കേരളത്തിൽ മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കമിടുകയും ചിരിയുടെ ആരവം ഉയർത്തി ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്ത കലാഭവന്റെ ആദ്യ മിമിക്സ് പരേഡ് ടീമിൽ അംഗമായിരുന്ന ആറു പേരിൽ ഒരാളാണ് റഹ്മാൻ. തുടർച്ചയായി പത്തു വർഷം കലാഭവനിൽ ഉണ്ടായിരുന്ന റഹ്മാൻ ഏഴുവർഷം ഗ്രൂപ്പ് ലീഡർ ആയിരുന്നു. കലാഭവൻ മിമിക്സ് പരേഡിൽ

കേരളത്തിൽ മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കമിടുകയും ചിരിയുടെ ആരവം ഉയർത്തി ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്ത കലാഭവന്റെ ആദ്യ മിമിക്സ് പരേഡ് ടീമിൽ അംഗമായിരുന്ന ആറു പേരിൽ ഒരാളാണ് റഹ്മാൻ. തുടർച്ചയായി പത്തു വർഷം കലാഭവനിൽ ഉണ്ടായിരുന്ന റഹ്മാൻ ഏഴുവർഷം ഗ്രൂപ്പ് ലീഡർ ആയിരുന്നു. കലാഭവൻ മിമിക്സ് പരേഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കമിടുകയും ചിരിയുടെ ആരവം ഉയർത്തി ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്ത കലാഭവന്റെ ആദ്യ മിമിക്സ് പരേഡ് ടീമിൽ അംഗമായിരുന്ന ആറു പേരിൽ ഒരാളാണ് റഹ്മാൻ. തുടർച്ചയായി പത്തു വർഷം കലാഭവനിൽ ഉണ്ടായിരുന്ന റഹ്മാൻ ഏഴുവർഷം ഗ്രൂപ്പ് ലീഡർ ആയിരുന്നു. കലാഭവൻ മിമിക്സ് പരേഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കമിടുകയും ചിരിയുടെ ആരവം ഉയർത്തി  ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്ത കലാഭവന്റെ ആദ്യ മിമിക്സ് പരേഡ് ടീമിൽ അംഗമായിരുന്ന ആറു പേരിൽ ഒരാളാണ് റഹ്മാൻ. തുടർച്ചയായി പത്തു വർഷം കലാഭവനിൽ ഉണ്ടായിരുന്ന റഹ്മാൻ ഏഴുവർഷം ഗ്രൂപ്പ് ലീഡർ ആയിരുന്നു. കലാഭവൻ മിമിക്സ് പരേഡിൽ അംഗങ്ങളായിരുന്നപലരും പിന്നീട് സിനിമയിലെത്തി. സിദ്ദിഖ്, ലാൽ, റഹ്മാൻ, ജയറാം, എൻ.എഫ്. വർഗീസ്, സൈനുദ്ദീൻ, കലാഭവൻ അൻസാർ, ദിലീപ്, ഹരിശ്രീ അശോകൻ, കലാഭവൻമണി, നാരായണൻകുട്ടി, ഷാജോൺ, കലാഭവൻ നവാസ്, പ്രജോദ്, അബി, ജാഫർ ഇടുക്കി തുടങ്ങി എത്രയോ പേർ...ഇതിൽ എൻ.എഫ്. വർഗീസ്, സൈനുദ്ദീൻ, അബി, കലാഭവൻ മണി ഒഴികെയുള്ളവർ  ഇന്നും സിനിമയിൽ സജീവമാണ്. ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവൻ റഹ്മാൻ സംസാരിക്കുന്നു...

 

ADVERTISEMENT

‘1981 സെപ്റ്റംബർ 21ന് വൈകിട്ട്  6.30 ന്  എറണാകുളം  ഫൈൻ ആർട്സ് ഹാളിൽ മാധ്യമ പ്രവർത്തകരുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും മുന്നിലാണ് പരേഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അതുവരെ ഒന്നോ രണ്ടോ പേർ അമ്പലപ്പറമ്പുകളിലും പള്ളി പറമ്പുകളിലും മറ്റും ചെയ്തിരുന്ന സംഭവമാണ് രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രോഗ്രാമായി ഞങ്ങൾ അവതരിപ്പിച്ചത് . ഇന്നത്തെ പ്രശസ്ത സംവിധായകരായ സിദ്ദീഖ്, ലാൽ, അൻസാർ, കെ.എസ്. പ്രസാദ്, വർക്കിച്ചൻ പേട്ട പിന്നെ ഞാനും...’

 

‘ഞങ്ങൾ ആറു പേരാണ് കലാഭവന്റെ ആദ്യ  മിമിക്സ് പരേഡ് ടീമിൽ  ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കലോത്സവ മത്സരങ്ങളിൽ പലപ്പോഴും ഏറ്റുമുട്ടിയിട്ടുള്ളവർ ഒരു വേദിയിൽ ഒരുമിച്ച് നിൽക്കുകയാണ്. ഇതിന്റെ റിസൾട്ട് എന്താവും എങ്ങനെയാകുമെന്ന് നമുക്കറിയില്ല. ലോകത്ത് ആദ്യമായിട്ടാണ് പ്രഫഷനൽ രീതിയിൽ മിമിക്സ് പരേഡ് അരങ്ങേറുന്നത്. പ്രോഗ്രാം കഴിഞ്ഞു എല്ലാവരും ഗംഭീര അഭിപ്രായം പറഞ്ഞു. പിന്നീട് സംഭവിച്ചതൊക്കെ ചരിത്രം. ഒരു പഴയ മറ്റഡോർ വാനിൽ ഇന്ത്യയൊട്ടാകെ ഞങ്ങൾ സഞ്ചരിച്ചു പ്രോഗ്രാം അവതരിപ്പിച്ചു.’–റഹ്മാൻ പറഞ്ഞു തുടങ്ങുന്നു...

