മമ്മൂട്ടി + അമൽ നീരദ് = ഭീഷ്മപർവം. കോവിഡിനു ശേഷം വീട്ടിൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കൊതുങ്ങിയ മലയാളി പ്രേക്ഷകരെ തിയറ്ററിലേക്കു തിരിച്ചെത്താൻ പ്രലോഭിപ്പിച്ച ഫോർമുല ഇതാണ്. താടിയും മുടിയും നീട്ടി മൈക്കിളപ്പനായി മലയാളത്തിന്റെ മെഗാസ്റ്റാർ തിയറ്ററുകളിൽ നിറഞ്ഞാടുമ്പോൾ ആ മൈക്കിളപ്പനെ സൃഷ്ടിച്ച അമൽ നീരദ് എന്ന

മമ്മൂട്ടി + അമൽ നീരദ് = ഭീഷ്മപർവം. കോവിഡിനു ശേഷം വീട്ടിൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കൊതുങ്ങിയ മലയാളി പ്രേക്ഷകരെ തിയറ്ററിലേക്കു തിരിച്ചെത്താൻ പ്രലോഭിപ്പിച്ച ഫോർമുല ഇതാണ്. താടിയും മുടിയും നീട്ടി മൈക്കിളപ്പനായി മലയാളത്തിന്റെ മെഗാസ്റ്റാർ തിയറ്ററുകളിൽ നിറഞ്ഞാടുമ്പോൾ ആ മൈക്കിളപ്പനെ സൃഷ്ടിച്ച അമൽ നീരദ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി + അമൽ നീരദ് = ഭീഷ്മപർവം. കോവിഡിനു ശേഷം വീട്ടിൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കൊതുങ്ങിയ മലയാളി പ്രേക്ഷകരെ തിയറ്ററിലേക്കു തിരിച്ചെത്താൻ പ്രലോഭിപ്പിച്ച ഫോർമുല ഇതാണ്. താടിയും മുടിയും നീട്ടി മൈക്കിളപ്പനായി മലയാളത്തിന്റെ മെഗാസ്റ്റാർ തിയറ്ററുകളിൽ നിറഞ്ഞാടുമ്പോൾ ആ മൈക്കിളപ്പനെ സൃഷ്ടിച്ച അമൽ നീരദ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി + അമൽ നീരദ് = ഭീഷ്മപർവം. കോവിഡിനു ശേഷം വീട്ടിൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കൊതുങ്ങിയ മലയാളി പ്രേക്ഷകരെ തിയറ്ററിലേക്കു തിരിച്ചെത്താൻ പ്രലോഭിപ്പിച്ച ഫോർമുല ഇതാണ്. താടിയും മുടിയും നീട്ടി മൈക്കിളപ്പനായി മലയാളത്തിന്റെ മെഗാസ്റ്റാർ തിയറ്ററുകളിൽ നിറഞ്ഞാടുമ്പോൾ ആ മൈക്കിളപ്പനെ സൃഷ്ടിച്ച അമൽ നീരദ് എന്ന സംവിധായകൻ വലിയ ആവേശമോ അമിതാഹ്ലാദമോ ഇല്ലാതെ, തന്റെ സിനിമ ഗംഭീരമാണെന്നോ കോടികൾ കലക്റ്റ് ചെയ്തെന്നോ ഉള്ള ഒരു അവകാശവാദവും ഉന്നയിക്കാതെ തന്റെ സിനിമയുടെ വിജയം ദൂരെ നിന്ന് കാണുകയാണ്. ഭീഷ്മപർവത്തിനു ശേഷം ആദ്യമായി നൽകുന്ന അഭിമുഖത്തിൽ, ഇൗ സിനിമയ്ക്കായി തനിക്കൊപ്പം നിന്നവർക്കെല്ലാം ഹൃദയംനിറഞ്ഞ് നന്ദി പറയുകയാണ് അദ്ദേഹം. അമൽ നീരദ് സംസാരിക്കുന്നു, ഭീഷ്മപർവത്തിലേക്കുള്ള യാത്രയെപ്പറ്റി, ഒപ്പം നടന്നവരെപ്പറ്റി, മമ്മൂട്ടിയെന്ന പ്രചോദനത്തെപ്പറ്റി, ബിലാലിനായുള്ള കാത്തിരിപ്പിനെപ്പറ്റി...

 

ADVERTISEMENT

വലിയ ബോക്സ് ഒാഫിസ് വിജയം നേടി ഭീഷ്മപർവം കുതിക്കുകയാണ്. പരീക്ഷ, കോവിഡ്, ക്ലാഷ് റിലീസുകൾ തുടങ്ങിയ പ്രതിസന്ധികൾ എല്ലാം തരണം ചെയ്തു നേടിയ ഇൗ മഹാവിജയം പ്രതീക്ഷിച്ചിരുന്നോ?

 

ഒരു കമേഴ്സ്യൽ സിനിമ പുറത്തിറക്കുമ്പോൾ അതു വിജയിക്കണമെന്ന് ആഗ്രഹിക്കാം എന്നല്ലാതെ അങ്ങനെ തന്നെ സംഭവിക്കും എന്നു പ്രതീക്ഷിക്കാൻ സാധിക്കില്ല. ഒരു സിനിമ സൂപ്പർഹിറ്റാകും എന്ന ഉറപ്പ് ആർക്കും നൽകാനാവില്ല. പ്രകൃതി മുതൽ മറ്റു പല ഘടകങ്ങളും ഒരു സിനിമയുടെ വിജയപരാജയങ്ങളെ സ്വാധീനിക്കും. ഇൗ സിനിമയിൽ ജോലി ചെയ്ത എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി പണിയെടുത്തു എന്നെനിക്ക് ഉറപ്പാണ്. കോവിഡിന്റെ ആദ്യ സീസണിൽ തുടങ്ങി ഡെൽറ്റ സീസൺ കടന്ന് ഒമിക്രോൺ സീസണും കൂടി കഴിഞ്ഞപ്പോഴാണ് സിനിമയുടെ വർക്കുകൾ അവസാനിച്ചത്. റിലീസ് വരെ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയി. ഇൗ വിജയം ഭീഷ്മപർവത്തിനു വേണ്ടി കൈമെയ് മറന്ന് ജോലി ചെയ്ത എല്ലാവർക്കുമുള്ളതാണ്.  

 

ADVERTISEMENT

ബിലാലിനു വേണ്ടിയായിരുന്നു പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്നത്. എപ്പോഴാണ് ബിലാൽ‌ ഭീഷ്മയ്ക്കു വഴി മാറിയത് ?

 

2020 മാർച്ച് 15 ന് ഷൂട്ട് ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ബിലാൽ. ആ സിനിമയ്ക്കു വേണ്ടി കൊച്ചിയിലെ വാസ്കോ ഹൗസ് ഉൾപ്പെടെയുള്ള ലൊക്കേഷനുകൾക്കുള്ള അഡ്വാൻസ് വരെ കൊടുത്തിരുന്നതാണ്. കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ള ലൊക്കേഷനുകളിലായിരുന്നു ബിലാൽ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. പോളണ്ടിലുള്ള ഒരു പ്രൊ‍ഡ‍ക്‌ഷൻ ടീമുമായി ധാരണ വരെ ആയതുമാണ്. പക്ഷേ അപ്പോഴാണ് കോവിഡ് മഹാമാരി കേരളത്തിൽ ആരംഭിക്കുന്നത്. ബിലാൽ അനിശ്ചിതമായി നീണ്ടതോടെ ഒരു ചെറിയ സിനിമ ചെയ്താലോ എന്ന് ഞാനും മമ്മൂക്കയും കൂടി ആലോചിച്ചു.

 

ADVERTISEMENT

രണ്ടു മൂന്നു കഥാപാത്രങ്ങൾ മാത്രമുള്ള വളരെ ചെറിയൊരു പടമായിരുന്നു അത്. ബിലാൽ പോലൊരു വലിയ സിനിമ അനൗൺസ് ചെയ്തിട്ട് ഇങ്ങനെയൊരു ചിത്രം ചെയ്താൽ അതു പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഞാൻ വേറെ രണ്ട് ആശയങ്ങൾ മമ്മൂക്കയോടു പറഞ്ഞു. അതിലൊന്നിൽ ഗൾഫിൽ ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങൾ ഉണ്ടായിരുന്നു. രണ്ടാമത്തേത് കൊച്ചിയിലും പരിസരപ്രദേശത്തുമായി ചെയ്തെടുക്കാവുന്ന സിനിമയായിരുന്നു. മമ്മൂക്കയ്ക്ക് അത് ഇഷ്ടവുമായി. ആ കഥയാണ് ഭീഷ്മപർവം ആകുന്നത്. 

