‘സിനിമയെന്നത് സ്വപ്നത്തിന്റെ വ്യാപാരമാണ്’ എന്നു പറയുന്നുണ്ട് ഈ അഭിമുഖത്തിലൊരിടത്ത് ലാൽജോസ്. മലയാളികൾക്ക് സ്വപ്നം പോലെ സുന്ദരമായ സിനിമകൾ സമ്മാനിച്ച സംവിധായകൻ. കഴിഞ്ഞ കാൽ‌നൂറ്റാണ്ടിനിടെ അയാളുടെ സ്വപ്നങ്ങളുടെ ഗംഭീര വിജയങ്ങളും മനോഹരങ്ങളായ ചില തോൽവികളും നമ്മൾ കണ്ടു. വൻ ഹിറ്റുകൾ സൃഷ്ടിച്ച ശേഷം, അവയുടെ

‘സിനിമയെന്നത് സ്വപ്നത്തിന്റെ വ്യാപാരമാണ്’ എന്നു പറയുന്നുണ്ട് ഈ അഭിമുഖത്തിലൊരിടത്ത് ലാൽജോസ്. മലയാളികൾക്ക് സ്വപ്നം പോലെ സുന്ദരമായ സിനിമകൾ സമ്മാനിച്ച സംവിധായകൻ. കഴിഞ്ഞ കാൽ‌നൂറ്റാണ്ടിനിടെ അയാളുടെ സ്വപ്നങ്ങളുടെ ഗംഭീര വിജയങ്ങളും മനോഹരങ്ങളായ ചില തോൽവികളും നമ്മൾ കണ്ടു. വൻ ഹിറ്റുകൾ സൃഷ്ടിച്ച ശേഷം, അവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സിനിമയെന്നത് സ്വപ്നത്തിന്റെ വ്യാപാരമാണ്’ എന്നു പറയുന്നുണ്ട് ഈ അഭിമുഖത്തിലൊരിടത്ത് ലാൽജോസ്. മലയാളികൾക്ക് സ്വപ്നം പോലെ സുന്ദരമായ സിനിമകൾ സമ്മാനിച്ച സംവിധായകൻ. കഴിഞ്ഞ കാൽ‌നൂറ്റാണ്ടിനിടെ അയാളുടെ സ്വപ്നങ്ങളുടെ ഗംഭീര വിജയങ്ങളും മനോഹരങ്ങളായ ചില തോൽവികളും നമ്മൾ കണ്ടു. വൻ ഹിറ്റുകൾ സൃഷ്ടിച്ച ശേഷം, അവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സിനിമയെന്നത് സ്വപ്നത്തിന്റെ വ്യാപാരമാണ്’ എന്നു പറയുന്നുണ്ട് ഈ അഭിമുഖത്തിലൊരിടത്ത് ലാൽജോസ്. മലയാളികൾക്ക് സ്വപ്നം പോലെ സുന്ദരമായ സിനിമകൾ സമ്മാനിച്ച സംവിധായകൻ. കഴിഞ്ഞ കാൽ‌നൂറ്റാണ്ടിനിടെ അയാളുടെ സ്വപ്നങ്ങളുടെ ഗംഭീര വിജയങ്ങളും മനോഹരങ്ങളായ ചില തോൽവികളും നമ്മൾ കണ്ടു. വൻ ഹിറ്റുകൾ സൃഷ്ടിച്ച ശേഷം, അവയുടെ ഹരത്തിലാറാടി നിൽക്കാതെ അച്ഛനുറങ്ങാത്ത വീടും അയാളും ഞാനും തമ്മിലും പോലുള്ള ഉള്ളുപൊള്ളിക്കുന്ന സിനിമകൾ ചെയ്തു. സിനിമയെ സ്വപ്നം കണ്ടിരുന്ന എത്രയോ പേരെ അതിലേക്കു കൈപിടിച്ചെത്തിച്ചു. 

 

ADVERTISEMENT

ലാൽജോസ് സംസാരിക്കുകയാണ് വിജയങ്ങളെയും തോൽവികളെയും പറ്റി, സിനിമയിലെ പൊളിറ്റിക്കൽ‍ കറക്ട്നസിനെപ്പറ്റി, വിമർശനങ്ങളെപ്പറ്റി, കുട്ടിക്കാലത്തെ ഏകാന്തത തന്റെ സിനിമകളിലേക്കും നിഴൽ നീട്ടുന്നതിനെപ്പറ്റി, പ്രതിഫല വിവാദത്തെപ്പറ്റി...

 

∙ സംവിധായകനായി 24 വർഷം, 27 സിനിമകൾ. പുതിയ സിനിമയിൽനിന്നു തുടങ്ങാം. എന്താണ് ‘സോളമന്റെ തേനീച്ചകൾ’?

 

ലാൽ ജോസ് സോളമന്റെ തേനീച്ചകളിലെ അഭിനേതാക്കൾക്കൊപ്പം.
ADVERTISEMENT

‘സോളമന്റെ തേനീച്ചകൾ’ പൊലീസുകാരായ രണ്ടു പെൺകുട്ടികളുടെ കഥയാണ്. ഈ ജോണറിൽ ഞാൻ ഇതിനുമുമ്പ് സിനിമ ചെയ്തിട്ടില്ല. എങ്കിലും ബേസിക് സ്റ്റോറിലൈൻ ക്ലാസ്മേറ്റ്സിന്റെ ജോണറിൽപ്പെടുന്നുവെന്നു പറയാം. അതിൽ പ്രണയവും കഥാന്ത്യത്തിൽ വെളിപ്പെടുന്ന ഒരു മിസ്റ്ററിയുമുണ്ട്. ഇതിലും പ്രണയവും മിസ്റ്ററിയുമുണ്ട്. നമ്മുടെ മിക്ക പൊലീസ് സിനിമകളിലും നായകനും നായികയുമൊക്കെ ഉന്നത ഉദ്യോഗസ്ഥരായിരിക്കും. ഈ സിനിമയിൽ പൊലീസ് കോൺസ്റ്റബിൾമാരായ രണ്ടു പെൺകുട്ടികളാണ്. നാട്ടുമ്പുറത്തുകാരായ രണ്ടുപേർ. കുറവിലങ്ങാട്ടെ ഒരു റബർ ടാപ്പിങ് തൊഴിലാളിയുടെ മകളും ഇരിങ്ങാലക്കുടയിലെ ഒരു തട്ടുകടക്കാരന്റെ മകളും. ഒരാൾ ട്രാഫിക്കിലും മറ്റേയാൾ ലോ ആൻഡ് ഓർഡറിലും. പൊലീസ് അക്കാദമിയിൽനിന്നു തുടങ്ങുന്ന അവരുടെ സൗഹൃദം ഒരേ ക്വാർട്ടേഴ്സിൽ താമസിക്കുന്നതിലൂടെ തുടരുന്നു. അവരുടെ ജീവിതമാണ് ഈ സിനിമ. ഇപ്പോൾ ഒരു നഗരത്തിൽ ജീവിക്കുന്ന അവരുടെ സന്തോഷങ്ങളും പ്രതീക്ഷകളും അവരുടെ ജീവിതത്തിലേക്കു വരുന്ന ചിലയാളുകളുമൊക്കെച്ചേർന്നതാണ് ‘സോളമന്റെ തേനീച്ചകൾ.’

 

∙ ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകൾ തന്നെ കൗതുകകരമാണ്. താരങ്ങൾക്കു പകരം കണ്ണിലൊരു തേനീച്ചക്കൂട്?