 

ADVERTISEMENT

യൂണിവേഴ്സിറ്റി മത്സരങ്ങളിൽ ഏറ്റുമുട്ടിയവർ കലാഭവനിൽ ഒരുമിച്ചുകൂടിയത്  എങ്ങനെയാണ് ?

 

ഞാൻ എംഎ ഫൈനൽ ഇയർ  പഠിക്കുന്ന സമയത്ത് ഒരു ദിവസം എറണാകുളത്ത് വച്ച് കെ.എസ്. പ്രസാദിനെ കണ്ടു. പ്രസാദ് പറഞ്ഞു...റഹ്മാൻ ഒന്ന് കലാഭവൻ വരെ വരണം. സംഭവം എന്താണെന്ന് പറഞ്ഞില്ല. അത് സസ്പെൻസാണ്. പിറ്റേദിവസം ഞാൻ കലാഭവനിൽ ചെന്നു. കലാഭവന്റെ എല്ലാമായ ആബേലച്ചനെ  ആദ്യമായി കാണുകയാണ്. കലാഭവൻ ഗാനമേളക്കിടയിൽ രണ്ടുപേർ മിമിക്രി കാണിക്കുന്നുണ്ട്. അതല്ലാതെ ഒരു ഫുൾ ലെങ്ത് പ്രോഗ്രാമായി നമ്മൾ മിമിക്രി പ്ലാൻ ചെയ്യുകയാണ്. തന്നെ കൂടി അതിൽ  ഉൾപ്പെടുത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. തനിക്ക് താല്പര്യം ഉണ്ടോ എന്ന് അച്ചൻ  ചോദിച്ചു. താല്പര്യം ഉണ്ടെന്നു പറഞ്ഞു. 

 

ADVERTISEMENT

ഞാൻ അവിടെ ജോയിൻ ചെയ്തു. എന്നെ കൂടാതെ അഞ്ചു പേരെ നേരത്തെ എടുത്തുകഴിഞ്ഞു. ആറാമനാണ് ഞാൻ. എല്ലാവരും പരസ്പരം അറിയുന്നവരായതുകൊണ്ട് പെട്ടെന്ന് ഒരു ടീമായി മാറി. പരേഡ് തുടങ്ങി ആറ് മാസം കഴിഞ്ഞപ്പോൾ വർക്കിച്ചൻ പേട്ട കലാഭവനിൽ നിന്ന് പോയി പകരം സൈനുദ്ദീനും എൻ.എഫ്. വർഗീസും വന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ സിദ്ദീക്ക് പോയി പകരം അശോകൻ(ഹരിശ്രീ) വന്നു. കുറച്ചു കഴിഞ്ഞപ്പോൾ ലാല്‍ പോയി. ലാലിനു പകരം ജയറാം വന്നു. പിന്നീട്  ജയറാമിനു പകരം ദിലീപ് വന്നു. ഓരോ സമയത്തും ആളുകൾ ഇങ്ങനെ മാറി കൊണ്ടിരുന്നെങ്കിലും പരേഡിന് ഒരു കോട്ടവും തട്ടിയില്ല. 1991 അതായത് പത്തുവർഷത്തിനുശേഷം ഞാനും കലാഭവൻ വിട്ടു.

 

അക്കാലത്തു  ഇതൊരു പുതിയ സംഭവം ആയിരുന്നല്ലോ. പരേഡിന്റെ കൂട്ടായ്മ എങ്ങനെയായിരുന്നു?

 

എല്ലാവരുടെയും കോൺട്രിബ്യൂഷൻ ഉണ്ടായിരുന്നു. സിദ്ദിഖ് നല്ലൊരു കൊമേഡിയനായിരുന്നു. സ്റ്റേജിൽ ഏറ്റവും കൂടുതൽ കോമഡി ചെയ്തിരുന്നത് സിദ്ദിഖ് ആണ്. ലാല്‍, ഞാൻ, അൻസാർ ഞങ്ങൾ താരങ്ങളെ അനുകരിക്കും. വർക്കിച്ചൻ അനൗൺസ്മെന്റായിരുന്നു. പ്രസാദ് സൗണ്ട് ചെയ്യും.

 

കലാഭവനിൽ നിന്ന് പോരാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ?

 

സിനിമയിൽ തിരക്കായി വന്ന സമയത്ത് പലപ്പോഴും പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതൊരു പ്രശ്നമായി. ടീം ലീഡർ ഞാനാണല്ലോ. ഒരു ദിവസം ആബേലച്ചൻ വിളിച്ചിട്ട് പറഞ്ഞു റഹ്മാനേ... സിനിമയാണ് വേണ്ടതെന്നു വച്ചാൽ താൻ സിനിമ ചെയ്യ്. അല്ലെങ്കിൽ ഇവിടെ നിൽക്ക് എന്ന മട്ടിൽ സംസാരിച്ചു. മിമിക്രിക്കാരുടെ ക്ലൈമാക്സ് സിനിമയാണെന്ന് ഞാൻ അച്ചനോട് പറഞ്ഞു. അങ്ങനെയാണ് അവിടെ നിന്ന് ഇറങ്ങിയത്. അച്ചനോട്  വഴക്കിട്ടു പോന്നതല്ല. നല്ല സൗഹൃദത്തിൽ തന്നെയാണ് പിരിഞ്ഞത്.