 

കോവിഡ് കാലത്ത് ഒരു സിനിമയും ചെയ്യാതെ വീട്ടിൽ ഒതുങ്ങിയ ആളാണ് മമ്മൂക്ക. ഭീഷ്മപർവത്തിൽ എന്താണ് അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിച്ചതും ഇൗ സിനിമയ്ക്ക് യെസ് പറയിച്ചതും ?

 

കോവിഡ് കാലത്ത് മമ്മൂക്ക അങ്ങനെ പൂർണമായി സിനിമയിൽനിന്ന് വിട്ടു നിൽക്കുകയല്ലായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ സിനിമാചർച്ചകളും സൗഹൃദ സദസ്സുകളും പതിവു പോലെ ഉണ്ടായിരുന്നു. ഇൗ സിനിമയുടെ വൺ ലൈൻ ഞാൻ ‌ഒന്നുരണ്ടു വർഷം മുമ്പു തന്നെ അദ്ദേഹത്തോടു പറഞ്ഞിട്ടുള്ളതാണ്. ഗോഡ്ഫാദർ, മഹാഭാരതം എന്നിവയിൽനിന്ന് സ്വാധീനമുൾക്കൊണ്ടുള്ള എന്റെ ആ കൺസെപ്റ്റ് അദ്ദേഹത്തിന് അന്നേ ഇഷ്ടപ്പെട്ടതുമാണ്. ഇൗ കഥയുമായി മുന്നോട്ടു പോയി എഴുത്തൊക്കെ പൂർത്തിയാക്കി ഒടുവിൽ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ കോവിഡ് ഒന്നു കുറഞ്ഞു. അന്നു ഞാൻ തന്നെ മമ്മൂക്കയോട് ‘സർ, എല്ലാവരും എല്ലാം തുറക്കുകയാണ്. എന്നാൽപിന്നെ നമുക്ക് ബിലാലുമായി മുന്നോട്ടു പോയാലോ?’ എന്ന് ചോദിച്ചതാണ്. പക്ഷേ ‘എനിക്ക് ഇപ്പൊ ഇതാടോ എക്സൈറ്റ്മെന്റ്. നമുക്കിപ്പൊ ഇതു ചെയ്യാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

 

കോവിഡ് കാലത്താണ് മമ്മൂക്ക താടിയും മുടിയും നീട്ടിത്തുടങ്ങിയത്. മൈക്കിളപ്പനായി അദ്ദേഹം എത്തിയപ്പോഴും അതേ ലുക്ക്. മൈക്കിളപ്പനെ മനസ്സിൽ കണ്ടപ്പോഴും ഇങ്ങനെ തന്നെയായിരുന്നോ രൂപം ?

 

സാധാരണ ഒരു അവസ്ഥയിൽ കിട്ടാൻ ബുദ്ധിമുട്ടുള്ള ലുക്കായിരുന്നു മമ്മൂക്കയുടേത്. മൈക്കിളപ്പനും ഇതേ ഒരു സ്റ്റൈൽ പിടിക്കാമെന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. ബിഗ് ബിക്കു വേണ്ടി എനിക്ക് അന്ന് കുറ്റിത്താടി ആവശ്യമായിരുന്നു. മമ്മൂക്കയാണെങ്കിൽ തൊട്ടുമുൻപ് ഷൂട്ട് ചെയ്തത് മായാവി എന്ന സിനിമയും. മായാവി കഴിഞ്ഞ് പത്തുപന്ത്രണ്ടു ദിവസം ബ്രേക്കെടുത്താണ് അദ്ദേഹം കുറ്റിത്താടിയുമായി ഷൂട്ടിനെത്തിയത്. സിനിമയ്ക്കു വേണ്ടി എന്തും ഒരു മടിയും കൂടാതെ അദ്ദേഹം ചെയ്യും. താടിയും മുടിയും വളർത്തിയ മമ്മൂക്കയെ മൈക്കിളപ്പന്റെ രൂപത്തിലേക്ക് സ്റ്റൈൽ ചെയ്ത് എടുത്തതാണ്. ബോളിവുഡിലെ പ്രശസ്ത താരങ്ങൾക്കു വേണ്ടി സ്റ്റൈലിസ്റ്റായി പ്രവർത്തിക്കുന്ന രോഹിത് ഭട്ക്കറാണ് മമ്മൂക്കയെ സ്റ്റൈൽ ചെയ്തത്. ഋതിക്ക് റോഷനു വേണ്ടിയൊക്കെ സ്റ്റൈൽ ചെയ്യുന്ന രോഹിത് രണ്ടു മൂന്നു പ്രവശ്യം കൊച്ചിയിലെത്തിയാണ് ലുക്ക് ഫൈനലൈസ് ചെയ്തത്. 

 

ഇൗ സിനിമ എൺപതുകളിൽ പ്ലേസ് ചെയ്തപ്പോൾ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടാകും. എന്തു കൊണ്ട് ഇക്കാലത്തെ പശ്ചാത്തലമാക്കി ഇത് എഴുതിയില്ല?

 

1988 എന്നതൊക്കെ എന്റെ ടീനേജ് കാലഘട്ടമാണ്. അക്കാലത്തെ കാഴ്ചകളാണ് നമ്മുടെ മനസ്സിൽ ഏറ്റവും കൂടുതൽ പതിഞ്ഞു നിൽക്കുന്നത്. പല സിനിമകളിലും എൺപതുകൾ എന്നു പറഞ്ഞു കാണിക്കുന്നത് എഴുപതുകളാണ്. ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും കുറച്ചു കൂടി വിശ്വസനീയമായി തോന്നുന്നത് ആ കാലഘട്ടത്തിൽ പ്ലേസ് ചെയ്യുമ്പോഴാണ് എന്നാണെനിക്കു തോന്നുന്നത്. ചിത്രീകരണത്തിലും പോസ്റ്റ് പ്രൊഡക്‌ഷനിലും ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. കലാസംവിധാനത്തിൽ നന്നായി ശ്രദ്ധിക്കേണ്ടി വന്നു. മൊബൈൽ ടവറുകൾ, കേബിളുകൾ അങ്ങനെ പലതും വിഎഫ്എക്സ് ഉപയോഗിച്ച് മായ്ച്ചു. ഡീറ്റെയ്‌ലിങ്ങിൽ ശ്രദ്ധിച്ചു. മട്ടാഞ്ചേരിയുടെയും ഫോർട്ട് കൊച്ചിയുടെയും ടോപ് ആംഗിൾ ഷോട്ടിൽ കെട്ടിടങ്ങളുടെ മേൽക്കൂരയൊക്കെ ഒാടാക്കി മാറ്റിയത് ഗ്രാഫിക്സിന്റെ സഹായത്തോടെയാണ്. 

 

മമ്മൂട്ടി മഹാനടനാണ്, ഒപ്പം ഒരു സൂപ്പർസ്റ്റാറുമാണ്. തിരക്കഥ രചിച്ചപ്പോൾ ഇൗ രണ്ടു തരത്തിലും മമ്മൂട്ടിയെ ഉപയോഗപ്പെടുത്താനുള്ള ശ്രമം ഉണ്ടായോ ?