 

ADVERTISEMENT

പേരിനെ ജസ്റ്റിഫൈ ചെയ്യാനുള്ള ശ്രമമായിരുന്നു അത്. പിന്നെ, പ്രധാന നാല് അഭിനേതാക്കൾ പുതുമുഖങ്ങളാണ്, പുതിയ സിനിമാട്ടോഗ്രഫറാണ്, പുതിയ തിരക്കഥാകൃത്താണ്. സോളമൻ എന്ന കഥാപാത്രം ചെയ്യുന്നത് ജോജു ജോർജാണ്. ജോജുവിലേക്കെത്തുന്നതുവരെ സിനിമ കൊണ്ടുപോകുന്നത് പുതിയ അഭിനേതാക്കളാണ്. പുതിയ ആളുകളുടെ സിനിമ എന്ന നിലയിൽ ബ്രാൻഡ് െചയ്യണമെന്നും നമ്മൾ ആഗ്രഹിച്ചിരുന്നു.

 

∙ ലാൽജോസ് പരിചയപ്പെടുത്തിയ പുതുമുഖങ്ങളുടെ ഒരു നിര തന്നെ മലയാളത്തിലുണ്ട്. അവരിൽ പലരും വലിയ നായികമാരും അഭിനേതാക്കളുമൊക്കെയായി പേരെടുക്കുകയും ചെയ്തിട്ടുണ്ട്. 

ലാൽ ജോസും ജോജു ജോർജും. ‘സോളമന്റെ തേനീച്ചകളു’ടെ ചിത്രീകരണത്തിനിടെ.

 

എന്റെ മാതാപിതാക്കൾ അധ്യാപകരാണ്. തൊഴിലനുസരിച്ചു ജാതി നിർണയിച്ചാൽ ഞങ്ങൾ അധ്യാപകജാതിയിൽ പെടുന്ന ആൾക്കാരാണെന്നു പറയാം. അപ്പന്റെ അപ്പനും അമ്മയും, അമ്മയുടെ അപ്പനും അധ്യാപകരായിരുന്നു. അപ്പന്റെ സഹോദരന്മാരും സഹോദരിമാരും ടീച്ചേഴ്സാണ്. അപ്പോൾ എന്നിലും ഒരു അധ്യാപകനുണ്ടാകാം. പുതിയ ആളുകളെ പഠിപ്പിച്ചെടുക്കാനും കംഫർട്ട് ആക്കാനും എനിക്കു പറ്റാറുണ്ട്. എന്റെ ലൊക്കേഷനിൽ തുടക്കക്കാരെന്ന നിലയിലുള്ള ഒരു ബുദ്ധിമുട്ടും അവർക്കുണ്ടാവാതെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് അവർ എന്റെയടുത്തും കംഫർട്ടബിളാണ്. പിന്നെ, ഞാൻ പലപ്പോഴും പുതിയ ആളുകളിലേക്കെത്തുന്നത് കഥാപാത്രത്തിന്റെ രൂപമുള്ളവരെ അന്വേഷിച്ചാണ്. ‘അറബിക്കഥ’യിൽ അഭിനയിച്ച ശിവജി ഗുരുവായൂർ എന്ന നടൻ. നാടകത്തിൽ വളരെ തിരക്കുള്ളയാളായിരുന്നു അദ്ദേഹം. പുള്ളിക്ക് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ട്രൂപ്പിൽ ഞാൻ പോയി സ്പെഷൽ പെർമിഷനൊക്കെ എടുത്തിട്ടാണ് അറബിക്കഥയിൽ അഭിനയിപ്പിച്ചത്. 

ലാൽജോസും സോളമന്റെ തേനീച്ചകളുടെ തിരക്കഥാകൃത്ത് പി.ജി. പ്രഗീഷും.

 

പുതിയ ആളാവുന്നതിന്റെ ഒരു ഗുണം, അയാൾ ആ കഥാപാത്രമാണെന്നുതന്നെ പ്രേക്ഷകർ വിശ്വസിക്കും. എസ്റ്റാബ്ലിഷ്ഡ് ആയ ഒരഭിനേതാവോ താരമോ ആണെങ്കിൽ അയാളുടെ ഇമേജിനെ മറികടന്നതിനു ശേഷം വേണം ആ കഥാപാത്രമായി മാറ്റാൻ. അതേസമയം, പുതുമുഖമാണെങ്കിൽ മാർക്കറ്റിങ്ങിൽ ബുദ്ധിമുട്ടുകളുമുണ്ട്. വളരെ നന്നായാൽ മാത്രമേ പ്രേക്ഷകർ സ്വീകരിക്കൂ. അല്ലെങ്കിൽ തള്ളിക്കളയും. പലപ്പോഴും അതു ബാലൻസ് ചെയ്യാൻ ഒരു താരം കൂടിയുണ്ടാകും സിനിമയിൽ. ‘സോളമന്റെ തേനീച്ചകളി’ൽ അതു ജോജുവാണ്. 

 

∙ ഒരു വൻ ഹിറ്റ് ഉണ്ടായാൽ ആ പാറ്റേൺ തുടരുകയാണ് മിക്ക സംവിധായകരും ചെയ്യുക. എന്നാൽ വലിയ വിജയം നേടിയ ഓരോ ചിത്രത്തിനു ശേഷവും താങ്കൾ ചെയ്തത് കച്ചവട സാധ്യത കുറഞ്ഞ, കലാമൂല്യമുള്ള ചെറിയ സിനിമകളാണ്. വിജയം തരുന്ന കമേഴ്സ്യൽ സാധ്യതകൾ മനപ്പൂർവം ഉപയോഗിക്കാതെ വിടുന്നതുപോലെ. അതെന്താണ്?

 

പ്രമേയപരമായി സാമ്യമുള്ള സിനിമകൾ ചെയ്യരുതെന്നാണ് ഞാൻ ആദ്യം മുതൽ ആഗ്രഹിച്ചിട്ടുള്ളത്. പിന്നെ വലിയ വിജയങ്ങൾ, മീശമാധവൻ പോലെയുള്ള വൻഹിറ്റുകൾ, എപ്പോഴും ഒരു പ്രലോഭനമാണ്. അതിൽനിന്നു പുറത്തു ചാടാനാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. പരാജയങ്ങളെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. പക്ഷേ വിജയങ്ങളെ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാണ്. വിജയം നിങ്ങളുടെ മേലുളള പ്രതീക്ഷകളുടെ ഭാരം കൂട്ടും. വീണ്ടും അതേമട്ടിലൊരു സിനിമ ചെയ്താൽ ആളുകൾ നിങ്ങളിൽനിന്ന് അതുതന്നെ പ്രതീക്ഷിക്കും. അപ്പോൾ അതിൽനിന്നു വഴിമാറി നടക്കുക എന്നതാണ് നല്ല മാർഗം. 

 