 

അതിനുശേഷം സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയല്ലോ?

 

ഞാൻ കലാഭവനിൽ നിന്ന് പോന്നതിനു പിന്നാലെ മറ്റു പലരും അവിടെ നിന്ന് ഇറങ്ങി. അവർക്കുവേണ്ടിയാണ് ജോക്സ് ഇന്ത്യ എന്ന പേരിൽ പുതിയ ട്രൂപ്പ് ഉണ്ടാക്കിയത്. അച്ചൻ അപ്പോൾ തന്നെ വേറെ ആളുകളെ വച്ചു. ആബേൽ അച്ചന്റെ കയ്യിൽ നിന്ന് അല്ലേ നമ്മൾ പണി പഠിച്ചത്. അതിലും വലിയ പണി അച്ചന് അറിയാല്ലോ.

 

മിമിക്രിക്കാരനിലേക്ക് എത്തിയത് എങ്ങനെയാണ്?

 

ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്തതല്ല. മിമിക്രി നാടകം സിനിമ എല്ലാം യാദൃച്ഛികമായി സംഭവിച്ചതാണ്. ജീവിതത്തിൽ പല കാര്യങ്ങളും അങ്ങനെയാണല്ലോ. മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യങ്ങൾ പലതും നടക്കാതെ വരാം. പ്ലാൻ ചെയ്യാത്തത് സംഭവിക്കുകയും ചെയ്യും. ആലുവ തോട്ടുമുഖത്ത് ഒരു പുരാതന കുടുംബത്തിലാണ് ഞാൻ ജനിച്ചത്. വാപ്പ ഭയങ്കര സ്ട്രിക്ട് ആയിരുന്നു. സ്കൂൾ കാലഘട്ടത്തിൽ കൂട്ടുകാരുടെ കൂടെ പുറത്ത് പോകാനോ  കളിക്കാനോ  പറ്റില്ലായിരുന്നു. സ്കൂളിൽ പോവുക അതുകഴിഞ്ഞ് നേരെ വീട്ടിൽ എത്തണം. എന്തെങ്കിലും ആവശ്യത്തിന് പുറത്തു പോകണമെന്നുണ്ടെങ്കിൽ വീട്ടിലെ ജോലിക്കാരെ കൂട്ടിവിടും. 

 

സ്കൂൾ കാലം കഴിഞ്ഞു പ്രീഡിഗ്രിക്ക് ആലുവ യുസി കോളജിൽ ചേർന്നു. വലിയൊരു മാറ്റത്തിന്റെ  തുടക്കമായിരുന്നു അത്. പ്രീഡിഗ്രിക്ക് ചേർന്ന വർഷം തന്നെ വിദ്യാർഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ടു. പിന്നെ പാട്ട്, ഡാൻസ്, നാടകം, സ്പോർട്സ് തുടങ്ങി കോളേജിലെ സകല പരിപാടികളിലും ഉണ്ടായിരുന്നു. ഒന്നും അറിയില്ലെങ്കിലും എല്ലായിടത്തും കയറി ചെല്ലും. ശരിക്കു പറഞ്ഞാൽ നല്ലൊരു ഉഴപ്പനായി മാറി. തല്ലിനും ഒട്ടും പുറകിലല്ലായിരുന്നു. കോളജ് വിദ്യാർഥി എന്ന നിലയിൽ കിട്ടിയ സ്വാതന്ത്ര്യം പരമാവധി ആസ്വദിച്ചു. 

 

അപ്പോഴും പഠിക്കാൻ മോശമല്ലായിരുന്നു. സി.പി. പ്രതാപൻ കോളജിൽ എന്റെ സീനിയറായിരുന്നു. പിന്നീട് മാധ്യമപ്രവർത്തകനും ചലച്ചിത്ര നടനുമൊക്കെയായി അറിയപ്പെട്ടു. യു സി  കോളജിൽ ഞാൻ പ്രീ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ പ്രതാപൻ ഡിഗ്രി ഫൈനൽ ഇയർ ആണ്. പ്രതാപൻ മിമിക്രി കാണിക്കുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് ആലുവ വൈഎംസിഎ യിൽ കൊച്ചിൻ ഹനീഫ മിമിക്രി കാണിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് ഞാൻ കാണുന്ന മിമിക്രിക്കാരൻ പ്രതാപനാണ്.  കലാകാരൻ എന്ന നിലയിൽ കോളജിലെ ചെറിയൊരു ഹീറോ ആയിരുന്നു പ്രതാപൻ. അതൊക്കെ കണ്ടപ്പോൾ എനിക്കും മിമിക്രി ചെയ്യണമെന്ന് തോന്നി. 

