രാജ്യത്ത് താമസിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണെന്നുള്ളതാണ്. അതിനൊരു ഡ്രസ്കോഡോ പ്രത്യേകരീതിയിൽ സംസാരിക്കുന്ന ആൾക്കാരോ മാത്രമല്ല രാഷ്ട്രീയക്കാർ. ഒരു വീട്ടമ്മവരെ രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. അടുക്കളത്തോട്ടം കൃത്യമായിട്ട് ഉപയോഗിക്കുന്ന വീട്ടമ്മവരെ രാഷ്ട്രീയപ്രവർത്തനത്തിൽ ഉള്ളതാണ്. അതാണ് സത്യത്തിൽ രാഷ്ട്രീയപ്രവർത്തനം.

എന്തു കൊണ്ട് ഇതു വരെ ഒരു രാഷ്ടീയ സിനിമ സംവിധാനം ചെയ്തില്ല ?

ഞാൻ ചെയ്ത സിനിമകളിലെല്ലാം കൃത്യമായിട്ടും പൊളിറ്റിക്സ് ഉണ്ട്. റാണി പദ്മിനിയിലും പൊളിറ്റിക്സ് ഉണ്ട്. ടാ തടിയാ എന്ന സിനിമ ഏറ്റവും വലിയ പൊളിറ്റിക്കൽ സിനിമയായി കാണുന്നു. രണ്ടു കൊടിവച്ചാൽ മാത്രമേ പൊളിറ്റിക്കൽ സിനിമയാകൂ എന്ന് പൊതുസമൂഹത്തിനൊരു ബോധമുണ്ട്. മുദ്രാവാക്യം വിളിച്ചാൽ മാത്രമേ രാഷ്ട്രീയ സിനിമ ആകൂ. ടാ തടിയാ എന്തുകൊണ്ടാണ് പൊളിറ്റിക്കൽ സിനിമ അല്ലാത്തത്. പൊളിറ്റിക്കൽ സിനിമ ആയത് മേയറായിട്ട് മത്സരിക്കുന്നതുകൊണ്ടല്ല. സൊസൈറ്റിയിൽ മനപൂർവ്വമല്ലാത്ത ശരീരഭാരം കൂടുതലുള്ള ആളുകളെ കളിയാക്കുകയും, തടിയൻമാർ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്. അവരുടെ കഥപറയുന്ന സിനിമ ഒരു പൊളിറ്റിക്കൽ സിനിമയാണ്.

സ്ത്രീകളുടെ സിനിമ അല്ലെങ്കിൽ സ്ത്രീകളുടെ പക്ഷം പറയുന്ന സിനിമ പൊളിറ്റിക്കൽ സിനിമ തന്നെയാണ്. പൊളിറ്റിക്കലി ഇൻകറക്ടായിട്ടുള്ള കാര്യം ഒരിക്കലും സിനിമയിൽ വരരുതെന്ന് ശ്രദ്ധിക്കും. ഞാൻ ചെയ്തിട്ടുള്ള സിനിമകളിലൊക്കെ രാഷ്ട്രീയം കൃത്യമായിട്ട്, രണ്ട് കൊടികളുണ്ടോ, മൂന്നു കൊടികളുണ്ടോ എന്ന് നോക്കാതെ ഈ നിലയ്ക്കു നോക്കുകയാണെങ്കിൽ കൃത്യമായിട്ടുള്ള രാഷ്ട്രീയം കാണാം.

മമ്മൂട്ടിയോടൊപ്പം ആദ്യ സിനിമയെന്നത് ഒരു ഭാഗ്യമല്ലേ ?