എല്ലാക്കാലത്തും എനിക്ക് എല്ലാത്തരം സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായാണ് ‘മറവത്തൂർ കനവ്’ കഴിഞ്ഞ് ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ ചെയ്തത്. അന്ന് ദിലീപ് ഒരു സ്മോൾ ടൈം ആക്ടറാണ്. അതുകഴിഞ്ഞ് ‘രണ്ടാം ഭാവ’ത്തിൽ സുരേഷ് ഗോപി. ആക്‌ഷൻ ഹീറോ സ്റ്റാർഡമിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തെ വച്ച് ഒരു ഫാമിലി ഡ്രാമ ചെയ്തത്. അതുകഴിഞ്ഞ് ‘മീശമാധവൻ’ ചെയ്യുമ്പോഴും ദിലീപ് ചെറിയ ബജറ്റിലുള്ള സിനിമകൾ ചെയ്യുന്ന താരമായിരുന്നു. ‘പട്ടാളം’ ചെയ്തത് അതുവരെ പറ‍ഞ്ഞിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഒരു കഥ പറയണം എന്ന ആഗ്രഹത്തിലാണ്. മിലിട്ടറി സിനിമ എന്നത് അതുവരെ കശ്മീരിലും മറ്റുമാണ് നടന്നിരുന്നത്. കേരളത്തിൽ ഒരു മിലിട്ടറി ഓപ്പറേഷനുള്ള സാധ്യതയൊന്നുമില്ലല്ലോ. റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് മലപ്പുറത്തെ കോഴിച്ചെനയിൽ ക്യാംപ് ചെയ്യാനെത്തിയപ്പോൾ അതിനെതിരെ അവിടെ വലിയ പ്രക്ഷോഭമൊക്കെ നടന്നിരുന്നു. പക്ഷേ പത്തുവർഷം കഴിഞ്ഞ് അവർ തിരിച്ചുപോകുമ്പോൾ, പോകരുതെന്നു പറഞ്ഞായിരുന്നു നാട്ടുകാരുടെ സമരം. അതിൽനിന്നാണ് ‘പട്ടാളം’ ഉണ്ടായത്. അങ്ങനെ ഓരോ സിനിമയിലും പുതിയ പശ്ചാത്തലവും പ്രമേയവുമൊക്കെ പരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. ‘രസികൻ’ തിരുവനന്തപുരത്തെ ഒരു തെരുവിന്റെ കഥയായിരുന്നു. ‘ചാന്തുപൊട്ട്’ കടപ്പുറം പശ്ചാത്തലത്തിലായിരുന്നു.

 

ഒരു കഥ നമുക്ക് ഇഷ്ടപ്പെടുമ്പോൾ അതിന്റെ പിന്നാലെ പോകുകയാണ്. മുമ്പു പറഞ്ഞിട്ടില്ലാത്ത കഥ, ഇതു പറയണം എന്നു തോന്നുകയാണ്. അതിൽ ചിലതൊക്കെ മിസ്ഫയർ ചെയ്യാറുണ്ട്. ‘തട്ടുമ്പുറത്ത് അച്യുതൻ’ എന്ന സിനിമയുടെ കഥ ആദ്യം കേട്ട് ഞാൻ എക്സൈറ്റഡായി. ഒരു കുട്ടി അപരിചിതനായ ഒരാളെപ്പറ്റി സ്വപ്നങ്ങൾ കാണുന്നു. പിന്നീട് അവൻ അയാളെ കണ്ടുമുട്ടുന്നു. അവൻ കാണുന്ന സ്വപ്നങ്ങൾ അയാളുടെ ജീവിതത്തിൽ സംഭവിക്കുകയാണ്. ഒരു ഇറാനിയൻ സിനിമയുടേതു പോലെയൊക്കെയുളള, വളരെ മനോഹരമായ ഒരു സബ്ജക്ട്. പിന്നീട് അത് എക്സിക്യൂട്ട് ചെയ്തപ്പോൾ, സ്ക്രിപ്റ്റ് ആയി വന്നപ്പോൾ ആദ്യം തോന്നിയ കൗതുകം നിലനിർത്താൻ പറ്റിയിട്ടുണ്ടാവില്ല. അങ്ങനെ ഓരോ കഥയിലും ഒരു പുതിയ നോട്ട് തേടിയാണ് നമ്മൾ പോകുന്നത്.

 

∙ തിരക്കഥാകൃത്തുക്കളുടെ കാര്യത്തിലും ഇതുപോലെ സേഫ്സോണിൽനിന്നു പുറത്തുകടക്കുകയും പുതുമുഖങ്ങളെ പരീക്ഷിക്കുകയും ചെയ്യാറുണ്ടല്ലോ. 24 വർഷത്തിനിടെ 27 സിനിമകൾ, 14 തിരക്കഥാകൃത്തുക്കൾ. അതും മനപ്പൂർവമാണോ?

 

കഥ കേൾക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. ബേസിക്കലി ഞാനൊരു സ്റ്റോറി ടെല്ലറാണെന്നാണ് വിചാരിക്കുന്നതും. എന്നോടു കഥ പറയാൻ എല്ലാവർക്കും അവസരമുണ്ട്. അതിൽനിന്നു ഞാൻ തിരഞ്ഞെടുക്കുന്ന കഥകളാണ് എന്റെ സിനിമകൾ. അതിൽത്തന്നെ ആറു തിരക്കഥാകൃത്തുക്കളുടെ ആദ്യസിനിമയായിരുന്നു എന്നോടൊപ്പം. ഇപ്പോഴും അവസരം ചോദിച്ച് എന്നെ വിളിക്കുന്നതിൽ നടീനടന്മാരേക്കാളേറെ തിരക്കഥാകൃത്തുക്കളാണ്. അങ്ങനെ വിളിക്കുന്നവരോട് എൽജെ ഫിലിംസിന്റെ ഓഫിസിൽ പോയി പേരു റജിസ്റ്റർ ചെയ്യാൻ പറയും. അവിടുത്തെ നമ്പറും കൊടുക്കും. 

മീശ മാധവനിൽ ദിലീപും കാവ്യ മാധവനും.

 

ഒരുദിവസം ഓഫിസിൽ ഇതു കൈകാര്യം ചെയ്യുന്നയാൾ എന്നെ വിളിച്ചുപറഞ്ഞു, ഇതുവരെ നൂറോളം പേരായി, അവർ വിളിച്ചുകൊണ്ടേയിരിക്കുകയാണ്, അതിൽ കുറച്ചുപേരുടെയെങ്കിലും കഥകൾ കേട്ട് ലിസ്റ്റ് ചെറുതാക്കണം എന്ന്. അങ്ങനെ ഞാൻ ഒരു ദിവസം നാലുപേരുടെ കഥ വീതം കേൾക്കാൻ കുറച്ചുദിവസം മാറ്റിവച്ചു. ഒരു ദിവസം മാധ്യമപ്രവർത്തകനായ ഒരു സുഹൃത്ത് വിളിച്ച്, അദ്ദേഹത്തിന്റെ ഒരു ചങ്ങാതിക്കു കഥ പറയാനുണ്ടെന്നു പറഞ്ഞു. നൂറുപേരുടെ കഥ കേൾക്കുകയല്ലേ, കൂട്ടത്തിൽ അതും കേൾക്കാമെന്നു കരുതി. പക്ഷേ ആ നൂറ്റൊന്നു പേരിൽ അയാളുടെ കഥയാണ് എനിക്കിഷ്ടമായത്. അതാണ് പി.ജി. പ്രഗീഷ്. ‘നാൽപത്തൊന്നി’ന്റെയും ‘സോളമന്റെ തേനീച്ചകളു’ടെയും തിരക്കഥാകൃത്ത്. 

 

∙ താങ്കളുടെ, അവസാനമിറങ്ങിയ ചിത്രം ‘മ്യാവൂ’ തിയറ്ററിൽ വേണ്ടത്ര സ്വീകരിക്കപ്പെട്ടിരുന്നില്ല. പക്ഷേ ഒടിടിയിൽ അതു നല്ല അഭിപ്രായം നേടുന്നുണ്ട്. 