 

പ്രതാപന്റെയും സംഘത്തിന്റെയും കൂടെ നൈസായിട്ട് കൂടി. നമ്മൾ ജൂനിയർ ആണല്ലോ. ജൂനിയർ ആണെങ്കിലും കൂടുതൽ സമയവും  സീനിയേഴ്സിന്റെ കൂടെയായിരുന്നു. ഡിഗ്രി കഴിഞ്ഞു പ്രതാപൻ കോളജിൽനിന്ന് പോയതിനു ശേഷമാണ് ഞാൻ മിമിക്രിയിലേക്ക് വരുന്നത് . പ്രതാപന്റെ പ്രേതം കൂടിയതാണെന്ന് പറഞ്ഞ് പലരും  എന്നെ കളിയാക്കി. നടൻ ഗോവിന്ദൻകുട്ടിയുടെ ശബ്ദം അനുകരിച്ചു കൊണ്ടായിരുന്നു പരിശീലനത്തിന്റെ തുടക്കം. സിനിമയിൽ ഗോവിന്ദൻകുട്ടി കത്തിനിൽക്കുന്ന സമയമാണ്. ആ കാലഘട്ടത്തിൽ കൂടുതൽ പേരും  ഗോവിന്ദൻകുട്ടിയുടെ ശബ്ദം അനുകരിച്ചാണ് മിമിക്രിയിൽ പരിശീലനം തുടങ്ങിയതെന്ന് കേട്ടിട്ടുണ്ട്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കു ചേർന്ന വർഷം മുതൽ  നാടകത്തിലും  സജീവമായി.

 

ഒന്നു ചോദിച്ചോട്ടെ... യൂണിവേഴ്സിറ്റി താരങ്ങളെ അണിനിരത്തിയാണല്ലോ കലാഭവൻ മിമിക്സ് പരേഡ് ട്രൂപ്പ് ഉണ്ടാക്കിയത്?

 

അതെ.  ഞാൻ  നാടകത്തിൽ പ്രവർത്തിക്കുമ്പോഴും മിമിക്രി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. രണ്ടും ഒരുപോലെ കൊണ്ടുപോകാൻ സാധിച്ചുവെന്ന് മാത്രമല്ല അന്നൊക്കെ സ്ഥിരം മത്സരത്തിന്  പോക്കാണ്. 1979 ൽ കോട്ടയം തിരുനക്കര മൈതാനത്ത് വെച്ച് യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്നു. അന്ന് എംജി യൂണിവേഴ്സിറ്റി ഇല്ല. കേരള യൂണിവേഴ്സിറ്റിയാണ്. സുരേഷ്കുറുപ്പാണ് യൂണിയൻ ചെയർമാൻ. മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ 86 പേർ ഉണ്ടായിരുന്നു. ആദ്യം ആരാണെന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്. ഒരു ബോക്സിൽ കുറെ ടോക്കൺ വെച്ചിട്ടുണ്ട്. മത്സരിക്കുന്ന ഓരോരുത്തരും പോയി ഓരോ ടോക്കൺ എടുക്കും. അതിൽ ഏത് നമ്പർ ആണോ  എഴുതിയിരിക്കുന്നത് അതനുസരിച്ചായിരിക്കും വിളിക്കുക. 

 

ഇന്നത്തെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സിദ്ദിഖ്(ലാൽ) മത്സരിക്കാനുണ്ടായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ ഡിഗ്രിക്ക്  ഈവനിങ് ബാച്ചിൽ സിദ്ദിഖ് പഠിക്കുന്നുണ്ടായിരുന്നു. സിദ്ദിഖിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. സിദ്ദിഖ് പോയി നറുക്കെടുത്തു നമ്പർ ആറ് കിട്ടി. അപ്പോൾ ഞാൻ  പറഞ്ഞു...നിന്റെ   കാര്യം പോക്കാ. 86 പേരില്ലേ ജഡ്ജസ് മറന്നുപോകും. അതിെല തമാശ ആസ്വദിച്ച് കൊണ്ട് സിദ്ദിഖ് എന്നോട് പോയി ടോക്കൺ  എടുക്കാൻ പറഞ്ഞു . എനിക്ക്  കിട്ടിയത് മൂന്നാണ്. സിദ്ദിക്കിന്റെ മുന്നിൽപ്പെടാതെ പതുക്കെ ഞാൻ അവിടുന്ന് വലിഞ്ഞു.  മത്സരിച്ച 86 പേരിൽ ഒരാൾ മുകേഷാണ്. ആ മുകേഷാണ്. പിന്നീട് സിനിമ നടനായി മാറിയ മുകേഷ്. കെ.എസ്. പ്രസാദ് ഉണ്ടായിരുന്നു. അന്ന് നടന്മാരെ അനുകരിച്ച് ഏറ്റവും കൂടുതൽ കയ്യടി നേടിയത് മുകേഷാണ്. മത്സരം കഴിഞ്ഞ് ഫലപ്രഖ്യാപനം വന്നപ്പോൾ ഫസ്റ്റ് കിട്ടിയത് ഒരു ജോർജ് തോമസിന്. സെക്കൻഡ് എനിക്ക്  മൂന്നാം സ്ഥാനം ചലച്ചിത്ര  നിർമാതാവ് നവോദയ അപ്പച്ചന്റെ മകൾ ജിഷ പുന്നൂസിനായിരുന്നു.

 

മിമിക്രി - നാടകം ഇതിൽ ഏത് രംഗത്താണ് കൂടുതൽ ശോഭിച്ചതെന്ന് പറയാൻ പറ്റുമോ?