 

ഡയലോഗ് റെൻഡറിങ്ങിൽ മമ്മൂക്കയ്ക്കുള്ള മികവ് ഇന്ത്യയിൽത്തന്നെ അധികം അഭിനേതാക്കൾക്കില്ല. ബിഗ് ബിയിലെയും ഭീഷ്മയിലെയും അനുഭവങ്ങൾ വച്ച് എനിക്ക് പറയാൻ പറ്റുന്ന ഒന്നുണ്ട്. മമ്മൂക്കയ്ക്കായി തിരക്കഥ എഴുതുമ്പോൾ വെറുതെ ഒരു സംഭാഷണം അങ്ങ് എഴുതിയാൽ മതി. മമ്മൂക്ക അത് ഡയലോഗ് ആക്കി മാറ്റിക്കോളും. ഒരു ഡയലോഗിനെ എങ്ങനെ മുറിക്കണമെന്നും മോഡുലേറ്റ് ചെയ്യണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം. അദ്ദേഹത്തിന്റെ പരിചയസമ്പന്നത വലിയ ഘടകമാണ്. ‌‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗ് ആണെങ്കിലും ‘ബോംബെക്കാരാ, ജാവോന്ന് പറയണം’ എന്ന ഡയലോഗാണെങ്കിലും ഭീകരമായ കയ്യടി പ്രതീക്ഷിച്ച് എഴുതുന്നതല്ല. പക്ഷേ മമ്മൂക്ക അത് പറയുമ്പോഴാണ് കയ്യടിക്കേണ്ടതായി അവ മാറുന്ന‌ത്. ഇത് മമ്മൂക്കയുടെ ഒരുപാട് കഴിവുകളിൽ ഒന്നു മാത്രമാണ്. ബിഗ്ബിയിൽ കൊച്ചി ഭാഷയാണ് മമ്മൂക്ക സംസാരിക്കുന്നത്. സത്യത്തിൽ ബിലാലിന്റെ കൊച്ചിയല്ല മൈക്കിളിന്റെ കൊച്ചി. മട്ടാഞ്ചേരിക്ക് ഒരു ഭാഷയുണ്ടെന്നും ഫോർട്ട് കൊച്ചിക്ക് ഒരു ഭാഷയുണ്ടെന്നും വൈപ്പിന് ഒരു ഭാഷയുണ്ടെന്നും കണ്ണമാലിക്കും കുമ്പളങ്ങിക്കും എഴുപുന്നയ്ക്കും എന്തിന് പാലാരിവട്ടത്തിനും കലൂരിനും പോലും വേറേ വേറേ ശൈലികളുണ്ടെന്നും അതേതെന്നും എങ്ങനെയെന്നും മമ്മൂക്കയ്ക്ക് അറിയാം. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള അത്തരം ശൈലികൾ അദ്ദേഹത്തിന് അനായാസം വഴങ്ങുന്നതുമാണ്. 

 

ഇൗ സിനിമ കെവിനും നീനുവിനും വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. സിനിമയിൽ അവരുടെ കഥ പരാമർശിക്കുന്നുമുണ്ട്. എന്തു കൊണ്ടാണ് ഒരു പീരിയഡ് സിനിമയിൽ സമകാലീന സംഭവങ്ങൾ കൂടി ഇഴ ചേർത്തത് ?

 

കെവിനും നീനുവിനും സമർപ്പിക്കുകയെന്നാൽ അതിൽ കൂടി പോയിട്ടുള്ള ഒാരോരുത്തർക്കുമാണ് സമർപ്പിക്കുന്നത്. വ്യക്തിപരമായി എന്റെ കൂടി വിഷമമാണ് ആ സംഭവം. വിദ്യാഭ്യാസവും വിവേകവും ഉള്ളവരാണ് നാം എന്നു കരുതുന്നവരാണ് മലയാളികൾ. ഇൗ സംഭവം ബിഹാറിലോ യുപിയിലോ ഒക്കെ ആണ് നടന്നിരുന്നതെങ്കിൽ അവിടുത്തെ സാമൂഹിക പിന്നാക്കാവസ്ഥ കാരണമാണെന്നു വിചാരിക്കാം. എന്നാൽ അതു പോലെയല്ല കേരളമെന്ന് അഭിമാനത്തോടെ പറഞ്ഞവരാണ് നാം. കെവിന്റെയും നീനുവിന്റെയും കഥ പുറത്തു വന്നപ്പോഴാണ് അവിടുത്തേതിനെക്കാൾ ഭയാനകമാണ് ഇവിടുത്തെ സാഹചര്യം എന്നു മനസ്സിലാക്കുന്നത്. പിന്നെ ആ സംഭവം സിനിമയിൽ ഉൾപ്പെടുത്തിയത് പുതിയ തലമുറയ്ക്ക് ഒരു കണക്ട് ഉണ്ടാകാനാണ്. സാധാരണ പീരിയഡ് സിനിമ കാണുന്നവർക്ക് ഇപ്പോഴുള്ള കാലവും അന്നത്തെ കാലവും തമ്മിൽ ഒരു ബന്ധം കിട്ടാറില്ല. പഴയ കാലവും പുതിയ കാലവും തമ്മിൽ ഒരു പാലമായി കൂടി ഇൗ സംഭവം പ്രവർത്തിക്കട്ടെ എന്നു കരുതിയാണ് ചിത്രത്തിൽ അതുൾപ്പെടുത്തിയത്. 

 

ബോൾട്ട് ക്യാമറയിൽ ഷൂട്ട് ചെയ്ത സിനിമയിലെ ആദ്യ ആക്‌ഷൻ സീനിനെക്കുറിച്ച് ? മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ?

 

മമ്മൂക്കയുടെ രണ്ട് ആക്‌ഷൻ സീനുകളാണ് ചിത്രത്തിലുള്ളത്. അതിൽ രണ്ടിലും അദ്ദേഹത്തിന്റെ മികവ് കാണാനാകും. ‘ബോംബെക്കാരാ ജാവോ എന്നു പറയണം’ എന്ന ഡയലോഗ് പറയുമ്പോൾ മമ്മൂക്ക ഒരു കസേരയിൽ കാലിൻമേൽ കാലു വച്ച് ആടുകയാണ്. കാണുമ്പോൾ ലളിതമാണെങ്കിലും അതത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. എന്നെക്കൊണ്ട് ആ കസേരയിൽ ഇരിക്കാൻ പോലും പറ്റില്ല. ശരീരം അത്രമേൽ വരുതിയിലുള്ള ഒരാൾക്കേ അദ്ദേഹം ചെയ്തതു പോലെ ചെയ്യാൻ സാധിക്കൂ. രണ്ടാമത്തെ ഫൈറ്റിൽ മമ്മൂക്ക മുട്ടു കുത്തി നിന്ന് പിന്നെ എണീക്കുന്നതൊക്കെയുണ്ട്. അതൊക്കെ കാണുമ്പോൾ നിസ്സാരമാണെങ്കിലും അത്ര എളുപ്പമല്ലെന്നു ചെയ്യുമ്പോൾ മനസ്സിലാകും.

 

ഒാരോ കാലത്തും പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉണ്ടാകാറുണ്ട്. ഒരു കാലത്ത് സ്റ്റെഡി ക്യാം തരംഗമായിരുന്നു. അകേലാ ക്രെയിനും ജിമ്മി ജിബും വലിയ സംഭവമായിരുന്ന സമയമുണ്ടായിരുന്നു. ഇൗ രംഗം നന്നായി എടുക്കാൻ ഇന്നുള്ള ഏറ്റവും മികച്ച ഉപകരണം ബോൾട്ട് ആയതിനാൽ അതുപയോഗിച്ചു. എന്തൊക്കെയാണെങ്കിലും മമ്മൂക്കയുടെ പാഷനാണ് ഇൗ രണ്ടു രംഗങ്ങളെയും ഏറ്റവും മികച്ചതാക്കുന്നത്.

 

ഷൈൻ ടോം ചാക്കോയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് എല്ലാവരും. ഷൈനിന്റെ പ്രകടനത്തെക്കുറിച്ചും ഒപ്പം ആ കഥാപാത്രം ഗേ ആണെന്ന വിലയിരുത്തലുകളെക്കുറിച്ചും ?