 

‘മ്യാവൂ’വിനു പറ്റിയത് അത് ഇറങ്ങിയ സമയത്തിന്റെ കുഴപ്പമായിരുന്നു. ഒമിക്രോൺ വ്യാപനം തുടങ്ങിയതോടെ കുടുംബങ്ങളൊക്കെ തിയറ്ററിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. പകുതി സീറ്റിൽ മാത്രം ആളുകളെ കയറ്റുക തുടങ്ങിയ നിയന്ത്രണങ്ങളുമുണ്ടായിരുന്നല്ലോ. ആ സമയത്ത് തിയറ്ററിൽ വന്നിരുന്നത് ചെറുപ്പക്കാർ മാത്രമായിരുന്നു. അവരെ ആകർഷിക്കുന്ന സിനിമയായിരുന്നില്ല ‘മ്യാവൂ’. വീട്ടിലിരുന്ന് ഒടിടിയിലുമൊക്കെ ഫാമിലി ഡ്രാമ സിനിമകളും സീരീസുകളും കണ്ട ചെറുപ്പക്കാർക്ക് ആഘോഷമൂഡുള്ള സിനിമകളായിരുന്നു വേണ്ടിയിരുന്നത്. ആക്‌ഷനും പാട്ടുമൊക്കെയുള്ള അത്തരം സിനിമകൾക്കാണ് അവർ കയറിയത്. നമ്മുടെ ടാർഗറ്റഡ് ഓഡിയൻസ് കുടുംബങ്ങളായിരുന്നു. അവർ തിയറ്ററിലേക്ക് എത്തിയതുമില്ല. ഞങ്ങളുടെ തെറ്റിപ്പോയ ഒരു തീരുമാനമായിരുന്നു ആ സമയത്തെ റിലീസ്. എന്റെ സിനിമകളിൽ ഏറ്റവും കുറച്ച് തിയറ്റർ കലക്‌ഷൻ കിട്ടിയ പടമാണ് ‘മ്യാവൂ’. പക്ഷേ എന്റെ ഏറ്റവും മോശം സിനിമയല്ല അത്.

 

∙ ചെറിയ സിനിമകളുടെ തിയറ്റർ പ്രകടനത്തെ ഒടിടി മോശമായി ബാധിക്കുമോ? ഒടിടി സിനിമാ വ്യവസായത്തെ എങ്ങനെയാണു സ്വാധീനിക്കുക?

 

ആളുകളുടെ പ്രയോറിറ്റി മാറി. അവർക്കു സിനിമ കണ്ടാൽ മതിയല്ലോ. ഒടിടിയിൽ റീലീസ് സിനിമ തന്നെ കിട്ടുകയാണ്. ഈയാഴ്ച എത്ര പടമുണ്ട് റിലീസ് എന്നു ചോദിക്കുമ്പോൾ നാലു പടം എന്നു പറയുന്നു. അതു തിയറ്ററിലാണ്. ശരിക്കും നാലല്ല, അതിനു മുമ്പും ശേഷവുമായി വേറേ നാലെണ്ണം ഒടിടിയിലുമുണ്ടാവും. അപ്പോൾ എട്ടു സിനിമയായി. പ്രേക്ഷകനു കിട്ടുന്നത് ആ എട്ടു പടങ്ങളുടെ ചോയ്സാണ്. ഒരു കുടുംബം തിയറ്ററിൽ വരണമെങ്കിൽ കുറഞ്ഞത് ആയിരം രൂപ വേണം. നാലുപേരുടെ ടിക്കറ്റെടുത്ത്, ഓട്ടോ വിളിച്ച്, രണ്ടു പോപ്കോണും വാങ്ങിയാൽ ആയിരത്തിലധികം രൂപയാകും. മാസബജറ്റിൽനിന്ന് ഒരാൾ അത്രയും പണം മുടക്കുമ്പോൾ, ഏറ്റവും നല്ല റിവ്യു വരുന്ന സിനിമ തിരഞ്ഞെടുക്കും. ബാക്കിയുള്ളവ മുപ്പതോ നാൽപത്തഞ്ചോ ദിവസം കഴിഞ്ഞ് ഒടിടിയിൽ വരുമ്പോൾ കാണാമല്ലോ എന്നു കരുതും. അതൊരു വിഷയം തന്നെയാണ്. മറ്റൊരു കാര്യം കണ്ടന്റിന്റെ അതിപ്രസരമാണ്. ഇന്ന് ഒരു പാട്ടു മുഴുവനൊന്നും ആൾക്കാർ കാണുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. പലരും അതിന്റെ റീൽസൊക്കെയേ കാണൂ. അത്രയ്ക്ക് കണ്ടന്റ് ഓവർഫ്ലോയുണ്ട്. ആളുകൾക്കു തിരക്കുമുണ്ട്.  

 

ഒടിടിയടക്കം ഡിജിറ്റലൈസേഷൻ വരുമ്പോൾ, ആദ്യത്തെ രണ്ടുമൂന്നു വർഷം കണ്ടന്റ് ഓവർഫ്ലോ ഉണ്ടാകുമെന്നു നമ്മൾ കണക്കുകൂട്ടിയിരുന്നതാണ്. അതിന്റെ വേഗമൊന്നു കുറച്ചത് കോവിഡാണ്. അല്ലായിരുന്നെങ്കിൽ ഇതിനകം ആ ഓവർഫ്ലോ വന്ന് അവസാനിച്ചേനേ. പിന്നെ കതിർക്കനമുള്ളതു മാത്രമേ നിൽക്കുകയുള്ളൂ. വർഷം 65 സിനിമകളൊക്കെ റിലീസ് ചെയ്തിരുന്നിടത്ത് ഇപ്പോൾ ഇരുനൂറോളം സിനിമകളാണ് റിലീസ് ചെയ്യുന്നത്. എല്ലാ ആഴ്ചയും അഞ്ചും പത്തും വീതം. പല സിനിമയും വരുന്നത് ജനങ്ങൾ അറിയുന്നതേയില്ല. ‘മ്യാവൂ’ ഒടിടിയിൽ വന്നതിനു ശേഷം പലരും ചോദിച്ചു, ‘നല്ല സിനിമയായിരുന്നല്ലോ, എന്താ തിയറ്ററിൽ റിലീസ് ചെയ്യാതിരുന്നത്?’ എന്ന്. അവരോട് എന്തുപറയാനാണ്! അത് തിയറ്ററിൽ റിലീസ് ചെയ്തിട്ട് പോസ്റ്ററുകളും ഹോർഡിങ്ങുകളും ഓൺലൈൻ പ്രമോഷനുകളും അടക്കം എല്ലാ പരസ്യവും ചെയ്തതാണ്. എന്നിട്ടും അത് പലരുടെയും ശ്രദ്ധയിൽപെട്ടില്ല. അത്രയ്ക്ക് കണ്ടന്റ് വന്നുമറിയുകയാണ്. ആ ഒരു പ്രശ്നം ഭയങ്കരമായിട്ടുണ്ട്. അതിനെ നമ്മൾ നേരിട്ടേ പറ്റൂ. 

 

ചാന്തുപൊട്ടിൽ ദിലീപും ഗോപികയും

∙ വലിയ ബജറ്റിലുള്ള കൂറ്റൻ അന്യഭാഷാ ചിത്രങ്ങൾ ഇവിടെയും വിജയിച്ചതിനു ശേഷം, മലയാളത്തിലും വലിയ സിനിമകൾ എന്നൊരു ട്രെൻഡുണ്ട്. അത് സത്യത്തിൽ നമ്മുടെ ഇൻഡസ്ട്രിക്ക് ഗുണകരമാണോ? പ്രേക്ഷകരെ ആകർഷിക്കാനുള്ള വലിയ വിഷ്വൽ ട്രീറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അത്തരം സിനിമകളിൽ കണ്ടന്റ് പലപ്പോഴും രണ്ടാമതാണ്. 