 

രണ്ടിടത്തും മോശമല്ലാത്ത രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന് തന്നെയാണ് എന്റെ വിശ്വാസം. മിമിക്രിയിൽ മത്സരിച്ചിരുന്നത് പോലെ തന്നെ നാടകരംഗത്തും മത്സരം ഉണ്ടായിരുന്നു. അന്നൊക്കെ മത്സരത്തിനു പോകുന്നത് ഒരു ഹരമായിരുന്നു. മഹാരാജാസിലെ ഭരതൻ മാഷിന്റെ ഒരു നാടകം യു സി കോളജിലെ സീനിയർ സ്റ്റുഡന്റസ്  കളിക്കാൻ എടുത്തപ്പോൾ അതിലൊരു നക്സൽ  വേഷമുണ്ടായിരുന്നു . അത് എന്നോട് ചെയ്യാമോ എന്ന് ചോദിച്ചു. നീയാകുമ്പോൾ ഒരു നക്സൽ ലുക്കുണ്ട്. ഞാൻ ഓക്കെ പറഞ്ഞു. ആ നാടകത്തിൽ സൈനുദ്ദീൻ അഭിനയിക്കുന്നുണ്ട്. നാടകം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അഭിനേതാക്കളായ ഞങ്ങൾ  ശ്രദ്ധിക്കപ്പെടുകയും ചെയ്തു.നാടകം കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞപ്പോൾ ഈ പരിപാടി കൊള്ളാല്ലോന്ന്  തോന്നി. അഭിനയരംഗത്തേക്കുള്ള വലിയ പ്രചോദനമായിരുന്നുഅത് .

 

മുകേഷും ഇതുപോലെ മിമിക്രിയിലും നാടകത്തിലും ഉണ്ടായിരുന്നല്ലോ?

 

കൊല്ലം എസ്എൻ കോളജിലെ നാടക സംഘത്തിൽ മുകേഷ് ഉണ്ടായിരുന്നു. മാത്രമല്ല മുകേഷിന്  പാരമ്പര്യമായി നാടകം കയ്യിലുണ്ടല്ലോ. ഇന്റർ കോളജ് മത്സരങ്ങളിൽ ശവംതീനികൾ എന്ന നാടകവുമായി കൊല്ലം എസ്എൻ കോളേജിൽ നിന്ന് മുകേഷും സംഘവും വരും. യുസി കോളജിൽ നിന്ന് ശാന്തിപർവ്വം എന്ന നാടകവുമായി ഞങ്ങളും. ഒരുപാട് മത്സരവേദികളിൽ ഞങ്ങൾ കൂട്ടി മുട്ടിയിട്ടുണ്ട്. നാടകം കളിക്കുന്നിടത്തൊക്കെ ഒന്നുകിൽ എനിക്ക് ബെസ്റ്റ് ആക്ടർ കിട്ടും അല്ലെങ്കിൽ ഞങ്ങളുടെ ടീമിലുള്ള രവിക്ക് കിട്ടും. സിനിമയിൽ വന്നശേഷം ഒരിക്കൽ മുകേഷ്  പറയുകയുണ്ടായി...  നാടകമത്സരത്തിന് എവിടെ പോയാലും ആദ്യം അന്വേഷിക്കുന്നത് യുസി കോളജ് ഉണ്ടോ എന്നാണ്. ഉണ്ടെന്നറിഞ്ഞാൽ നമ്മൾ അപ്പോൾ മൂഡ് ഓഫ് ആകും. എന്നാലും ഒരു ത്രില്ലുണ്ടായിരുന്നു.

 

മിമിക്രി ഒരു  ജോലിയായിട്ടാണോ കണ്ടിരുന്നത്?

 

ഞാൻ ജോലിക്ക് വേണ്ടി ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു ചിന്തയേ  ഉണ്ടായില്ല. അതിനു കാരണം ഞങ്ങളുടേത് ഒരു ബിസിനസ് കുടുംബമായിരുന്നു. വീട്ടിൽ ജോലിക്ക് പോകുന്ന ആരുമില്ലായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും ബിസിനസ് രംഗത്താണ് പ്രവർത്തിച്ചിരുന്നത്.

 

ഇപ്പോൾ എവിടെ നോക്കിയാലും മിമിക്രിക്കാരെ  കാണാം. ഇത്രയധികം ആളുകളെ മിമിക്രി യിലേക്ക് ആകർഷിക്കാനുള്ള കാരണം എന്തായിരിക്കും?

 

കലാഭവനിൽ വന്ന പലരും സിനിമയിൽ ചേക്കേറിയപ്പോൾ കേരളത്തിൽ മിമിക്രിക്കാരുടെ എണ്ണം പെട്ടെന്ന് കൂടി. മിമിക്രി കാണിച്ചാൽ സിനിമയിൽ അഭിനയിക്കാമെന്ന തോന്നലായിരുന്നു. പരേഡുകളുടെ എണ്ണം കൂടി. എല്ലാവരുടെയും ഇൻസ്പിരേഷൻ കലാഭവൻ മിമിക്സ് പരേഡാണ്.

 

കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന മിമിക്രിക്കാർ  ആരൊക്കെയാണ്? 

 

ഒറ്റയ്ക്ക് നോക്കിയാൽ കൊച്ചിൻ ഹനീഫയും ആലപ്പി അഷ്റഫും ആണ്. അവർക്ക് കിട്ടിയ പോപ്പുലാരിറ്റി വേറെ ആർക്കും കിട്ടിയിട്ടില്ല. അവർ ഒറ്റക്കാണ് മിമിക്രി ചെയ്തിരുന്നത്. അവരോടൊപ്പം ചേർത്തു വായിക്കാവുന്ന മറ്റൊരാൾ കൊതുക് നാണപ്പൻ ചേട്ടനാണ്.