ഡാഡികൂൾ മമ്മൂക്കയെ മനസിൽ കണ്ട് തന്നെ ചെയ്ത സിനിമയാണ്. ആദ്യത്തെ സിനിമ മമ്മൂക്കയെ വച്ച് തന്നെ ചെയ്യണമെന്ന് നിർബന്ധമായിരുന്നു.അതൊരാഗ്രഹമായിരുന്നു. രണ്ടു രണ്ടരവർഷം കൊണ്ടുണ്ടായ മടിയന്റെ കഥയാണ് ഡാഡികൂൾ. എവിടെയും പരാമർശിച്ച് കാണാത്തത് അതൊരു മടിയന്റെ കഥയാണ്. നായകന്മാരെല്ലാവരും വീരശൂരപരാക്രമികളായിരിക്കും ഒരു മടിയനായ ഒരാൾ പൊലീസ് ഓഫീസറും കൂടി ആയിരിക്കുമ്പോൾ കൊമോഷ്യലി അതിനൊരു വൈബിലിറ്റി ഉണ്ടായിരിക്കില്ല എന്ന് ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് തന്നെ ഒരുപാട് പേർ പറഞ്ഞിരുന്നു. പക്ഷേ ഒരു വിശ്വാസമുണ്ടായിരുന്നു.

സാധാരണയായിട്ടുള്ള പൊലീസ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മടിയനായ പൊലീസുകാരന്റെ കഥ എഴുതിയതും. സിനിമ ചെയ്തതും. രണ്ടാമത്തെ സിനിമയായ സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയുടെ ഐഡിയ ശ്യാം പറയുമ്പോൾ കാസ്റ്റിങ്ങിന് വേറൊരു ഫ്ലേവർ കൊണ്ടുവന്നലോ എന്നുദ്ദേശിച്ചാണ്. ലാലേട്ടനോട് ഈ കഥപറയുന്നത്. അദ്ദേഹത്തിന് സന്തോഷമായിരുന്നു. ഒരു സ്റ്റോറിക്ക് അല്ലെങ്കിൽ സ്ക്രീൻപ്ലേയ്ക്ക് പറ്റിയ കാസ്റ്റിങ്ങിലേക്ക് ആണ് പിന്നീടുള്ള എല്ലാ സിനിമകളിലേക്കും പോയിട്ടുള്ളത്.

22 എഫ് കെ കരിയറിൽ ഒരു നാഴികക്കല്ലായിരുന്നില്ല ?

സോൾട്ട് ആൻഡ് പെപ്പറിനുശേഷം കുറച്ചുകാലങ്ങളായി മനസിൽ കൊണ്ടുനടന്ന ഒരു ആശയമാണ് ഒരു ഫീമെയിൽ ഫൈറ്ററുടെ കഥ. എങ്ങനെ ഓഡിയൻസിന്റെ മുമ്പിലേക്ക് കൊണ്ടുവരണം എന്നത് വലിയൊരു ആലോചന നടന്നിട്ടുണ്ട്. നന്നായി അതിനെ കൊണ്ടുവന്നില്ലെങ്കിൽ അപകടമാകും എന്നും മുൻകൂട്ടി കണ്ടിരുന്നു.അതിനുള്ള മുൻകരുതലുകളൊക്കെ എടുത്തിട്ടാണ് സ്ക്രീൻപ്ലേ പോലും മുഴുവനാക്കിയത്. അതൊരു ധൈര്യമല്ലായിരുന്നു, ആത്മവിശ്വാസമായിരുന്നു. നഴ്സുമാർക്ക് അങ്ങനെയൊക്കെ അനുഭവങ്ങളുണ്ട്. പറയണമെന്നുതോന്നി പറയുന്ന കാര്യത്തിൽ സത്യമുണ്ട് എന്നു തോന്നിയതുകൊണ്ട് പേടിയൊന്നും തോന്നിയില്ല.

ഫെയ്സ്ബുക്കിലെ സിനിമാ റിവ്യൂസിനെ ആഷിക്ക് എന്ന സംവിധായകൻ ഭയക്കുന്നുണ്ടോ ?