 

സിനിമയ്ക്ക് ഒരു വ്യാഴവട്ടത്തിന്റെ, 12 വർഷത്തിന്റെ ഒരു സൈക്കിൾ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ ആദ്യം ആക്‌ഷൻ സിനിമകളുണ്ടാവും. അതു മടുത്തു തുടങ്ങുമ്പോൾ ഫാമിലി ഡ്രാമ വരും, പിന്നെ കോമഡി. അതും മടുപ്പിച്ചുതുടങ്ങുമ്പോൾ, മുൻപാണെങ്കിൽ സെക്സ് സിനിമകൾ വരും. അതിന്റെ ഹരമൊക്കെ കഴിഞ്ഞ് കുറച്ചുകഴിയുമ്പോഴേക്കും വീണ്ടും ആ‌ക്‌ഷൻ സിനിമകൾ വരും. ഇതൊരു സൈക്കിളാണ്. നോക്കിയാൽ അറിയാം, ആദ്യത്തെ സൈക്കിളിന്റെ ഒടുവിൽ വന്നതാണ് ‘ആദ്യപാപം’ എന്ന സിനിമ. പിന്നെ അഭിലാഷതരംഗമായിരുന്നു രണ്ടുവർഷത്തോളം. അതുകഴിഞ്ഞ് വീണ്ടും ആക്‌ഷൻ സിനിമകളും കോമഡികളുമൊക്കെ വന്നു. അതൊരു 12 വർഷമായപ്പോഴേക്കാണ് ഷക്കീല തരംഗം വരുന്നത്. കിന്നാരത്തുമ്പികളും മറ്റും. 

 

അന്യഭാഷാ ആക്‌ഷൻ സിനിമകളോടുള്ള താൽപര്യം അതുപോലെയൊരു സൈക്കിളിന്റെ ഒരു ഘട്ടമാണ്. ആളുകൾക്ക് വീണ്ടും ആക്‌ഷൻ സിനിമകൾ ഇഷ്ടമായി എന്നേ ഇതിനർഥമുളളൂ. ആ സമയത്ത് നമ്മളിവിടെ റിയലിസ്റ്റിക് എന്നും ന്യൂജനറേഷൻ എന്നുമൊക്കെ പറയപ്പെടുന്ന സിനിമകളിലേക്കു പോയി. ശരിക്കും അത് മുൻപിവിടെയുണ്ടായിരുന്നതാണ്. പക്ഷേ രണ്ടു കാറ്റഗറിയായിരുന്നു. കമേഴ്സ്യൽ സിനിമകൾ ഒരു സ്ട്രീമിൽ പോകുകയും ആർ‌ട്ട് സിനിമകൾ അക്കാദമിക് തലത്തിലും ഫെസ്റ്റിവലുകളിലും ഫിലിം ക്ലബുകളുമൊക്കെയായി പോകുകയും ചെയ്തിരുന്നു. ഇവിടെ കൂടുതൽ ആളുകൾ ലോക സിനിമകൾ കാണാൻ തുടങ്ങിയതോടെ അത്തരം സിനിമകൾക്ക് പെട്ടെന്ന് തിയറ്റർ സ്വീകാര്യത ലഭിച്ചു. അതോടെ ഇനി പരമ്പരാഗത കമേഴ്സ്യൽ പടങ്ങൾ ഓടില്ലെന്നും ലാർജർ ദാൻ ലൈഫ് സിനിമകൾ സ്വീകരിക്കപ്പെടില്ലെന്നുമുള്ള തെറ്റിദ്ധാരണ വന്നു. ഒരു ആക്‌ഷൻ സിനിമ ചെയ്യാനോ ടോട്ടൽ കമേഴ്സ്യൽ പാക്കേജ് കൊടുക്കാനോ സംവിധായകർക്കു പേടിയായി. തങ്ങൾ മോശമാണെന്നും പഴഞ്ചന്മാരാണെന്നും ലേബൽ ചെയ്യപ്പെടുമെന്നു ഭയന്ന് അവർ ന്യൂജനറേഷൻ എന്നു വിളിക്കപ്പെട്ട പാറ്റേണിലുള്ള സിനിമകൾ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് അന്യഭാഷാ സിനിമകൾ ഇവിടെ അടിച്ചുകയറിയത്. അവർക്ക് ഇവിടുത്തെ ട്രെൻഡ് എന്താണെന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. അവരുടെ വിശാലമായ പ്രദർശനപരിധി വച്ചു നോക്കുമ്പോൾ കേരളം ചെറിയൊരു ഏരിയയാണ്. ഇവിടെനിന്നു കിട്ടുന്നത് ലാഭവുമാണ്. 

 

അതേസമയം, ഇവിടെ നമ്മുടെ പ്രേക്ഷകർ പാട്ടും ഡാൻസും ഫൈറ്റുമൊക്കെയുള്ള ഒരു റിയൽ എന്റർടെയ്നറിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് അന്യഭാഷാ സിനിമകൾ ഇവിടെ ഹിറ്റായത്. പക്ഷേ ഇനി വരുന്ന അത്തരം സിനിമകൾ ആദ്യം വന്നവയെപ്പോലെ വൻഹിറ്റാവില്ല. കാരണം അതിന്റെ സന്തോഷം കിട്ടിക്കഴിഞ്ഞു.

ലാൽ ജോസ് തിരക്കഥാകൃത്ത് ഇഖ്ബാൽ കുറ്റിപ്പുറത്തിനൊപ്പം.

 

നമ്മൾ ഇവിടെ അൽപം ലേറ്റാണ്. വലിയ സിനിമകളോടുള്ള ആളുകളുടെ താൽപര്യം കണ്ട് നമ്മൾ അത്തരം പാക്കേജുമായി വരുമ്പോൾ പലപ്പോഴും ആളുകൾക്ക് അത്തരം സിനിമകളോടുള്ള താൽപര്യം കുറഞ്ഞിട്ടുണ്ടാവും. മാറി വരുന്ന താൽപര്യത്തിന്റെ ഭാഗമായി മാത്രം അത്തരം അന്യഭാഷാ സിനിമകളുടെ വിജയത്തെ കണ്ടാൽമതി.

 

∙ സിനിമ പക്കാ റിയലിസ്റ്റിക് ആയാൽ ഡോക്യുമെന്ററി ആയിപ്പോകും എന്നു മുമ്പു പറഞ്ഞിരുന്നു.

 

സിനിമയെന്നു പറയുന്നത് സ്വപ്നത്തിന്റെ വ്യാപാരമാണ്. we are selling dreams. റിയലിസ്റ്റിക്കായ ജീവിതങ്ങളും കഥാപാത്രങ്ങളുമൊക്കെ നമുക്കു ചുറ്റുമുണ്ട്. അതിനിടയിൽനിന്നാണ് ലാർജർ ദാൻ ലൈഫ് സംഗതികൾ കാണാൻ ആളുകൾ തിയറ്ററിൽ വരുന്നത്. അതിനിടെ, ഒന്നോ രണ്ടോ സിനിമയിൽ അപ്രതീക്ഷിതമായി തൊട്ടടുത്ത വീട്ടിലെ ഒരാളെ, അയാളുടെ ജീവിതത്തെയൊക്കെ കാണുമ്പോൾ ഒരു കൗതുകമുണ്ടാകും. പക്ഷേ എല്ലാ സിനിമയിലും അതുതന്നെ കാണുമ്പോൾ ആളുകൾക്കു മടുക്കും. എന്റർടെയ്ൻമെന്റ് എലമെന്റ്സ് എല്ലാം കട്ട് ചെയ്ത്, കുറച്ചു വെർബൽ കോമഡികൾ മാത്രമായി വരുന്ന സിനിമകൾ എത്രനാൾ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കും? സിഐഡി മൂസ പോലെ ഒരു സ്ലാപ്സ്റ്റിക് കോമഡി കണ്ടിട്ട് എത്രകാലമായി. അത് ആൾക്കാർക്ക് ഇഷ്ടമല്ലാത്തതുകൊണ്ടല്ല ഇല്ലാതായത്. റിയലിസ്റ്റിക് എന്നു വിളിക്കുന്ന സിനിമകൾ തൽക്കാലം ഇഷ്ടപ്പെട്ടുവെന്നേയുള്ളൂ. പക്ഷേ കുറച്ചുകഴിയുമ്പോൾ ഈ സിനിമ വീട്ടിലിരുന്നു മൊബൈലിൽ കാണാമെന്നു തോന്നും. 