 

ഞാൻ തമാശയായി എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്. ‘ഇൗ സിനിമയിൽ മറ്റെല്ലാവരെയും എൺപതുകളിലേക്ക് ആക്കുകയാണ് ചെയ്തത്. പക്ഷേ ഷൈൻ എൺപതുകളിലാണ് ജീവിക്കുന്നതുതന്നെ’. ഷൈനെ അറിയാവുന്നവർക്ക് അതറിയാം. പീറ്റർ എന്ന കഥാപാത്രം അദ്ദേഹം ചെയ്താൽ തകർപ്പനായിരിക്കും എന്നു എനിക്ക് വിശ്വാസമുണ്ടായിരുന്നു. സിനിമയുടെ ഷൂട്ട് ആരംഭിച്ച അന്നു മുതൽ ഇന്നു വരെ അത്രയേറെ പാഷനോടെയാണ് അദ്ദേഹം അതിനെ സമീപിച്ചിരിക്കുന്നത്. രാവിലെ സെറ്റിൽ വന്ന് കോസ്റ്റ്യൂംസ് ധരിച്ചു കഴിഞ്ഞാൽ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സിൽ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്സിന്റെ ഫോൾ ഒക്കെ നേരേ വരാനായി മൂന്നോ നാലോ അണ്ടർവെയർ വരെ ധരിച്ചാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

 

ഇതൊന്നും ആരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടല്ല. ഒരു സീനിൽ തന്റെ ഭാഗം കഴിഞ്ഞാൽ ഷൈൻ പോകില്ല. മറ്റു താരങ്ങളുടെ ക്ലോസ് ഒക്കെ എടുക്കുമ്പോൾ അവർക്ക് കൃത്യമായ റിയാക്‌ഷൻ കൊടുക്കാൻ വേണ്ടി അവിടെത്തന്നെയിരിക്കും. ഒരു സെക്കൻഡ് പോലും കലർപ്പില്ലാതെ, നൂറു ശതമാനം സമർപ്പണത്തോടെയാണ് ഷൈൻ ഇൗ സിനിമയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഷൈനിന്റെ വൈറലായ സ്റ്റെപ്പ് അദ്ദേഹത്തിന്റെതന്നെ കൊറിയോഗ്രഫിയാണ്. ആദ്യത്തെ ആക്‌ഷൻ സീൻ ഷൂട്ട് ചെയ്ത സമയത്താണ് ഇൗ പാട്ട് സുഷിൻ ചെയ്ത് അയയ്ക്കുന്നത്. ബോൾട്ട് സെറ്റ് ചെയ്യാൻ ധാരാളം സമയമെടുക്കുമെന്നതിനാൽ ബ്രേക്ക് ടൈമിൽ ഇൗ പാട്ട് സ്പീക്കറിൽ ഇട്ടു.

 

അതു കേട്ട് ഷൈൻ വെറുതെ കളിച്ചൊരു സ്റ്റെപ്പാണിത്. അതു കണ്ടപ്പോൾത്തന്നെ ഇതെനിക്കു വേണം എന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. ഷൈനിന്റെ കഥാപാത്രം ഒരു സ്വവർഗാനുരാഗിയാണെന്ന തരത്തിൽ പല ചർച്ചകളും കേട്ടു. സ്വവർഗാനുരാഗിയെക്കാൾ കൂടുതൽ അയാൾ ഒരു ബൈസെക്‌ഷ്വൽ ആയിരിക്കാം. ആ ഒരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

 

അൻവറിൽ മഴ പെയ്യിക്കാൻ ഹോസുമായിനിന്ന സൗബിൻ ഇന്ന് തിരക്കുള്ള നായകനാണ്. ഭീഷ്മയിലും പ്രധാന വേഷത്തിലെത്തിയ സൗബിന്റെ പ്രകടനത്തെക്കുറിച്ച് ? 

 

സൗബിൻ എന്റെ കുടുംബമാണ്. എന്റെ സഹോദരനാണ്. എനിക്ക് ഒരു സഹോദരി മാത്രമാണുള്ളത്. പക്ഷേ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പല സഹോദരന്മാരെ എനിക്ക് കിട്ടിയുട്ടുണ്ട്. അതിലൊരാളാണ് സൗബിൻ. അത്രയേറെ അടുപ്പത്തോടെയാണ് സൗബിനും ഇൗ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. അസിസ്റ്റന്റ്സായി എന്റടുത്ത് വരുന്നവരോട് ഞാനിപ്പോഴും സൗബിന്റെ കഥകളാണ് പറയാറുള്ളത്. വെള്ളം തളിക്കാനാണെങ്കിലും നിലം തുടയ്ക്കാനാണെങ്കിലുമൊക്കെ സൗബിന് മടിയില്ലായിരുന്നു.

 

അത്രയേറെ ആത്മാർഥതയോടെയാണ് സൗബിൻ സിനിമയെ സമീപിക്കുന്നത്. പൊള്ളാച്ചിയിലെ ഒരു ലൊക്കേഷനിൽ ആർട്ടിൽ നിന്ന് ആളുകൾ ഇല്ലാതിരുന്ന സമയത്ത് സൗബിൻ ഇരുന്ന് നിലം തുടയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീടെപ്പോഴോ അൻവർ ഒക്കെയുള്ള ഒരു സൗഹൃദസദസ്സിൽ, അമലേട്ടൻ ഒരു ഭീകരനാണെന്നാണ് കേട്ടതെങ്കിലും പാവമാണല്ലോ എന്ന് സൗബിൻ പറഞ്ഞതായി ഞാനറിഞ്ഞു. ഇത്രയേറെ സമർപ്പണത്തോടെ ജോലി ചെയ്യുന്ന ഒരാളുടെ അടുത്ത് ഞാൻ കാലു പിടിച്ചേ നിൽക്കൂ. അത് ആ വ്യക്തിയോടുള്ള സ്നേഹം കൊണ്ടല്ല. മറിച്ച് അയാൾ സിനിമയോടു‌ കാണിക്കുന്ന സ്നേഹം കൊണ്ട് ഉണ്ടാകുന്ന ബഹുമാനമാണ്. 

 

എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ ഐഡന്റിറ്റിയുണ്ടെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം. പാത്രനിർമിതിയിൽ അതിനായി ശ്രദ്ധിച്ചിട്ടുണ്ടോ ?

 

ഇൗ സിനിമയിലെ എല്ലാ കഥാപാത്രങ്ങളെ സംബന്ധിച്ചും അത് അഭിനയിച്ചു പ്രതിഫലിപ്പിച്ചവരെ സംബന്ധിച്ചും എനിക്ക് സന്തോഷവും സംതൃപ്തിയും മാത്രമേയുള്ളൂ. അത് എത്ര വലിയ കഥാപാത്രങ്ങളോ എത്ര ചെറിയ കഥാപാത്രങ്ങളോ ആയിക്കൊള്ളട്ടെ. സ്രിന്ദ അവതരിപ്പിച്ച റസിയ വലിയ റോളൊന്നുമല്ല. പക്ഷേ സ്രിന്ദ അതവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തിനുണ്ടാകുന്ന മാനങ്ങളും ശക്തിയും വളരെ വലുതാണ്. അതു പോലെ എല്ലാവരും ഗംഭീരമായാണ് അഭിനയിച്ചത്. അത് ഇൗ കാലത്തിന്റെ പ്രത്യേകതയാണോ എന്നറിയില്ല.

 

എപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ടോ എന്നുമറിയില്ല. പക്ഷേ എന്നെ സംബന്ധിച്ച് ഇത് പുതിയൊരു അനുഭവമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടിയാണ് പൗളിച്ചേച്ചി. അവരാണ് മൈക്കിളപ്പന്റെ റിയാക്‌ഷനെ ശക്തമാക്കുന്നത്. അതുപോലെ നദിയാ മാം, നിസ്താറിക്ക, സലിമിക്ക, കോട്ടയം രമേശേട്ടൻ, പാർവതിചേച്ചി, ജിനു, ദീലീഷ്, ശ്രീനാഥ് ഭാസി, ലെന, സുദേവ് നായർ, ഫർഹാൻ, വീണ അനഘ അങ്ങനെ എല്ലാവരും മികവോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

 

കെപിഎസി ലളിതയും നെടുമുടി വേണുവും അവസാനമായി ഒന്നിച്ചെത്തിയ സിനിമ ഒരുക്കാനായത് ഭാഗ്യമായി കാണുന്നുണ്ടോ?  