നമ്മളിലാരും വേറൊരാളുടെ പോസ്റ്റിൽ പോയിട്ട് അയാളെ ചീത്ത വിളിക്കും എന്നുതോന്നുന്നില്ല. പക്ഷേ ചില വിഭാഗം ആൾക്കാർ അത് ചെയ്യുന്നുണ്ട്. ഈ ആളുകൾ തന്നെ ഒരുപാടാളുകളുടെ പോസ്റ്റുകളിൽ പോയി ചീത്തവിളിക്കുന്നവരുണ്ട്. അതുകൊണ്ട് ഫേയ്സ്ബുക്കുപയോഗിക്കുന്നവർ മോശക്കാരാണെന്ന് അല്ല. പല ആൾക്കാരും ഒരു പോസ്റ്റ്പോലും ഇടാതെ ഫേയ്സ് ബുക്ക് ഉപയോഗിക്കുന്നവരുണ്ട്. ഫേയ്സ്ബുക്കുകൊണ്ടൊരു സിനിമ നശിപ്പിക്കാമെന്നോ വൈരാഗ്യം തീർക്കാമെന്നോ ഒക്കെ ഉണ്ടാകും. അതൊന്നും ഒരു ഡിസൈഡിങ് ഫാക്ടറാണെന്ന് തോന്നുന്നില്ല.തെറ്റും ശരിയുമേതാണെന്ന് ആളുകൾക്ക് ഏകദേശം ഓൺലൈനിൽ കൂടി തിരിച്ചറിയാൻ തുടങ്ങി. ആളുകൾക്ക് വിവേചന ബുദ്ധിയുണ്ടെന്ന് തന്നെയാണ് തോന്നുന്നത്.

മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കുന്നതിനോട് യോജിപ്പുണ്ടോ ?

മതം തന്നെ ഒരു സംഘടനയാണ്. മതം എന്നു പറയുന്നത് പ്രത്യേക ഐഡിയോളജിയിൽ വിശ്വസിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ സംഘടനയാണ്. ആ സംഘടനയുടെ പേരിൽ വേറൊരു സംഘടന എന്ന ലോജിക് മനസിലാകുന്നില്ല. ആളുകളെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നത് ശക്തമായിട്ടുള്ള എതിർപ്പുണ്ട്. അത് ശരിയായ പ്രവർത്തനമല്ല. അത് ഏതു മതക്കാര് ചെയ്താലും ഏതു മതത്തിന്റെ പേരിൽ ചെയ്താലും കാരണം മതവിശ്വാസം വളരെ വ്യക്തിപരമായ കാര്യമാണ്. അതിനെ രാഷ്ട്രീയമായി കൂട്ടിക്കലർത്തി അതിന്റെ അഡ്വാന്റേജ് രാഷ്ട്രീയത്തിലുണ്ടാക്കാൻ നോക്കുന്നതിനോട് രാജ്യത്ത് തന്നെ വലിയ എതിർപ്പുണ്ട്. പ്രത്യേക മതവിഭാഗം എന്നില്ല. ഈ പ്രവർത്തി നമ്മുടെ നാടിന് ഒരിക്കലും ഗുണം ചെയ്യാൻ പോകുന്നില്ല.

പ്രേക്ഷക പ്രതികരണങ്ങളെ എങ്ങനെ കാണുന്നു ?

മുമ്പ് കവലകളിലിരുന്ന് ആ സിനിമ കൊള്ളില്ല, നല്ലതായിരുന്നു എന്നു പറയുന്നവർ ആ കവലകളിലുള്ള പത്ത് ആളുകളെയാണ് കേൾപ്പിച്ചിരുന്നതെങ്കിൽ ഇന്ന് അത് പറയുന്നത് സോഷ്യൽ മീഡിയയിൽകൂടി കേൾക്കാൻ ആയിരങ്ങളുണ്ടെന്നുള്ളതാണ് വ്യത്യാസം. ശരിക്കും പ്രേക്ഷകർക്ക് ആ അധികാരമുണ്ട്. ഇനിയുള്ള കാലത്ത് ഇവരെക്കൊണ്ട് നല്ലതുപറയിപ്പിക്കുക എന്നതാണ് അടുത്ത തലമുറയിലെ ആളുകളുടെ ഏറ്റവും വലിയ ചാലഞ്ച്. ഞങ്ങളുടേയും

മലയാളി മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാറുണ്ടോ ?