 

ഒരാളിന്റെ മുഖം മാത്രമുള്ള ഒരു ഷോട്ട് തിയറ്ററിലെ സ്ക്രീനിൽ വരുന്നത് മുപ്പത്തഞ്ചോ നാൽപതോ ഇരട്ടി വലുപ്പത്തിലാണ്. ടിവിയിൽ ഒരാളിന്റെ ഫുൾഫിഗർ ഷോട്ട് അയാളെക്കാൾ ചെറുതാണ്. മൊബൈൽ സ്ക്രീനിൽ അത് വീണ്ടും ചെറുതാവും. ഒരു ടിവി താരത്തെയോ ഒടിടി താരത്തെയോ അപേക്ഷിച്ച് സിനിമാ താരത്തിനു പ്രാധാന്യം കിട്ടുന്നത്, അയാളെ പ്രേക്ഷകർ കാണുന്നത് അവരെക്കാൾ നാൽപതു മടങ്ങി വലുപ്പത്തിലാണ് എന്നതുകൊണ്ടാണ്. അതൊരു സൈക്കളോജിക്കൽ സംഗതി കൂടിയാണ്.

 

റിയലിസ്റ്റിക് എന്നൊക്കെ ആളുകൾ പറയുന്നതിന് എത്രയോ മുമ്പ് എന്റെ കഥാപാത്രങ്ങളൊക്കെ റിയലായിരുന്നില്ലേ. മീശമാധവൻ ഒരു നാടോടിക്കഥയുടെ ഫീലാണെങ്കിലും അതിലെ ക്യാരക്ടേഴ്സൊക്കെ റിയലാണ്. ഡോക്യുമെന്ററിയും ഫിക്‌ഷനും തമ്മിൽ വേർതിരിക്കുന്നത് വളരെ നേർത്ത ഒരു വരയാണ്. ആ വിടവ് മുമ്പു നല്ലവണ്ണമുണ്ടായിരുന്നു. അതിപ്പോൾ അടുത്തടുത്ത് ഒരു തലമുടിനാരിന്റെയത്രയേ ഉള്ളൂ. ചിലപ്പോൾ അതും കടന്ന് ഡോക്യുമെന്ററിയിലേക്ക് കടന്നുനിൽക്കും സിനിമ. അപ്പോഴാണ് വലിയ അന്യഭാഷാ സിനിമകൾ വന്നിട്ട്, ഇതാണു ഫിക്‌ഷൻ എന്നു പ്രേക്ഷകരോടു പറയുന്നത്. അവരതു കയ്യടിച്ചു സ്വീകരിക്കുന്നതും. റിയൽ ലൈഫ് മാത്രം കാണിച്ചുകൊണ്ടിരുന്നാൽ‌ അതു ഡോക്യുമെന്ററിയായിപ്പോകും. ജീവിതത്തിൽനിന്ന് ഒന്നു പൊന്തിച്ചു നിർത്തുമ്പോഴാണ് അതു ഫിക്‌ഷനാകുന്നത്.

 

∙ വിജയങ്ങളും പരാജയങ്ങളും എങ്ങനെയാണ് ലാൽജോസ് എന്ന സംവിധായകനെ ബാധിക്കുക?

 

ഒറ്റ വാചകത്തിൽ പറഞ്ഞാൽ, വിജയങ്ങൾക്കു പല അച്ഛൻമാരുണ്ടാവും, പരാജയത്തിന് ഒരൊറ്റ അച്ഛനേയുണ്ടാവൂ, അതു സംവിധായകൻ മാത്രമായിരിക്കും.  

 

∙ ചില സിനിമകളിൽ അഭിനിയിച്ചിട്ടുമുണ്ടല്ലോ. അഭിനയത്തിൽ കൂടുതൽ സജീവമാകുമോ?

 

ഞാൻ ബേസിക്കലി ഒരു നല്ല ആക്ടറല്ല. എന്നോട് ഇഷ്ടമുള്ള ചില സംവിധായകർ വിളിക്കുന്നതാണ്. ഞാനുമായി അസോസിയേറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട് പറ്റാതിരുന്ന ചിലർ ആദ്യത്തെ സിനിമയൊക്കെ ചെയ്യുമ്പോൾ, ലാലുച്ചേട്ടൻ വന്നു ചെയ്യണം എന്നു നിർബന്ധിച്ചിട്ടു പോയി ചെയ്യുന്നതാണ്. അല്ലാതെ അതെന്റെ വഴിയല്ല. പിന്നെ, കുറേക്കാലം കൊണ്ട്, നിത്യാഭ്യാസി ആനയെ എടുക്കും എന്നു പറയുന്നതുപോലെ, ഞാനൊരു നടനായിത്തീരുമോ എന്നറിയില്ല. പക്ഷേ ഇപ്പോ ഞാനൊരു നടനേയല്ല. ജോണി ആന്റണിയൊക്കെ ഒരു ആക്ടിങ് മെറ്റീരിയലാണ്. അടിസ്ഥാനപരമായി നടനാണ്. അതുപോലെ ബേസിൽ ജോസഫും ഒരു ആക്ടറാണ്. അവർക്കതിനുള്ള സ്കില്ലുണ്ട്, അവരുടെ മുഖവും രൂപവുമൊക്കെ അതിനു ചേർന്നതാണ്. 

 

എന്റേതൊരു സ്റ്റോൺ ഫെയ്സാണ്. വലിയ എക്സ്പ്രഷൻസൊന്നും വരില്ല. എന്റെ രൂപത്തിനു ചേരുന്ന ചില കഥാപാത്രങ്ങൾക്കാണ് എന്നെ വിളിക്കുന്നത്. അധ്യാപകൻ, ഡോക്ടർ, സംവിധായകൻ അങ്ങനെയൊക്കെയുള്ള വേഷങ്ങൾ. ഇപ്പോൾ ഹയ എന്ന സിനിമയിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഇമ്പം എന്ന സിനിമയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിട്ടാണ്. അതൊന്നും വലിയ എക്സ്പ്രഷൻസൊന്നും വേണ്ടതല്ല. രണ്ടോ മൂന്നോ സീനുകളുളള വേഷങ്ങളേ ഞാനെടുക്കാറുള്ളൂ. വലിയ റോളുകളൊന്നും എടുക്കില്ല. എന്റെ ടോട്ടൽ ഇമേജിനെ ബ്രേക്ക് ചെയ്തിട്ടുള്ള ഒരു ക്യാരക്ടറൊന്നും ആരും ഇതുവരെ പറഞ്ഞിട്ടുമില്ല.

 

∙ സിനിമ പൊളിറ്റിക്കലി കറക്ട് ആകണമെന്നു കരുതുന്നുണ്ടോ?

 

പൊളിറ്റിക്കൽ കറക്ട്നെസ് എന്നു പറയുന്നത് പലരും അവരുടെ ശത്രുക്കളെ കൈകാര്യം ചെയ്യാനും മിത്രങ്ങളെ പുകഴ്ത്താനുമൊക്കെ ഉപയോഗിക്കുന്ന രീതിയായാണ് ഇപ്പോൾ കാണുന്നത്. പൊളിറ്റിക്കൽ കറക്ട്നെസ് അളക്കാനുള്ള സ്കെയിൽ എന്താണ്? അഥവാ അതിനൊരു സ്കെയിലുണ്ടോ? ആരാണ് അതിന് ഉത്തരവാദപ്പെട്ടവർ? ആർക്കാണ് അത് വിലയിരുത്താനുള്ള അർഹത? ഇങ്ങനെ കുറേ ചോദ്യങ്ങളുണ്ട്. എനിക്കറിയില്ല അതെന്താണെന്ന്. 