 

എനിക്ക് സമ്മിശ്രമായ ഒരു വികാരമാണ് തോന്നുന്നത്. അവർ രണ്ടു പേരും നമുക്കൊപ്പം ഇന്നും ഉണ്ടായിരുന്നെങ്കിൽ അവസാനത്തെ സീനുകളൊക്കെ കുറച്ചു കൂടി വർക്ക് ആകുമായിരുന്നെന്നാണ് തോന്നുന്നത്. ഏതൊരു പ്രേക്ഷകനും അങ്ങനെയാകും തോന്നുക. ചായ കുടിക്കാൻ നിൽക്കുന്നില്ല എന്ന് മമ്മൂക്ക പറയുന്നതൊക്കെ ആളുകൾ ചിരിക്കേണ്ടിയിരുന്ന ഡയലോഗാണ്. അവർ രണ്ടു പേരെയും പോലെ വ്യത്യസ്തമായ കഥാപാത്രങ്ങളും ഫിലിമോഗ്രഫിയുമുള്ള അഭിനേതാക്കൾ ലോകത്തു തന്നെ അപൂർവമാണ്. കോസ്റ്റ്യൂമിലെ ഡീറ്റെയിലിങ്ങിലും സീനിലുള്ള പ്രോപ്പർട്ടികളുടെ ഉപയോഗത്തിലുമൊക്കെ അവർ ശ്രദ്ധിക്കും.

 

ശരീരത്തിൽ ഭസ്മം പൂശിയതും മമ്മൂക്ക വരുമ്പോൾ ഒരു വടിയെടുത്ത് കയ്യിൽ പിടിക്കുന്നതുമൊക്കെ വേണുച്ചേട്ടൻ തന്നെ ചെയ്തതാണ്. അസുഖം വല്ലാതെ അലട്ടിയ സമയത്താണ് ലളിതചേച്ചി ആ രംഗങ്ങളിൽ അഭിനയിക്കുന്നത്. ഡയലോഗുകൾ കൃത്യമായി ഒാർമ നിൽക്കുന്നുണ്ടായിരുന്നില്ല. ചേച്ചിക്കു വേണ്ടി പ്രോംപ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്, പക്ഷേ ആ ഡയലോഗുകളുടെ മോഡുലേഷനിലോ ഒൗട്ട്പുട്ടിലോ ഒരു പതർച്ചയുമുണ്ടായിട്ടില്ല. അതുതന്നെയാണ് ഇവരെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാക്കുന്നതും.

 

ഞാൻ വളരെ പരിചയസമ്പന്നനായ ഒരു സംവിധായകനൊന്നുമല്ല. ബിഗ്ബി ചെയ്തപ്പോഴും അതേ, ഭീഷ്മപർവം ചെയ്തപ്പോഴും അതേ. പഴയതും പുതിയതുമായ ഒരുപാട് ആളുകളുടെ കൂടെ ജോലി ചെയ്യുമ്പോഴാണ് ഞാനൊക്കെ പലതും പഠിക്കുന്നത്. ചേച്ചിയുടെ മരണശേഷം സിദ്ദു (സിദ്ധാർഥ് ഭരതൻ) എന്നോടു പറഞ്ഞു ഞാൻ ഭാഗ്യവാനാണ് എന്ന്. പക്ഷേ അതിനെ ഒരു ഭാഗ്യമായിട്ടല്ല മറിച്ചൊരു പുണ്യമായിട്ടാണ് ഞാൻ കാണുന്നത്. ഒരു രംഗത്തിൽ ക്യാമറ ഇരുവരുടെയും കാലു തൊടുന്ന ഒരു ഭാഗമുണ്ട്, അവർ ക്യാമറയെ അനുഗ്രഹിക്കുന്നതും. അത് വ്യക്തിപരമായി എനിക്കു കിട്ടിയ അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. 

 

സുഷിന്റെ സംഗീതം, ആനന്ദിന്റെ ഛായാഗ്രഹണം, വിവേകിന്റെ എഡിറ്റിങ്. ഭീഷ്മയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ?

 

വരത്തനിലാണ് ഞാനും സുഷിനും ആദ്യമായി ഒന്നിച്ച് വർക്ക് ചെയ്യുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ പ്രോഗ്രാമർമാരിൽ ഒരാളായിരുന്നു അദ്ദേഹം. സുഷിൻ എന്താണെന്ന് എനിക്ക് അന്നു മുതലേ അറിയാം. പിന്നെ ഞങ്ങളെല്ലാവരും സുഹൃത്തുക്കളാണ്. അങ്ങനെയുള്ള ചർച്ചകളിൽ കൂടിയാണ് ഒാരോന്നും ഉണ്ടായിട്ടുള്ളതും. ഒരു സിനിമയ്ക്കായി ഒരുപാട് ആളുകളുമായി നമ്മൾ സംസാരിക്കും. പക്ഷേ നാം സംസാരിക്കുന്നത് അവരുടെ വർക്കിൽ പ്രതിഫലിക്കുമ്പോഴാണ് അതിൽ ഒരു ഭംഗിയുണ്ടാകുന്നത്. സുഷിനെയും ആനന്ദിനെയും വിവേകിനെയും കൂടാതെ സമീറ സനീഷ്, സുനിൽ ബാബു, ജോസഫ് നെല്ലിക്കൽ, റോണെക്സ് സേവ്യർ, തപസ് നായക്, ആസിഫ്, കോ–റൈറ്റേഴ്സ് ആയ ദേവദത്ത് ഷാജി, ആർ.ജെ മുരുകൻ, രവിശങ്കർ തുടങ്ങി എല്ലാവരും ഞാൻ മനസ്സിൽ കണ്ടതിനെക്കാൾ ഒരുപടി മുകളിൽ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് ജോലി ചെയ്തിരിക്കുന്നത്. 

 

സുഷിൻ രാവിലെ 7 മണിക്ക് സ്റ്റുഡിയോയിൽ എത്തും. വർക്ക് ആരംഭിക്കും. ഇടയ്ക്ക് എന്നെ വിളിക്കും, കേൾപ്പിക്കും. ചിലതു കേൾക്കുമ്പോൾ നമുക്കതു വർക്ക് ആയിട്ടുണ്ടാകില്ല. പക്ഷേ എനിക്കതു പറയാൻ വിഷമമാണ്. ഒരാൾ മനസ്സും സമയവും ചെലവഴിച്ച് ചെയ്ത ഒരു വർക്ക് ഇഷ്ടമായില്ലെന്ന് പറയുന്നതെങ്ങനെയാണ്?  ഞാൻ വളരെ സെൻസിറ്റീവായ ആളൊന്നുമല്ല. പക്ഷേ സിനിമയുടെ അവസാനത്തെ റീൽ കേട്ടിട്ട് എന്റെ കണ്ണു നിറഞ്ഞു. അതിന്റെ ഭംഗി കണ്ടാണ് ഞാൻ കരഞ്ഞു പോയത്.

 

സുഷിന്റെ സംഗീതം എങ്ങനെയാണ് ആ സിനിമയെ പരിപോഷിപ്പിച്ചതെന്ന് കണ്ടവർക്ക് അറിയാമല്ലോ. ആനന്ദ് സി. ചന്ദ്രനും കളറിസ്റ്റ് ശ്രീകു വാര്യരും കൂടി അതിരാവിലെ നാലു മണിക്കാണ് സ്റ്റുഡിയോയിൽ പോയി ജോലി ആരംഭിക്കുന്നത്. ഒരാളോടും രാവിലെ നാലരയ്ക്കു പോയി ജോലി ചെയ്യാൻ നമുക്ക് ആവശ്യപ്പെടാനാകില്ല. പക്ഷേ അത് അവരായിട്ട് സിനിമയോടുള്ള ഇഷ്ടം കൊണ്ടു മാത്രം ചെയ്യുന്നതാണ്. ‌

‌‌

ഛായാഗ്രഹണം നാം കാണുന്നുണ്ട്, മ്യൂസിക് കേൾക്കുന്നുണ്ട്. ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യാത്ത കാര്യമാണ് എഡിറ്റിങ്. ഒരു സിനിമയെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എഡിറ്റിങ്. ബിഗ് ബി വർക്ക് ചെയ്യുന്ന കാലം മുതലേ വിവേക് ഹർഷനുമായി എനിക്ക് അടുപ്പമുണ്ട്. അന്ന് ആ പടത്തിൽ എഡിറ്റർ എന്നു പോലും പേര് വയ്ക്കാൻ സംഘടനാ പ്രശ്നങ്ങൾ കാരണം കഴിയില്ലാരുന്നു. കട്ട്സ് എന്നാണ് അന്ന് അദ്ദേഹത്തിന്റെ പേര് വച്ചത്. ഭീഷ്മ കട്ട് ചെയ്തു മൂന്നു ഡ്രാഫ്റ്റുകൾ കഴിഞ്ഞ് ഫൈനൽ ഡ്രാഫ്റ്റ് ചെയ്തു. പിന്നീട് മ്യൂസിക്ക് ചെയ്തു കഴിഞ്ഞ് കട്ട് ചെയ്തു. ഒടുവിൽ മിക്സിങ് കഴിഞ്ഞു പോലും അദ്ദേഹം ഇങ്ങോട്ടു പറയുകയാണ് ‘ചേട്ടാ നമുക്ക് ഒന്നു കൂടി ഇരുന്നാലോ എന്തെങ്കിലുമൊക്കെ അവിടെയിവിടെ ചെയ്യാം’ എന്ന്. അത് ആ സിനിമയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണ്. പണം കൊടുത്തു വാങ്ങാൻ പറ്റുന്നതല്ല അത്. 