 

മിമിക്രി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് പൂർണമായും മിമിക്രി ഉപേക്ഷിച്ചു?

 

ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയിൽ സൈനുദ്ദീൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. രാജീവ് കുമാറാണ് അസോസിയേറ്റ് ഡയറക്ടർ. രാജീവ് കുമാറിനെ എനിക്ക് നേരത്തെ അറിയാം. തിരുവനന്തപുരത്ത് സൂപ്പർ മിമിക്സ് എന്ന പേരിൽ രാജീവ് കുമാറും ഗായകൻ ശ്രീരാമുമൊക്കെ ചേർന്ന് ഒരു പരേഡ് ടീം  ഉണ്ടാക്കിയിരുന്നു. അക്കാലംമുതൽ രാജീവ് കുമാറിനെ അറിയാം. സിനിമയിൽ ചെറിയൊരു ക്യാരക്ടർ വന്നപ്പോൾ നമുക്ക് റഹ്മാനെ വിളിക്കാമെന്ന് സൈനുദ്ദീൻ രാജീവ് കുമാറിനോട് പറഞ്ഞു. 

 

രാജീവ് എന്നെ വിളിച്ചു. ഞാൻ പോയി ചെയ്തു. അതിനുശേഷം ജാലകം എന്ന സിനിമയിൽ വളരെ  പ്രാധാന്യമുള്ള വേഷം കിട്ടി. ബാലചന്ദ്രൻ ചുള്ളിക്കാടുമായുള്ള സൗഹൃദമാണ് ജാലകത്തിൽ എത്തിച്ചത്. വിറ്റ്നസ്, ദൗത്യം,  ഉള്ളടക്കം നയം വ്യക്തമാക്കുന്നു, ആകാശക്കോട്ടയിലെ സുൽത്താൻ, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, ജൂനിയർ മാൻഡ്രേക്,  മംഗല്ല്യപല്ലക്ക്, സയാമീസ് ഇരട്ടകൾ തുടങ്ങി തുടർച്ചയായി സിനിമകൾ കിട്ടി. ഇടയ്ക്ക് ഗ്യാപ്പ് വരും.അതിന്റെ കാരണം എന്റെ ശ്രമമില്ലായ്മയാണ്.  ചാൻസ് ചോദിച്ചു ആരുടെ അടുത്തും പോയില്ല. പോയിരുന്നെങ്കിൽ ഒരുപക്ഷേ കൂടുതൽ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യാമായിരുന്നു. അങ്ങനെ പോകാൻ താൽപര്യമില്ലായിരുന്നു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്, എന്നാൽ അതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടായില്ല. കഠിനമായ ശ്രമങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സിനിമയിൽ നിലനിൽക്കാൻ പറ്റൂ.

 

സിനിമയിൽ അപ്രധാനമായ  വേഷങ്ങൾ ചെയ്തിരുന്ന ഒരവസ്ഥയിൽ നിന്ന് ഇപ്പോൾ വലിയ മാറ്റംഉണ്ടായത് പോലെ തോന്നുന്നല്ലോ?

 

കഴിഞ്ഞ വർഷങ്ങളിലൊക്കെ  നല്ല  വേഷങ്ങളാണ് കിട്ടിയത്. ഇപ്പോൾ  കിട്ടിക്കൊണ്ടിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള മികച്ച ക്യാരക്ടർ  വേഷങ്ങളാണ്. 34 വർഷമായി...ഇപ്പോഴും നമ്മൾ ഇവിടെ നിൽക്കുന്നു. അതൊരു  വലിയ കാര്യമല്ലേ. കഴിഞ്ഞ കാലങ്ങളിലേക്ക് നോക്കിയാലും എനിക്ക് നിരാശയൊന്നുമില്ല. ഇപ്പോഴും നല്ല ഓഫർ കിട്ടുന്നത് കൊണ്ടായിരിക്കാം. ഇനി ചെയ്യാൻ പോകുന്നതൊക്കെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ്. സിനിമയിൽ വരാൻ എളുപ്പമാണ് നിൽക്കാനാണ് പ്രയാസം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ

 

മിമിക്രിയിൽ നിന്നാണ് വന്നതെങ്കിലും  കോമഡി വിട്ട്  സീരിയസ് വേഷങ്ങളിലേക്ക്  മാറിയത് എന്ത് കൊണ്ടാണ്?

 