 

വിമർശിക്കപ്പെടുന്നതിൽ ചില കാര്യങ്ങളൊക്കെ ന്യായമാണെന്നും അതു വേണ്ടായിരുന്നെന്നുമൊക്കെ തോന്നാറുണ്ട്. അല്ലാതെ ഓരോ കഥാപാത്രം പറയുന്നതും അങ്ങനെ അളക്കാനാവില്ല. ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന മെയിൽ ഷോവനിസ്റ്റായ ഒരാളാണ് കഥാപാത്രം. അതെങ്ങനെ കാണിക്കും? സിനിമയെന്നത് കഥപറച്ചിലാണ്. അതിലെ കഥാപാത്രങ്ങളെല്ലാം ജന്റിൽമാൻമാരല്ല. പലതരം കഥാപാത്രങ്ങളും അവർ നേരിടുന്ന പലതരം സാഹചര്യങ്ങളുമുണ്ടാകും. അവിടെ എല്ലാത്തരം കാര്യങ്ങളുമുണ്ടാകും. ആവശ്യമില്ലാത്ത സ്ഥലത്തുള്ള ഒരു കമന്റോ രംഗമോ ഒഴിവാക്കാം. അല്ലാതെ സ്ത്രീവിരുദ്ധനായ ഒരു പരമ്പരക്കൊലയാളിയുടെ കഥ പറയുമ്പോൾ ജെൻഡർ ഇക്വാളിറ്റിയൊക്കെ നോക്കിയിട്ടു പറ്റുമോ? ഒരു ക്രിയേറ്റീവ് വർക്കിന്റെ ഒരു സ്പേസിൽ അതെങ്ങനെ പ്രായോഗികമാകുമെന്ന് എനിക്കറിയില്ല.

 

∙ ജെൻ‍ഡർ ഇക്വാളിറ്റിയുമായി ബന്ധപ്പെട്ടുതന്നെയാണ് ഇപ്പോൾ സിനിമയിലെ പ്രതിഫല ചർച്ചകൾ നടക്കുന്നത്. തുല്യവേതനം എന്ന ആവശ്യത്തെ എങ്ങനെയാണു കാണുന്നത്?

 

സിനിമയെന്നത് ഒരു സർക്കാർ പ്രസ്ഥാനമല്ല. ഫിക്സ് ചെയ്തിട്ടുള്ളതല്ല, ഡിമാൻഡിന് അനുസരിച്ചു കാര്യങ്ങൾ നടക്കുന്ന സ്ഥലമാണ്. എനിക്ക് ഡിമാൻഡ് ഉണ്ടെങ്കിൽ ഞാൻ ചോദിക്കുന്നതാണ് എന്റെ പ്രതിഫലം. ആവശ്യക്കാരൻ ആരാണെന്നുള്ളതാണ് പ്രശ്നം. നിങ്ങളെ എനിക്ക് ആവശ്യമുണ്ടെങ്കിൽ നിങ്ങൾ ചോദിക്കുന്നത് ഞാൻ തരണം. നിങ്ങൾക്ക് എന്നെയാണ് ആവശ്യമെങ്കിൽ ഞാൻ തരുന്നത് നിങ്ങൾ വാങ്ങണം. എന്റെ കയ്യിൽ നൂറു രൂപയേ ഉള്ളൂ, നിങ്ങൾക്കു പറ്റുമെങ്കിൽ വാ എന്നു ഞാൻ പറഞ്ഞാൽ, നിങ്ങൾക്ക് ആ നൂറുരൂപ വേണമെങ്കിൽ, ജോലി വേണമെങ്കിൽ നിങ്ങൾ വരും. മറിച്ച് എനിക്കാണ് നിങ്ങളെ ആവശ്യമെങ്കിൽ, നിങ്ങൾ ആയിരം രൂപ ചോദിച്ചാൽ ഞാനതു തന്നേ പറ്റൂ. അത്രേയുള്ളൂ.

 

ട്രാൻസ്ജെൻഡർ സമൂഹത്തെ പരിഹസിക്കുകയാണെന്ന് ‘ചാന്തുപൊട്ടി’നെതിരെ വിമർശനങ്ങൾ വന്നിരുന്നല്ലോ?

 

ആ നിരീക്ഷണം തന്നെ തെറ്റാണ്. ‘ചാന്തുപൊട്ടി’ലെ രാധ എന്ന രാധാകൃഷ്ണൻ ട്രാൻസ്ജെൻഡറല്ല. അതിന്റെ പേരിൽ ഞ‍ാനൊരുപാടു പഴി കേട്ടു. രാധാകൃഷ്ണൻ ഒരു സ്ത്രീയുമായി സെക്സിൽ ഏർപ്പെടുന്നുണ്ട്, അതിൽ അയാൾക്കൊരു കുഞ്ഞുമുണ്ടാകുന്നുണ്ട്. അപ്പോൾ ഈ വിമർശനം എവിടെയാണു നിൽക്കുന്നത്? ചെറുപ്പം മുതൽ പെൺകുട്ടിയെപ്പോലെ വളർത്തിയതിന്റെ ഒരു കോൺഫ്ലിക്ട് രാധാകൃഷ്ണന്റെ ഉള്ളിലുണ്ട്. പെരുമാറ്റത്തിൽ പെൺകുട്ടികളോട് ഇണങ്ങിപ്പോകുന്ന, പുരുഷന്മാരോട് അൽപം അകൽച്ചയുള്ള ഒരാളാണെന്നേയുള്ളൂ. യഥാർഥത്തിൽ അയാൾ ഗംഭീര പുരുഷനാണ്. അയാളെങ്ങനെ ട്രാൻസ്ജെൻഡറാകും? 

 

‘ചാന്തുപൊട്ട്’ റിലീസ് ചെയ്ത സമയത്ത് എറണാകുളത്തുള്ള ട്രാൻസ്ജെൻഡർ കമ്യൂണിറ്റി എനിക്കൊരു സ്വീകരണം തരാൻ വിളിച്ചിരുന്നു. ഇത്രയും കാലം എന്തൊക്കെ വൃത്തികെട്ട പേരാണ് ഞങ്ങളെ വിളിച്ചിരുന്നത്, ഇപ്പോൾ ചാന്തുപൊട്ടെന്നു വിളിക്കുന്നത് നല്ല പേരല്ലേ എന്നാണ് അന്ന് അവർ പറഞ്ഞത്. കണ്ണൂരിൽനിന്നുള്ള ഒരാളാണ് ആദ്യമായി ഇതുകൊണ്ടുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞത്, അടി കിട്ടിയാൽ നന്നാവും എന്നുപറഞ്ഞ് ആൾക്കാർ അയാളെ അടിക്കുകയാണെന്ന്. മറ്റൊരു വ്യക്തി– കൺവർട്ട് ചെയ്ത, അറിയപ്പെടുന്ന ഒരാളാണ്– എന്നോടു പറഞ്ഞു സ്കൂളിൽ പഠിക്കുന്ന കാലത്ത് ‘ചാന്തുപൊട്ട്’ ഇറങ്ങിയപ്പോൾ അവരെ എല്ലാവരും ചാന്തുപൊട്ടേ എന്നു വിളിച്ചു കളിയാക്കുമായിരുന്നെന്നും അന്നു വലിയ സങ്കടം തോന്നിയെന്നും. ഞാനവരോടു മാപ്പു പറഞ്ഞു. നമ്മൾ മനപ്പൂർവം ചെയ്യുന്നതല്ലല്ലോ. ചാന്തുപൊട്ടിൽ രാധാകൃഷ്ണൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് പറഞ്ഞത്. അയാളെപ്പോലെയുള്ളവർ നേരിടുന്ന ഒറ്റപ്പെടൽ അടക്കമുള്ള പ്രശ്നങ്ങളാണ് അതിൽ പറഞ്ഞത്. 