 

മമ്മൂക്കയുമായി ഒരു സിനിമ ചെയ്തിട്ട് 15 വർഷമായി. അന്നത്തെ മമ്മൂക്കയും ഇന്നത്തെ മമ്മൂക്കയും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉള്ളതായി തോന്നിയിട്ടുണ്ടോ ?

 

മമ്മൂക്കയ്ക്ക് ഒരു മാറ്റവുമില്ല. അന്നും ഇന്നും അദ്ദേഹം ഒരുപോലെയാണ്. ബിഗ് ബി ഡബ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തോട് ഞാൻ പറഞ്ഞു ‘മമ്മൂക്ക എനിക്ക് ന്യൂഡൽഹിയിലെ ജി. കൃഷ്ണമൂർത്തിയുടെ സൗണ്ടാണ് വേണ്ടത്’ എന്ന്. അതൊക്കെ പോയടോ അതൊന്നും ഇപ്പൊ ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് മമ്മൂക്ക ‘ഒരേ കടലിന്റെ’ ഷൂട്ടിങ്ങിനായി ചെന്നൈയിലായിരുന്നു. താനാദ്യം ഡബ്ബിങ്ങിനു വരണ്ട, അസോസിയേറ്റിനെ വിട്ടാൽ മതിയെന്ന് മമ്മൂക്ക എന്നോടു പറഞ്ഞു. ‘ഞങ്ങൾ ആദ്യം കുറച്ചു ഭാഗം ചെയ്തു വയ്ക്കാം. എന്നിട്ട് താൻ വന്നു നോക്ക്. ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഴുവൻ ആദ്യം മുതൽ ഡബ് ചെയ്തു തരാം’ എന്ന് മമ്മൂക്ക പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ സ്റ്റുഡിയോയിൽ ചെന്ന് കേട്ടു നോക്കിയപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി. കാരണം ഞാനുദ്ദേശിച്ചത് എന്തായിരുന്നോ അത് അതിനെക്കാൾ ഭംഗിയായി മമ്മൂക്ക ചെയ്തിരിക്കുന്നു. എങ്ങനെയുണ്ട് എന്ന് എന്നോടു മമ്മൂക്ക ചോദിച്ചപ്പോൾ, ഒന്നും പറയാനില്ല, ഇതിൽ കൂടുതൽ എനിക്കൊന്നും വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. മാറ്റമുണ്ടെന്ന് മമ്മൂക്ക പറയുമെങ്കിലും അത് വെറുതെയാണ്. അദ്ദേഹത്തിന് ഒരു മാറ്റവുമില്ല. 

 

ബിഗ്ബി കാലം ഇപ്പോൾ ഒാർക്കുമ്പോൾ ?

 

ഞാൻ ഒരിക്കൽ പറഞ്ഞിട്ടുള്ളതു പോലെ ഞങ്ങളുടെ ഗാർഡിയൻ ഏഞ്ചൽ ആയിരുന്നു മമ്മൂക്ക. അദ്ദേഹമാണ് ഞങ്ങൾക്കൊപ്പം നൂറു ശതമാനം സമർപ്പണത്തോടെ നിന്നത്. അദ്ദേഹം ഉള്ളതു കൊണ്ട് മാത്രമാണ് ബിഗ്ബി സാധ്യമായതും. ഒരു പുതിയ എഴുത്തുകാരനെ അംഗീകരിക്കാൻ അന്നത്തെ ആ നിർമാണക്കമ്പനിക്ക് ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾക്കാകട്ടെ എഴുത്തുകാരനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലുമാകില്ലായിരുന്നു. ഇതൊക്കെ ഞാൻ മമ്മൂക്കയോടു പറഞ്ഞപ്പോൾ അദ്ദേഹമാണ് താൻ ധൈര്യമായി മുന്നോട്ടു പോകാൻ പറഞ്ഞത്. ക്യാമറ ഞാൻ തന്നെ ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന നിർബന്ധം. സമീർ എന്നെക്കാൾ നന്നായി അതു ചെയ്യുമെന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ മാത്രമാണ് ഇത്തിരി ബുദ്ധിമുട്ടിയത്. 

 

എല്ലാ റെക്കോർഡുകളും തകർത്ത് മമ്മൂക്കയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മുന്നേറുകയാണ് ഭീഷ്മപർവം. സംവിധായകനെന്ന നിലയിൽ സംതൃപ്തി തോന്നുന്നുണ്ടോ ?

 

ഏറ്റവും വലിയ ഹിറ്റ്, ഏറ്റവും വലിയ റെക്കോർഡ് എന്നിങ്ങനെയുള്ള ഒന്നിലും ഞാൻ വിശ്വസിക്കുന്നില്ല. ഒരു സിനിമയെയും, അതിനായി എത്ര പണം ചെലവഴിച്ചു എന്നതു കൊണ്ടോ അതെത്ര പണമുണ്ടാക്കിത്തന്നു എന്നതു കൊണ്ടോ അളക്കാൻ പറ്റില്ല. ഒരു സിനിമയ്ക്കായി ചെലവഴിച്ച ഉറക്കമില്ലാത്ത രാത്രികൾ, അതിനായി എടുത്ത ക്ലേശങ്ങൾ, ഉണ്ടായ ആശങ്കകൾ, ഏറ്റ അപമാനം, വിഷാദം, സങ്കടം ഇതെല്ലാം വച്ചു മാത്രമേ ആ സിനിമയെ അളക്കാൻ സാധിക്കൂ. ഇതൊന്നും വിലയ്ക്ക് വാങ്ങാൻ പറ്റാത്തതാണ്. ആ രീതിയിൽ നോക്കിയാൽ ഇതൊരു ചെലവേറിയ സിനിമയാണ്. മൂന്ന് കോവിഡ് സീസണുകളിലൂടെ കടന്നാണ് ഇൗ സിനിമ പൂർത്തീകരിച്ചത്.

 

ഞാൻ തന്നെ മൂന്നോ നാലോ വട്ടം ആശുപത്രിയിൽ അഡ്മിറ്റായി. പറുദീസ ഗാനം മൂന്നു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ഞാൻ സാധാരണ ലൊക്കേഷനിലുള്ളപ്പോൾ കാരവനിൽ കയറാത്ത ആളാണ്. പക്ഷേ പറുദീസയുടെ മൂന്നാമത്തെ ദിവസം ഞാൻ കാരവനിൽ കിടന്നു കൊണ്ടാണ് സംവിധാനം ചെയ്തത്. 104 ഡിഗ്രി പനിയായിരുന്നു. അന്നു വൈകുന്നേരം തന്നെ അഡ്മിറ്റ് ആകുകയും ചെയ്തു. ഡോക്ടറിൽനിന്ന് അതിന് വഴക്കും കേട്ടു. എനിക്കു മാത്രമല്ല പലർക്കും പല രീതിയിലും രോഗങ്ങൾ വന്നു. അതൊന്നും വകവയ്ക്കാതെ ഞങ്ങൾ ജോലി ചെയ്തു. അങ്ങനെ ഇതൊരു വലിയ ചെലവുള്ള പടമായി. ആ റെക്കോർഡ് മാത്രം മതി ഞങ്ങൾക്ക്. 