മിമിക്രിയിൽ നിന്നു വന്നതുകൊണ്ട് ആദ്യകാലങ്ങളിൽ ഹ്യൂമർ റോളുകളിലേക്കാണ് എന്നെ വിളിച്ചത്. നല്ല ക്യാരക്ടർ റോളുകൾ ചെയ്യാൻ പറ്റും എന്ന് പ്രൂവ് ചെയ്ത ആളാണ് ഞാൻ. സീരിയസ് വേഷങ്ങൾ എനിക്ക് നന്നായി ഇണങ്ങുമെന്ന് കോളജ് കാലത്തെ മനസ്സിലാക്കിയിട്ടുള്ള താണ്. ചിരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. സിനിമയിൽ വില്ലൻ വേഷം ചെയ്യുന്ന ഒരാളും കോമഡി ചെയ്യുന്ന ആളും നിന്നാൽ കൊമേഡിയന്റെ അടുത്ത് ആള് കൂടും. വില്ലൻവേഷം ചെയ്തിരുന്ന ജനാർദ്ദനൻ ചേട്ടൻ, ഹനീഫിക്ക  ഇവരൊക്കെ കോമഡി ചെയ്തു വന്നപ്പോൾ വേറൊരു ഫിഗറായില്ലേ. ഭീമൻ രഘു ചേട്ടൻ പോലും ഒരുപരിധിവരെ കോമഡി വേഷം ചെയ്തിട്ടുണ്ട് .ഇപ്പോൾ  എല്ലാം തിരിഞ്ഞു... കോമഡിക്കാരായ പലരും വില്ലന്മാരായി. വില്ലന്മാർ കോമഡിക്കാരുമായി. പെർഫോമിങ് ഏരിയയിലുള്ള നല്ല ക്യാരക്ടർ കിട്ടണം. അതാണ് എന്റെ ആഗ്രഹം.

 

കലാരംഗത്തെ  പഴയ സൗഹൃദങ്ങളൊക്കെ ഇപ്പോഴുമുണ്ടോ?

 

ചില നല്ല സൗഹൃദങ്ങൾ ഇപ്പോഴുമുണ്ട്. ചിലത് നഷ്ടപ്പെടുകയും ചെയ്തു.

 

സിനിമയിലെ അടുത്ത സുഹൃത്തുക്കൾ ആരൊക്കെയാണ്?

 

അതു പറയാൻ പാടില്ല. പറഞ്ഞാൽ  കുഴപ്പമാണ്.

 

മിമിക്രി സിനിമകളെക്കുറിച്ച് എന്താണ് അഭിപ്രായം?

 

മിമിക്രി സിനിമകളോട് വിയോജിപ്പുള്ള ആളാണ് ഞാൻ.അങ്ങനെയുള്ള സിനിമകളിൽ  അഭിനയിച്ചിട്ടുമില്ല. സിനിമയും മിമിക്രിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വേദിയിൽ അവതരിപ്പിക്കുന്ന കലാരൂപമാണ് മിമിക്രി. സിനിമ വലിയ കാൻവാസല്ലേ.

 

പുതിയ മിമിക്രിക്കാരെ ശ്രദ്ധിക്കാറുണ്ടോ?

 

തീർച്ചയായും. മിടുക്കന്മാരുണ്ട്. മലയാള സിനിമയിൽ 50 ശതമാനം പേരും മിമിക്രിയിൽ നിന്ന്‌ വന്നവരല്ലേ. മിമിക്രി ഒരു ജോലിയായി കൊണ്ട് നടക്കുന്ന ആളുകളുമുണ്ട്.

 

എഗ്രിമെന്റ് ചെയ്‌ത  പല പടങ്ങളിൽ നിന്നും മാറ്റിയതായി കേട്ടിട്ടുണ്ട് ... ശരിയാണോ?

 

എന്താണ് കേട്ടതെന്നു  എനിക്കറിയില്ല. പക്ഷേ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞു ഡേറ്റും വാങ്ങി  അഡ്വാൻസും തന്നു. പക്ഷേ ആ സിനിമയുടെ  ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ്  പടത്തിൽ നിന്ന് എന്നെ മാറ്റിയ വിവരം അറിയുന്നത്.  അത് പോലെ  ഈ അടുത്ത സമയത്ത് ഒരു പടത്തിൽ അഭിനയിക്കാൻ വിളിച്ചു.  പക്ഷേ പടത്തിലെ നായകന്റെ പിടിവാശി കാരണം അവസാനം എന്നെ മാറ്റി. ആ നായകനും ഞാനും തമ്മിൽ ഒരു പ്രശ്നവുമില്ല. കാര്യമായ അടുപ്പവുമില്ല. എന്താണ് സംഭവമെന്ന് സംവിധായകനും അറിയില്ല. ഇങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട്. അതൊക്കെ പറയാൻ പോയാൽ പലർക്കും വിഷമമാകും. അതുകൊണ്ട് പറയാതിരിക്കുന്നതല്ലേ നല്ലത്.

 

സിദ്ദിഖ് ലാലിനൊപ്പം ഒരുപാട് വേദികളിൽ മിമിക്സ് പരേഡ് അവതരിപ്പിച്ചിട്ടുണ്ടല്ലോ. പക്ഷേ അവരുടെ സിനിമകളിലൊന്നുംകാണാറില്ല.

 

ഞാൻ നടനാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവില്ല(ചിരിക്കുന്നു ). പക്ഷേ ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സിദ്ദിഖ്-ലാൽ പടങ്ങളിൽ അഭിനയിച്ചിട്ടില്ലെന്ന്  പറയാൻ പറ്റില്ല. അഭിനയിച്ചിട്ടുണ്ട്. കിട്ടിയതൊക്കെയും കുഞ്ഞു വേഷങ്ങളായിരുന്നു. അതൊന്നും ഒരു വേഷം ആയിട്ട് ഞാൻ കൂട്ടിയിട്ടില്ല. ഇക്കാര്യത്തിൽ പൂർണമായും അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. എന്റെ ഉത്സാഹക്കുറവും ഇതിനകത്തുണ്ട്. ആരുടെയും പിന്നാലെ പോയി ചാൻസ് ചോദിക്കുന്ന സ്വഭാവം പണ്ടേ ഇല്ല. സൗഹൃദത്തിന്റെ പുറത്ത് സിദ്ദിഖിനോടും ലാലിനോടും ഒരു നല്ല വേഷം താ എന്ന് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട്. ഒരു ബന്ധവും ഇല്ലാത്ത ആളുകളുടെ അടുത്ത് ഒരിക്കലും പോയിട്ടില്ല. സിനിമയിൽ കഠിനമായ ശ്രമങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നിലനിൽക്കാൻ പറ്റൂ. 