 

∙ ‘ചാന്തുപൊട്ടി’ൽ മാത്രമല്ല, താങ്കളുടെ മറ്റു സിനിമകളിലും ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരെ, അവരുടെ ഏകാന്തതയുടെ ആഴങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. രണ്ടാം ഭാവം, അച്ഛനുറങ്ങാത്ത വീട്, അയാളും ഞാനും തമ്മിൽ, നീന തുടങ്ങിയ മധ്യവർത്തി സിനിമകളിലും ക്ലാസ്മേറ്റ്സ്, വിക്രമാദിത്യൻ തുടങ്ങിയ കമേഴ്സ്യൽ സിനിമകളിലും അതുണ്ട്. തിരക്കഥാകൃത്തുക്കൾ മാറിവരുമ്പോഴും ലാൽജോസ് സിനിമകളിൽ അതിങ്ങനെ തുടരുന്നത് യാദൃച്ഛികമാണോ?

 

യാദൃച്ഛികമാണത്. കുറേ സിനിമകൾ ചെയ്തുകഴിയുമ്പോൾ, നിങ്ങൾ എത്ര വ്യത്യസ്തമായ കഥകൾ പറഞ്ഞാലും നിങ്ങളുടെ ചില കാര്യങ്ങൾ അതിൽനിന്നു തിരിച്ചറിയാനാവും. ഒരു ഡയറക്ടർ ചെയ്ത പത്തു സിനിമകൾ കണ്ടാൽ അയാളുടെ സ്വഭാവം മനസ്സിലാകും. അയാളെന്താണെന്ന്, എന്തിലൂടെയൊക്കെയാണു കടന്നുപോയിട്ടുള്ളതെന്ന് തിരിച്ചറിയാനാകും. അയാളുടെ അംശങ്ങൾ ഈ സിനിമകളിലൊക്കെ ഉണ്ടാകും. നൂറു കഥ കേട്ടിട്ട് ഇഷ്ടപ്പെടാതെ നൂറ്റൊന്നാമത്തെ കഥ തിരഞ്ഞെടുക്കുന്നത് അയാൾ ഐഡന്റിഫൈ ചെയ്യുന്ന എന്തോ ഒന്ന് അതിലുള്ളതുകൊണ്ടാണ്. ആ നൂറു കഥകളും മോശമാണെന്ന് അതിന് അർഥമില്ല. അയാൾക്കു റിലേറ്റ് ചെയ്യുന്ന എന്തോ ഒന്ന് നൂറ്റൊന്നാമത്തെ കഥയിലുണ്ടെന്നു മാത്രം. എനിക്കു റിലേറ്റ് ചെയ്യാൻ പറ്റുന്ന എലമെന്റ്സുള്ള കഥകളായിരിക്കും ഞാൻ തിരഞ്ഞെടുത്തിട്ടുണ്ടാവുക. അതുകൊണ്ട കഥകളിലെ ഈ ഏകാന്തത ഞാൻ അനുഭവിക്കുന്നതായിരിക്കാം. 

 

എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ ഒറ്റയ്ക്കായിരുന്നു. കുട്ടിക്കാലത്ത് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതുകൊണ്ട് എന്നെ കളിക്കാൻ വിടില്ലായിരുന്നു. അനിയനും അനിയത്തിയുമൊക്കെ കൂട്ടുകാരുടെ കൂടെ കളിച്ചുതകർക്കുമ്പോൾ എന്നെ മാറ്റിയിരുത്തും. വീട്ടിൽ പുസ്തകങ്ങളുമായി ഒറ്റയ്ക്കിരിക്കുന്ന ഒരാളായിരുന്നു അന്നു ഞാൻ. സിനിമയിൽ വന്നതിനു ശേഷവും കഴി‍ഞ്ഞ 33 വർഷമായി മിക്കപ്പോഴും വീട്ടിൽനിന്നു വിട്ടിട്ടാണ് നിൽക്കുന്നത്. വിവാഹം കഴിഞ്ഞിട്ടും മൂന്നോ നാലോ മാസം കൂടുമ്പോൾ വീട്ടിൽ വന്നുപോകുന്ന ഒരു വിസിറ്റർ മാത്രമാണ് ഞാൻ. ജീവിച്ച ദിവസങ്ങളുടെ എണ്ണമെടുത്തു നോക്കിയാൽ എന്റെ മക്കളും ഭാര്യയും മാതാപിതാക്കളുമൊക്കെയായിട്ട് വേർപിരിഞ്ഞുള്ള ദിവസങ്ങളാണ് കൂടുതലും. 

 

ജീവിതത്തിലെ പ്രധാനപ്പെട്ട സമയങ്ങളിലൊക്കെയും എറണാകുളത്തെ ഫ്ലാറ്റിലോ ഹോട്ടൽമുറികളിലോ ഒക്കെയായി ഞാൻ ഒറ്റയ്ക്കായിരുന്നു. അത് എന്റെ വർക്കുകളിലും പ്രതിഫലിക്കും. ആൾക്കൂട്ടത്തിൽ തനിയെ എന്നു പറയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കറക്ടായ സംഗതി. ആളുകൾ പറയാറുണ്ട് ഏകാന്തമായ ഒരു സ്ഥലത്തു പോയിരുന്ന് എഴുതുന്നതിനെക്കുറിച്ചൊക്കെ. പക്ഷേ ഞാൻ ഏറ്റവും ക്രിയേറ്റീവാകുക ആൾക്കൂട്ടത്തിനിടയിലാണ്. അവിടെ എനിക്ക് സ്വയം ഒറ്റയ്ക്കാവാൻ കഴിയും.

 

∙ ഏകാന്തതയെപ്പറ്റി പറയുമ്പോഴാണ്, വി.ജെ.ജയിംസിന്റെ ലെയ്ക എന്ന ചെറുനോവൽ എപ്പോഴെങ്കിലും സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞിട്ടുണ്ടല്ലോ. അത് ഉടനുണ്ടാവുമോ? 

 

ലെയ്ക ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇഖ്ബാൽ കുറ്റിപ്പുറത്തിനും അതിൽ താൽപര്യമുണ്ട്. അതിന്റെ ഒരു ട്രാക്ക് കിട്ടിയിട്ടുണ്ട്. അത് വേറെയാർക്കും കൊടുക്കരുതെന്ന് ഞങ്ങൾ വി.ജെ.ജയിംസിനോടു പറഞ്ഞിട്ടുണ്ട്.

 

∙ താങ്കൾക്കു വേണ്ടി ഏറ്റവും കൂടുതൽ സിനിമകൾ എഴുതിയിട്ടുള്ള തിരക്കഥാകൃത്താണ് ഇഖ്ബാൽ കുറ്റിപ്പുറം. മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹവുമായി അടുപ്പമുണ്ടല്ലോ. 

 

പ്രാദേശിക വാർത്തകൾ എന്ന സിനിമ കഴിഞ്ഞ് കമൽ സാർ കൂടുമാറ്റം എന്നൊരു പരമ്പര ചെയ്തിരുന്നു. അതിന്റെ എഴുത്തുകാരനായിരുന്നു ഇഖ്ബാൽ. ഞാൻ ആ സമയത്ത് കമൽ സാറിന്റെ അസിസ്റ്റന്റായിരുന്നു. സാറിന്റെ റൈറ്റിങ് അസിസ്റ്റന്റായിരുന്ന ഇഖ്ബാൽ തിരക്കഥകളുടെ ഡിസ്കഷൻ ടീമിലുമുണ്ടായിരുന്നു. അന്ന് ചോറ്റാനിക്കരയിൽ ഹോമിയോ കോളജിൽ പഠിക്കുകയായിരുന്നു. അന്നുമുതലുള്ള പരിചയമാണ്. ഞങ്ങൾ എതാണ്ട് ഒരേ ചിന്താഗതിയും അഭിരുചിയുമുള്ള ആളുകളാണ്.