 

പിന്നെ മമ്മൂക്കയുടെ കരിയറെന്നൊക്കെ പറഞ്ഞാൽ ഉൗഹിക്കാവുന്നതിലും വലുതാണ്. അതിനെക്കുറിച്ചു മിണ്ടാൻ പോലും ഞാൻ യോഗ്യനല്ല. അതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ആളുകൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. വർഷങ്ങളായി പ്രേക്ഷകർക്കു മുന്നിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ സിനിമ കാണാൻ ആളുകൾ കയറുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ മഹത്വമാണ്. തൊട്ടു വന്ദിക്കേണ്ട കരിയറാണ് അദ്ദേഹത്തിന്റേത്. 

റെക്കോർഡുകളൊക്കെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഭാവിയിൽ അതുണ്ടാകില്ല, ഇതുണ്ടാകില്ല എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല. പണ്ട് ടിം ബേർ‌ട്ടന്റെ ബാറ്റ്മാനും അതിലെ ജാക്ക് നിക്കോൾസന്റെ ജോക്കർ കഥാപാത്രവും കണ്ടിട്ട് ഷേണായീസ് തിയറ്ററിൽ നിന്നിറങ്ങിയ ടീനേജുകാരനായ ഞാൻ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു ‘ഇനി ഇതിലും വലിയൊരു ജോക്കർ ഉണ്ടാകില്ല’ എന്ന്. അതെന്റെ വിവരമില്ലായ്മ കൊണ്ടായിരുന്നു. പിന്നീട് ഒരാൾ ഡാർക്ക് നൈറ്റിൽ തന്റെ ജീവിതം കൊണ്ടും പിന്നീട് മരണം കൊണ്ടും ജോക്കറായി വിസ്മയിപ്പിച്ചത് നാം കണ്ടു. അതുകൊണ്ട് ജീവിത്തതിലായാലും സിനിമയിലായാലും ഒന്നും ശാശ്വതമല്ല. എല്ലാം എപ്പോഴും മാറിക്കൊണ്ടേയിരിക്കും.   

 

റിലീസിനു മുമ്പു കോവിഡ് പിടിമുറുക്കിയപ്പോൾ പേടിച്ചോ? ഇപ്പോൾ സംതൃപ്തിയാണോ സന്തോഷമാണോ?

 

റിലീസ് അടുക്കാറായപ്പോഴാണ് ഒമിക്രോൺ എത്തുന്നത്. തിയറ്ററുകൾ അടയ്ക്കാൻ സാധ്യതയുണ്ടെന്നു കേട്ടു. ഇനി തുറന്നിരുന്നാൽത്തതന്നെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ എന്നതായിരുന്നു അവസ്ഥ. ഒടിടി റിലീസിലേക്കു പോകണോ വേണ്ടയോ എന്ന രീതിയിൽ ചർച്ചകൾ ഉണ്ടായി. വൈകാരികമായി കാണരുത്, പ്രാക്ടിക്കലായി ചിന്തിക്കണം എന്ന് പലരും പറഞ്ഞു. പല ഒടിടികളിൽ നിന്നായി നല്ല ഒാഫറുകളും വന്നു. പക്ഷേ അപ്പോഴും ഇൗ സിനിമ തിയറ്ററിൽ ഇറക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.

 

മമ്മൂക്കയ്ക്കും ഇത് തിയറ്ററിൽത്തന്നെ പോകണമെന്നായിരുന്നു. കാരണം ഇത് പരിപൂർണ തിയറ്റർ സിനിമയായി ചെയ്തതാണ്.  ഒട്ടും ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടുതന്നെ ബിഗ്ബി ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററിൽ കാണാൻ പോയിട്ടില്ല. എനിക്ക് പേടിയായതു കൊണ്ടാണ് പോകാത്തത്. ഭീഷ്മ ഇറങ്ങിയ അന്നും എല്ലാവരും സിനിമയ്ക്കു പോയി. ഞാൻ മാത്രമേ ഇവിടെയുള്ളൂ. ഇൗ സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ട് എന്നെ എന്റെ രണ്ടു സുഹൃത്തുക്കൾ വിളിച്ചു. ഒരാൾ അൻവറാണ്. ആളുകൾ കയ്യടിച്ചു, ഫസ്റ്റ് ഹാഫ് ഗംഭീരം എന്നു പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി. സമ്മർദ്ദം അകന്നതിന്റെ, സന്തോഷത്തിന്റെ കരച്ചിലായിരുന്നു അത്. 

 

സാധാരണ സിനിമകൾ പുറത്തിറങ്ങും മുമ്പ് അതിന്റെ സംവിധായകൻ പ്രേക്ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കാറുണ്ട്. എന്നാൽ റിലീസിനു മുമ്പോ അതിനു ശേഷമോ അമൽ നീരദ് ഒന്നും ആരോടും പറഞ്ഞില്ല. എന്തു കൊണ്ടാണ് ഇൗ മൗനം?

 

എന്റെ സിനിമകളെ ഒരുപാട് വിമർശനാത്മകമായി കാണുന്ന ആളാണ് ഞാൻ. ‘അതേ, ഞാനൊരു ഗംഭീര സിനിമ എടുത്തിട്ടുണ്ട്, നിങ്ങളൊന്ന് കാണൂ’ എന്ന് പറയാനുള്ള ധൈര്യം എനിക്കില്ല. കാരണം ഒരുപാട് ഗംഭീര സിനിമകൾ ഞാൻ വേറേ കാണുന്നുണ്ട്. എനിക്കിഷ്ടമുള്ള 10 ഫിലിംമേക്കേഴ്സിന്റെ കൂടെ ഇരിക്കാൻ എന്നെങ്കിലും ഭാഗ്യം കിട്ടിയാൽ അവരുടെ മുന്നിൽ ഞാൻ ഒരു സംവിധായകനാണെന്നു പറയാൻ പോലും ധൈര്യപ്പെടില്ല. ഇതൊരു വലിയ വർത്തമാനം പറയുകയല്ല. ഞാൻ അങ്ങനെയാണ്. ഒട്ടും കോൺഫിഡൻസ് ഇല്ലാത്തതു കൊണ്ടാണ് ആരോടും ഒന്നും പറയാത്തത്.

 

പിന്നെ ഭീഷ്മയുടെ പ്രമോഷൻ സമയത്ത് മമ്മൂക്ക പറഞ്ഞ ഒരു കാര്യമുണ്ട്. ഞങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് ഞങ്ങളുടെ സിനിമ പറയും. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. എനിക്കെന്താണോ പറയാനുള്ളത് അതാണ് എന്റെ സിനിമയിലുള്ളത്. നിങ്ങളുമായി സംവദിക്കാനുള്ള എന്റെ മാധ്യമമാണ് സിനിമ. അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല. ഇൗ സിനിമ പൂർത്തിയാക്കിയത് ഒരുപാടു പേരുടെ അധ്വാനത്തിന്റെ ഫലമായാണ്. അവരോടെല്ലാം എനിക്ക് കടപ്പാടും നന്ദിയുമുണ്ട്. അത് അറിയിക്കാനുള്ള സ്പേസ് ആയാണ് ഇൗ അഭിമുഖത്തെ കാണുന്നത്. 

 

പക്ഷേ അമൽ നീരദ് സിനിമയെക്കുറിച്ചും സിനിമയെടുക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. സിനിമയെ അമൽ എങ്ങനെയാണ് കാണുന്നത്?