മറ്റുള്ള ആളുകളുടെ സ്വകാര്യതയിലേക്ക് പീപ്പ് ചെയ്യാനുള്ള പ്രവണത കൂടുതലാണ്. പ്രത്യേകിച്ച് കേരളത്തിൽ സമീപകാലത്ത് ഇന്ത്യയിലൊട്ടാകെ കൂടുതലുണ്ടായിട്ടുണ്ട് .ഈയിടെയായി കൂടുതലുണ്ടായിട്ടുണ്ട് ഒരു ആണും പെണ്ണും ആണെങ്കിൽ അവരുടെ പ്രൈവസിയിലേക്ക് ഒന്നു പീപ്പ് ചെയ്യാനുള്ള പ്രവണത കൂടും. അവരുടെ സ്വകാര്യതയിൽ കൈകടത്താനും, അവരെ ആക്രമിക്കാനുമുള്ള പ്രവണത കൂടുന്നു. അവരെന്തു ദ്രോഹമാണ് സൊസൈറ്റിയോട് ചെയ്യുന്നത്. അവിടെന്താണ് സംഭവിക്കുന്നത്. അവർ അവരോട് തന്നെ ചോദിക്കേണ്ടിയതായി വരും. സൊസൈറ്റി മുഴുവൻ പറഞ്ഞാലും ഈ സദാചാരക്കാർക്ക് ഇത് മനസിലാവില്ല. അവർ തന്നെ ആലോചിക്കേണ്ടിയ കാര്യമാണ് എന്തു ദ്രോഹമാണ് അവര് ഈ സൊസൈറ്റിക്ക് ചെയ്യുന്നത്.

ക്യാമറ വച്ച് കഫേയിൽ വരുന്ന ആളുകൾ സംസാരിക്കുന്നുണ്ടോ, പ്രണയിക്കുന്നുണ്ടോ, ചുംബിക്കുന്നുണ്ടോ എന്നൊക്കെ രഹസ്യ ക്യാമറ വച്ച് ഷൂട്ട് ചെയ്യുകയാണ്. അതൊരു ക്രൈം ആണ്. ഒരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുക എന്നുപറയുന്നത് അതൊരു ക്യാമറ വച്ച് ഷൂട്ട് ചെയ്യുക എന്നുപറയുന്നതും അതൊരു ക്രൈം തന്നെയാണ്. അത്തരം ക്രൈം ആണ് സദാചാരം എന്നു പറഞ്ഞ് നമ്മുടെ നാട്ടിൽ നടക്കുന്നത്. എതിർക്കപ്പെടേണ്ടതാണ്. കറക്ട് ചെയ്യപ്പെടേണ്ടതാണ്. ചോദ്യം ചെയ്യപ്പെടുന്ന ആളുകളുമായിട്ട് അല്ലെങ്കിൽ അവരുമായിട്ട് ആലോചിക്കേണ്ടിയ കാര്യമാണ്. എന്തുതരം ദ്രോഹമാണ് ഈ സൊസൈറ്റിയിൽ ചെയ്യുന്നതെന്നുള്ളത്. ലഹരി മരുന്നുകളുടെ ഉപയോഗത്തിൽ ബോധവൽക്കരണം ആവശ്യമാണ്. എന്താണ് ഇവര് ചെയ്യുന്നതെന്ന്. നിങ്ങൾ അരുത് എന്ന് മൂന്നുപ്രാവശ്യം പറഞ്ഞാൽ ഉറപ്പായിട്ടും ഇന്നത്തെ തലമുറയിലെ ആൺകുട്ടികളും പെൺകുട്ടികളും അനുസരിക്കുന്നു. അത് ചെയ്യുന്നതുകൊണ്ട് അവരുടെ ശരീരത്തിനും മനസിനും എന്തു സംഭവിക്കുന്നു എന്നുള്ള കാര്യം കൃത്യമായി പറ‍ഞ്ഞുകൊടുക്കാൻ സാധിച്ചാൽ ചിലപ്പോൾ ഈ കാര്യങ്ങൾ കുറച്ചുകൂടെ ഫലപ്രദമായിട്ട് പ്രതിരോധിക്കാൻ പറ്റും.