 

സ്തുതിപാഠകർ ധാരാളമുള്ള മേഖലയാണ് സിനിമ എന്നു തോന്നിയിട്ടുണ്ടോ?

 

സിനിമ വലിയ കുടുംബം അല്ലേ. ആരെയും വെറുപ്പിക്കാതെ സ്നേഹത്തോടെ നിൽക്കാൻ കഴിയണം എന്നാണ് എന്റെ പ്രാർഥന. എനിക്കൊരു പ്രശ്നമുള്ളത് ആരെയും സുഖിപ്പിക്കാൻ അറിയില്ല. കാര്യം മുഖത്തുനോക്കി പറയും. അങ്ങനെ വേണം എന്നാണ് എന്റെ അഭിപ്രായം. അത് ചിലപ്പോൾ പലർക്കും ഇഷ്ടപ്പെട്ടില്ലെന്നു വരാം. ഞാൻ ഒരിക്കലും എന്റെ കാര്യത്തിനുവേണ്ടി ആരോടെങ്കിലും  വഴക്കിടുകയോ  തല്ലുകൂടുകയോ  ചെയ്തിട്ടില്ല. സുഹൃത്തുക്കൾക്കുവേണ്ടി പലപ്പോഴും പലരോടും മുട്ടേണ്ടി വന്നിട്ടുണ്ട്.

 

പഴയ രാഷ്ട്രീയക്കാരാന് പിന്നീട് എന്തു സംഭവിച്ചു. വഴിയിൽ ഉപേക്ഷിച്ചോ?

 

ക്യാംപസ് വിട്ടപ്പോൾ രാഷ്ട്രീയം അവിടെ ഉപേക്ഷിച്ചു. യുസി കോളജിൽ ഡിഗ്രി ഫൈനൽ ഇയർ ആയപ്പോൾ  യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി മത്സരിച്ചു. 2500 ഓളം വോട്ടുണ്ട്. എനിക്കെതിരെ എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളിലൊരാളായ ചന്ദ്രചൂഡനാണ് സ്ഥാനാർഥി. ആ തിരഞ്ഞെടുപ്പിൽ എന്നെക്കാൾ മൂന്നു വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് ചന്ദ്രചൂഡൻ ജയിച്ചത്. പാർട്ടി തലത്തിൽ അന്നത് വലിയ ചർച്ചയായിരുന്നു. കയ്യിൽ കലയുള്ളതു കൊണ്ടാണ് എനിക്ക് അത്രയും വോട്ട് കിട്ടിയത്. കലാകാരനെ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. ചന്ദ്രചൂഡന്  പ്രധാനമായും  രാഷ്ട്രീയക്കാരുടെ വോട്ടാണ് കിട്ടിയത്.

 

ഒരുകലാകാരൻ എന്ന നിലയിൽ ആരാധികമാർ കാണുമല്ലോ...കോളജ് ലൈഫിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?

 

കോളജ് ലൈഫിൽ മിക്കവാറും പേർക്ക് ആരോടെങ്കിലുമൊ ക്കെ പ്രണയം തോന്നാം. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷേ അടിപിടിയും അലമ്പും വയലൻസൊക്കെ ഉള്ളതുകൊണ്ട് സംഭവം ചീറ്റിപ്പോയി. മാത്രമല്ല അന്നൊരു കുരുത്തം കെട്ട ലുക്ക് ആയിരുന്നു. എന്ത് ചെയ്യാനും മടിയില്ലാത്ത ഒരുത്തനാണെന്ന് ആബേലച്ചന്റെ  പുസ്തകത്തിൽ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഞാൻ  അങ്ങനെയൊക്കെ പോയത് എന്തിനാണെന്നു  ഇപ്പോൾ  ആലോചിക്കുമ്പോൾ പേടി തോന്നാറുണ്ട്. ക്യാംപസിനകത്ത് പ്രണയം ഒരു രസത്തിന് കൊണ്ടു നടക്കുന്നവരുണ്ട്. ആത്മാർത്ഥമായി പ്രണയിക്കുന്നവരുമുണ്ട്. അതിൽ ചിലത് വിജയിക്കും. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ റജിസ്റ്റർ വിവാഹം ചെയ്തവരുണ്ട്. മിക്കവാറും പ്രണയങ്ങളൊക്കെ കോളജ് ലൈഫ് അവസാനിക്കുന്നതോടെ തീരാറാണ്  പതിവ്. ശക്തമായ സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെയാണ് എന്നും നിലനിൽക്കുക.

 

കുടുംബം...

 

ഭാര്യ-  റെജുല റഹ്‌മാൻ

മകൾ - തൻവി(അസിസ്റ്റന്റ് പ്രൊഫസർ കുസാറ്റ് )

മകൻ - ഫാഹിം ( എഞ്ചിനീയർ അബുദാബി )

ചെറുമകൾ - ദുആ  മരുമകൻ - ഹാഷ്മി ( മാതൃഭൂമി ന്യൂസ്‌ )