 

എനിക്ക് സത്യം പറഞ്ഞാൻ സിനിമയോട് ഭയഭക്തി ബഹുമാനമാണ്. നാളെ ഷൂട്ട് ചെയ്യാനുള്ള ഒരു സെറ്റ് എങ്ങനെ ലൈറ്റ് അപ്പ് ചെയ്യുമെന്ന് ഇന്നു ചോദിച്ചാൽ രാത്രി എന്റെ ഉറക്കം പോകും. പേടി കൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റില്ല. നാളെത്തെ സീൻ എങ്ങനെയാണ് സംവിധാനം ചെയ്യേണ്ടതെന്ന് ചോദിച്ചാലും എന്റെ ഉറക്കം പോകും. ആ പേടി കൊണ്ട് ഞാൻ പരമാവധി ഹോം വർക്ക് ചെയ്യും. ഒരുപാട് ആളുകൾ ഛായാഗ്രാഹകനായി വിളിക്കാറുണ്ടെങ്കിലും എനിക്കു പോകാൻ മടിയാണ്. കാരണം എന്റെ ഇത്തരം രീതികൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. ട്രാൻസ് സിനിമയിൽ ഞാനെടുക്കാത്ത ഒറ്റ ഷോട്ട് പോലുമില്ല. ആരും എന്റെ സിനിമയ്ക്കായി ക്ലാഷ് ചെയ്യുന്നതു പോലും എനിക്കിഷ്ടമല്ല, അൻവറിനെ പോലൊരു സുഹൃത്തിനോട് ഇതു പറഞ്ഞാൽ മനസ്സിലാകും. ഞാനുമായി വർക്ക് ചെയ്യുന്നത് ‘തൊല്ലയാണെന്ന്’ പറയുന്ന ചില ടെക്നീഷ്യൻസ് കാണും. കാരണം ഞാനവരെ രാത്രി വൈകി വിളിക്കും, ചിലപ്പോൾ അതിരാവിലെ വിളിക്കും. എനിക്ക് ഉറക്കം കിട്ടാത്തതു കൊണ്ടാണ് അങ്ങനെ. എന്റെ പേടിയും ടെൻഷനും കൊണ്ടാണ് ഞാനിങ്ങനെ ചെയ്യുന്നത്. എടോ താൻ പോയി കിടന്നുറങ്ങ്, ഞാൻ പകൽ മാത്രമേ വർക്ക് ചെയ്യൂ എന്ന് മാനുഷികമായ ഒരു രീതി വച്ച് ഒരാൾക്ക് എന്നോടു പറയാം. പക്ഷേ എന്റെ പേടി കാരണമാണ് ഞാൻ അങ്ങനെ വർക്ക് ചെയ്യുന്നത്. 

 

സ്കൂളിൽ പഠിക്കാൻ പോകുന്ന ഒരു കുട്ടിക്കുണ്ടാകുന്ന പേടിയോടെയാണ് ഞാൻ ഒാരോ സിനിമയും ചെയ്യുന്നത്. ഒരുപാട് ഹോംവർക്ക് ചെയ്യാറുണ്ട്. പേടി കൊണ്ടു മാത്രമാണ്. ഗതികേടുകൊണ്ട് അങ്ങനെ അല്ലാത്ത സിനിമകളും ചെയ്തിട്ടുണ്ട്. ആരുടെ അടുത്തും നമുക്ക് അഹങ്കാരം കാണിക്കാം. പക്ഷേ സിനിമയോട് നമുക്കതു കാണിക്കാൻ പറ്റില്ല. വളരെ ഇൻസെക്യുർ ആയിട്ടാണ് ഒാരോ സിനിമയ്ക്കു വേണ്ടിയും ജോലി ചെയ്യുന്നത്. അങ്ങനെ ഒരു അവസ്ഥയിൽ മമ്മൂക്കയെ പോലെ വലിയൊരാൾ നമുക്കൊപ്പം ഉണ്ടെന്നത് വലിയ ആശ്വാസവും ആത്മവിശ്വാസവുമാണ്. ഭീഷ്മപർവത്തിന്റെ പ്രമോഷനിറങ്ങുമ്പോൾ മമ്മൂക്ക സിനിമ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹത്തിന് അതിനോട് ഒരു വിശ്വാസമാണ്. അത് അദ്ദേഹം നമുക്കു തരുന്ന ഒരു കോൺഫിഡൻസാണ്. അങ്ങനെയൊരാൾ നമ്മളെ വിശ്വസിക്കുമ്പോൾ നാം വിചാരിക്കുന്നതിൽ കൂടുതൽ നമ്മൾ മെച്ചപ്പെടും. ഏതു ജോലിയിലും ആർക്കും വേണ്ടത് ഒരു പ്രോത്സാഹനമാണ്. 

 

ഇനി എന്നാണ് ബിലാൽ? 

 

ഭീഷ്മ നേരത്തേ പറഞ്ഞതു പോലെ വളരെ ‘എക്സ്പെൻസീവായ’ സിനിമയായതു കൊണ്ട് ഇനി ഒന്നു സ്വസ്ഥമായി വെറുതേയിരുന്നതിനു ശേഷമേ അടുത്ത പടത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം ദുൽഖറുമായി സംസാരിച്ചപ്പോൾ ഞാൻ പറയുകയുണ്ടായി, മമ്മൂക്കയുമായി പുതിയ കുറച്ചു സിനിമകൾ ചെയ്യാനാണ് എനിക്ക് ആഗ്രഹമെന്ന്. രണ്ടാമത്തെ ഫൈറ്റ് സീനിന്റെ ആദ്യം ‘താളികളെ’ എന്ന ഡയലോഗ് കഴിഞ്ഞുള്ള മമ്മൂക്കയുടെ സൈക്കോ ചിരിയെക്കുറിച്ച് ഒരുപാട് ആളുകൾ പറയുന്നതു കേട്ടു.

 

അത് ഞാൻ പറഞ്ഞിട്ട് മമ്മൂക്ക ഇട്ടതല്ല. അദ്ദേഹം സ്വയം അങ്ങനെ ചെയ്തതാണ്. അതുപോലെ അദ്ദേഹത്തിന്റെ ഇതുവരെ കാണാത്ത ഒരുപാട് ഭാവങ്ങളുണ്ട്. അങ്ങനെ ഇതുവരെ കാണാത്ത മമ്മൂക്കയെ പ്രസന്റ് ചെയ്യണമെന്നാണ് ഏതൊരു സംവിധായകനെയും പോലെ ഞാനും ആഗ്രഹിക്കുന്നത്. ബിലാലിന്റെ തിരക്കഥ രണ്ടു വർഷം മുമ്പ് പൂർത്തിയാക്കിയതാണ്. അതിൽ ഇനി കുറച്ചു കറക്‌ഷൻസ് വേണ്ടി വരും. പോപ്പുലർ സിനിമ ചൂടോടെ വിളമ്പേണ്ടതാണല്ലോ. ബിലാൽ ചെയ്യണം, മറ്റു സിനിമകളും ചെയ്യണം. 

 

ഒരു അമ്മയ്ക്ക് തന്റെ മക്കളെപ്പോലെയാണ് ഒരു സംവിധായകന് തന്റെ സിനിമകളും. എന്നാലും അമൽ നീരദിന് സ്വന്തം സിനിമകളിൽ ഏറ്റവും അടുപ്പമുള്ള ചിത്രം ഏതാണ്?

 

അടുപ്പമല്ല, മറിച്ച് ചില സിനിമകളെക്കുറിച്ച് എനിക്ക് വിഷമം ഉണ്ടാകാറുണ്ട്. ചിലത് നമുക്കു മെച്ചപ്പെടുത്താമായിരുന്നു എന്ന് പിന്നീടു കാണുമ്പോൾ തോന്നാറുണ്ട്. അങ്ങനെ വിഷമമുള്ള ഒരു സിനിമയാണ് ഇയ്യോബിന്റെ പുസ്തകം. ഞാൻ വിചാരിച്ചതു പോലെ എനിക്കതു ചെയ്യാൻ പറ്റിയിട്ടില്ല. അന്ന് ഏഴരക്കോടി രൂപയ്ക്ക് ഷൂട്ട് തീർത്ത സിനിമയാണത്. പണത്തിന്റെ പരിമിതി മാത്രമല്ല മറ്റു പല പരിമിതികളും ഉണ്ടായിരുന്നു. ആഗ്രഹിച്ചിരുന്ന പലതും ചെയ്തെടുക്കാൻ പറ്റിയില്ല. സിഐഎയെക്കുറിച്ചും ആ വിഷമം എനിക്കുണ്ട്. എന്റെ വ്യക്തിപരമായ മറ്റൊരു വിഷമമാണ് ട്രാൻസ്. അതിനു കിട്ടേണ്ട സ്വീകാര്യത കിട്ടിയോ എന്നത് സംശയമാണ്. അമ്മമാർക്ക് വളർന്ന് നല്ല നിലയിലായ മക്കളോട് ഉള്ളതിനെക്കാൾ സ്നേഹം ഒരുപാട് ഉയരങ്ങളിൽ എത്താൻ എല്ലാ സാധ്യതയും ഉണ്ടായിരുന്നിട്ടും അത്രത്തോളം എത്താനാകാതെ പോയ മക്കളോടായിരിക്കുമല്ലോ. അങ്ങനെതന്നെ എനിക്കും.