ഭാര്യയും ഭർത്താവും സെലിബ്രറ്റികൾ. അപ്പോൾ കുടുംബജീവിതം ?

ഞങ്ങൾക്കുള്ള സമയം കണ്ടെത്തുന്നുണ്ട്. ഞങ്ങൾ ചെയ്യേണ്ട യാത്രകൾ കൃത്യമായി റിമ പ്ലാൻ ചെയ്യുകയും, ആ സമയം നമ്മൾ കണ്ടെത്തുകയും ചെയ്യുന്നു. മുൻതൂക്കം യാത്രകൾക്ക് തന്നെയാണ്. റിമയുടെ ഡാൻസ് സ്കൂൾ മാമാങ്കം വളരെ ആക്ടീവായിട്ട് പോകുന്നു. അവരുടെ രണ്ടുമൂന്നു പ്രൊഡക്ഷനുകളുടെ റിഹേഴ്സലുകൾ നടക്കുന്നു.റിമയും ഇപ്പോൾ തിരക്കിലാണ്. റിമ വന്നതിനുശേഷം കുറച്ചുകൂടി മടികൂടാതെ യാത്രകളും മറ്റും പ്ലാൻ ചെയ്യാൻ സാധിക്കുന്നുണ്ട്. ജീവിതപങ്കാളി ജീവിതത്തിലേക്ക് വരുമ്പോൾ സംഭവിക്കുന്നത്. തീർച്ചയായിട്ടും ജീവിതത്തിൽ ഒരു ചിട്ടയും,ക്രമീകരണം വന്നു. അല്ലെങ്കിൽ ഒരു കുറച്ചാളുകൾ കൂടിയുള്ള യാത്രകൾ മാത്രമായിരിക്കും. ഇപ്പോൾ കുറച്ചുകൂടി ജീവിതത്തിൽ അർഥങ്ങളുണ്ട്

അഭിനയമോ സംവിധാനമോ കൂടുതൽ ഇഷ്ടം ?

അൻവറും ഞാനുമൊക്കെ നാടകാഭിനയത്തിലൂടെ സിനിമയിൽ വന്നിട്ടുള്ള ആൾക്കാരാണ്. തിയറ്ററിന്റെ എക്സ്പീരിയൻസ് ഉണ്ട്. ‘അന്നയും റസൂലി’ൽ അഭിനയിക്കുമ്പോൾ രാജീവ് രവി പറഞ്ഞു താടി വളർത്തണം എന്ന്. രാജീവ് രവിയായിരുന്നതുകൊണ്ട് സന്തോഷത്തോടെ ചെയ്യാൻ പറ്റി. രണ്ടാമത്തെ സിനിമ ‘ഇയ്യോബിന്റെ പുസ്തക’ത്തിൽ അഭിനയിക്കുമ്പോൾ അമൽ ആയതുകൊണ്ട് വളരെ സൗകര്യപ്രദമായിരുന്നു. അങ്ങനെയൊരു സൗകര്യപ്രദമായ രീതിയിൽ അല്ലാതെ അഭിനയിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.അഭിനയം ഒരു തൊഴിലായി എടുക്കാൻ തീരുമാനിച്ചിട്ടില്ല. ഈ സിനിമകൾ കഴിഞ്ഞു വന്ന ഒന്നു രണ്ടു ഡിസ്കഷനുകൾ ആദ്യമേ തന്നെ ഒഴിവാക്കി. അല്ലാത്ത ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഒരുപാട് തിരക്ക് ആകാൻ താൽപര്യമില്ല. രണ്ടു സിനിമകളിലെ അഭിനയം നന്നായി എന്നതുകൊണ്ട് അതുമായി മുമ്പോട്ടു പോകാൻ താൽപര്യം ഇല്ല.